15 November Thursday

ഖില്‍ജി പത്മാവതിയെ സ്വപ്നംകാണരുത്

ഗിരീഷ് ബാലകൃഷ്ണന്‍Updated: Sunday Nov 12, 2017
ആധുനിക അമേരിക്കന്‍ സിനിമയുടെ അമരക്കാരനിലൊരാളായ ക്വിന്റിന്‍ ടാരന്റീനോ ഹിറ്റ്ലറെക്കുറിച്ച് ഒരുക്കിയ സിനിമയാണ് ഇന്‍ ഗ്ളോറിയസ് ബാസ്റ്റഡ്സ് (2009). ഹിറ്റ്ലര്‍ അടക്കം ജൂതനേതാക്കളെയെല്ലാം ഒരു തിയറ്ററിനുള്ളിലിട്ട് വെടിവച്ച് കൊല്ലുന്നതാണ് പ്രമേയം. ഹിറ്റ്ലറുടെ അന്ത്യം അങ്ങനെയല്ല സംഭവിച്ചതെന്നാണ് ചരിത്രപാഠം. പക്ഷേ, ടാരന്റീനോ ചോദിച്ചു- ചരിത്രത്തെ ഇങ്ങനെ പറഞ്ഞാല്‍ എന്താണ് കുഴപ്പം? ചരിത്രം ഇങ്ങനെയായെങ്കില്‍ എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം. ഓസ്കര്‍- കാന്‍- ബാഫ്ത പുരസ്കാരങ്ങള്‍ നേടിയ ചിത്രം ടാരന്റീനോയുടെ ഏറ്റവും അധികം കലക്ഷന്‍ നേടിയ സിനിമകളിലൊന്നാണ്.
ലോകസിനിമ ബദല്‍ ചരിത്രം നിര്‍മിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സഞ്ജയ് ലീലബന്‍സാലിയുടെ 'പത്മാവതി'ക്കെതിരെ സംഘപരിവാര്‍ രംഗത്തിറങ്ങുമ്പോള്‍ ചരിത്രത്തിന്റെ ഉടമസ്ഥാവകാശം ചിലര്‍ക്കുമാത്രം സ്വന്തമാകുന്നതെങ്ങനെയെന്ന ചോദ്യമുയരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും ചിത്രം റിലീസ് ചെയ്യരുതെന്നാണ് ബിജെപിയുടെ ആവശ്യം.

റാണി പത്മിനിയുടെ കഥ

പതിനാലാം നൂറ്റാണ്ടിലെ സൂഫി കവി മാലിക് മുഹമ്മദ് ജയാസിയുടെ വിഖ്യാത കാവ്യമാണ് പത്മാവത്.  അലാവുദീന്‍ ഖില്‍ജി രജപുത്രരാജ്യമായ ചിത്തോര്‍ ആക്രമിച്ച് കീഴ്പ്പെടുത്തിയതിന്റെ വീരചരിതം. ചിത്തോര്‍ രാജാവ് രത്തന്‍ സിങ്ങിന്റെ ഭാര്യ റാണി പത്മാവതിയുടെ സൌന്ദര്യത്തെക്കുറിച്ച് നാടെങ്ങും ഖ്യാതി പരന്നതോടെ റാണിയെ സ്വന്തമാക്കാന്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ പോരാട്ടമാണ് വിവരിക്കുന്നത്. ഖില്‍ജിയുടെ പടയോട്ടത്തിനുമുന്നില്‍ ചിത്തോര്‍ വീഴുമെന്നായപ്പോള്‍ റാണി പത്മിനി തോഴിമാര്‍ക്കൊപ്പം തീക്കുണ്ഡത്തിലേക്ക് എടുത്തു ചാടി ജീവത്യാഗം ചെയ്തെന്നാണ് കഥ. ഖില്‍ജി ചിത്തോര്‍ ആക്രമിച്ചത് ചരിത്രവസ്തുതയാണെങ്കിലും റാണി പത്മിനിയെക്കുറിച്ചുള്ള കഥകളുടെ ചരിത്രപരമായ ആധികാരികത ആധുനിക ചരിത്രകാരന്മാര്‍ ചോദ്യംചെയ്തിട്ടുണ്ട്. അന്യപുരുഷനു വഴങ്ങാതെ ജീവത്യാഗംചെയ്ത റാണിയുടെ കഥയെ അവലംബിച്ച് ഇതിനോടകം നിരവധി നോവലുകളും സീരിയലുകളും സിനിമകളും ഇറങ്ങിയിട്ടുണ്ട്. പേര്‍ഷ്യന്‍, ഉറുദു, ബംഗാളി ഭാഷകളിലും രജപുത്ര ഐതിഹ്യങ്ങളിലും ബ്രിട്ടീഷ് ഇന്ത്യന്‍ സാഹിത്യത്തിലും പലരീതിയില്‍ പത്മാവതിയുടെ കഥ കാലാകാലങ്ങളില്‍ പറയപ്പെട്ടു. മാലിക് മുഹമ്മദ് ജയാസിയുടെ പത്മാവതി ചരിതമാണ് ബന്‍സാലിയുടെ സിനിമയ്ക്കാധാരം.

സ്വപ്നങ്ങളിലെ ചരിത്രനിഷേധം

ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് ചിത്രീകരണകാലംമുതല്‍ തീവ്രഹിന്ദുത്വസംഘടനകള്‍ രംഗത്തുണ്ട്. ചിത്രീകരണവേളയില്‍ നടത്തിയ ആക്രമണത്തില്‍ ചരിത്രപ്രസിദ്ധമായ ചിത്തോര്‍ കോട്ടയിലെ പ്രാചീന സ്ഫടികജാലകങ്ങള്‍പോലും തകര്‍ത്തു. പിന്നീടൊരിക്കല്‍ നൂറോളം പേരെത്തി സിനിമാസെറ്റ് തീയിട്ട് നശിപ്പിച്ചു. സിനിമയുടെ പ്രചാരണത്തിന് സംഘടിപ്പിച്ച ചടങ്ങുകള്‍ ആവര്‍ത്തിച്ച് അലങ്കോലമാക്കി. അലാവുദ്ദീന്‍ ഖില്‍ജി സ്വപ്നസീക്വന്‍സില്‍ റാണി പത്മിനിയുമായി അടുത്തിടപഴകുന്ന രംഗങ്ങള്‍ ബന്‍സാലി ചിത്രത്തില്‍ തിരുകിക്കയറ്റിയെന്ന് ആരോപിച്ചാണ് ആക്രമണം തുടരുന്നത്.ഖില്‍ജിയുടെ സ്വപ്നങ്ങളില്‍പ്പോലും അവര്‍ വരുന്നത് ചരിത്രനിഷേധമായി മാറുമെന്നാണ് വ്യാഖ്യാനം. 
രജപുത്രവനിതകളുടെ ധീരതയെയും ത്യാഗത്തെയും തരംതാഴ്ത്തി കാട്ടുന്നതൊന്നും സിനിമയിലുണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിതനായി. അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയും ഒന്നിക്കുന്നതായുള്ള സ്വപ്നസീന്‍ സിനിമയില്‍ ഇല്ലെന്ന് സംവിധായകന് വീഡിയോ സന്ദേശം ഇറക്കേണ്ടിവന്നു. എങ്കിലും പ്രതിഷേധം അടങ്ങിയിട്ടില്ല. റിലീസ് ചെയ്യുന്നതിനുമുമ്പുതന്നെ സിനിമ ഒരുവിഭാഗത്തെ അസ്വസ്ഥപ്പെടുത്തുകയും അവര്‍ സിനിമയുടെ കലാപരമായ അതിരുകള്‍ നിശ്ചയിക്കുകയും ചെയ്യുന്നു. എം ടിയുടെ 'രണ്ടാമൂഴം' സിനിമയാക്കാനൊരുങ്ങുമ്പോഴും സമാനമായ പ്രതിഷേധസ്വരങ്ങള്‍ ഉയരുന്നുണ്ട്.

കലാപരമായ അധികാരം

ചരിത്രവസ്തുതകള്‍ അതേപടി പകര്‍ത്തുകയല്ല ചലച്ചിത്രകാരന്റെ കര്‍ത്തവ്യം. കല്‍പ്പനാസൃഷ്ടമായ ചരിത്രമാണ് മിക്കപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. അതിലൂടെ പുതിയ കണ്ടെത്തലുകളും പുനരാഖ്യാനങ്ങളും ഉണ്ടാകേണ്ടതുണ്ട്. 'ഹിറ്റ്ലറെ വെടിവച്ച് കൊല്ലാമെന്ന്' ടാരന്റീനോ തീരുമാനിക്കുന്നത് തന്റെ കലാപരമായ അധികാരം ഉപയോഗിച്ചാണ്. സിനിമയുടെ കലാപരമായ തികവിനുവേണ്ടി ചരിത്രവസ്തുതകളെ സൌന്ദര്യാത്മകമായി നിഷേധിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ലോകമെമ്പാടും ആഘോഷിക്കപ്പെട്ട ചലച്ചിത്രങ്ങളിലുണ്ട്. വിഖ്യാത ചലച്ചിത്രം 'സൌണ്ട് ഓഫ് മ്യൂസിക്കി'ല്‍ നാസിപ്പടയില്‍നിന്ന് രക്ഷതേടി സൈനികനും ഭാര്യയും കുട്ടികളും ആല്‍പ്സ് പര്‍വതനിര കടന്ന് നടന്നുപോയി എന്നാണ് സിനിമയില്‍. അവര്‍ മറ്റുരീതിയല്‍ രക്ഷപ്പെട്ടെന്നാണ് യഥാര്‍ഥ ചരിത്രം. ബംഗാളി നോവലിസ്റ്റ് ശരത്ചന്ദ്ര ഉപാധ്യായയുടെ നോവലിന് അന്നേവരെ ഇറങ്ങിയതിനേക്കാള്‍ ബൃഹത്തായ ആഖ്യാനമാണ് ദേവദാസി (2002)ലൂടെ ബന്‍സാലി ഒരുക്കിയത്. ചരിത്രത്തിന്റെ കലാപരമായ സാധ്യതയാണ് ബാജിറാവു മസ്താനിയിലും (2015) ബന്‍സാലി തേടിയത്. വീണ്ടും വീണ്ടും തന്നെ തേടിയെത്തുന്ന മുഗള്‍ ചക്രവര്‍ത്തിയോട് ഹിന്ദു റാണിക്ക് ഉള്ളില്‍ പ്രണയംതോന്നിയോ എന്ന് ചിന്തിക്കാന്‍പോലും മുതിരരുതെന്നാണ് സംഘടിതമായ ബാഹ്യപ്രതിഷേധം ഇവിടെ ചലച്ചിത്രകാരനോട് ആവശ്യപ്പെടുന്നത്. 
 
നവ ഉദാരവല്‍ക്കരണകാലത്തെ മതം മനുഷ്യനെ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പാതയിലേക്ക് നയിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളിലൊന്നാണിതെന്ന് ചരിത്രകാരനായ പി ജെ ചെറിയാന്‍ ചൂണ്ടിക്കാട്ടുന്നു. 'ചരിത്രവസ്തുതകളെ ബോധപൂര്‍വം നിഷേധിക്കുകയും കേട്ടുകേഴ്വികളുടെമേല്‍ വ്യാജമായ ചരിത്രനിര്‍മിതി നടക്കുകയും ചെയ്യുന്നു. ഇടുങ്ങിയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വിവിധ സംസ്കാരങ്ങളുടെ ബഹുത്വവും വൈവിധ്യവും നശിപ്പിക്കാന്‍ അധികാരത്തിലുള്ളവര്‍ ശ്രമിക്കുന്നു. ചരിത്രവസ്തുതകള്‍ നിരന്തരം പുനരാഖ്യാനം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്'- അദ്ദേഹം പറഞ്ഞു.
 
ദീപിക പദുകോണ്‍ പത്മാവതിയായും രണ്‍വീര്‍ സിങ് അലാവുദ്ദീന്‍ ഖില്‍ജിയായും ഷാഹിദ് കപൂര്‍  രത്തന്‍ സിങ്ങായും വേഷമിടുന്ന ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സിനിമ ഇതുവരെ സെന്‍സര്‍ബോര്‍ഡിനു മുന്നില്‍ സമര്‍പ്പിച്ചിട്ടില്ല. അവിടെ എന്തും സംഭവിച്ചേക്കാം.
unnigiri@gmail.com
പ്രധാന വാർത്തകൾ
Top