21 October Sunday

പുതുവര്‍ഷത്തില്‍ ടെക്‌ലോകം പറയുന്നത്

നിഖില്‍ നാരായണന്‍Updated: Thursday Jan 4, 2018

നമ്മള്‍ പുതിയൊരു വര്‍ഷത്തെ രണ്ടു കൈയുംനീട്ടി സ്വീകരിച്ചിരിക്കുന്നു. പുതുവര്‍ഷം എന്നും പ്രതീക്ഷകളുടെ ഒരു നിര നമ്മുടെ മുന്നില്‍ നിരത്തുന്നു. ടെക് ലോകത്തുനിന്ന് നമുക്ക് എന്തെല്ലാം പ്രതീക്ഷിക്കാമെന്നുനോക്കാം.

എല്ലാത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
മനുഷ്യനാണോ യന്ത്രമാണോ നമ്മള്‍ ഉപയോഗിക്കുന്ന ഒരു ഉല്‍പ്പന്നത്തിനോ സേവനത്തിനോ ബുദ്ധിപകരുന്നതെന്നത് നമ്മള്‍ ഇപ്പോള്‍തന്നെ ശ്രദ്ധിക്കാതാകാന്‍ തുടങ്ങി. എഐ എന്നത് പറയത്തക്ക കാര്യമാകാന്‍ പോകുന്ന വര്‍ഷമാണിത്. പഴയകാലത്തെ കടിച്ചാല്‍പൊട്ടാത്ത സാങ്കേതിക പദങ്ങള്‍ നമുക്ക് സുപരിചിതമാകാന്‍ തുടങ്ങി. സാങ്കേതികവിദ്യ എന്നത് നമ്മളെതന്നെ വിഴുങ്ങാന്‍തുടങ്ങിയോ? നാല് കമ്പനികള്‍ ലോകം കീഴടക്കാന്‍ പോകുന്ന വര്‍ഷമാണിത്. — ആമസണ്‍, ഫെയ്സ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍. ഇതുകൂടാതെ വീഡിയോയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനും ഫെയ്സ്ബുക്ക് ഈ വര്‍ഷം തീരുമാനിച്ചിട്ടുണ്ട്.

പുതിയ ഗൂഗിളോ ഫയര്‍ ടിവി സ്റ്റിക്കും ഇക്കോ സ്പീക്കറും ഒക്കെയായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വീടുകളില്‍ ആമസണ്‍ സ്ഥാനംപിടിച്ച വര്‍ഷമാണ് കടന്നുപോയത്. വീഡിയോ സീരീസുകളും സിനിമകളും ഇപ്പോള്‍തന്നെ ആമസണ്‍ പ്രൈം മെമ്പര്‍ഷിപ്വഴി ലഭ്യമാണ്. ഇതില്‍ ഇപ്പോള്‍തന്നെ ഹിന്ദി സിനിമകള്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. മറ്റ് ഇന്ത്യന്‍ ഭാഷകളും ഈ വര്‍ഷം പ്രൈമില്‍ വരുമെന്ന് പറയപ്പെടുന്നു. ഒരു വാര്‍ഷിക വരിസംഖ്യ കൊടുത്ത് നിരവധി സിനിമകളും സീരിയലുകളും കാണാന്‍ ആമസണ്‍ പ്രൈം ഇപ്പോള്‍തന്നെ സൌകര്യം ഒരുക്കുന്നുണ്ട്. ഇതുകൂടാതെ ഫയര്‍ സ്റ്റിക്കില്‍ ഹോട്ട്സ്റ്റാര്‍, യപ്പ് ടിവി പോലെയുള്ള ആപ്പുകള്‍വഴി ഒരുവിധം എല്ലാ ചാനലും ലഭ്യമാണ്. വരുംമാസങ്ങളില്‍ ഇക്കോ സ്പീക്കര്‍വഴി ഇന്ത്യയിലും ഫയര്‍ ടിവി സ്റ്റിക്ക് കുത്തിയിട്ടുള്ള ടിവിയെ നിയന്ത്രിക്കാന്‍സാധിക്കും. അതായത്, വീട്ടിലെ ഇക്കോ സ്പീക്കറിനോട് ടിവിയില്‍ മോഹന്‍ലാലിന്റെ പുതിയ സിനിമ വയ്ക്കാന്‍ പറയാന്‍പറ്റുന്ന വര്‍ഷം. ഇതിനിടയില്‍ രണ്ടു കാര്യങ്ങള്‍ക്ക് ആക്കംകൂടും. ഒന്ന്, ആമസണ്‍ നമ്മളെ കൂടുതല്‍ ‘അടുത്തറിയാന്‍’ തുടങ്ങും. നമ്മള്‍ ഇക്കോവിനോട് ചോദിക്കുന്ന ചോദ്യങ്ങളും, ചെയ്യാന്‍പറയുന്ന കാര്യങ്ങളും മാത്രമല്ല ടിവിയില്‍ കാണുന്നതെന്നതെന്നതും ആമസണ്‍ മനസ്സിലാക്കും. ഇതെല്ലാം ഭാവിയില്‍ അവര്‍ക്കും നമുക്കും ഉപകാരപ്പെടും എന്നതില്‍ സംശയമില്ല.  ഇന്റര്‍നെറ്റിന്റെ ലഭ്യതയും, വേഗതത്തിലുണ്ടായ പുരോഗതിയും, എവിടെവച്ചും ഇപ്പോഴും കാണാന്‍സാധിക്കുമെന്ന സൌകര്യവും നമ്മളെ  ഹോട്ട്സ്റ്റാറിലേക്കും, ആമസണ്‍ പ്രൈമിലേക്കും അടുപ്പിച്ചേക്കാം.

ഇക്കഴിഞ്ഞവര്‍ഷം അവസാനം ഗൂഗിളും, ഫെയ്സ്ബുക്കും, ആപ്പിളും ഒക്കെ ആപ് ഡെവലപ്പര്‍മാരെ മെഷീന്‍ ലേണിങ്ങും എഐയും ഒക്കെ പഠിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ ഹാഡ്വെയര്‍ തലത്തിലും എഐ സൌഹൃദ ചിപ്പുകള്‍ ക്വാര്‍കോം, ആപ്പിള്‍ എന്നിവര്‍ പുറത്തിറക്കുകയും ചെയ്തു. ഈ രംഗത്ത് ആവേശകരമായ മാറ്റങ്ങളാണ് നമ്മള്‍ ഉപയോഗിക്കുന്ന ഓരോ ആപ്പിലും ഈ വര്‍ഷം ഉണ്ടാകാന്‍ പോകുന്നത്. ഗൂഗിള്‍ ഹോമിനും, എക്കോയ്ക്കും, സിരിക്കും ഒക്കെ നമ്മെക്കാള്‍ കൂടുതല്‍ ബുദ്ധി ഉണ്ടാകാന്‍ പോകുന്ന വര്‍ഷം. 

ബിറ്റ്കോയിന്‍  എന്താണെന്ന്?
എന്താണെന്ന് മനസ്സിലാകാത്ത ഒരു സംഭവം എന്നതില്‍നിന്ന് ബിറ്റ്കോയിന്‍ പോലെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ക്ക് മോചനം ലഭിക്കുന്ന വര്‍ഷം മാത്രമാകില്ല ഇത്. ഇപ്പോഴുള്ള അനിശ്ചിതത്വത്തില്‍നിന്ന് മാറി സര്‍ക്കാരും റിസര്‍വ്  ബാങ്കും ഇതുമായി ബന്ധപ്പെട്ട നയങ്ങളും നിയമങ്ങളും രൂപീകരിക്കാന്‍ സാധ്യതയുള്ള വര്‍ഷമാണിത്. ഇതുമൂലം നിക്ഷേപകര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു വഴിയായി ഇത്തരം ക്രിപ്റ്റോ കറന്‍സികള്‍ മാറാന്‍ ഇടയുണ്ട്. അവ്യക്തമായ, അനിയന്ത്രിതമായ ഒരു മേഖലയായതുകൊണ്ട് ഇന്ത്യയില്‍ ഇതിന് മ്യൂച്വല്‍ ഫണ്ടും, ഓഹരിവിപണിയുംപോലെ വലിയ പ്രചാരം ലഭിച്ചിട്ടില്ല. ഇത് ഈ വര്‍ഷം മാറാനിടയുണ്ട്. 

സുരക്ഷിതമാണോ ഈ വര്‍ഷം
 കഴിഞ്ഞവര്‍ഷത്തെ ഇക്വിഫാക്സ് എന്ന അമേരിക്കന്‍ കമ്പനിയില്‍ നടന്ന ഹാക്കിങ് 14 കോടിയിലധികം അമേരിക്കക്കാരുടെ സോഷ്യല്‍ സെക്യൂരിറ്റി നമ്പറാണ് പുറത്തായത്. ടിവിയും, ബള്‍ബും, ഒക്കെ നെറ്റില്‍ ബന്ധിപ്പിക്കുന്ന ഇക്കാലത്ത് ഇനിയും ഇത്തരം ആക്രമണങ്ങള്‍ പ്രതീക്ഷിക്കാം. സമൂഹമാധ്യമങ്ങള്‍ക്കും നമ്മുടെ ഓരോ വിവരങ്ങളും നന്നായി അറിയാം. നമ്മുടെ ഓരോ ശ്വാസവും ഡിജിറ്റലായി റെക്കോഡ്ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് നമ്മള്‍ നീങ്ങുന്നത്. കൂടുതല്‍ കാര്യങ്ങള്‍  ഓണ്‍ലൈനായി ചെയ്യുന്ന വര്‍ഷമാകും ഇത്. അപ്പോള്‍ പിന്നെ ഡാറ്റാ സുരക്ഷയ്ക്ക് മുന്‍വര്‍ഷഷങ്ങളെക്കാളും വലിയ പ്രാധാന്യം ഈ വര്‍ഷം ഉണ്ടാകുമെന്നത് തീര്‍ച്ച. ഇല്ലെങ്കില്‍ പണി പാളും. യൂറോപ്പില്‍ ഇതുസംബന്ധിച്ച നിയമങ്ങള്‍ വരുന്ന വര്‍ഷമാണ് 2018. മറ്റുള്ള രാജ്യങ്ങളും ഈ പാത പിന്തുടരാന്‍ സാധ്യതയുണ്ട്.
ഇതുകൂടാതെ നമ്മുടെ ദൈനംദിന പ്രശ്നങ്ങളായ ആന്‍ഡ്രോയ്ഡ് ഫോണിലെ ബാറ്ററിയുടെ അവസ്ഥമുതല്‍ ഗൂഗിള്‍ മാപ്സിന്റെ കൃത്യതവരെ, ഇന്റര്‍നെറ്റിന്റെ വേഗംമുതല്‍ ഫോര്‍ജി കവറേജ്വരെ, എല്ലാം മേച്ചപ്പെടുമെന്നത് സുനിശ്ചിതം.
 

ഫെയ്സ് ബുക്ക്  നന്നാവുമോ?
ഫെയ്സ്ബുക്ക് അമേരിക്കന്‍ തെരഞ്ഞെടുപ്പിനെയും, ബ്രെക്സിറ്റിനെയും ഒക്കെ സ്വാധീനിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്ന വര്‍ഷമായാണ് കടന്നുപോയത്. ലോകത്തിന്റെ സ്വന്തം സമൂഹമാധ്യമമായ ഫെയ്സ്ബുക്ക് നന്നാവാന്‍ കച്ചകെട്ടി ഇറങ്ങുന്ന വര്‍ഷമാകും 2018. കള്ളനാണയങ്ങള്‍ തിരിച്ചറിഞ്ഞ് ഉപയോക്താക്കളുടെ ഫീഡുകളില്‍നിന്ന് ഒഴിവാക്കുകയും നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ച് നേടാന്‍പോകുന്ന വര്‍ഷമാകും ഇത്. ഉപയോക്താക്കളെ വിവരങ്ങളുടെ ഉപയോക്താക്കള്‍ എന്നതില്‍നിന്ന് കമന്റും, ഷെയറും ഒക്കെ ധൈര്യമായി, നിസ്സംശയം, നിസങ്കേതം ചെയ്യുന്ന രീതിയിലേക്ക് കൊണ്ടുപോകാനാണ് ഫെയ്സ്ബുക്കിന്റെ പദ്ധതി. ഇഷ്ടമില്ലാത്ത സുഹൃത്തുക്കളെ സ്നൂസ് ചെയ്യാനുള്ള വഴി കൊണ്ടുവന്നതൊക്കെ ഈ ഫീഡ് വൃത്തിയാക്കല്‍ പരിപാടിയുടെ ഭാഗമായാണ്.

ഇലക്ട്രിക് കാറുകളുടെ ഭാവി
ഇലക്ട്രിക് കാറുകള്‍ ഒളിഞ്ഞു തെളിഞ്ഞുമായി വിപണിയില്‍ ഉണ്ടെങ്കിലും, ഇതുവരെ ഇത്തരം കാറുകള്‍ ക്ളച്ച് പിടിക്കാത്തതിന്റെ കാരണങ്ങള്‍ നിരവധിയാണ്. ഒന്ന് വില, മറ്റൊന്ന് ലഭ്യത, ഇതൊക്കെ കൂടാതെ ചാര്‍ജ്ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍. ടെസ്ളയെപ്പോലെ, ഷെവര്‍ലെയും, ഹോയും, നിസാനുമൊക്കെ ഇതില്‍ ഇറങ്ങുന്നത് ജനങ്ങളുടെ ഇടയില്‍ ഇത്തരം കാറുകളുടെ ഗുണങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ എത്തിക്കുന്നതില്‍ വലിയൊരു പങ്കുവഹിക്കും. ഇനി മുഴുവന്‍ ഇലക്ട്രിക്കായ വാഹനങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ ബാറ്ററിയിലും, പെട്രോളിലും പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ഈ വര്‍ഷം വന്‍ പ്രചാരം ലഭിക്കുന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതൊക്കെ കൂടാതെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം വാഹനങ്ങള്‍ ഇന്ത്യയില്‍ വേരുറപ്പിക്കാനുള്ള നയങ്ങള്‍ പ്രതീക്ഷിക്കാം — നിയമങ്ങള്‍തൊട്ട് ചാര്‍ജിങ് സ്റ്റേഷനുകള്‍വരെ, ഇന്ത്യയില്‍ നിര്‍മാണത്തിനുള്ള സഹായസഹകരണങ്ങള്‍തൊട്ട് ഇറക്കുമതി തീരുവയിലുള്ള പുനര്‍വിചിന്തനം നടത്തല്‍വരെ. 2030 ആകുമ്പോഴേക്കും ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ ഇന്ത്യയില്‍ ഉണ്ടാകാന്‍പാടുള്ളൂ എന്ന ലക്ഷ്യംവച്ചാണ് സര്‍ക്കാരും കാര്‍നിര്‍മാതാക്കളും കാര്യങ്ങള്‍ നീക്കുന്നത്. ഈ മേഖലയില്‍ ശ്രദ്ധേയമായ നീക്കങ്ങള്‍ പ്രതീക്ഷിക്കാവുന്ന വര്‍ഷമാകും ഇത്.

 

പ്രധാന വാർത്തകൾ
Top