20 July Friday

റോൾ മോഡൽ

സി അജിത്Updated: Sunday Sep 24, 2017

നമിതാ പ്രമോദ്‌

“ചെയ്യുന്ന ജോലി ഏതുമാകട്ടെ, അതിനോട് നൂറ് ശതമാനം ആത്മാർഥത പുലർത്തുക. നിങ്ങൾ വിജയത്തിൽ എത്തുകതന്നെ ചെയ്യും.'' വെള്ളിത്തിരയിലെ ശ്രദ്ധേയ നായിക നമിത പ്രമോദിന്റെ വാക്കുകൾ അനുഭവത്തിന്റെ വെളിച്ചത്തിൽനിന്നാണ്. സിനിമയോടുള്ള സ്വയംസമർപ്പിതമായ സമീപനമാണ് നമിതയെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയാക്കുന്നത്. ഓരോ കഥാപാത്രത്തിന്റെയും, അത് പ്രാധാന്യം കുറഞ്ഞതാണെങ്കിൽപ്പോലും, മികവിനു വേണ്ടി കഠിനമായി ഹോംവർക്ക് ചെയ്യുന്ന ഈ പെൺകുട്ടി പുതുതലമുറയ്ക്ക് ഒരു റോൾ മോഡലാണ്. മിനിസ്‌ക്രീനിൽ ബാലതാരമായി തുടങ്ങി പിന്നീട് നല്ല വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നമിത സിനിമാവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഏറെ ഇഷ്ടപ്പെട്ട 'ശ്രേയ'

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ റാഫി ഇക്കയുടെ റോൾ മോഡൽസിലെ ശ്രേയ എന്ന നായികാകഥാപാത്രം എന്റെ കരിയറിലെ ഏറ്റവും മികച്ചതാണ്. ഞാൻ എന്ന വ്യക്തിയുമായി ഏറ്റവും അടുത്തുനിൽക്കുന്ന കഥാപാത്രം. നല്ല മുന്നൊരുക്കം നടത്തിയാണ് ചെയ്തത്. വാട്ടർ സ്‌പോർട്‌സ്, പാരാ സെയിലിങ് ഉൾപ്പെടെയുള്ള സാഹസികതകൾ സിനിമയിൽ അവതരിപ്പിക്കേണ്ടി വന്നു. ഇതിനായി പ്രത്യേക പരിശീലനം നടത്തി. വിവിധ ഗെറ്റപ്പുകളിൽ എത്തുന്നതിനാൽ മുടി മുറിക്കേണ്ടിയും വന്നു. റാഫി എന്ന സംവിധായകനോളം കൂളായ മറ്റൊരാളെ കണ്ടിട്ടില്ല. മാത്രമല്ല, ഫഹദ്, വിനായകൻ, ഷറഫുദീൻ, വിനയ് ഫോർട്ട് ഉൾപ്പെടെയുള്ള യുവനിരയോടൊപ്പം വളരെ ആസ്വാദ്യകരമായി ചെയ്ത സിനിമയാണ് റോൾ മോഡൽസ്. ഗോവയെന്ന വേറിട്ട ലൊക്കേഷനും പ്രത്യേക അനുഭവമായി. എന്റെ കഥാപാത്രങ്ങളിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ശ്രേയ.

ട്രാഫിക്കിൽ തുടക്കം

നാലാംക്ലാസുമുതൽതന്നെ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച് തുടങ്ങിയെങ്കിലും ആദ്യ സിനിമ 2011ൽ പുറത്തിറങ്ങിയ ട്രാഫിക്കാണ്. അന്ന്, പത്താംക്ലാസിൽ. ഒരു മാസികയിൽ എന്റെ കവർചിത്രം കണ്ടാണ് രാജേഷ് അങ്കിൾ (രാജേഷ് പിള്ള) വിളിക്കുന്നത്. മരണത്തെ മുഖാമുഖം കണ്ട് കഴിയുന്ന റഹ്മാന്റെയും ലെനയുടെയും മകളുടെ വേഷമാണ് ചെയ്തത്. സിനിമയിലെ കേന്ദ്രബിന്ദുവായ കഥാപാത്രം. ആദ്യ സിനിമതന്നെ സൂപ്പർ ഹിറ്റായപ്പോൾ നിറഞ്ഞ സന്തോഷം. എന്നാൽ, സിനിമ കരിയറാക്കണമെന്ന തീരുമാനം അന്നൊന്നും എടുത്തിരുന്നില്ല. പിന്നീട്, ഒരു വർഷത്തോളം ഇടവേള. അതിനിടെ, നിർമാതാവ് ആന്റോ ചേട്ടൻ (ആന്റോ ജോസഫ്) പുതിയ സിനിമയിലേക്ക് നായികയെ തേടുകയായിരുന്നു. സത്യൻ അങ്കിൾ (സത്യൻ അന്തിക്കാട്) സംവിധാനം ചെയ്യുന്ന പുതിയ തീരങ്ങളിൽ നായികയാകാമോ എന്ന് ആന്റോ ചേട്ടനാണ് ചോദിച്ചത്.  സ്വപ്‌നസാക്ഷാൽക്കാരം എന്നൊക്കെ പറയുന്ന അനുഭവമായിരുന്നു അത്.

വഴിത്തിരിവ്

ആന്റോ ചേട്ടന്റെ നിർദേശപ്രകാരം സത്യൻ അങ്കിളിനെ തൃശൂരിലെ ഫ്‌ളാറ്റിൽ ചെന്ന് കണ്ടു. സത്യൻ അന്തിക്കാട് എന്ന പ്രമുഖനായ സംവിധായകൻ എങ്ങനെയാകും പെരുമാറുക എന്നായിരുന്നു ആശങ്ക. ഫ്‌ളാറ്റിൽ എത്തിയപ്പോൾ സ്‌കൂൾവിശേഷങ്ങളും വീട്ടുകാര്യങ്ങളുംമാത്രമാണ് ചോദിച്ചത്. ടെൻഷനെല്ലാം മാറി. പിന്നീട് സത്യനങ്കിൾ പറഞ്ഞപ്രകാരം അദ്ദേഹത്തിന്റെ ടീമംഗങ്ങളെ ചെന്ന് കണ്ടു. അവിടെവച്ചാണ് എന്റെ കഥാപാത്രത്തെക്കുറിച്ച് അറിയുന്നത്. തീരദേശത്ത് താമസിക്കുന്ന, താമരയെന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം എനിക്കേറെ ഇഷ്ടമായി.
ആ കഥാപാത്രമായി മാറാൻ ഒരുപാട് തയ്യാറെടുപ്പ് വേണ്ടിവന്നു. ഗ്ലാമർ തീരെ ആവശ്യമില്ലാത്ത താമരയെ ഞാൻ മനസ്സിൽ കണ്ടു. വെയിലുകൊണ്ട് നിറം കുറച്ചും പുരികം ത്രഡ് ചെയ്യാതിരുന്നും തീരദേശത്തെ സംസാരശൈലിയും അവരുടെ മാനറിസം പഠിച്ചും നല്ല മുന്നൊരുക്കം നടത്തി. വള്ളം തുഴയാൻ പഠിക്കണമെന്നും നിർദേശമുണ്ടായി. അതും ചെയ്തു. ആ സിനിമ തന്ന ആത്മവിശ്വാസം ചെറുതല്ല. എന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്നൊക്കെ വേണമെങ്കിൽ പറയാവുന്ന ചിത്രംകൂടിയാണ് പുതിയ തീരങ്ങൾ.

അഭിനയത്തിനായി നൃത്തം

പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലെ ജയശ്രീ എന്ന കഥാപാത്രം മോഹിനിയാട്ടം നർത്തകിയാണ്. എന്നാൽ, ഞാൻ ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടുമില്ല. ഒടുവിൽ നടി ശരണ്യ മോഹന്റെ ആലപ്പുഴയിലെ ഡാൻസ് സ്‌കൂളിൽ ചെന്ന് സിനിമയ്ക്ക് ആവശ്യമുള്ള മോഹിനിയാട്ടം പഠിച്ചെടുക്കുകയായിരുന്നു. ഇതെല്ലാംതന്നെ വെല്ലുവിളി ഏറ്റെടുക്കാൻ പ്രചോദനമായി.

വെവ്വേറെ സ്‌കൂളുകൾ

സത്യൻ അന്തിക്കാട്, പ്രിയദർശൻ, ലാൽ ജോസ്, രാജേഷ് പിള്ള, റാഫി... പ്രഗത്ഭരായ ഒട്ടനവധി സംവിധായകരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നത് ഭാഗ്യമാണ്. അഭിനയിക്കുമ്പോൾ ഒട്ടും സമ്മർദം ചെലുത്താത്ത സംവിധായകരാണ് ഇവരൊക്കെ. ഓരോരുത്തർക്കും വ്യത്യസ്തമായ മികവാണ്. വെവ്വേറെ സ്‌കൂളുകളാണ് ഇവരെന്നു പറയാം. ഇവരിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്. അഭിനേത്രി എന്ന നിലയിൽ സ്വയം മെച്ചപ്പെടാൻ ബോധപൂർവമായ ശ്രമം നടത്താറുണ്ട്. അനുഭവങ്ങളിൽനിന്ന് ലഭിക്കുന്ന അറിവുകളോടൊപ്പം ലോകസിനിമകളും മറ്റും കണ്ട് ഉണ്ടാകുന്ന ഉൾക്കാഴ്ചയും എന്റെ മുന്നോട്ടുപോക്കിനെ സഹായിച്ചിട്ടുണ്ട്.

പ്രതീക്ഷ നൽകുന്ന പുതുതലമുറ

പുറത്തുനിന്ന് കാണുന്നവർക്ക് ആർഭാടമായ, സുഖകരമായ അന്തരീക്ഷത്തിൽ തൊഴിലെടുക്കുന്നവരാണ് സിനിമാക്കാർ. എന്നാൽ, ഒരുകൂട്ടം ആളുകളുടെ കഠിനാധ്വാനത്തിന്റെ ഉൽപ്പന്നമാണ് സിനിമ. മഴയെന്നോ വെയിലെന്നോ തണുപ്പെന്നോ നോക്കാതെയുള്ള അധ്വാനം. അതിൽ ചിലതേ വിജയിക്കൂ. ഇവിടെ ജോലിയോട് പൂർണമായും നീതിപുലർത്താതെ പിടിച്ചുനിൽക്കാനാകില്ല. അർപ്പണബോധത്തോടെയുള്ള പുതുതലമുറ സിനിമയിലേക്ക് കടന്നുവരുന്നത് പ്രതീക്ഷ നൽകുന്നതാണ്. ലോക ക്ലാസിക്കുകളും മറ്റും ഏറെ കാണാൻ കേരളത്തിൽ അവസരമുണ്ട്. ഇത് ചലച്ചിത്രപ്രവർത്തകരെപ്പോലെതന്നെ ചലച്ചിത്രാസ്വാദകരെയും സ്വാധീനിച്ചിട്ടുണ്ട്. കാഴ്ചക്കാരുടെ ആസ്വാദനനിലവാരം ഉയരുമ്പോൾ കരുതലോടെ വേണം ചലച്ചിത്രപ്രവർത്തകർ സിനിമയെ സമീപിക്കാൻ. എന്തും ചെയ്താൽ സ്വീകരിക്കപ്പെടില്ല. ഞാൻ അഭിനയിച്ച സിനിമ കണ്ട് ഫോണിൽ വിളിച്ച് മറ്റുള്ളവർ അഭിനന്ദിക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നാറുണ്ട്. വിമർശങ്ങളും കേൾക്കാറുണ്ട്. സീനുകൾ പറഞ്ഞ് ചില കുറവുകൾ ചൂണ്ടിക്കാണിക്കുന്നവരുണ്ട്. പോസിറ്റീവായ വിമർശങ്ങൾ നമ്മളെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.

അഭിനയവും പഠനവും

ആറു വർഷത്തിനിടെ 15 സിനിമയിൽ അഭിനയിച്ചു. ട്രാഫിക്, പുതിയ തീരങ്ങൾ, സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ ആന്റണി, അടി കപ്യാരേ കൂട്ടമണി തുടങ്ങി റോൾ മോഡൽസിൽ എത്തിനിൽക്കുകയാണ്. രണ്ട് തെലുങ്ക് സിനിമയും പട്ടികയിലുണ്ട്. മലയാളത്തിലെ സൂപ്പർഹിറ്റ് മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പിന്റെ ഷൂട്ടിങ് പൂർത്തിയായി. പ്രിയദർശൻ സാറാണ് സംവിധായകൻ. ചിത്രം ഡിസംബറിൽ തിയറ്ററിലെത്തുമെന്നാണ് കരുതുന്നത്. അഭിനയവും പഠനവുമായി മുന്നോട്ടുപോകാനാണ് ഇപ്പോഴത്തെ തീരുമാനം. നിലവിൽ കറസ്‌പോണ്ടൻസായി ബിരുദപഠനം നടത്തുന്നു. അച്ഛൻ: പ്രമോദ്, അമ്മ: ഇന്ദു. സഹോദരി: അകിത.

ajithdesh@gmail.com

പ്രധാന വാർത്തകൾ
Top