Top
23
Tuesday, January 2018
About UsE-Paper

വഴിവെളിച്ചമാകുന്ന ഗുരുമാനസം

Sunday Dec 31, 2017
ശശി മാവിൻമൂട്
തിരുവിതാംകൂറിന്റെ ഇരുൾമൂടിയ ചരിത്രവഴികളിലൂടെ കടന്നുപോകുന്ന അപൂർവസുന്ദരമായ നോവലാണ് ഇരിഞ്ചയം രവി രചിച്ച ഗുരുമാനസം. 19ാം നൂറ്റാണ്ടിലും 20ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും അവർണജനത അനുഭവിച്ച കൊടുംക്രൂരതകൾ വായനയ്ക്കിടയിൽ ഭീതിയായി വളർന്നുവരുന്നു. രാജ്യം ഭരിച്ചിരുന്ന രാജാക്കന്മാരും ബ്രാഹ്മണാദി സവർണവിഭാഗങ്ങളും മൃഗങ്ങളേക്കാൾ നികൃഷ്ടരായി കരുതി പീഡിപ്പിച്ചിരുന്ന കീഴാളജനതയെ മനുഷ്യരാക്കി മാറ്റിയ ശ്രീനാരായണഗുരുവാണ് ഈ കൃതിയുടെ കാതൽ. ഒപ്പം നവോത്ഥാനകാലവും നവോത്ഥാന നായകരും നോവലിൽ കടന്നുവരുന്നു. 
 
തിരുവിതാംകൂർ രാജാക്കന്മാരെക്കുറിച്ച് പഠിക്കാൻ എത്തിയ ഇറ്റാലിയൻ യുവതി ഹെലൻക്രിസ്റ്റയുടെ കണ്ടെത്തലുകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് നോവലിന്റെ സഞ്ചാരം. അഞ്ചുതെങ്ങ് കടൽത്തീരത്തുവച്ചാണ് ഹെലൻ ഗുരുവിന്റെ കാന്തികമണ്ഡലത്തിൽ പെട്ടുപോകുന്നത്. ആദ്യം തന്റെ കാമുകനായിരുന്ന വില്യം ഗോർവിനെയും പിന്നെ ക്രിസ്തുവിനെയും അവൾ ഗുരുവിൽ ദർശിക്കുന്നു. ജാത്യാചാരങ്ങൾ മറന്ന് അടിമക്കുട്ടികളോടൊപ്പം കളിച്ചുവളർന്നതായിരുന്നു ഗുരുവിന്റെ ബാല്യം. കളിക്കൂട്ടുകാരി നീലി ആ കഥ പറയുന്നു. മാറുമറയ്ക്കാനവകാശമില്ലാത്ത കീഴാളസ്ത്രീകളും സവർണമാടമ്പികളുടെ ലൈംഗികാതിക്രമങ്ങളും മറനീക്കി തെളിഞ്ഞുവരുന്നു. ക്ഷേത്രങ്ങളിലെ മൃഗബലി, ലൈംഗികചോദനയുണർത്തുന്ന തുള്ളൽ തുടങ്ങിയ അനാചാരങ്ങൾ ഇല്ലാതാക്കാൻ ഗുരു  പോരാടി. ഗുരുവിന്റെ വിവാഹവും പരിത്യാഗവും കാളിയമ്മ തന്നെ ഹെലനോട് പറയുന്നുണ്ട്. അവശത അനുഭവിക്കുന്ന ജനതയോട് വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ഗുരു ഉപദേശിച്ചു. തിരുവിതാകൂറിന്റെ ചരിത്രം മാറ്റിയെഴുതിയ അരുവിപ്പുറം പ്രതിഷ്ഠയുടെയും അതിനുമുമ്പ് മൈലാടുംപാറയിൽ ശിവപ്രതിഷ്ഠ നടത്തിയ അടിമ ഓമലന്റെയും കഥകൾ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. പുലിവാതുക്കൽ വേലായുധൻ വൈദ്യനും മകൾ ചെമ്പോലിയും ചെറുമകൾ കൊച്ചുപാറുവും ഈ കൃതിയിലെ മിഴിവാർന്ന കഥാപാത്രങ്ങളാണ്. അയിത്താചാരത്തിന്റെ പേരിൽ നീലനെ അടിച്ചുകൊല്ലുകയും മാധവനെ പാറയിടുക്കിൽ തള്ളിയിട്ട് കൊല്ലുകയും ചെയ്ത കേളുപിള്ള ക്രൂരതയുടെ പര്യായമാണ്. മാർത്താണ്ഡവർമയുടെ ബ്രഹ്മമോക്ഷയജ്ഞം, പഞ്ചമബലി എന്നിവയും ക്രൂരതയുടെ നേർചിത്രങ്ങളാണ്.
 
സവർണരുടെ അതിക്രമങ്ങൾ 'ഭയന്ന് വ്യാപകമായി നടന്ന മതപരിവർത്തനത്തിന്റെ കഥ ചാന്നാങ്കരയിലെ കുലുസംബീവിയിലൂടെ അനാവൃതമാകുന്നു. അയ്യൻകാളി, അയ്യാവൈകുണ്ഠസ്വാമികൾ, ആദ്യത്തെ അടിമസ്‌കൂൾ സ്ഥാപിച്ച ഫാദർ ജോർജ് മാത്തൻ, കുമാരനാശാൻ, ആറാട്ടുപുഴ വേലായുധപ്പണിക്കർ തുടങ്ങിയവരെല്ലാം പലപ്പോഴായി കടന്നുവരുന്നു. ബാലരാമപുരം ചന്തയിൽ അപമാനിതരായ കൊച്ചുതങ്ക, പൊന്നാരി എന്നിവരുടെ ദൈന്യവും വൈക്കം ദളവാക്കുളത്തിലെ ചോരനിറവും മനസ്സിൽ മായാതെ നിൽക്കും. സ്വാതിതിരുനാളിന്റെ 'ഭരണകാലത്തെ അടിമച്ചന്ത, നാടുനീളെ സ്ഥാപിച്ച തീണ്ടൽ പലകകൾ എന്നിവ അപമാനത്തിന്റെ പാടുകളായി തെളിഞ്ഞുവരുന്നു. വൈകുണ്ഠസ്വാമികളുടെ പിതാവ് മുടിചൂടും പെരുമാൾ, കരിക്കോത്ത് പൂജാരിഅയ്യന്റെ മകൾ പഞ്ചമി എന്നിവരും ഗുരുമാനസത്തിലെ തെളിച്ചമാകുന്നു. 
 നാൽപ്പത്താറ് വർഷത്തെ തിരുവിതാംകൂർ വാസത്തിനുശേഷം ഗുരുവിനെ സ്വന്തം ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ഹെലൻ ഇറ്റലിയിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നതോടെ നോവൽ അവസാനിക്കുന്നു.
 
കന്നുംപാറക്ഷേത്രത്തിലെ നാണപ്പൻ, വെങ്ങാനൂരിലെ കൊച്ചുചെറുക്കൻ മുതലാളി, എസ്എൻഡിപി അംഗങ്ങൾ എന്നിവരിലൂടെ ഗുരുവിനെ ക്രൂശിക്കുന്ന യൂദാസുകളെയും നോവൽ തുറന്നുകാട്ടുന്നു.
 
ചരിത്രസംഭവങ്ങളെ നോവലിന്റെ ക്യാൻവാസിൽ കൊണ്ടുവരുന്നതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. വൈകാരികവും തീക്ഷ്ണവുമായ അന്തരീക്ഷവും നാടകീയതയും നിലനിർത്താനും ശ്രദ്ധിച്ചിട്ടുണ്ട്. ഭാഷയുടെ ചാരുത പ്രതേ്യകം എടുത്തുപറയേണ്ടതാണ്. അതുകൊണ്ടുതന്നെ ഇത് വായനസുഖം നൽകുന്നു. ഒന്നുമുതൽ 15 വരെയുള്ള അധ്യായങ്ങൾ നോവലിസ്റ്റിന്റെ മുൻകൃതികളായ അച്ചിപ്പുടവ, ചിത്രഗുപ്തന്റെ കണക്കുപുസ്തകം എന്നിവയുടെ തനിയാവർത്തനമായി തോന്നാം. 80 അയ്യായമുള്ള ഈ ബൃഹദ്‌നോവലിന്റെ അവസാന അധ്യായങ്ങളിൽ നോവലിന്റെ വൈകാരിക പിരിമുറുക്കം അയഞ്ഞുപോകുന്നില്ലേ എന്ന സംശയമുണ്ടാകും. എങ്കിലും ഗുരുവിന്റെ ദർശനങ്ങളുടെയും പ്രയോഗങ്ങളുടെയും പ്രഭാവലയം ഈ നോവലിൽ തിളങ്ങിനിൽക്കുന്നു.
 
mavinmoodusasi@gmail.com