17 October Wednesday

ആലുവയിലെ പയ്യന്‍ തന്നെ

സി അജിത്Updated: Sunday Oct 29, 2017

സിജു വിത്സന്‍

പപ്പ എന്‍ ജെ വിത്സണ്‍ വിട്ടുപിരിഞ്ഞിട്ട് 15 വര്‍ഷമായി. പപ്പ കടുത്ത സിനിമാപ്രേമിയായിരുന്നു. ഇടിപ്പടങ്ങളാണ് കൂടുതല്‍ പ്രിയം. ബ്രൂസ് ലീ, ജാക്കി ചാന്‍, ജെറ്റ് ലീ, മോഹന്‍ലാല്‍ തുടങ്ങിയവരാണ് ഹീറോസ്. ഇത്തരം സിനിമകള്‍ റിലീസ്ദിവസംതന്നെ തിയറ്ററില്‍ പോയി കാണും. എന്നെയും ഒപ്പം കൂട്ടുമായിരുന്നു. സിനിമാക്കമ്പം വന്നവഴി അതാകാം.

ആലുവയിലെ ചങ്ങാതിക്കൂട്ടം

പഠനകാലംമുതലുള്ള സുഹൃത്തുക്കളാണ് അല്‍ഫോണ്‍സ് പുത്രനും നിവിന്‍ പോളിയുമൊക്കെ. ആലുവയിലെ സെന്റ് ഡൊമനിക് പള്ളി (ചന്തപ്പള്ളി)യില്‍ വിവിധ ആഘോഷങ്ങള്‍ക്ക് ഞങ്ങള്‍ സ്കിറ്റ് അവതരിപ്പിക്കും. പ്ളസ്ടുവിനുശേഷം അല്‍ഫോണ്‍സ് സിനിമ പഠിക്കാന്‍ ചെന്നൈയിലേക്ക് പോയി. നിവിന്‍ എന്‍ജിനിയറിങ്ങിന് ചേര്‍ന്നു. ഞാന്‍ ബിഎസ്സി നേഴ്സിങ്ങിനായി ബംഗളൂരുവിലേക്കും തിരിച്ചു. നാട്ടില്‍ വരുമ്പോള്‍ ഞങ്ങള്‍ ഒത്തുചേരും. ആലുവാ പാലസും ഗോപൂസ് കൂള്‍ബാറുമെല്ലാം അതിനുള്ള കേന്ദ്രങ്ങളായിരുന്നു. സിനിമതന്നെയാകും മുഖ്യ ചര്‍ച്ചാവിഷയം.

സിനിമയിലേക്ക്

നേഴ്സിങ് പഠനം കഴിഞ്ഞ സമയത്താണ്, സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം അല്‍ഫോണ്‍സിനോട് പറയുന്നത്. മടിച്ചുമടിച്ച് ഒരു ചളിപ്പോടെ. "ആവശ്യത്തിന് പൊക്കമൊക്കെ ഉണ്ടല്ലോ. അഭിനയിക്കാമല്ലോ'' എന്നായിരുന്നു പ്രതികരണം. പിന്നീട് സിനിമ ലക്ഷ്യമിട്ടുള്ള യാത്രയായിരുന്നു. ചില ഷോര്‍ട്ട് ഫിലിമുകളിലൊക്കെ അഭിനയിച്ചു. ഓഡിഷനുകളില്‍ പതിവുകാരനായി. ഒരു ദിവസം അല്‍ഫോണ്‍സ് വിളിച്ചു. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിലേക്ക് ആളെ അന്വേഷിക്കുന്നുണ്ടെന്ന്പറഞ്ഞു. അങ്ങനെയാണ് മലര്‍വാടി ആര്‍ട്സ് ക്ളബ്ബിന്റെ ഓഡിഷന് അപേക്ഷിക്കുന്നത്. 6000 എന്‍ട്രികളില്‍നിന്ന്് 600 പേരെ ഷോട്ട്ലിസ്റ്റ് ചെയ്തു. പാലാരിവട്ടത്തെ ഒരു സ്റ്റുഡിയോയിലായിരുന്നു ഞങ്ങളുടെ ഓഡിഷന്‍. 40 പേരാണ് വന്നത്. നാലുപേരെ തെരഞ്ഞെടുത്തു. സിനിമയിലെത്താന്‍ വണ്ണം കുറയ്ക്കണമെന്ന ഉപദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഫുട്ബോള്‍ കളിയും വ്യായാമവും സജീവമാക്കിയിരുന്നു. കളിക്കിടെ നിവിന്റെ കാലിന് പരിക്കേറ്റു. അതുമായാണ് നിവിന്‍ ഓഡിഷനെത്തിയത്. ഓഡിഷനുകളില്‍നിന്ന് തെരഞ്ഞെടുത്ത 22 പേരെ പങ്കെടുപ്പിച്ച് മൂന്നുദിവസത്തെ ക്യാമ്പ്. വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു ക്യാമ്പ്. നമ്മള്‍തന്നെ സ്ക്രിപ്റ്റ് എഴുതി അഭിനയിക്കുകയെന്ന രീതിയായിരുന്നു ക്യാമ്പില്‍. സിനിമയില്‍ റോള്‍ ഉണ്ടെന്ന് വിനീതാണ് വിളിച്ചു പറയുന്നത്. അങ്ങനെ ആദ്യമായി ബിഗ് സ്ക്രീനില്‍.

പിന്നെയും കാത്തിരിപ്പ് 

ഷോര്‍ട്ട് ഫിലിമുകളുടെ ആലോചനയെന്നപേരില്‍ ഗോപൂസ് കൂള്‍ബാറിലും മറ്റും ഞങ്ങള്‍ ഒത്തുചേരും. നിവിന്‍, അല്‍ഫോണ്‍സ്, കിച്ചു, ഷറഫുദീന്‍, ശബരി, മുകേഷ് മുരളീധരന്‍, മൊഹ്സിന്‍ കാസിം തുടങ്ങിയവര്‍ ഉണ്ടാകും. ഓഡിഷനുകളിലും സ്ഥിരം പങ്കെടുത്തു. കൊച്ചിയിലെ സരോവരം ഹോട്ടലിലാണ് പലപ്പോഴും സിനിമകളുടെ പൂജ നടക്കാറുള്ളത്. വിളിക്കാത്ത പൂജകള്‍ക്കുപോലും കടന്നുചെന്ന് അഭിനയിച്ചതിന്റെ സിഡി നല്‍കിയിട്ട് പോരും (ഈയിടെ, ഒരു ഓഡിയോ സിഡി പ്രകാശനത്തിനായി സരോവരത്തില്‍ അതിഥിയായി ചെന്നപ്പോള്‍ ആ പഴയകാലം ഓര്‍ത്തു). അക്കാലത്ത്, ഒരു വരുമാനത്തിനായി ഫെഡറല്‍ ബാങ്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിച്ചു. അപ്പോഴാണ് 'നേര'ത്തിലേക്ക് അല്‍ഫോണ്‍സ് വിളിക്കുന്നത്. ആദ്യമായി ഒരു ക്യാരക്ടര്‍ റോള്‍. ഫെഡറല്‍ ബാങ്കിലെ ജോലി രാജിവച്ചു. പിന്നീട് സിനിമ മാത്രമായി. തുടര്‍ന്ന് തേഡ് വേള്‍ഡ് ബോയ്സ് എന്ന ചിത്രം. 2013ല്‍ ചിത്രീകരിച്ച ഇത് റിലീസ് ചെയ്തിട്ടില്ല. അടുത്തുതന്നെ പുറത്തുവരുമെന്നാണ് അറിയുന്നത്.

പ്രേമം

പ്രേമത്തിലെ ജോജോ എന്ന കഥാപാത്രത്തിന്റെ പേരിലാണ് ഇപ്പോഴും മലയാളികള്‍ എന്നെ തിരിച്ചറിയുന്നത്. സിനിമാജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക് എന്നൊക്കെ പറയാവുന്ന കഥാപാത്രം. പരസ്പരം അടുത്തറിയുന്നവര്‍ ചേര്‍ന്നുള്ള ഒരു സൌഹൃദയാത്രപോലെയായിരുന്നു പ്രേമത്തിന്റെ ചിത്രീകരണം. ചിത്രത്തില്‍ കോളേജുകാലത്തെ താമസസ്ഥലമായി കാണിക്കുന്നിടത്തിരുന്നാണ് അല്‍ഫോണ്‍സ് തിരക്കഥയെഴുതിയത്. ആലുവയിലെ ഈ വീട് ഞങ്ങളുടെ മറ്റൊരു സങ്കേതമായിരുന്നു. സുഹൃത്തും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ ക്യാമറാമാനുമായ മുകേഷ് മുരളീധരന്റെ തറവാട് വീട്്. തിരക്കഥ ഒരുങ്ങുന്ന ഘട്ടത്തില്‍ അല്‍ഫോണ്‍സ് ഞങ്ങളോടെല്ലാം അഭിപ്രായം ചോദിക്കുമായിരുന്നു. ഞങ്ങള്‍ ഓരോരുത്തരെയും അതിസൂക്ഷ്മമായി നിരീക്ഷിച്ചിട്ടുള്ള അല്‍ഫോണ്‍സിന് തിരക്കഥയില്‍ കഥാപാത്രങ്ങളുടെ വിഭജനം എളുപ്പമായി. പൂര്‍ത്തിയായ തിരക്കഥ കൈയില്‍ കിട്ടിയപ്പോള്‍ അതിലെ റോളുകള്‍ ആരൊക്കെ ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍, തിരക്കഥ വായിച്ചപ്പോള്‍ ആര്‍ക്കൊക്കെ ഏതൊക്കെ കഥാപാത്രങ്ങള്‍ എന്ന് വ്യക്തമായിരുന്നു.

ഹാപ്പി വെഡ്ഡിങ്

ഒമര്‍ സംവിധാനംചെയ്ത ഹാപ്പി വെഡ്ഡിങ്ങില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഷറഫുദീനും സൌബിന്‍ ഷാഹിറും മറ്റും ഒരുമിച്ചുള്ള ചിത്രം നല്ലപോലെ സ്വീകരിക്കപ്പെട്ടു. നാദിര്‍ഷായുടെ കട്ടപ്പനയിലെ ഋത്വിക് റോഷനിലും നല്ല കഥാപാത്രമാണ് ലഭിച്ചത്. റോള്‍ ചെറുതാണെങ്കിലും പ്രധാനപ്പെട്ടതായിരുന്നു. തുടര്‍ന്ന്, സുഹൃത്തുകൂടിയായ അല്‍ത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഭിനയിച്ചു.
 

അല്‍ഫോണ്‍സാണ് താരം

ഏറെ സ്വാധീനിച്ചിട്ടുള്ളത് അല്‍ഫോണ്‍സ് തന്നെയാണ്. സിനിമയോടുള്ള അല്‍ഫോണ്‍സിന്റെ അഭിനിവേശം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏതുസമയവും സിനിമയെന്ന ഒറ്റ ചിന്ത. ഒന്നിച്ചിരിക്കുമ്പോള്‍ സിനിമയല്ലാതെ മറ്റെന്തെങ്കിലും ചര്‍ച്ചയില്‍ കടന്നുവന്നാല്‍ അല്‍ഫോണ്‍സ് എഴുന്നേറ്റുപോകും. എല്ലാത്തിന്റെയും സൂക്ഷ്മാംശങ്ങളിലേക്ക് കടന്നുചെല്ലുന്നുവെന്നതാണ് സംവിധായകനെന്നനിലയില്‍ അല്‍ഫോണ്‍സിനെ മികച്ചതാക്കുന്നത്.

വരാനുള്ളത്

റഹ്മാന്‍ ബ്രദേഴ്സ് സംവിധാനംചെയ്യുന്ന വാസന്തിയാണ് അടുത്ത് വരുന്ന ചിത്രം. ജീത്തു ജോസഫിന്റെ പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ആദി'യിലും നല്ല വേഷമുണ്ട്. മൊഹ്സിന്‍ കാസിം സംവിധാനം ചെയ്ത് അല്‍ഫോണ്‍സ് നിര്‍മിക്കുന്ന ചിത്രത്തിലും അഭിനയിക്കുന്നു. അമ്മ: ചിന്നമ്മ വിത്സണ്‍, ഭാര്യ: ശ്രുതി വിജയന്‍.
 
ajithdesh@gmail.com
പ്രധാന വാർത്തകൾ
Top