21 October Sunday

വേദശബ്ദ രത്നാകരവും ഒരു സ്വപ്നദര്‍ശനവും

ഡി ബാബുപോള്‍Updated: Sunday Jul 16, 2017

ഹെഡ്മാസ്റ്ററച്ചന്‍!
മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും ജ്യേഷ്ഠ സുഹൃത്തുമായ പി ഗോവിന്ദപ്പിള്ള - ഏവര്‍ക്കും പ്രിയപ്പെട്ട പി ജി - അദ്ദേഹത്തെ വിളിച്ചിരുന്നത് അങ്ങനെ. ഏതു വിഷയത്തിലും ഒരു പടക്കത്തിനും ഏതെങ്കിലും ഒരു വിഷയത്തില്‍ പൂരത്തിനും ഉള്ള കോപ്പ് കൈയില്‍ വേണമെന്ന് പി ജിയെ ഉപദേശിച്ചു ഹെഡ്മാസ്റ്ററച്ചന്‍.
പി എ പൌലോസ് കോര്‍ എപ്പിസ്കോപ്പ പി ജിക്ക് ഹെഡ്മാസ്റ്ററച്ചനാണെങ്കില്‍ എനിക്ക്് അദ്ദേഹം സ്വന്തം അച്ഛന്‍.
ഞങ്ങളെപ്പോലെ നിരവധിപേരെ വഴി നടത്തിയ പണ്ഡിതന്‍.
പള്ളി വക കുറുപ്പുംപടി എം ജി എം ഹൈസ്കൂള്‍ പ്രഥമാധ്യാപകനും പള്ളിവികാരിയുമായിരുന്നു അദ്ദേഹം. അങ്ങനെ വിളിപ്പേര് ഹെഡ്മാസ്റ്ററച്ചന്‍ എന്നായി. വിദ്യാര്‍ഥികളോട് ആഴത്തില്‍ ആത്മബന്ധമുണ്ടാക്കാന്‍ കുറുക്കുവഴികള്‍ വേണ്ടാത്ത ഗുരുനാഥന്‍. ചെറുപ്പകാലത്തെ പിടിവള്ളികള്‍ എല്ലാം അറുത്തുമാറ്റി മുന്നോട്ട് പോയപ്പോഴും കാത്തുസൂക്ഷിച്ച പിടിവള്ളിയാണ് ഞങ്ങളുടെ ഹെഡ്മാസ്റ്ററെന്ന് പി ജി പറഞ്ഞിട്ടുണ്ട്. അതുവരെ പഠിച്ച പ്രൈമറി സ്കൂളില്‍ ക്രിസ്ത്യാനികള്‍ അല്ലാത്തവര്‍ എല്ലാം നരകത്തില്‍ പോകുമെന്ന് കേട്ടു പരിചയിച്ച ഗോവിന്ദപ്പിള്ള എം ജി എമ്മില്‍ വൈദികനായ അധ്യാപകനില്‍ വേറിട്ട സ്വരംകേട്ടു. മതേതര ചിന്തയുടെ സ്വരം. അച്ഛന്‍ മരിച്ച് കാല്‍ നൂറ്റാണ്ട് തികയുന്ന അതേ ദിവസമാണ് ആ പ്രിയശിഷ്യനും ചരിത്രത്തിലേക്ക് ചേക്കേറിയതെന്നത് മറ്റൊരു അതിശയം. മരിച്ച് 25 വര്‍ഷം തികയുമ്പോള്‍ അച്ഛന് ജന്മദേശത്ത് സ്മാരകമുയര്‍ന്നു. അന്ന് വൈകിട്ടാണ് പി ജിയുടെ മരണവാര്‍ത്ത അറിയുന്നത്.
ഓക്സ്ഫഡില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രഥമ ജാക്കോബൈറ്റ് വൈദികന്‍ എന്ന ബഹുമതി പൌലോസ് കോര്‍ എപ്പിസ്കോപ്പയ്ക്കുണ്ട്. എന്നാല്‍, അതല്ല അദ്ദേഹത്തെ ചിരസ്മരണീയനാക്കുന്നത്. പുരോഗമനാത്മക ആത്മീയത എന്നൊന്നുണ്ടെങ്കില്‍ അതിന്റെ ആദ്യകാല പ്രയോക്താക്കളില്‍ ഒരാളായി നമുക്ക് പൌലോസ് കോര്‍ എപ്പിസ്കോപ്പയെ വിലയിരുത്താം.
എല്ലാ മതത്തിലും സത്യത്തിന്റെ അംശമുണ്ടെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേ ഇരുന്നു. നമുക്കുമാത്രമേ സ്വര്‍ഗം കിട്ടുകയുള്ളൂവെങ്കില്‍ അവിടെ ധാരാളം മിച്ചഭൂമി കാണും. കാരണം, സ്വര്‍ഗം നിറയ്ക്കാനുള്ളത്ര ആളുകള്‍ നമ്മുടെ വിശ്വാസത്തില്‍ ഇല്ലല്ലോ എന്ന് ഒരു പ്രസംഗത്തില്‍ അച്ഛന്‍ പറഞ്ഞു. കേവലം നര്‍മബോധത്തിനപ്പുറം തന്റെ വീക്ഷണം ഏറ്റവും ഫലപ്രദമായി മറ്റുള്ളവരില്‍ എത്തിക്കാനുള്ള കഴിവിന്റെ നിദര്‍ശനം കൂടിയല്ലേ?

പി എ പൌലോസ് കോര്‍ എപ്പിസ്കോപ്പ

പി എ പൌലോസ് കോര്‍ എപ്പിസ്കോപ്പ

വിമോചന സമരകാലം. ഞാന്‍ അന്ന് തിരുവനന്തപുരത്ത് കോളേജില്‍ പഠിക്കുന്നു. മറ്റെല്ലായിടത്തുമെന്നപോലെ എം ജി എം സ്കൂളും അടച്ചിടുന്നത് തീരുമാനിക്കാന്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി കൂടുന്നു. ഭൂരിപക്ഷവും എന്നല്ല എല്ലാവരുംതന്നെ സമരാനുകൂലികള്‍. അവിടെ വിയോജിപ്പിന്റെ സ്വരം ഉയര്‍ന്നത് പള്ളി വികാരിയില്‍നിന്നുമാത്രം. അത് അദ്ദേഹം കമ്യൂണിസ്റ്റ് ആയതു കൊണ്ടല്ല. ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിച്ചതുകൊണ്ടാണ്. അത് പരസ്യമായി പ്രകടിപ്പിക്കാന്‍ ഭയവും ഉണ്ടായിരുന്നില്ല.
കമ്യൂണിസ്റ്റ് പത്രത്തില്‍ ഒന്നാംപേജില്‍ ഇത് വാര്‍ത്ത ആവുകയും ചെയ്തു. അക്കാലത്ത് ഫോട്ടോസ്റ്റാറ്റ് വിദ്യയൊന്നും കണ്ടുപിടിച്ചിട്ടില്ല.
അതുകൊണ്ട് പത്രം അതുപോലെ വരച്ചുണ്ടാക്കി പലയിടത്തും ഒട്ടിച്ചതായി പി ജി എന്നോട് പറഞ്ഞിട്ടുണ്ട്.
വേദശബ്ദ രത്നാകരമെന്ന ബൈബിള്‍ നിഘണ്ടു തയ്യാറാക്കാന്‍ എന്നില്‍ രണ്ടുതരത്തില്‍ അച്ഛന്‍ സ്വാധീനം ചെലുത്തി. ഒന്ന് അദ്ദേഹത്തിന്റെ മകനായി ജനിച്ചതുകൊണ്ടാകാം അത്തരമൊരു വിഷയത്തില്‍ താല്‍പ്പര്യം തോന്നിയത്. ബൈബിള്‍ സംബന്ധിയായി ധാരാളം പുസ്തകങ്ങള്‍ വീട്ടിലുണ്ടായിരുന്നു. പലതും വളരെ പഴയതും ഇന്ന് ലഭ്യമല്ലാത്തതും. സമകാലീന ബൈബിള്‍ വീക്ഷണങ്ങളോട് അത്രത്തോളം പൊരുത്തപ്പെടുന്നതൊന്നും അല്ലെങ്കിലും അവ പ്രചോദനവും പിന്തുണയുമായി. മറ്റൊന്ന് വായനക്കാര്‍ എത്ര വിശ്വസിക്കും എന്നറിയില്ല. ഒരു സ്വപ്നദര്‍ശനമാണ്.
അടുത്തൂണ്‍ പറ്റി 12 വര്‍ഷംകൊണ്ട് ഒരു ബൈബിള്‍ നിഘണ്ടു തയ്യാറാക്കണമെന്ന് ഞാന്‍ നേരത്തെ പറയുമായിരുന്നു. മലയാളത്തില്‍ ഒരു ബൈബിള്‍ നിഘണ്ടു നിലവില്‍ ഇല്ലെന്ന അറിവ് എന്നെ അതിശയിപ്പിച്ചു. അങ്ങനെ ഇരിക്കെ അച്ഛന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. പക്ഷേ, ഒരു രാത്രി വീണ്ടും വന്നു, ബൈബിള്‍ നിഘണ്ടു എഴുതാന്‍ പെന്‍ഷനാകുന്നതുവരെ കാത്തിരിക്കണോ എന്ന ചോദ്യവുമായി സ്വപ്നത്തില്‍. അങ്ങനെ ഞാന്‍ അത് തയ്യാറാക്കിത്തുടങ്ങി.
ബൈബിള്‍മാത്രമല്ല ആത്മീയതയുടെ ഉറവിടമെന്ന വിശ്വാസം മരണംവരെ ഉയര്‍ത്തിപ്പിടിച്ച അച്ഛന്‍ നന്മയുടെയും സ്നേഹത്തിന്റെയും ഉദാഹരണമായി സ്വയംമാറി മക്കള്‍ക്കും ശിഷ്യര്‍ക്കും മാതൃകയായി.

പ്രധാന വാർത്തകൾ
Top