20 September Thursday

ചിറകുള്ള ചിത്രങ്ങള്‍

എം എസ് അശോകന്‍Updated: Sunday Dec 10, 2017

ആര്‍ കെ ചന്ദ്രബാബു വരച്ച ചിത്രം

അധ്യാപകനും ഫോട്ടോഗ്രാഫറുമായ ചിത്രകാരന്‍ ആര്‍ കെ ചന്ദ്രബാബു ഇപ്പോള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ സൌജന്യ ചിത്രകലാപരിശീലനം നല്‍കുന്ന തിരക്കിലാണ്. ആവശ്യപ്പെടുന്ന സ്കൂളുകളിലെത്തി വരയ്ക്കാനുള്ള സാമഗ്രികള്‍ കുട്ടികള്‍ക്ക് നല്‍കിയാണ് ക്ളാസെടുക്കുന്നത്. മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരെ അധിവസിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങളിലെത്തി ചടുലമായ ചിത്രരചന പ്രദര്‍ശിപ്പിക്കുന്ന പരിപാടിയും നടത്തുന്നു. കഷ്ടതയനുഭവിക്കുന്നവര്‍ക്ക് മാനസികോല്ലാസം നല്‍കുന്ന പ്രവര്‍ത്തനമെന്ന നിലയിലാണ് ഇത്തരം ഡെമോണ്‍സ്ട്രേഷന്‍. അണ്‍ എയ്ഡഡ് സ്കൂളുകളിലെ ചിത്രകലാ അധ്യാപകരുടെ കൂട്ടായ്മയുടെ പ്രധാന സംഘാടകനെന്ന നിലയില്‍ കൃത്യമായ ഇടവേളകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ചന്ദ്രബാബു മുടക്കമില്ലാതെ നടത്തുന്നു. തിരുവാണിയൂരിലെ ഗ്ളോബല്‍ പബ്ളിക് സ്കൂളിലെ ചിത്രകലാ അധ്യാപകനെന്ന നിലയിലുള്ള തിരക്കുകള്‍ക്കുപുറമെയാണ് കലാകാരനെന്ന നിലയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചന്ദ്രബാബു സമയം കണ്ടെത്തുന്നത്.

ഇരുപതുവര്‍ഷത്തോളമായി ചിത്രകലാ അധ്യാപനം നടത്തുന്ന ചന്ദ്രബാബു പാലാ സ്വദേശിയാണ്്. തൃശൂര്‍ ഫൈനാര്‍ട്സ് സ്കൂളില്‍നിന്ന് ചിത്രരചനയില്‍ നാഷണല്‍ ഡിപ്ളോമ നേടിയശേഷമാണ് അധ്യാപനത്തിലെത്തിയത്. അധ്യാപനത്തിന്റെ ഇടവേള ചിത്രരചനയ്ക്കും യാത്രകള്‍ക്കും ഫോട്ടോഗ്രഫിക്കുമായാണ് പ്രധാനമായി വിനിയോഗിക്കുന്നത്. യാത്രകളിലെ കാഴ്ചയും അനുഭവങ്ങളും, ചിത്രങ്ങളും ശില്‍പ്പങ്ങളുമായി മാറുന്നുവെന്ന് ചന്ദ്രബാബു. ഫ്ളൈയിങ് ലൈഫ് എന്ന പരമ്പരയിലാണ് ചിത്ര, ശില്‍പ്പ രചനകളെല്ലാം. അക്രിലിക്കിലും ജലച്ചായത്തിലുമാണ് ചിത്രരചന. മരവും ക്ളേയുമെല്ലാം ശില്‍പ്പരചനയ്ക്ക് ഉപയോഗിക്കുന്നു. ചിത്ര, ശില്‍പ്പങ്ങളുടെ 26 പ്രദര്‍ശനങ്ങള്‍ ഇക്കാലയളവില്‍ സംസ്ഥാനത്തുടനീളം ചന്ദ്രബാബു സംഘടിപ്പിച്ചു.

ആര്‍ കെ ചന്ദ്രബാബു

ആര്‍ കെ ചന്ദ്രബാബു

ഫോട്ടോഗ്രഫിക്കുവേണ്ടിയുള്ള യാത്രകള്‍ പലതും പ്രകൃതിയെയും മനുഷ്യനെയും അടുത്തറിയാനുള്ള ശ്രമങ്ങളാണ്. പ്രകൃതിനാശത്തിന്റെയും ദുരന്തങ്ങളുടെയും നേര്‍ചിത്രങ്ങള്‍ ക്യാമറയിലും മനസ്സിലും പതിയുമ്പോള്‍ പ്രകൃതിജീവനത്തിന്റെയും പരിസ്ഥിതിസംരക്ഷണത്തിന്റെയും ആവശ്യകതയിലൂന്നിയുള്ള ആവിഷ്കാരങ്ങളിലേക്ക് ഹൃദയം തുറക്കുന്നു. മനുഷ്യരുടെ നെറികേടുകള്‍ക്കെതിരായ താക്കീതും പ്രകൃത്യുപാസനയുടെ മൂലമന്ത്രവുമായി ചന്ദ്രബാബു ചിത്രങ്ങളും ശില്‍പ്പങ്ങളുമൊരുക്കുന്നു. രചനകളില്‍ ശൈലീകരണത്തിന്റെ പരിമിതികള്‍ കടന്നുവരുന്നില്ലെന്നത് ചന്ദ്രബാബുവിന്റെ രചനകളുടെ സവിശേഷതയാണ്. തനിക്ക് ആവിഷ്കരിക്കാനുള്ളതിനെ അതിനിണങ്ങുന്ന രീതിയില്‍ പ്രതിഫലിപ്പിക്കുകമാത്രമാണ്. കടുത്ത നിറങ്ങളിലാണ് ചിത്രങ്ങള്‍ ചാലിക്കുക.

കലാപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ചന്ദ്രബാബുവിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാണ്. ടീച്ച് ആര്‍ട്ട് എന്ന പേരില്‍ അണ്‍ എയ്ഡഡ് സ്കൂളുകളിലെ ചിത്രകലാ അധ്യാപകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നതില്‍ നേതൃപരമായ പങ്കാണ് വഹിക്കുന്നത്. 113 അംഗങ്ങളുള്ള കൂട്ടായ്മയുടെ സംഗമവും ക്യാമ്പുകളും കൃത്യമായി സംഘടിപ്പിച്ചാണ് പ്രവര്‍ത്തനം. ത്രോങ് എന്ന പേരില്‍ ചിത്രകാരന്മാരുടെ മറ്റൊരു കൂട്ടായ്മയുടെയും സംഘാടകന്‍ എന്ന നിലയിലും ചന്ദ്രബാബു പ്രവര്‍ത്തിക്കുന്നു. രണ്ടു പുസ്തകങ്ങളും ചന്ദ്രബാബുവിന്റേതായുണ്ട്. കുട്ടികള്‍ക്ക് ചിത്രങ്ങളെ പരിചയപ്പെടുത്തുന്ന അമിഗോസ് എന്ന പേരിലാണ് ആദ്യത്തേത്. കഥ, കവിത, നാടകം എന്നിവ ഉള്‍പ്പെടുത്തിയ ഒറ്റയാള്‍മൊഴിയാണ് രണ്ടാമത്തേത്. ചിത്ര- ശില്‍പ്പ രചനയ്ക്ക് നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. നിലവില്‍ പള്ളുരുത്തിയിലാണ് താമസം.

msasokms@gmail.com





 

പ്രധാന വാർത്തകൾ
Top