21 November Wednesday

പുസ്തകങ്ങളിലൂടെ ഒരു സഞ്ചാരം

ഡോ. പി എസ് ശ്രീകലUpdated: Sunday Aug 27, 2017

പുസ്തകസഞ്ചി/ ഡോ. ബി ഇക്ബാല്‍/ ലേഖന സമാഹാരം/ ചിന്ത പബ്ളിഷേഴ്സ്/ വില: 120

'മാര്‍ക്സിയന്‍ പുസ്തകപ്രളയ'ത്തില്‍ തുടങ്ങി ഡിജിറ്റല്‍ യുഗത്തില്‍ വായന, എഴുത്ത്, പ്രസാധനം എന്നിവയെ വിലയിരുത്തുന്നതില്‍ അവസാനിക്കുന്ന 23 ലേഖനങ്ങളുടെ സമാഹാരമാണ് ഡോ. ബി ഇക്ബാലിന്റെ 'പുസ്തകസഞ്ചി'. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പുസ്തകങ്ങളാണ് പ്രധാന വിഷയം. അതേസമയം, സാധാരണ പുസ്തകപരിചയരീതിയല്ല അനുവര്‍ത്തിക്കുന്നത്. എന്നാല്‍, ആഴത്തിലുള്ള പുസ്തകാപഗ്രഥനവുമല്ല. വിവിധവിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന പുസ്തകങ്ങളിലൂടെ ഒരു സഞ്ചാരമാണ് ഈ പുസ്തകത്തിന്റെ വായനാനുഭവം. ആ സഞ്ചാരത്തിനിടയില്‍ ചില കാഴ്ചകള്‍ വായനക്കാരുടെ മനസ്സിലുടക്കും. ഓരോരുത്തരുടെയും തല്‍പ്പരവിഷയമനുസരിച്ചാകും ആ ഉടക്ക്.  അവര്‍ക്കപ്പോള്‍ ആ വിഷയം പ്രമേയമായ പുസ്തകം തേടിപ്പോവുകയോ അതുമായി ബന്ധപ്പെട്ട ചരിത്രാന്വേഷണം നടത്തുകയോ ചെയ്യാം. അതിനുതകുന്നവിധത്തില്‍ ചരിത്രപരമായ പശ്ചാത്തലംകൂടി അവതരിപ്പിച്ചുകൊണ്ടാണ് പുസ്തകങ്ങളിലൂടെ ലേഖകന്‍ യാത്ര ചെയ്യുന്നത്.

ആഗോള സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് മാര്‍ക്സിയന്‍ പുസ്തകങ്ങള്‍ വിശേഷിച്ച് മൂലധനം, മുതലാളിത്ത സാമ്പത്തിക വിദഗ്ധരുള്‍പ്പെടെ വ്യാപകമായി ആശ്രയിച്ചല്ലോ. ഈ പ്രതിഭാസം മാര്‍ക്സാണ് ശരി എന്ന ആശയത്തെ കൂടുതല്‍ സ്വീകാര്യമാക്കി. ഈ വസ്തുത സ്ഥാപിക്കാന്‍ വിവിധ ഭാഷകളിലും വിവിധ രാജ്യങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ ഡോ. ഇക്ബാല്‍ അവതരിപ്പിക്കുന്നു. അവയില്‍ മാര്‍ക്സ് എഴുതിയതും മാര്‍ക്സിനുശേഷം വിവിധ മാര്‍ക്സിയന്‍ ചിന്തകര്‍ എഴുതിയതുമായ പുസ്തകങ്ങളുടെ പുനഃപ്രസിദ്ധീകരണങ്ങളും പരിഭാഷകളുമുണ്ട്. മാര്‍ക്സിസ്റ്റ് സാഹിത്യപഠനത്തിന് സഹായിക്കുന്നതാണ് ഈ ലേഖനം. അതുകൊണ്ടാണ് ഒരു പുസ്തകത്തിന്റെ സാമാന്യ പരിചയപ്പെടുത്തല്‍ രീതിയല്ല അവലംബിച്ചിരിക്കുന്നതെന്ന് പറഞ്ഞത്.

ഇതേ സമീപനമാണ് ചാള്‍സ് ഡാര്‍വിന്‍, ദസ്തയേവ്സ്കി, അയ്യന്‍കാളി, മുഹമ്മദ് അബ്ദുറഹ്മാന്‍ എന്നിവരെ സംബന്ധിച്ച പുസ്തകങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള ലേഖനങ്ങളിലുള്ളത്. ഇവരെക്കുറിച്ച് ലേഖകന്റെ നിരീക്ഷണങ്ങള്‍കൂടി അവയിലുണ്ട്. അതേസമയം, ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന മഹാഗ്രന്ഥത്തെമാത്രമായി പരിചയപ്പെടുത്തുന്നുണ്ട്. ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ കേരള സര്‍വകലാശാലാ പ്രസിദ്ധീകരണവിഭാഗത്തെ സജ്ജമാക്കിയത് വൈസ് ചാന്‍സലറായിരുന്ന ഡോ. ഇക്ബാലാണെന്നത് മലയാളികള്‍ എന്നും നന്ദിയോടെ ഓര്‍ക്കും.

ഡോ. പി എസ് ശ്രീകല

ഡോ. പി എസ് ശ്രീകല

പരിസ്ഥിതി, സ്ത്രീപക്ഷചിന്തകള്‍, ശാസ്ത്രസാഹിത്യം തുടങ്ങിയ വിജ്ഞാനശാഖകളും അവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും പുസ്തകസഞ്ചിയിലുണ്ട്. കെ ആര്‍ മീരയുടെ 'ആരാച്ചാര്‍' എന്ന നോവല്‍ നല്‍കുന്ന വായനാനുഭവത്തെ വിപുലീകരിച്ച് മലയാള സാഹിത്യത്തെ സാര്‍വദേശീയതലത്തിലേക്ക് ഉയര്‍ത്തുന്ന നിരീക്ഷണങ്ങള്‍ നടത്തുന്നു ലേഖകന്‍.

ഡോ. ബി ഇക്ബാല്‍ എന്ന ആരോഗ്യ വിദഗ്ധനെയും വിദ്യാഭ്യാസചിന്തകനെയും വായനക്കാരനെയും എഴുത്തുകാരനെയും അടുത്തറിയാനും പുസ്തകസഞ്ചി പ്രയോജനപ്പെടുന്നു. സര്‍ഗാത്മക എഴുത്തിന്റെ വായനാക്ഷമമായ തെളിവുറ്റ ഭാഷ പുസ്തകത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top