15 November Thursday

കിരീടങ്ങളുടെ പ്രഭാവത്തിലും റയലിന് സ്വാസ്ഥ്യം നശിക്കുന്നു...

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

ഈ തോല്‍വി ഞങ്ങളെ ദേഷ്യംപിടിപ്പിക്കുന്നു. കാരണം അത് ഞങ്ങള്‍ക്ക് ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ പോരാട്ടം തുടരുകതന്നെചെയ്യും- സീസണിലെ ആദ്യ എല്‍ക്ളാസിക്കോയില്‍ എഫ്സി ബാഴ്സലോണയോട് എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റപ്പോള്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. അതേസമയം തന്റെ ടീം ലാലിഗ കിരീടത്തിലെത്തിയെന്നോ, റയലിനെ കണക്കാക്കേണ്ടതില്ലെന്നോ നിരീക്ഷിക്കുന്നവരോട് അത് അസമയത്തെ അപക്വമായ വാക്കുകളാണെന്നാണ് ബാഴ്സ കോച്ച് ഏണസ്റ്റോ വെല്‍വെര്‍ദോ അഭിപ്രായപ്പെട്ടത്.

സിദാനും വെല്‍വെര്‍ദോയ്ക്കും തങ്ങളുടെ ടീമുകളെ സംബന്ധിച്ച വിലയിരുത്തലുകള്‍ എന്തുതന്നെയായാലും ഒരു കാര്യം വ്യക്തമാണ്. ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗും ക്ളബ് ലോകകപ്പും ഉള്‍പ്പെടെ ഒരു കലണ്ടര്‍വര്‍ഷത്തില്‍ അഞ്ച് കിരീടങ്ങള്‍ വെട്ടിപ്പിടിച്ച റയല്‍ മാഡ്രിഡിന് അഭിമാനവേദിയായ സ്പാനിഷ് ലീഗില്‍ നടപ്പു സീസണില്‍ കാര്യങ്ങള്‍ ഒട്ടും സുഖകരമല്ല. ദുബായിയില്‍ ക്ളബ് ലോകകപ്പ് നേടി കൃത്യം ഒരാഴ്ച തികയുമ്പോഴാണ് എല്‍ ക്ളാസിക്കോയില്‍ സ്വന്തം തട്ടകമായ സാന്റിയാഗോ ബര്‍ണബ്യൂവില്‍ ചിരവൈരികളായ ബാഴ്സയുടെ കൈകളില്‍ റയല്‍ വീണുടഞ്ഞത്. ബാഴ്സയുടെ മുമ്പില്‍ തകര്‍ന്നുപോയെന്നതു മാത്രമല്ല, സൂപ്പര്‍താര ബലാബലത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏക പ്രതിയോഗിയായ ലയണല്‍ മെസി റെക്കോഡിനു പിറകെ റെക്കോഡുകള്‍ കുറിച്ചിടുകയും ചെയ്തുവെന്നത് റയലിന് ഇരട്ട ആഘാതമായി.

ലാലിഗ, ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് സൂപ്പര്‍കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ക്ളബ് ലോകകപ്പ് ഇവയെല്ലാം നിരനിരയായി നേടിയിട്ടും പുതുവര്‍ഷത്തിലേക്കു കടക്കുമ്പോള്‍ റയല്‍ അങ്കലാപ്പിലാണ്. ഇനി ഒരു അത്ഭുതത്തിനും തിരിച്ചെത്തിക്കാനാവാത്തവിധം അവരുടെ ലാലിഗ സ്വപ്നം അകന്നുപോയി എന്നതുതന്നെ. സിദാന്റെ ലോക ടീമിനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന അവരുടെ മിശിഹായ്ക്കും നേരെ ഉയരുന്ന വിമര്‍ശങ്ങള്‍ക്കു മറുപടി നല്‍കാന്‍കഴിയണമെങ്കില്‍ റയല്‍ എല്‍ക്ളാസിക്കോ നേടണമായിരുന്നു.

ദുബായിയില്‍ ബ്രസീലിന്റെ ഗ്രെമിയോ ക്ളബ്ബിനെ മറികടന്ന് റയല്‍ കോണ്‍ഫെഡറേഷന്‍സ് ക്ളബ് ലോകകിരീടത്തിലെത്തിയത് റോണോയുടെ ഏക ഗോളിലൂടെയായിരുന്നു. അവസരങ്ങള്‍ തുലച്ചശേഷം രണ്ടാം പകുതിയില്‍ ഗോള്‍മുഖത്തിന് 25 വാര അകലെ കിട്ടിയ ഫ്രീകിക്ക് റോണോ ഗ്രെമിയോ പ്രതിരോധക്കാര്‍ക്കിടയിലൂടെ വലയിലെത്തിച്ചു. 2009ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് റയലിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 414 കളികളില്‍ 434 ഗോളുമായി ക്ളബ്ബന്റെഎക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനാണ്. 1950കളില്‍ റയലിന്റെ ഇതിഹാസതാരമായിരുന്ന ആല്‍ഫ്രെഡോ ഡിസ്റ്റിഫാനോയുടെ പിന്‍ഗാമിയായാണ് ക്രിസ്റ്റ്യാനോയെ കാണുന്നതെന്ന് ക്ളബ് പ്രസിഡന്റ് ഫ്ളോറന്റിനോപെരസ് പറയുകയുണ്ടായി.

അതേസമയം സീസണിന്റെ തുടക്കത്തില്‍ മികച്ച ഫോമിലായിരുന്ന റോണോയ്ക്ക് പിന്നീട് ആ നിലവാരം പുലര്‍ത്താനായില്ല. ക്ളബ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ബഹുമതി ഉണ്ടെങ്കിലും (ഏഴ് ഗോള്‍) ലാലിഗയില്‍ ഈ സീസണില്‍ ഇതുവരെ റോണോ നേടിയത് നാല് ഗോള്‍ മാത്രം. ലാലിഗ പോരാട്ടത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ എല്‍ക്ളാസിക്കോയില്‍ റയലിന് ജയംതന്നെ വേണ്ടിയിരുന്നു. നാലാം സ്ഥാനത്തുള്ള റയല്‍ ഈ തോല്‍വിയോടെ ഒന്നാംസ്ഥാനത്ത് അപരാജിത കുതിപ്പു നടത്തുന്ന ബാഴ്സയെക്കാള്‍ 14 പോയിന്റിനു പിന്നിലായി. ഒരുതരത്തിലും റയലിന് ആശ്വസിക്കാന്‍ വകയില്ല. അതുകൊണ്ടുതന്നെയാകണം ബര്‍ണാബ്യൂവിലെ തോല്‍വിക്കുശേഷം സിദാനെ കോപിഷ്ടനായി കാണേണ്ടിവന്നതും. എട്ടോ അതിലധികമോ പോയിന്റുകള്‍ക്കു പിന്നില്‍നിന്ന ഒരു അവസരത്തിലും റയല്‍ കിരീടം നേടിയിട്ടില്ലെന്നതാണ് ലാലിഗ ചരിത്രം. ഇരുടീമും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ബാഴ്സയുടെ 92നെതിരെ 95 വിജയങ്ങളുടെ മുന്‍തൂക്കമുണ്ടെങ്കിലും ഇപ്പോഴത്തെ 14 പോയിന്റിന്റെ വിടവുനികത്തി റയല്‍മാഡ്രിസ് കിരീടത്തിലേക്കുള്ള മത്സരയോട്ടത്തില്‍ തിരിച്ചെത്തണമെങ്കില്‍ മഹാത്ഭുതം സംഭവിക്കണം.

ഇനി ബാഴ്സയിലേക്കു വന്നാലോ. ലോകറെക്കോഡ് പ്രതിഫലത്തില്‍ ബ്രസീലിയന്‍ താരം നെയമര്‍ ഫ്രഞ്ച് ക്ളബ്ബായ പി എസ്ജിയിലേക്ക് ചേക്കേറിയപ്പോള്‍ ആടിയുലഞ്ഞ ബാഴ്സയ്ക്ക് കരകയറാന്‍ നാലുമാസമേ വേണ്ടിവന്നുള്ളു. നെയ്മറുടെ വിട്ടുപോകലിലും കാറ്റലോണിയന്‍ സ്വാതന്ത്യ്രവാദമുയര്‍ത്തിയ രാഷ്ട്രീയമായ അസ്വസ്ഥതകളിലും ഉലഞ്ഞ  ടീമിനെ കൂട്ടായ്മയുടെയും പോരാട്ടവീര്യത്തിന്റെയും എന്തിന് നിലനില്‍പ്പിന്റെതന്നെയും വലിയ പാഠങ്ങള്‍ പഠിപ്പിച്ച് കോച്ച് ഏണസ്റ്റോ വെല്‍വെര്‍ഗോ ബാഴ്സയുടെ വഴിവിളക്കായതാണ് പിന്നീട് ലോകം കണ്ടത്. സ്പാനിഷ് സീസണിന്റെ മുന്നോടിയായ സൂപ്പര്‍കപ്പില്‍ റയലില്‍നിന്നേറ്റ രണ്ട് തോല്‍വി ബാഴ്സയെ കളിയുടെ തലത്തില്‍ മാനസികമായും തളര്‍ത്തി. അങ്ങനെ എല്ലാവരും ബാഴ്സയുടെ ദുരന്തം പ്രവചിച്ചുനില്‍ക്കെ വെല്‍വെര്‍ദോയില്‍ രക്ഷകന്‍ അവതരിച്ചു. കളിക്കാരിലും ടീമിലും സ്വന്തം തന്ത്രങ്ങളിലും വിശ്വാസമുള്ള വെല്‍വെര്‍ദോ ചങ്കുറപ്പോടെ വെല്ലുവിളികളെ നേരിട്ടു. നെയ്മറുടെ അസാന്നിധ്യം ദൌര്‍ബല്യമായി കാണാതെയും നിര്‍ണായക മത്സരങ്ങളില്‍ നിര്‍ണായക ഗോള്‍ നേടുന്ന മെസിയെ ശക്തി സ്രോതസ്സായി കണ്ടും കൂട്ടായ്മയുടെയും സംഘബലത്തിന്റെയും പുതിയ പന്ഥാവിലേക്ക് കാറ്റലോണിയന്‍ അഭിമാനത്തിന്റെ പ്രതീകമായ എഫ്സി ബാഴ്സലോണയെ വെല്‍വെര്‍ദോ നയിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

പ്രധാന വാർത്തകൾ
Top