17 July Tuesday

വലിയ വരകളിലെ കുഞ്ഞുവിരല്‍പ്പാട്

എം എസ് അശോകന്‍Updated: Sunday Oct 29, 2017

വര്‍ണധാരാളിത്തത്തിന്റെ ബ്ളാക്ക് ഫോറസ്റ്റും സ്വേളിങ് വാട്ടറും കണ്ടുതീര്‍ത്ത് ഗാലറിക്ക് പുറത്തിറങ്ങുമ്പോള്‍ നീലനൂല്‍ ചുറ്റിയ പച്ചപ്പമ്പരം വരാന്തയുടെ മാര്‍ബിള്‍ത്തറയില്‍ കറക്കുകയാണ് ചിത്രകാരി. പുതുതായി കിട്ടിയ കളിപ്പമ്പരത്തോടുള്ള കമ്പം ഇന്നു പകല്‍മുഴുവന്‍ കളിച്ചിട്ടും തീര്‍ന്നില്ലെന്ന് അമ്മ അനുപമ. എട്ടുവയസ്സുകാരി നിള സ്റ്റാന്‍സി ജോണ്‍സിലെ ചിത്രകാരിക്ക് പടര്‍ന്നുവളരാന്‍ ചുറ്റുപാടുകളെ നിറപ്പകിട്ടോടെ സൂക്ഷിക്കുകയാണ് ഈ അമ്മയും അച്ഛന്‍ പ്രിന്‍സും. ദര്‍ബാര്‍ഹാളിലെ പതിനഞ്ചോളം ചിത്രങ്ങളുടെ പ്രദര്‍ശനത്തിന്റെ അവസാനദിനമാണ്. സന്ദര്‍ശകപുസ്തകത്തില്‍ കുഞ്ഞുചിത്രകാരിയെ അറിഞ്ഞവരുടെ സന്തോഷക്കുറിപ്പുകള്‍. നാളെമുതല്‍ എന്താ പരിപാടി എന്ന ചോദ്യത്തിന് ആലോചനയൊന്നും കൂടാതെ നിളയുടെ മറുപടി- പൂച്ചക്കുട്ടിയോടൊപ്പം ഇരിക്കും. ഏതാനും നാള്‍മുമ്പ് വീട്ടില്‍ വന്നുകയറിയ കുഞ്ഞുകൂട്ടുകാരന്‍. പേര് ഗുസ്താവോ പെരസ്കി അല്‍ബുക്കേറോ.

പള്ളുരുത്തിയില്‍ താമസക്കാരായ കോട്ടയം സ്വദേശി പ്രിന്‍സിന്റെയും തൃശൂര്‍കാരി അനുപമയുടെയും മകള്‍ നിള സാധാരണ കുട്ടികള്‍ക്ക് പരിചയമില്ലാത്ത ചുറ്റുപാടിലാണ് ജീവിതം പരിചയിച്ചിട്ടുള്ളത്. ഇക്വിറ്റി ട്രേഡേഴ്സായ നിയമ ബിരുദധാരി അനുപമയ്ക്കും  ജേര്‍ണലിസം ബിരുദധാരി പ്രിന്‍സിനും ജീവിതത്തോടുള്ള കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. എട്ടുതവണ ബസിലും ട്രെയ്നിലുമൊക്കെയായി ഇന്ത്യമുഴുവന്‍ കറങ്ങിയിട്ടുള്ള ഇവര്‍ക്കൊപ്പം നാലുതവണ നിളയുമുണ്ടായിരുന്നു. യാത്രകളാണ് കൂടുതല്‍. സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളുണ്ടെങ്കിലും കൂടെ കൂട്ടാന്‍ കഴിയാറില്ല. അത്ര പെട്ടെന്നായിരിക്കും പുറപ്പെടാം എന്ന തീരുമാനം.
നിള മൂന്നു വയസ്സുമുതല്‍ക്കേ വരയ്ക്കുമായിരുന്നു. ജലച്ചായങ്ങള്‍ ഉപയോഗിച്ചായിരുന്നു തുടക്കം. പിന്നീട് അക്രിലിക്കിലേക്കും ഓയില്‍ പേസ്റ്റലിലേക്കും മാറി. ചിത്രംവരയില്‍ അക്കാദമിക് പരിശീലനമൊന്നും നല്‍കിയിട്ടില്ല. സ്കൂളില്‍ പോകാന്‍പോലും താല്‍പ്പര്യപ്പെടാത്ത നിളയെ പരമ്പരാഗത ചിത്രരചനാ ക്ളാസിലേക്ക് പറഞ്ഞയക്കുന്ന കാര്യം മാതാപിതാക്കള്‍ക്ക് ആലോചിക്കാന്‍കൂടി വയ്യ. ഒന്നാംക്ളാസില്‍ ചേര്‍ത്തിട്ട് കഷ്ടി രണ്ടാഴ്ചമാത്രമാണ് അവള്‍ ക്ളാസില്‍ പോയതെന്ന് അനുപമ പറഞ്ഞു. നിളയുടെതന്നെ താല്‍പ്പര്യപ്രകാരമാണ് പോയത്. പുതിയ കൂട്ടുകാരെയൊക്കെ കിട്ടുമല്ലോ എന്നായിരുന്നു. എന്നാല്‍, ക്ളാസുമുറിയിലെ ശീലങ്ങളൊന്നും വഴങ്ങാതായപ്പോള്‍ നിളതന്നെ താനിനി പോകുന്നില്ലെന്ന് പറഞ്ഞൊഴിഞ്ഞു. നിലവില്‍ വീട്ടിലിരുന്നാണ് പഠനം. പത്താംക്ളാസൊക്കെ ആകുമ്പോള്‍ പൊതുപരീക്ഷ എഴുതിക്കണമെന്ന് അനുപമ. ചിത്രം വരയ്ക്കാന്‍ കൊച്ചിയിലെ ചിത്രകാരന്‍ ഡെസ്മണ്ട് റിബേറോയുടെ അടുക്കല്‍ പോകുന്നുണ്ട്.
ക്ളാസിക്കുകളും കുട്ടിക്കഥകളുമൊക്കെയാണ് വായന. വായിക്കുന്ന പലതും പലവിധത്തില്‍ ചിത്രങ്ങളിലേക്ക് വരുന്നുണ്ട്. വര നിരന്തരമുണ്ട്. സ്കെച്ച് ബുക്കുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കും. ടിവി കാണുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും മാത്രമല്ല, കുളിമുറിയില്‍നിന്ന് ഇറങ്ങിയോടിപ്പോയിപ്പോലും സ്കെച്ചുകള്‍ വരയ്ക്കുന്നത് കാണാമെന്ന് അനുപമ പറഞ്ഞു. അമൂര്‍ത്ത രചനകളാണ് എല്ലാം. മരങ്ങളും നക്ഷത്രങ്ങളും വെള്ളത്തിലെ തരംഗമാലകളുമൊക്കെ വര്‍ണധാരാളിത്തത്തിലാണ് ക്യാന്‍വാസില്‍ നിറയുക. വര്‍ണങ്ങള്‍ തൊട്ട് നിരത്തിയും വകഞ്ഞുനീക്കിയുമൊക്കെ. ബ്രഷുപോലുള്ള പരമ്പരാഗത രചനാ ഉപകരണങ്ങളൊന്നും ഉപയോഗിക്കുന്ന പതിവില്ല. വിരലൊക്കെയാണ് ശീലം. നിറങ്ങള്‍ പരത്തിയിട്ട് ടെക്സ്ചറുകള്‍ രൂപപ്പെടുത്തുന്നത് ഇഷ്ടമാണ്. അത് ഇഷ്ടമുള്ള തരത്തിലാക്കുന്നതിന് കൈയില്‍ കിട്ടുന്നതെന്തും പ്രയോഗിക്കും. പെയിന്റ് റോളറും ബിയര്‍ക്യാനുമൊക്കെ അങ്ങനെ വരയുപകരണങ്ങളായിട്ടുണ്ട്.
ഇംഗ്ളണ്ടിലും ജര്‍മനിയിലും ചിത്രകലാ ശില്‍പ്പശാലകളില്‍ പങ്കെടുത്തിട്ടുണ്ട്. 2015 മുതല്‍ നാല് ഏകാംഗപ്രദര്‍ശനങ്ങള്‍ കൊച്ചിയിലും കോഴിക്കോട്ടുമായി നടത്തി. ഗ്യാലറിയുടെ നാലു ചുവരിനുള്ളില്‍ അടങ്ങിയിരിക്കാന്‍ കഴിയാത്തതിനാല്‍ വരാന്തയില്‍ത്തന്നെയുണ്ട് നിള. പച്ചപ്പമ്പരത്തില്‍ ആസ്വദിച്ച് നീലനൂല്‍ ചുറ്റുന്നു.
 
msasokms@gmail.com
പ്രധാന വാർത്തകൾ
Top