20 September Thursday

ഉണക്കപ്പുല്ല് തയ്യാറാക്കാം

ഡോ. ദീപക് ചന്ദ്രന്‍Updated: Thursday Aug 3, 2017

 

വളരെയധികം പുല്ലുണ്ടാകുന്ന അവസരങ്ങളില്‍ അധികമുള്ള പുല്ല് പശുക്കള്‍ക്ക് നല്‍കാന്‍ ഉണക്കിസൂക്ഷിക്കുന്നതിനാണ് ഉണക്കപ്പുല്ല് അഥവാ ഹേ എന്നറിയപ്പെടുന്നത്.

 മഴക്കാലത്ത് പുല്ല് ധാരാളമായി ഉണ്ടെങ്കിലും സൂര്യപ്രകാശം കുറവായതിനാല്‍ മുറിച്ചുണക്കി സൂക്ഷിക്കാന്‍ സാധിക്കുകയില്ല. മഴക്കാലം കഴിയുന്നതോടെ പുല്ലിന്റെ മൂപ്പ് കൂടിപ്പോകുന്നതിനാല്‍ പോഷകഗുണം  കുറയുന്നു.  സാധാരണയായി ഒക്ടോബര്‍, നവംബറില്‍ ചെടികള്‍ പുഷ്പിക്കുന്നതിനുമുമ്പ്  അധികമായുള്ള  പുല്ല് മുറിച്ചുണക്കുന്നതാണ് നല്ലത്. ഇപ്രകാരം ഉണക്കിസൂക്ഷിക്കുന്ന പുല്ല് ദീര്‍ഘകാലം കേടുകൂടാതിരിക്കും. കട്ടികുറഞ്ഞ ഇനത്തില്‍പ്പെട്ട എല്ലാതരം പുല്ലും, പയര്‍ചെടികളും, ധാന്യവര്‍ഗ ചെടികളും ഹേ നിര്‍മാണത്തിന് ഉപയോഗിക്കാം.

ഉണ്ടാക്കുന്നവിധം
പുഷ്പിക്കുന്നതിനു മുമ്പ് ചെടികള്‍ അരിഞ്ഞെടുത്ത് 15-20 സെന്റീമീറ്റര്‍ കനത്തില്‍ സൂര്യപ്രകാശം നേരിട്ടടിക്കാത്ത സ്ഥലങ്ങളില്‍  നിരത്തിയിടുന്നു. ദിവസവും രണ്ടോ മൂന്നോ തവണ ഒരു കമ്പുകൊണ്ട് ഇളക്കി മുറിച്ചുകൊടുത്താല്‍ പുല്ല് വേഗം ഉണങ്ങും. ഇങ്ങനെ മൂന്നു-നാലു ദിവസം തണലില്‍ ഉണങ്ങുമ്പോള്‍ അതിലുള്ള ജലാംശം കുറഞ്ഞ് 10-14% വരെയാകുന്നു. ജലാംശം അധികമായാല്‍  പൂപ്പലുണ്ടാകാന്‍ സാധ്യതയുണ്ട്.

നല്ല രീതിയില്‍ തയ്യാറാക്കുന്ന ഹേയ്ക്ക് ഇളം പച്ചനിറമാണ്. ഹേ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പുല്ല് പുഷ്പിക്കുന്നതിനുമുമ്പ് മുറിച്ചെടുക്കണം. നല്ല മണവും സ്വാദും ഹേയ്ക്ക് ആവശ്യമാണ്.   ഹേ ഉണ്ടാക്കുമ്പോള്‍കര്‍ഷകന്ചില നഷ്ടങ്ങള്‍ സംഭവിക്കാറുണ്ട്.ഉദാഹരണത്തിന്  ദിവസവും നിരത്തിയുണക്കി  വാരിക്കൂട്ടുമ്പോള്‍  ഇലകള്‍ തണ്ടില്‍നിന്നു വേര്‍പ്പെട്ട് നഷ്ടപ്പെടും. തണ്ടിലുള്ളതിനെക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ ഇലയിലുള്ളതിനാല്‍ ഇപ്രകാരമുള്ള നഷ്ടം ഹേയുടെ ഗുണനിലവാരത്തെബാധിക്കും. കൂനകൂട്ടിയിടുമ്പോഴും നേരിട്ട് സൂര്യപ്രകാശം അടിക്കുമ്പോഴും ചില പോഷകങ്ങള്‍ (ഉദാ: കരോട്ടിന്‍) നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

(കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയില്‍ ഗോട്ട് ആന്‍ഡ് ഷീപ്പ് ഫാമില്‍ റിസര്‍ച്ച് അസിസ്റ്റന്റാണ് )

 

പ്രധാന വാർത്തകൾ
Top