13 November Tuesday

അന്നപ്പെരുമയുടെ പെരുമ

കെ ഗിരീഷ്‌Updated: Sunday Feb 18, 2018

അന്നപ്പെരുമ എന്ന നാടകത്തിൽനിന്ന്‌

സ്കൂൾ നാടകങ്ങളിലെ പ്രതിഭകൾ എവിടെയാണ് അപ്രത്യക്ഷമാകുന്നത്. ഒരു അവതരണത്തിനുശേഷം ഈ നാടകങ്ങൾ എവിടെയാണ് അലിഞ്ഞില്ലാതാകുന്നത്. മത്സരത്തിനുശേഷം ഒരു വേദിയിൽപോലും അവതരിപ്പിക്കപ്പെടാതെ ഇല്ലാതാകുന്ന സ്കൂൾ നാടകത്തിനൊര് അപവാദമാണ് വടകര മേമുണ്ട ഹയർസെക്കൻഡറിയിലെ വിദ്യാർഥികളുടെ 'അന്നപ്പെരുമ'.

ഇത്തവണ സ്കൂൾ നാടകമത്സരം ഏറെ മികവു പുലർത്തിയ തായിരുന്നുവെന്ന് നാടകപ്രവർത്തകരും പ്രേക്ഷകരും സമ്മതിക്കുന്നു. മികവു പുലർത്തിയ നാടകങ്ങളൊക്കെ ഒറ്റക്കളിയോടെ അവസാനിപ്പിക്കുന്ന മണ്ണിലാണ് അന്നപ്പെരുമ വിവിധയിടങ്ങളിലേക്ക് ക്ഷണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. വളരെ വലിയ ഒരു രാഷ്ട്രീയം പറഞ്ഞുവച്ചതാണ് നാടകത്തിന്റെ മഹത്വം. വിശപ്പിന്റെ രാഷ്ട്രീയമാണ് നാടകം പറയുന്നത്. അതാകട്ടെ സമകാലീന കേരളീയ സാമൂഹ്യജീവിതത്തിന്റെ വെളിച്ചത്തിലും. 
 
ആവശ്യത്തിലേറെ തിന്നുന്ന നവ മലയാളി സംസ്കാരത്തിന്റെ മുഖത്തേക്ക് ഒരു ചോദ്യം എറിയുകയാണ് നാടകം. സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന ചെറുകഥയിലൂന്നി വിശപ്പിന്റെ  രാഷ്ട്രീയവായനയാണ് അന്നപ്പെരുമ നടത്തുന്നത്. മൈലാഞ്ചിപ്പാട്ടും ബിരിയാണി വയ്ക്കാൻ ദുബായിൽനിന്ന് ആളെ ഇറക്കുമതി ചെയ്യലുമൊക്കെയായി വലിയ ആഘോഷത്തോടെ  നടത്തുന്ന കല്യാണ വീട്ടിലാണ് നാടകത്തുടക്കം.  ഇവിടേക്ക് പാചകക്കാരന്റെ സഹായിയായി ഇതര സംസ്ഥാനതൊഴിലാളി വരുന്നതോടെ നാടകം ദിശമാറുന്നു.
 
ഡിജിറ്റൽ ഇന്ത്യയുടെ യാഥാർഥ്യങ്ങൾ തുറന്നുവയ്ക്കുന്നു ഇവിടെ. ആവശ്യത്തിലേറെ ബിരിയാണി തിന്നവർ ഇതരസംസ്ഥാനതൊഴിലാളിയോട് കക്കൂസ് എവിടെയാണെന്ന് അന്വേഷിക്കുന്നു. ഭാഷ മനസ്സിലാകാതെ പരുങ്ങിയ അവനോട് 'നിന്റെ നാട്ടിൽ കക്കൂസ് ഇല്ലെടോ, അപ്പിയിടുന്ന സ്ഥലം' എന്ന ചോദ്യമുയർത്തുന്നു. അതിനവൻ പറയുന്ന മറുപടിയാണ് ഇന്ത്യൻ യാഥാർഥ്യത്തിന്റെ തലപിളർക്കുന്ന വാചകമായത്.  'തിന്നാലല്ലേ, തൂറാനുണ്ടാകൂ' എന്നതായിരുന്നു തൊഴിലാളി തിരിച്ചെറിഞ്ഞ ചോദ്യം. 
 
റഫീക് മംഗലശ്ശേരി

റഫീക് മംഗലശ്ശേരി

ഒടുവിൽ ബാക്കിവന്ന ബസ്മതി അരിയുടെ രണ്ടുചെമ്പ് ബിരിയാണി കുഴിച്ചിടുന്നതിന്റെ സെൽഫി എടുക്കുന്നതിനിടയിൽ് ഹാജ്യാർ തൊഴിലാളിയോട് അവന്റെ പെങ്ങളെക്കുറിച്ച് അന്വേഷിക്കുന്നു. അതെ, വിശന്നു മരിച്ച ബസ്മതിയുടെ  സഹോദരനാണവൻ. ഇതു വെളിപ്പെടുത്തുന്ന രംഗം കാണിയെ ഒന്നടങ്കം പിടിച്ചുലച്ചു. ഒടുവിൽ ബിരിയാണി കുഴിച്ചിട്ട കുഴിയിൽനിന്ന് തന്റെ പെങ്ങളുടെ ശവശരീരവുമായി അവൻ ഉയർന്നുവരുന്നു. ഒടുവിൽ സ്വന്തമായി ഭക്ഷണമുണ്ടാക്കി ഹാജ്യാരും ഭാര്യയും വിശക്കുന്നവർക്ക് വിളമ്പി കൊടുക്കുന്നിടത്ത് നാടകം അവസാനിക്കുന്നു. 
അങ്ങേയറ്റം തീവ്രതയോടെയാണ് നാടകം ഒരു സാമൂഹ്യപ്രശ്‌നം പറഞ്ഞത്. അതേ വൈകാരികതയോടെ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്‌തു. തികച്ചും ലളിതമായ രംഗഭാഷയിൽ  അവതരിപ്പിച്ച നാടകം ഇതിനകം നിരവധി വേദികളിലേക്ക് ക്ഷണിക്കപ്പെട്ടു കഴിഞ്ഞു. 
റഫീക് മംഗലശ്ശേരിയാണ് നാടകരചനയും സംവിധാനവും നിർവഹിച്ചത്. കല പ്രണേഷും നിർവഹിച്ചു.

 

പ്രധാന വാർത്തകൾ
Top