16 December Sunday

മാറാതിനി വയ്യ

കൃഷ്ണ പൂജപ്പുരUpdated: Sunday Nov 12, 2017
hlo wr r u?
me @ hom
Had fud?
S... U?
കാര്യം മനസ്സിലായോ സാര്‍? (ഈ ലോകത്ത് ജീവിക്കുന്ന ആളല്ലേ? മനസ്സിലാകാതെ പറ്റില്ലല്ലോ അല്ലേ) ഇംഗ്ളീഷിന്റെ ആധുനികോത്തര വെര്‍ഷനാണ്.
'ഹലോ വെയര്‍ ആര്‍ യു...'
'മീ അറ്റ് ഹോം'
'ഹാഡ് ഫുഡ്'
'യെസ്... യു?'
എന്നതാണ് സംഗതി. ഇതാണ് ട്രെന്‍ഡ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അക്ഷരങ്ങളും ലിപിയുമൊക്കെ ഉണ്ടായതിനുശേഷമുണ്ടായ ഏറ്റവും വലിയ 'ലാംഗ്വേജ്' വിപ്ളവത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. സ്പെല്ലിങ് പ്രശ്നമല്ല. കാര്യം പിടികിട്ടിയാല്‍മാത്രംമതി. Good night ന് Gud nite എന്നെഴുതിയാല്‍ മതി. gd nt എന്നായാലും ധാരാളം. സന്ദേശങ്ങളെല്ലാം ഇപ്പോള്‍ അവനവനിംഗ്ളീഷിലാണ്. ഇതിനിടയില്‍ നമ്മള്‍ Good night  എന്ന് പരമ്പരാഗതമട്ടില്‍ എഴുതിയാല്‍ നമ്മള്‍ അറുപഴഞ്ചനും ഇംഗ്ളീഷ് അറിഞ്ഞുകൂടാത്തവനാണെന്നുമൊക്കെ ധരിച്ചുകളയും അങ്ങേപ്പുറത്തുള്ള കക്ഷി. ഞാന്‍ ആലോചിച്ചിട്ട് പണ്ട് എട്ടില്‍ പഠിക്കുമ്പോള്‍ ഇതുപോലെ Good morning ന് Gud morng എന്നെഴുതി ഇംഗ്ളീഷ് സാറായ ജോണ്‍സണ്‍ സാറിനെ കാണിച്ചിരുന്നെങ്കില്‍ പിന്നെ നടക്കുന്നതെന്താണ്? ആദ്യമേ ഒരു ലോഡ് അടിയങ്ങ് പാസാക്കലായി. ഇരുന്നൂറ്റമ്പത് പ്രാവശ്യം ഇമ്പോസിഷന്‍ എഴുത്തായി, അച്ഛനെ വിളിച്ചുകൊണ്ടുവരണമെന്നു പറച്ചിലായി, അച്ഛനറിയുമ്പോള്‍ സംഹാരരുദ്രനാകലായി, എന്തിനാടാ നിന്നെയൊക്കെ ഇങ്ങനെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നെന്ന ചോദ്യമായി, നമ്മളെ എടുത്തിട്ട് ചവിട്ടലായി, തല്ല് തടയാന്‍ വരുന്ന അമ്മയോട് "നീയാണ് ഇവനെ ഇങ്ങനെ ആക്കിയത്'' എന്ന് ഉച്ചയ്ക്ക് സാമ്പാറില്‍ ഉപ്പുകൂടിയതിന്റെ അരിശവുംകൂടി ചേര്‍ത്ത് ആരോപിക്കലായി, നമുക്ക് സ്കൂളില്‍ 'മണ്ടന്‍' എന്ന പേരുവീഴലായി... അങ്ങനെ എന്തൊക്കെ സൈഡെഫക്ടുകളായിരിക്കുമായിരുന്നു തമ്പുരാനേ. ഇംഗ്ളീഷ് വാക്കുകളുടെ സ്പെല്ലിങ്ങിലാണ് ലോകത്തിന്റെ അച്ചുതണ്ട് എന്ന മട്ടിലായിരുന്നു അന്ന് കാര്യങ്ങള്‍. ഐ ഹാവ് ആണോ ഹാസ് ആണോ എന്ന് രണ്ടുമണിക്കൂര്‍ ആലോചിട്ടിട്ടും കൃത്യമായ ഉത്തരം കിട്ടാതെ അടുത്തിരിക്കുന്നവനോട് കൈയിലെ രണ്ടുവിരല്‍ നീട്ടിയിട്ട് ഏതെങ്കിലും ഒന്നില്‍ തൊടാന്‍ പറഞ്ഞതൊക്കെ ഇന്ന് ഐ കഴിഞ്ഞാല്‍ ഹാവും ഹാസും ഇടാതെ എഴുതാന്‍ വേണ്ടിയായിരുന്നോ? നോട്ട് ഒണ്‍ലി കഴിഞ്ഞാല്‍ രണ്ട് ഫര്‍ലോങ്ങിനിടയ്ക്ക് ബട്ട് ഓള്‍സോ സ്ഥാനനിര്‍ണയം നടത്തി ഉഷ്ണിച്ചത് ഇങ്ങനെ Gud niteകള്‍ക്കുവേണ്ടിയായിരുന്നോ. ഇതൊന്നും കാണാന്‍ നില്‍ക്കാതെ ജോണ്‍സണ്‍ സാറ് പോയത് എത്ര നന്നായി. ഇപ്പോഴുണ്ടായിരുന്നെങ്കില്‍ ഹാര്‍ട്ടറ്റാക്കായിട്ടായിരിക്കും Gud bi  അടിക്കുന്നത്. ഇതിപ്പോള്‍ സ്വാഭാവികമരണം കിട്ടി. പാവം സാര്‍.
അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍. ഒരുകാലത്തെ തെറ്റ് ഇപ്പോള്‍ ഏകദേശം ഒരു ശരിയായിക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ ഇംഗ്ളീഷ് പലതില്‍ ഒന്നുമാത്രം. കുഴപ്പം നമുക്കാണോ അവര്‍ക്കാണോ എന്ന്, ചിലതിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍, സംശയം തോന്നുമല്ലോ. ആ ഒരവസ്ഥയിലാണ് ചില ഘട്ടങ്ങളില്‍ ഞാനിപ്പോള്‍. മൊബൈല്‍ ഇംഗ്ളീഷ് മാത്രമല്ല പല കാര്യങ്ങളിലും അന്നത്തെ തെറ്റുകള്‍ ഇന്നത്തെ ശരികളായിരിക്കുന്നു
 

ജീവിതരീതി റിവേഴ്സ് ഗിയറില്‍

ജീവിതരീതി എടുക്കാം. മുമ്പ് പൈസയൊക്കെ കൂട്ടിവച്ച് ആദ്യം സൈക്കിള്‍ എടുക്കും. പിന്നെ സ്കൂട്ടര്‍ വാങ്ങും. യോഗമുണ്ടെങ്കില്‍ ഒരു കാര്‍ ചെറുപ്പത്തിന്റെ അവസാനഘട്ടത്തിലോ മധ്യവയസ്സിന്റെ ആദ്യഘട്ടത്തിലോ എടുത്താലായി. ഇന്ന്് നേരെ റിവേഴ്സാണ്. ആദ്യമേ കാറിലാണ്. അതും വിമാനത്തിനൊപ്പം നില്‍ക്കുന്നത്. അത് സീസിയടയ്ക്കാന്‍ പറ്റാതാകുമ്പോള്‍ ബാങ്കുകാര്‍ കൊണ്ടുപോകും. വീണ്ടും മറ്റൊരു കാര്‍. കടം കയറും. പിന്നെ സ്കൂട്ടറിലേക്ക്. ലോണും പലിശയും പലിശക്ക് പലിശയുമായി ജീവിതത്തിന്റെ മേജര്‍ ഘട്ടവും പിന്നെ പരക്കംപാച്ചിലാണ്. മുമ്പ് ആദ്യം വരവിന്റെ കോളം പൂരിപ്പിച്ചിട്ടാണ് പിന്നെ ചെലവ് കണക്കുകൂട്ടുന്നത്. ഇന്നിപ്പോള്‍ ആദ്യം ചെലവാണ്. വരവൊക്കെ അങ്ങ് വന്നോളും.

ചോറ് എന്ന സൈഡ് ഡിഷ്

ശ്രദ്ധിച്ചിട്ടില്ലേ. ആഹാരക്കാര്യം ആകെ പോക്കായി. വളരെ ചുരുങ്ങിയകാലംകൊണ്ട് സമൂലമാറ്റം നടന്ന ഒരു മേഖല ആഹാരമേഖലയാണ്. ഊണുകഴിക്കാത്ത ഒരുദിവസം മലയാളിക്ക് ചിന്തിക്കാന്‍ പറ്റില്ലായിരുന്നു. നല്ല ചോറ്, ഒഴിക്കാന്‍ സാമ്പാറ്, പിന്നെ തോരനും കിച്ചടിയും മീന്‍കറിയും. കഴിക്കുന്നതിന് സമയവ്യവസ്ഥയും ഉണ്ടായിരുന്നു. ഏതോ ഒരു ഘട്ടത്തില്‍ മെല്ലെ രാത്രിഭക്ഷണത്തില്‍നിന്ന് ചോറ് ഔട്ടാകുന്നു. ചപ്പാത്തി കടന്നുവരുന്നു. പിന്നെപ്പിന്നെ രാത്രി ചോറ് കഴിക്കുന്നവന്‍ അപരിഷ്കൃതന്‍ എന്ന രീതിയില്‍ (സിറ്റികളില്‍ പ്രത്യേകിച്ചും) തീരുമാനങ്ങള്‍ ഉണ്ടാകുന്നു. മെല്ലെ സാന്‍ഡ്വിച്ചും മീറ്റ്റോളുമൊക്കെ ആകുന്നു. അഞ്ചാറുവര്‍ഷത്തിനിടയ്ക്ക് 'ഓട്സും' മലയാളി മെനുവില്‍ നിര്‍ണായകസ്ഥാനം പിടിച്ചു. ചോറിനെ പുറത്താക്കി പൊറോട്ട അധികാരം പിടിച്ചെടുക്കുന്നു. പാവം ചോറ് പൊറോട്ടയുമായി ഒരു വന്‍ പോരാട്ടം നടത്തിയാണ് പരാജയം സമ്മതിച്ചത്. തുടര്‍ന്ന് പൊറോട്ടയുടെ ഏകാധിപത്യഭരണമായി. പൊറോട്ട രാജാവും ബീഫും ചിക്കനും മന്ത്രിമാരും. മൈദയും മീറ്റും എണ്ണയുംകൂടി മനുഷ്യശരീരത്തെ കൊഴുപ്പിച്ചു. ഡയബറ്റിസ്, കൊളസ്ട്രോള്‍, പ്രഷര്‍ തുടങ്ങിയ പൊറോട്ടയുടെ ഗുണഭോക്താക്കള്‍ പ്രത്യക്ഷപ്പെട്ടു. അപ്പോഴും മോശപ്പെട്ട ആഹാരരീതി മാറ്റണമെന്നല്ല "ചോറ് കുറയ്ക്കണം'' എന്നൊക്കെ വന്ന് ഉപദേശങ്ങള്‍. ഷുഗറിന്റെ വ്യാപനം ചോറിന്റെ കടയ്ക്കലെ അവസാന വെട്ടായിരുന്നു. ഇന്ന് പലര്‍ക്കും ചോറ് സൈഡ് ഡിഷാണ്. ഉച്ചയ്ക്കും ചിക്കന്‍ നൂഡില്‍സും ഫ്രൈഡ് റൈസും ബിരിയാണിയും സാന്‍ഡ്വിച്ചുമൊക്കെയാണ്. മുമ്പ് രാത്രി എട്ടുമണിക്കൊക്ക അത്താഴം കഴിച്ചിരിക്കണം എന്നതാണ് കുടുംബങ്ങളിലെ രീതിയെങ്കില്‍ ഇന്ന് രാത്രി പന്ത്രണ്ടിന് കാറും ബൈക്കുമൊക്കെ എടുത്തിറങ്ങുകയാണ് ഡിന്നര്‍ കഴിക്കാന്‍. അര്‍ധരാത്രി അത്താഴം നഗരങ്ങളില്‍ വ്യാപകമാണ്.

കുപ്പിവെള്ള ജ്വരം

വര: വാമനപുരം മണി

വര: വാമനപുരം മണി

ആഹാരം മാറുമ്പോള്‍ വെള്ളവും മാറണമല്ലോ. മാറി. മിനറല്‍ വാട്ടര്‍. മുമ്പ് യാത്രകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം വീട്ടില്‍നിന്ന് കരുതലോടെ കുപ്പികളിലാക്കി നല്‍കുന്നതാണ് കുടിച്ചിരുന്നതെന്നു പറഞ്ഞാല്‍, പുതിയ കുട്ടികള്‍ വീണുകിടന്ന് ചിരിക്കും. അല്ലെങ്കില്‍ വാപൊളിച്ച് നില്‍ക്കും. ഇന്ന് ലോകം മണ്ണുകൊണ്ടല്ല മൂടപ്പെട്ടിരിക്കുന്നത്. ഉപയോഗിച്ച് വലിച്ചെറിഞ്ഞ മിനറല്‍വാട്ടര്‍ കുപ്പികള്‍കൊണ്ടാണ്. കടയില്‍ ചെല്ലുന്നു. വാട്ടര്‍ എന്നോ വെള്ളമെന്നോ പറയുന്നു. തണുത്തതോ താണുക്കാത്തതോ എന്ന് മറുചോദ്യം വരുന്നു. കുടിവെള്ളം കാശുകൊടുത്ത് വാങ്ങേണ്ടിവന്ന സാഹചര്യം എന്താണ്, ഇന്ന് 25 രൂപ കൊടുക്കുന്നിടത്ത് നാളെ 50 ആകില്ലേ, നൂറിനും കിട്ടാതെ വരില്ലേ. വായുവും കാശുകൊടുത്ത് വാങ്ങേണ്ട നാളുകള്‍ എത്തുമോ? എന്തുകൊണ്ടിങ്ങനെ, ഈ ജലഉപയോഗം കുറയ്ക്കണ്ടേ... ആ ചിന്ത ഒന്നുമില്ല. കുപ്പി വാങ്ങുന്നു. കുടിക്കുന്നു. എറിയുന്നു. അല്ലെങ്കില്‍ കറക്കിപ്പൊട്ടിച്ച് ശബ്ദമുണ്ടാക്കി രസിക്കുന്നു.

ഓട്ടമത്സരം

രാവിലെ അഞ്ചുമണിക്കും ആറരയ്ക്കും ഇടയില്‍ ഗ്രൌണ്ടുകളിലും റോഡുകളിലുമൊക്കെ നോക്കണം. ലോകം ഒരുമിച്ച് നടക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നു തോന്നും. ആഞ്ഞുപിടിച്ച് കൈവീശി നടക്കുന്നവര്‍, കുശലം പറഞ്ഞ് ഗ്രൂപ്പായി നടക്കുന്നവര്‍, അങ്ങനെ നല്ല നടപ്പുകാരും ജോഗിങ്ങുകാരുമാണ്. ആരോഗ്യത്തില്‍ ശ്രദ്ധവരുന്നത് നല്ലതുതന്നെയാണ്. പ്രഭാതത്തിലെ ഉണരലും വിയര്‍ക്കലും വളരെ നല്ലതും. പക്ഷേ, പ്രശ്നം അതല്ല. ഇതാണ് യഥാര്‍ഥ വിയര്‍ക്കല്‍ എന്ന് നമ്മളങ്ങ് ചിന്തിച്ചുപോയിരിക്കുന്നു. പാടത്തും പറമ്പിലും വീട്ടുമുറ്റത്തുമുള്ള അധ്വാനം ഇപ്പോള്‍ 'ഹോബി'യായിക്കഴിഞ്ഞു. കാറോ സ്കൂട്ടറോ വീടിന്റെ പടിക്കല്‍ വന്നുനില്‍ക്കണം. കാറിന്റെ അകത്ത് ആരെങ്കിലും എടുത്തുകയറ്റിയാല്‍ ഉപകാരം. വിന്‍ഡോ ഗ്ളാസ് കറക്കി ഉയര്‍ത്താന്‍പോലുമുള്ള മനോഭാവം ഇല്ലാത്തത് മുന്നില്‍ക്കണ്ട് കാര്‍ കമ്പനികള്‍ അതിനും സ്വിച്ചാക്കി. ഒരു നിലയാണെങ്കിലും ലിഫ്്റ്റ് വേണം. എസ്കലേറ്റര്‍ വേണം. വീടിന്റെ ഗേറ്റ് വാഹനത്തില്‍നിന്ന് ഇറങ്ങി തുറക്കാന്‍ വയ്യ. റിമോട്ട് കണ്‍ട്രോള്‍ വേണം. അങ്ങനെ പകല്‍മുഴുവന്‍ മടിയും സുഖിത്വവും ടിവിയും മൊബൈലുമൊക്കെയായി നടന്നിട്ട് (അല്ല നടപ്പില്ല, ഇരുന്നിട്ട്) രാവിലെ നമ്മള്‍ ഇറങ്ങുകയാണ്. രാവിലെ നടക്കുന്നവരുടെ കൂട്ടായ്മകള്‍ ഒക്കെ ഇപ്പോള്‍ ധാരാളമാണ്.
അങ്ങനെയൊക്കെയുള്ള അവസ്ഥയിലാണ് ചിന്തിച്ചുപോകുന്നത് ഏതാണ് ശരി. അതാ അകത്തുനിന്ന് ഭാര്യ ചോദിക്കുന്നു രാത്രി ഓട്സുകൊണ്ടുള്ള ദോശ മതിയോ എന്ന്.
പ്രധാന വാർത്തകൾ
Top