21 July Saturday

ഓള്‍ റൌണ്ടര്‍

സി അജിത്Updated: Sunday Nov 12, 2017

ശബരീഷ് വര്‍മ

സിനിമയിലെ സകലകലാവല്ലഭനാണ് ശബരീഷ് വര്‍മ. ഗാനരചയിതാവ്, ഗായകന്‍, സൌണ്ട് എന്‍ജിനിയര്‍, അഭിനേതാവ് ഇപ്പോള്‍ തിരക്കഥാകൃത്തും. മലയാളിമനസ്സില്‍ മായാതെ നില്‍ക്കുന്ന പ്രേമത്തിലെ ഏഴു പാട്ടും എഴുതിയത് ശബരി. ഇതില്‍ അഞ്ചെണ്ണം ആലപിച്ചു. ചിത്രത്തിലെ ശംഭുവെന്ന പ്രധാന കഥാപാത്രങ്ങളിലൊന്നിന് ജീവന്‍ നല്‍കി. 'നേര'ത്തിന്റെ തമിഴ്പതിപ്പിലും വേഷമിട്ടു. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഉള്‍പ്പെടെ വിവിധ ഭാഷാചിത്രങ്ങളില്‍ ശബ്ദസാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിച്ചു. രണ്ടു ചിത്രത്തില്‍മാത്രം അഭിനയിച്ച ശബരിയെ തിരശ്ശീലയ്ക്കു പിന്നിലാണ് പ്രധാനമായും നാം ഇതേവരെ കണ്ടത്. എന്നാല്‍, തുടര്‍ന്നങ്ങോട്ട് അഭിനേതാവിന്റെ റോളിലേക്ക് കടക്കുകയാണ് ഈ ചെറുപ്പക്കാരന്‍. ശബരി അഭിനയിക്കുന്ന അഞ്ച് സിനിമയാണ് അടുത്ത ഒരുവര്‍ഷത്തില്‍ പുറത്തുവരുന്നത്. തന്റെ സിനിമായാത്രയെക്കുറിച്ച് ശബരി.

വീട്ടില്‍നിന്ന് തുടക്കം   

കലയും സാഹിത്യവുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലാണ് ജനനം. അച്ഛന്‍ പി കെ നന്ദനവര്‍മ സാഹിത്യകാരനും സിനിമാ പ്രവര്‍ത്തകനും മൃദംഗവിദ്വാനുമായിരുന്നു. അമ്മ സുലേഖ വര്‍മ വയലിനിസ്റ്റാണ്. ശാസ്ത്രീയസംഗീതം ആഴത്തില്‍ പഠിച്ചിട്ടൊന്നുമില്ല. വീടിനടുത്തുള്ള രമേഷേട്ടനില്‍നിന്ന് മൂന്നുനാലുമാസംകൊണ്ട് ഹൃദ്യമാക്കിയ ബാലപാഠം മാത്രമാണ് അടിസ്ഥാനം. എന്നാല്‍, അമ്മയുടെയും അച്ഛന്റെയും വീട്ടിലെ പരിശീലനവും മറ്റും ഒരു കച്ചേരിപോലെ കുട്ടിക്കാലത്ത് ആസ്വദിക്കും. ഈ കേട്ടറിവാണ് എന്നിലെ താളബോധം. അച്ഛന്റെ ചെറുകഥ സിനിമയായിട്ടുണ്ട്. 1984ല്‍ പുറത്തിറങ്ങിയ കെ എന്‍ ശശിധരന്‍ സംവിധാനം ചെയ്ത അക്കരെ. ഭരത് ഗോപി, മാധവി, മമ്മൂട്ടി തുടങ്ങിയവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. ഡോക്യുമെന്ററികളും ടിവി സീരിയലുകളും സംവിധാനവും ചെയ്തിട്ടുണ്ട്. വയലാര്‍ രാമവര്‍മ വിവാഹം ചെയ്തത് എന്റെ കുടുംബത്തില്‍നിന്നാണ്. എഴുത്തുകാരന്‍ കെ എല്‍ മോഹനവര്‍മ അമ്മാവനും ഗാനരചയിതാവ് സന്തോഷ് വര്‍മ ബന്ധുവുമാണ്. ഇതിനുപുറമെ അത്രയൊന്നും അറിയപ്പെടാത്ത നിരവധി കലാകാരന്മാര്‍ കുടുംബക്കാരായുണ്ട്. ഇവരില്‍നിന്നൊക്കെ പകര്‍ന്നുകിട്ടിയതാകാം കലയിലും സാഹിത്യത്തിലുമുള്ള വാസന. 

കോളേജ് ഡേയ്സ്

ആലുവയ്ക്കടുത്ത് മാറപ്പള്ളി എംഇഎസ് കോളേജില്‍ ബികോമിന് ചേരുമ്പോള്‍ എന്റെ ക്ളാസ്മേറ്റായിരുന്നു കിച്ചു (പ്രേമത്തിലെ കോയ). അന്ന് ഞങ്ങളുടെ സീനിയറായി ബിസിഎയ്ക്ക് അല്‍ഫോണ്‍സ് പുത്രനും ഉണ്ടായിരുന്നു. കലയിലും സ്പോര്‍ട്സിലും ഉള്‍പ്പെടെ എല്ലാ ആക്ടിവിറ്റീസിലും ഞങ്ങളുടെ ബാച്ച് സജീവമായിരുന്നു. പാട്ടിനും ഡാന്‍സിനും എഴുത്തിനുമെല്ലാം ഞങ്ങള്‍ പങ്കെടുക്കും. മൊഹ്സിന്‍ കാസിം, ഷിയാസ് തുടങ്ങിയവരും ഞങ്ങളോടൊപ്പമുണ്ട്. കോളേജ് കാലത്തുതന്നെ ഷോര്‍ട്ട് ഫിലിം എടുക്കാന്‍ ഞങ്ങള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഇത് ഫലപ്രാപ്തിയില്‍ എത്തിയില്ല. 

ചെന്നൈ കാലം 

ഞാനും അല്‍ഫോണ്‍സും ഒന്നിച്ചാണ് ഉപരിപഠനത്തിനായി ചെന്നൈയിലേക്ക് പോകുന്നത്. ഞാന്‍ സൌണ്ട് എന്‍ജിനിയറിങ്ങിനും അല്‍ഫോണ്‍സ് ഡിജിറ്റല്‍ ഫിലിം മേക്കിങ്ങിനുമാണ് ചേര്‍ന്നത്. ഇത് ജീവിതത്തില്‍ വഴിത്തിരിവായി. സിനിമയെ കൂടുതല്‍ അടുത്തറിയാന്‍ ചെന്നൈജീവിതം സഹായിച്ചു. തമിഴ്സിനിമയില്‍ നവതരംഗത്തിന് തിരികൊളുത്തിയ പല സംവിധായകരും അഭിനേതാക്കളും സാങ്കേതികവിദഗ്ധരുമായി അടുത്തബന്ധം പുലര്‍ത്താന്‍ കഴിഞ്ഞു. അവരുമായി ചേര്‍ന്ന് ചില സിനിമകള്‍ ചെയ്യാന്‍ സാധിച്ചുവെന്നതും മുന്നോട്ടുള്ള പാതയില്‍ സഹായമായി. ഇന്നത്തെ തമിഴകത്തെ തരംഗമായ വിജയ് സേതുപതി അന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റും മറ്റുമായി നടക്കുന്ന കാലം. 'നേരം' ഷോര്‍ട്ട് ഫിലിമായാണ് അല്‍ഫോണ്‍സ് ആദ്യം ചിത്രീകരിച്ചത്. അതില്‍ വട്ടി രാജയുടെ കഥാപാത്രം ചെയ്തത് വിജയ് സേതുപതിയാണ്. നടന്മാരായ ബോബി സിന്‍ഹ, കരുണാകരന്‍, സംവിധായകന്മാരായ കാര്‍ത്തിക് സുബ്ബരാജ്,  മണികണ്ഠന്‍ (കാക്കമുട്ടൈ) എന്നിവരുമായും ചെന്നൈ കാലത്ത് അടുത്തബന്ധമുണ്ടായി. ഗൌതം മേനോന്റെ 'വിണ്ണൈതാണ്ടി വരുവായ'യില്‍ സൌണ്ട് എന്‍ജിനിയറായി പ്രവര്‍ത്തിച്ചു. ഇതിന്റെതന്നെ തെലുങ്ക്, ഹിന്ദി പതിപ്പിലും എനിക്ക് അവസരം ലഭിച്ചു. പിന്നീട്, ജിഗര്‍തണ്ട, സൂത് കാവും, പിസ്സ, പിസ്സ-2 വില്ല തുടങ്ങിയ ചിത്രങ്ങളിലും ശബ്ദസാങ്കേതികവിദ്യയില്‍ പങ്കാളിയായി.

നേരം

നാടകങ്ങളിലൂടെയും മറ്റും ചെറുപ്പംമുതലേ അഭിനയത്തോട് ഒരു പ്രത്യേക താല്‍പ്പര്യം ഉണ്ടായിരുന്നെങ്കിലും സിനിമ എന്ന നിലയില്‍ അല്‍ഫോണ്‍സിന്റെ 'നേര'ത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ മലയാളം പതിപ്പില്‍ സിജു വിത്സണ്‍ ചെയ്ത കഥാപാത്രമാണ് തമിഴില്‍ ഞാന്‍ ചെയ്തത്്. ഇത് ശ്രദ്ധിക്കപ്പെട്ടു. ഇതിലെ 'പിസ്ത' എന്നു തുടങ്ങുന്ന ഗാനം ഹിറ്റായി. 1983ല്‍ ഇറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം കിന്നാരത്തില്‍ ജഗതിച്ചേട്ടന്‍ പാടുന്ന പാട്ടാണിത്. കോളേജില്‍ പഠിക്കുന്ന കാലത്ത് ബെഞ്ചില്‍ തട്ടി ഈ ഗാനം ഞാന്‍ പാടാറുണ്ടായിരുന്നു. സിനിമയില്‍ ആ ഗാനം വേണമെന്ന് തീരുമാനിക്കുന്നത് അതിന്റെ എഡിറ്റിങ് ടേബിളില്‍വച്ചാണ്. പരസ്പരമുള്ള ചര്‍ച്ചയ്ക്കിടെ ഉരുത്തിരിഞ്ഞ ആശയം. എന്തായാലും അത് ക്ളിക്കായി. നേരത്തിനുശേഷം അനുരാഗ കരിക്കിന്‍വെള്ളം, റോക്ക് സ്റ്റാര്‍, ഡബിള്‍ ബാരല്‍, പ്രേമം, സഖാവ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ എഴുതി.
പ്രേമത്തിലേക്ക്
അഞ്ചുവര്‍ഷത്തെ ചെന്നൈ വാസം കഴിഞ്ഞ് മടങ്ങിയെത്തിയ ഞാനും അല്‍ഫോണ്‍സും കൂട്ടുകാരായ ആനന്ദ്, സിജു തുടങ്ങിയവരുമായി മുംബൈയിലേക്ക് പോയി. ഷട്ടര്‍ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ചെയ്യുകയെന്ന ലക്ഷ്യമിട്ടാണ് പോയത്. ഏഴെട്ടുമാസം മുംബൈയില്‍ തങ്ങിയെങ്കിലും പദ്ധതി നടന്നില്ല. പിന്നീട് ബാംഗ്ളൂര്‍ ഡെയ്സിന്റെ സെറ്റിലെത്തി അന്‍വര്‍ ഇക്ക (അന്‍വര്‍ റഷീദ്)യുമായി ചര്‍ച്ച നടത്തിയാണ് അല്‍ഫോണ്‍സ് പ്രേമത്തിനായി തയ്യാറെടുക്കുന്നത്്. ഏകദേശം ഒന്നരവര്‍ഷത്തെ പ്രവര്‍ത്തനത്തിനൊടുവിലാണ് പ്രേമം യാഥാര്‍ഥ്യമാകുന്നത്. ചിത്രത്തില്‍ ആദ്യം ഷൂട്ട് ചെയ്തത് കോളേജ് കാലമാണ്. പിന്നീട് മൂന്നാമത്തെ കാലഘട്ടമായ ബേക്കറിരംഗങ്ങള്‍. ഏറ്റവും ഒടുവില്‍ 45 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് സ്കൂള്‍കാലം ചെയ്തത്. പ്ളസ് ടു വിദ്യാര്‍ഥിയാകാന്‍ പലരുടെയും വണ്ണം കുറയ്ക്കേണ്ടിയിരുന്നു. ഇതിനുവേണ്ടിയാണ് 45 ദിവസം മാറ്റിവച്ചത്. ഇതിലെ ശംഭുവെന്ന കഥാപാത്രത്തിലൂടെയാണ് മലയാളികള്‍ എന്നെ ഇപ്പോഴും തിരിച്ചറിയുന്നത്.

തിരക്കഥ

തിരക്കഥ ലക്ഷ്യമിട്ടാണ് എഴുതിത്തുടങ്ങിയതെങ്കിലും അത് പാട്ടെഴുത്തിലേക്ക് വഴിമാറി പോവുകയായിരുന്നു. തിരക്കിനിടയില്‍ പലപ്പോഴായി മാറ്റിവച്ച ആ ശ്രമം ഇപ്പോള്‍ പൂര്‍ത്തിയായി. എന്റെ തിരക്കഥ അടുത്തവര്‍ഷം ആല്‍ബര്‍ട്ട് ആന്റണി സംവിധാനം ചെയ്യും. അതില്‍ ഞാന്‍ അഭിനയിക്കുന്നുമുണ്ട്.

പുതിയ ചിത്രങ്ങള്‍

ജോഷി തോമസ് സംവിധാനം ചെയ്യുന്ന 'നാം' ആണ് അടുത്ത് റിലീസ് ചെയ്യുന്ന ചിത്രം. ഡിസംബറില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് കരുതുന്നത്. രാഹുല്‍ മാധവ്, ഗായത്രി സുരേഷ്, നോബി മാര്‍ക്കോസ്, സൈജു കുറുപ്പ്, രഞ്ജി പണിക്കര്‍ എന്നിവര്‍ക്കുപുറമെ ഏതാണ്ട് 130 പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. അരുണ്‍ ജോര്‍ജ്ജ് കെ ഡേവിഡ് സംവിധാനം ചെയ്്ത് വിനയ് ഫോര്‍ട്ട്, ബാലു വര്‍ഗീസ് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ലഡ്ഡു എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. പിന്നീട്, മൊഹ്സിന്‍ കാസിമിന്റെ ചിത്രത്തിലും ശേഷം അടുത്ത സുഹൃത്ത് ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന മറ്റൊരു സിനിമയിലും അഭിനയിക്കുന്നുണ്ട്.
 
ajithdesh@gmail.com
പ്രധാന വാർത്തകൾ
Top