24 October Wednesday

നിള ചതിക്കും!

കെ പി രാമനുണ്ണിUpdated: Sunday Dec 10, 2017

വെള്ളത്തില്‍ മുങ്ങി ഒരു ദൈവം! വള്ളത്തില്‍ പോയി ദൈവത്തിന് പൂമാല ചാര്‍ത്തുന്ന പൂജാരി!! കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ കൌതുകമായിരുന്നു നിളാ നദിയില്‍ നില്‍ക്കുന്ന ദേവന്‍.

ഭാരതപ്പുഴയ്ക്ക് ഒരു കിലോമീറ്ററോളം വീതിയുള്ള ചമ്രവട്ടത്ത് പ്രസിദ്ധമായ അയ്യപ്പക്ഷേത്രത്തിനാണ് ഈ പ്രത്യേകത. വേനലില്‍ നദി വരണ്ട് രണ്ടായി പിരിഞ്ഞ നീര്‍ച്ചാലുകളായി നടുക്ക് വിശാലമായ മണല്‍ത്തിട്ട കാട്ടി കിടക്കും. ഇരുകരകളും ചമ്രവട്ടം. മഴ പെയ്യുന്നതോടെ തിട്ടമറഞ്ഞ് ജലം നിറയും. പിന്നെയും പിന്നെയും നിറഞ്ഞ് പുഴ കടലുപോലെ. കരയിലേക്ക് ആസക്തിയോടെ അതിക്രമിച്ചുകയറലാണ് പിന്നെ. ക്ഷേത്ര ശ്രീകോവില്‍വരെ നിള നിറയും. ജലത്തില്‍ നില്‍ക്കുന്ന അയ്യപ്പന് തോണിയില്‍ വന്ന് അര്‍ച്ചന.

പൊന്നാനി തൃക്കാവില്‍ ഈഴവത്തുരുത്ത് ഭാഗത്താണ് എന്റെ കുടുംബം. അല്‍പ്പമകലെ നദി കടലിനോട് സംഗമിക്കുന്ന അഴിമുഖമുണ്ട്. എന്നാല്‍, കുട്ടികള്‍ക്കൊന്നും അവിടേക്ക് പോകാന്‍ അനുവാദമില്ല. അതുകൊണ്ട് പൊന്നാനിയില്‍നിന്ന് തവനൂര്‍വഴി കുറ്റിപ്പുറത്തേക്ക് പോകുംവഴി ചമ്രവട്ടത്ത് ആദ്യമായി പുഴ കണ്ടു.

മഴ പെയ്യാനും മഴ പെയ്യാതിരിക്കാനും ആളുകള്‍ ഇതേ അയ്യപ്പനോട് പ്രാര്‍ഥിക്കും. വേനല്‍ കടുത്താല്‍ മഴ തരണേ എന്നും മഴക്കാലത്ത് കല്യാണമോ മറ്റ് വിശേഷങ്ങളോ ഉണ്ടായാല്‍ 'ഇന്ന് മഴ പെയ്യരുതേ' എന്നും.

യൌവനം വന്നുദിച്ചപ്പോള്‍ കൌതുകം കാല്‍പ്പനികതയായി പരിണമിച്ചു. പ്രണയികള്‍ പുഴയോരത്ത് വന്ന് പ്രണയം പങ്കിടുന്നതു കണ്ട് ആവേശംകൊണ്ടു. അയല്‍വാസിയായ ജ്യേഷ്ഠന്‍ തന്റെ കാമുകിയുമായി മണല്‍ത്തിട്ടയില്‍ ഇരുന്ന് സല്ലപിക്കുമ്പോള്‍ അവര്‍ഒരുമിക്കുന്ന നാള്‍ ഞാനും സ്വപ്നം കണ്ടു. അവരുടെ പ്രണയം പൊലിഞ്ഞപ്പോള്‍ അവരെപ്പോലെ ഞാനും നൊമ്പരപ്പെട്ടു.

ഭാരതപ്പുഴയ്ക്കൊപ്പം ഞാനും വളര്‍ന്നു. അക്ഷരങ്ങള്‍ കൂട്ടുകാരായതോടെ ഭൌതികമായ പുഴയ്ക്കൊപ്പം ഭാവനയില്‍ മറ്റൊരു പുഴകൂടി ഒഴുകിത്തുടങ്ങി. സി രാധാകൃഷ്ണന്റെയും എം ടിയുടെയും പുഴ. എന്റെ 'ചരമവാര്‍ഷിക'ത്തില്‍ ദാമോദരനും ഇസ്മയിലും പുഴ നീന്തി നടുക്കുള്ള മണല്‍ത്തിട്ടയിലേക്ക് പോകുന്നുണ്ട്. അവിടിരുന്ന് അവര്‍ സ്കൂളിലെ ടീച്ചര്‍മാരെയും പെണ്‍കുട്ടികളെയും കിനാവുകണ്ടു. അവനെ മനസ്സില്‍ ധ്യാനിച്ച് പരസ്പരം പുണര്‍ന്നു. ഭാരതപ്പുഴ അവരുടെ നിഗൂഢ കാമത്തിന് സാക്ഷിയായി. ഇവിടെ ആ തുരുത്ത് വെറുമൊരു മണ്‍ത്തിട്ടയല്ല. സ്വാതന്ത്യ്രത്തിന്റെ വാഗ്ദത്തഭൂമിയാണ്.

കെ പി രാമനുണ്ണി

കെ പി രാമനുണ്ണി

'സൂഫി പറഞ്ഞ കഥ'യില്‍ ഭാരതപ്പുഴ കൂടുതല്‍ മിഴിവോടെ വരുന്നുണ്ട്. മാമുട്ടിയും കാര്‍ത്തിയും പരസ്പരം ഒന്നാകാന്‍ തീരുമാനിച്ച് നിളാതീരത്തെത്തുന്നു. മാമുട്ടി അവളെ തോളേറ്റിയിരിക്കുകയാണ്. ഇനി പുഴ കടന്ന് മറുകരയിലെത്തണം.

ഭാരതപ്പുഴ നിരപ്പുകള്‍ വിട്ട് കുന്നുകളായും ഗര്‍ത്തങ്ങളായും കയറിയിറങ്ങി പ്രവഹിക്കുകയാണ്. "പേടിക്കണ്ട. കയറിക്കോ. ഞാന്‍ നിന്നെയും പേറി രണ്ടുമറി പുഴകടക്കും.'' കാരിരുമ്പിന്റെ കരുത്താണ് മാമുട്ടിക്ക്. അതവള്‍ക്കറിയാം. പക്ഷേ, നാട്ടിലൊരു വിശ്വാസമുണ്ട്. ഭാരതപ്പുഴ ചതിക്കും എന്ന കരുതല്‍. പുഴയില്‍ പെട്ടെന്നാണ് അഗാധഗര്‍ത്തങ്ങള്‍ ഉണ്ടാകുക. മണല്‍ത്തിട്ടയില്‍ നടന്നുപോകുന്നവര്‍ ആകസ്മികമായി അതിലേക്ക് വീഴും. മാമുട്ടിയില്‍ വിശ്വാസമുണ്ടെങ്കിലും പുഴയെ കരുതാതെ വയ്യ.

പുഴയുടെ ഭ്രാന്തിന് ഇവരുടെ പ്രണയം അറിയില്ലല്ലോ. ഇനിയെങ്ങാന്‍ പുഴ കടക്കാന്‍ ആയില്ലെങ്കിലോ? തന്റെ അഭിലാഷങ്ങളെ അങ്ങനെ വിട്ടുകളയാന്‍ അവള്‍ക്ക് വയ്യ. അവര്‍ പരസ്പരം ചേര്‍ന്നു. പിന്നെ അവള്‍ പറഞ്ഞു.

"വരൂ, ഇനി അപായത്തിന്റെ പുഴയോ കടലോ എന്തുവേണമെങ്കില്‍ ഒരുമിച്ചു താണ്ടാം.''

ഭാരതപ്പുഴ എനിക്ക് ഒന്നല്ല. പലതാണ്. കൌതുകവും ഭക്തിയുമായി തുടങ്ങി കാല്‍പ്പനിക വികാരമായി വളര്‍ന്ന് മനസ്സില്‍ സ്വന്തമായി പല പുഴകള്‍ സൃഷ്ടിക്കാന്‍ എനിക്ക് പ്രചോദനമായി പ്രിയങ്കരിയായ നിള.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top