15 November Thursday

ചാത്തന്‍ സാവിത്രിയുടെ കൈപിടിച്ചാല്‍

കെ ഗിരീഷ്Updated: Sunday Oct 29, 2017

വിശ്വസിച്ചേ പറ്റൂ എന്ന നാടകത്തില്‍നിന്ന്

ചാത്തന്‍പുലയന്‍ സാവിത്രി അന്തര്‍ജനത്തിന്റെ കൈപിടിച്ചത് കുമാരനാശാന്റെ കാലത്ത് മഹാസംഭവമായിരുന്നു. അതിനുശേഷം ഏറെ പുരോഗമിച്ചെന്നാണ് നമ്മുടെ വാദം. എല്ലാ പുഴയിലും കലക്കവെള്ളം ഏറെ ഒഴുകിപ്പോയെന്നും ജലം ഏറെ തെളിഞ്ഞെന്നും നെഞ്ചുയര്‍ത്തി പറയുന്നു. എന്നാല്‍, സാവിത്രിമാരെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന ചാത്തന്മാരെ ജീവിക്കാന്‍ വിടില്ലെന്ന് തിരുത്തിപ്പറയേണ്ടിടത്തേക്കാണ് നമ്മുടെ നാട് പുരോഗമിച്ചത്.
പൊരുതിയും പോരാടിയും നാട് ഒട്ടേറെ നേടിയെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുമ്പോള്‍ നേടിയ നന്മകളെല്ലാം ഒന്നൊന്നായി കൈവിട്ടുപോകുന്നത് കണ്ടുനില്‍ക്കുകയാണ് നാം. ഒരു നിഴലിങ്ങനെ പടരാന്‍ തുടങ്ങുകയാണ് തലയ്ക്കുമുകളിലും സ്വപ്നത്തിനുമുകളിലും. ചിലരുണ്ട് ഇപ്പോഴും തനിക്കുമുകളിലുള്ളവരുമായിമാത്രം പുരോഗമനാശയങ്ങള്‍ പങ്കുവയ്ക്കുന്നവര്‍. ഉള്ളില്‍ ഉറഞ്ഞുകൂടിയ ആഢ്യത്വത്തിന്റെ കരിപ്പുകയില്‍നിന്ന് രക്ഷനേടാനാകാതെ ഉഴലുന്നവര്‍.
പി വി ഷാജികുമാറിന്റെ കഥയെ അധികരിച്ച് നവരസ കാലിക്കറ്റിന്റെ സഹകരണത്തോടെ കോഴിക്കോട് സേവാമന്ദിറില്‍ അരങ്ങേറിയ നാടകം 'വിശ്വസിച്ചേ പറ്റൂ' സമകാലീന ഇന്ത്യനവസ്ഥയുടെ ചിത്രമാണ് വരച്ചുകാണിച്ചത്. നാരായണന്‍നായരുടെ മകളെ കല്യാണം കഴിക്കാനാണ് ചാത്തുവിന്റെ മകന്‍ ഗോപാലന് ആഗ്രഹം. ജാതിയില്‍ ചെറുമനായ ഗോപാലനില്‍നിന്ന് 'മകളെയും' തന്റെ ആത്മാഭിമാനത്തെയും രക്ഷിക്കാന്‍ നായര്‍ അവളുടെ വിവാഹം ഉടന്‍ നടത്താന്‍ ശ്രമിക്കുന്നു. നായര്‍ പുരോഗമനവാദിയെന്നാണ് സ്വയം സങ്കല്‍പ്പിക്കുന്നത്. അതാകട്ടെ നായര്‍മുതല്‍ മേലോട്ടുള്ളവരുടെ മുന്നിലാണെന്നുമാത്രം. ആകെയുള്ള ഭൂമി വില്‍ക്കാനുള്ള ശ്രമം തുടങ്ങിയത് വിവാഹം നടത്താനാണ്. അവിടേക്ക് ദൈവമാണ് തടസ്സമായി വരുന്നത്. വില്‍ക്കാനൊരുങ്ങുന്ന ഭൂമിയിലെ കൂവളത്തില്‍ ശിവസാന്നിധ്യമുണ്ടെന്ന് ചിലര്‍ പ്രഖ്യാപിക്കുകയും ക്ഷേത്രനിര്‍മാണം ആരംഭിക്കുകയുംചെയ്യുന്നു. ഇതോടെ അന്തസ്സിനും ആഭിജാത്യത്തിനുംചേര്‍ന്ന കല്യാണാലോചന പണമില്ലാത്തതിന്റെപേരില്‍ തടസ്സപ്പെടുന്നു. ആരുടെയൊക്കെയോ വിശ്വാസം ഒരു നാടിന്റെ മുഴുവന്‍ തലയില്‍ അടിച്ചേല്‍പ്പിക്കുന്നതും ചിലര്‍ക്ക് ദുരിതമാകുന്നതുമെല്ലാം നാടകം പറയുന്നു. 
മുന്നോട്ടുവച്ച കാലടികളും നടന്നുകയറിയ പാതകളുമെല്ലാം ഒരു നാട് തിരിച്ചുനടക്കുന്നതിന്റെ യഥാതഥ ചിത്രീകരണമാണ് നാടകത്തില്‍. അങ്ങിങ്ങായി ശൈലീകൃത അഭിനയഭാഷ ഉപയോഗിച്ചതൊഴിച്ചാല്‍ രംഗഭാഷയും ഏതാണ്ട് റിയലിസ്റ്റിക്കായിരുന്നു. 
കെ വി സജിത്ത്

കെ വി സജിത്ത്

കെ വി സജിത്താണ് നാടകരൂപരേഖയും  സംവിധാനവും നിര്‍വഹിച്ചത്. സംഗീതം: വിഷ്ണുപ്രദീപ്. കോ- ഓര്‍ഡിനേഷന്‍: സത്യന്‍ സാഗര.
നാരായണന്‍, അനന്തകൃഷ്ണന്‍, കെ സുമേഷ്, അശ്വത് മുത്തപ്പന്‍, അഹിജിത്, അഭിലാഷ്, ആദിത്യന്‍, എസ് ഗോവിന്ദ് എന്നിവരാണ് അരങ്ങില്‍.
 
പ്രധാന വാർത്തകൾ
Top