21 June Thursday

ഇവിടെ നിന്‍ വാക്ക് ഉറങ്ങാതിരിക്കുന്നു

പി രാജീവ്Updated: Sunday Sep 10, 2017

ജര്‍മനിയിലെ ട്രയറിലെ മാര്‍ക്സ് ഹൌസില്‍നിന്ന് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലേക്കുള്ള ദൂരം ഗൂഗിള്‍ മാപ്പ് വരച്ചുകാണിച്ചുതന്നു, കൃത്യം 650.7 കിലോമീറ്റര്‍. കാറില്‍ സഞ്ചരിക്കണമെങ്കില്‍ ഏഴ് മണിക്കൂറും ഏഴ് മിനിറ്റും വേണം. മാര്‍ക്സിന്റെ ജനനസ്ഥലത്തുനിന്ന് അന്ത്യവിശ്രമം കൊള്ളുന്നിടംവരെയുള്ള ദൂരം. ജനനത്തിനും മരണത്തിനുമിടയിലുള്ള സഞ്ചാരദൂരം പക്ഷേ, 64 വര്‍ഷമാണ്. എളുപ്പമായിരുന്നില്ല ആ യാത്ര. സാധാരണ മനുഷ്യന് സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത കഠിനമായ ജീവിതയാത്ര. തീക്ഷ്ണവും ധൈഷണികവും പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയുമായ 64 വര്‍ഷം. ലോകത്തെ പിടിച്ചുലയ്ക്കുകയും ഇളക്കിമറിക്കുകയുംചെയ്ത 64 വര്‍ഷം. 1818 മുതല്‍ 1883വരെ നീണ്ടുനിന്ന ജീവിതം നല്‍കിയ ചിന്താവെളിച്ചം കാലത്തെയും ഭൂഖണ്ഡങ്ങളെയും അതിജീവിച്ച് വിപ്ളവകരമായ ഊര്‍ജം ഇപ്പോഴും പ്രസരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആ ജീവിതത്തിലൂടെയുള്ള യാത്രയാണ് ട്രയറിലെ മാര്‍ക്സ് ഹൌസിലെ പ്രദര്‍ശനം.

ലോകത്തെമ്പാടുമുള്ള വിപ്ളവകാരികളും ചരിത്രവും ദര്‍ശനവും സാമ്പത്തികശാസ്ത്രവും പഠിക്കുന്ന വിദ്യാര്‍ഥികളും കാള്‍ മാര്‍ക്സിന്റെ ജീവിതവും സംഭാവനകളും മനസ്സിലാക്കുന്നതിനായി മാര്‍ക്സ് ഹൌസിലേക്ക് എത്തുന്നു. നേരത്തെയുള്ള ജര്‍മന്‍യാത്ര അന്നത്തെ പ്രധാനമന്ത്രിക്കൊപ്പമുള്ള ഔദ്യോഗികയാത്രയായതിനാല്‍ മാര്‍ക്സിന്റെ ജന്മസ്ഥലം കാണണമെന്ന ആഗ്രഹം സഫലമായില്ല. ഗ്ളോബല്‍ മലയാളി ഫെഡറേഷന്റെ അവാര്‍ഡ് സ്വീകരിക്കുന്നതിനുള്ള യാത്രയ്ക്കിടയിലാണ് ഞങ്ങള്‍ ട്രയറിലെ മാര്‍ക്സിന്റെ വസതി കാണാന്‍ പോയത്. യുവ വ്യവസായിക്കുള്ള അവാര്‍ഡിന് അര്‍ഹനായ പോള്‍ തച്ചിലും ജര്‍മനിയിലെ മാധ്യമപ്രവര്‍ത്തകന്‍കൂടിയായ ജോസ് കുമ്പിളിവേലും ഭാര്യയും ഒപ്പമുണ്ടായിരുന്നു. ജനനസ്ഥലം കാണുന്നതിനും രണ്ടുവര്‍ഷംമുമ്പ് ഹൈഗേറ്റ് സെമിത്തേരിയിലെ മാര്‍ക്സിന്റെ ശവകുടീരം കാണാന്‍ അവസരം ലഭിച്ചിരുന്നു. അവിടെ മാര്‍ക്സിന്റെ രണ്ട് ശവകുടീരങ്ങള്‍ കാണാന്‍ കഴിയും. സെമിത്തേരിയുടെ ഒരുഭാഗത്തെ പ്രധാന ശ്രദ്ധാകേന്ദ്രം മാര്‍ക്സിന്റെ ശവകുടീരമാണ്. എന്നാല്‍, അതിനുപുറകിലായി മാര്‍ക്സിനെ ശരിക്കും അടക്കംചെയ്ത മറ്റൊരിടമുണ്ട്്. സൂക്ഷിച്ച് അന്വേഷിച്ചാല്‍മാത്രം കാണാന്‍ കഴിയുന്ന ഒന്ന്. ശവകുടീരത്തില്‍ മാര്‍ക്സ് ഉറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ലോകത്തിന്റെ പലയിടങ്ങളിലും പൂക്കാലം സൃഷ്ടിച്ചു. ലോകം മാര്‍ക്സിലേക്ക് തിരിയുന്ന സൂചകങ്ങളാല്‍ സമ്പന്നമാകാന്‍ തുടങ്ങിയപ്പോള്‍ സെമിത്തേരിയില്‍ കൂടുതല്‍ ആളുകള്‍ തിരയുന്ന ഒന്നായി മാര്‍ക്സിന്റെ ശവകുടീരം മാറി. ജീവിച്ചിരുന്നകാലത്ത് ദാര്‍ശനിക ഔന്നത്യം ഉണ്ടായിരുന്ന സ്പെന്‍സര്‍ ഉറങ്ങുന്നിടത്തിന് എതിര്‍വശത്തായി പുതിയ കുടീരത്തിലേക്ക് മാര്‍ക്സിന്റെ ഭൌതികാവശിഷ്ടങ്ങള്‍ മാറ്റിസ്ഥാപിച്ചു. അവിടെ തലയുയര്‍ത്തി കാള്‍ മാര്‍ക്സ് ലോകത്തിന് വെളിച്ചമായി നിലയുറപ്പിക്കുന്നു. തലകീഴായി മറിയുന്ന ലോകത്തെ നേര്‍വഴിക്ക് നയിച്ച ദാര്‍ശനികജീവിതത്തിന്റെ സഞ്ചാരപഥങ്ങളുടെ അനുഭവമാണ് ട്രയറിലെ മാര്‍ക്സ് ഹൌസ് വരച്ചിടുന്നത്.

ചരിത്രത്തിലെ വഴിത്തിരിവായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യപ്രതിമുതല്‍ വിവിധ ഭാഷകളില്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തിയ കോപ്പികള്‍വരെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്്. അക്കൂട്ടത്തിലെ മലയാള അക്ഷരങ്ങള്‍ നിറഞ്ഞ കവര്‍ പെട്ടെന്ന് കണ്ണിലുടക്കി. അടുത്തേക്ക് ചെന്നുനോക്കിയപ്പോള്‍ മാനിഫെസ്റ്റോകള്‍ക്കിടയില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ കാള്‍ മാര്‍ക്സിനെപ്പറ്റി എന്ന ജീവചരിത്രം. 1916ല്‍ പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തില്‍ 'കാര്‍ള്‍ മാര്‍ക്സ്' എന്നാണ് എഴുതിയിരിക്കുന്നത്്. അക്കൂട്ടത്തില്‍ ഇന്ത്യന്‍ ഭാഷകളിലുള്ള ഏക പുസ്തകം മലയാളത്തിലുള്ള ഈ ജീവചരിത്രമാണ്. യഥാര്‍ഥത്തില്‍ ആദ്യമായി ഇന്ത്യയില്‍ മാനിഫെസ്റ്റോ പ്രസിദ്ധപ്പെടുത്തുന്നത് 1922ലാണ്. അതുംകഴിഞ്ഞ് നാലുവര്‍ഷം കഴിഞ്ഞാണ് ഇന്ത്യന്‍ ഭാഷയിലെ ആദ്യത്തെ പരിഭാഷ ബംഗാളിയില്‍ വരുന്നത്്. സൌമേന്ദ്രനാഥ് ടാഗോറിന്റെ പരിഭാഷ മുസാഫര്‍ അഹമ്മദ് എഡിറ്ററായിരുന്ന ഗണവാണിയില്‍ 1926 ആഗസ്ത് 12 മുതല്‍ 1927 ജൂലൈ 21 വരെയുള്ള ആറ് ലക്കങ്ങളിലായാണ് പ്രസിദ്ധപ്പെടുത്തിയത്. ഇന്ത്യയില്‍ മാനിഫെസ്റ്റോ പരിചിതമാകുന്നതിന് ആറുവര്‍ഷംമുമ്പും ഇന്ത്യന്‍ ഭാഷയില്‍ വരുന്നതിന് പത്തുവര്‍ഷംമുമ്പും മാര്‍ക്സ് മലയാളഭാഷയില്‍ അച്ചടിമഷിപുരണ്ട ജീവചരിത്രമായിരുന്നു എന്ന സവിശേഷതയാണ് ഈ ചരിത്രസ്മാരകത്തില്‍ മലയാളത്തിന് അപൂര്‍വമായ ഇടം നല്‍കിയത്.

സ്മാരകത്തിന്റെ താഴത്തെ നില മുഴുവനും മാര്‍ക്സിന്റെ ഉദ്ധരണികളാല്‍ സമ്പന്നമാണ്. ലോകത്തെ വ്യാഖ്യാനിക്കുകയല്ല മാറ്റിത്തീര്‍ക്കുകയാണ് വേണ്ടതെന്ന് പറയുകമാത്രമല്ല അതെങ്ങനെ അനിവാര്യമാകുന്നുവെന്ന് സ്ഥാപിക്കുന്ന ഉദ്ധരണികളും ചരിത്രപശ്ചാത്തലവും മനസ്സിലാക്കാന്‍ സഹായകരമാണ് ഈ നിലയിലെ വിന്യാസം. ആദ്യ നിലയിലാണ് മാനവരാശിയെ ആഴത്തില്‍ സ്വാധീനിച്ച മാര്‍ക്സ് ജനിച്ചയിടം. മാര്‍ക്സ് ജനിച്ചതായി കരുതുന്ന ഈ മുറി അദ്ദേഹത്തിന്റെ ബാല്യവും യൌവനവും പറഞ്ഞുതരുന്നു. മാര്‍ക്സിന്റെ പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍ത്തന്നെയായിരിക്കാനാണ് സാധ്യത. അഭിഭാഷകനായിരുന്ന മാര്‍ക്സിന്റെ പിതാവുതന്നെയായിരുന്നു പ്രധാന അധ്യാപകന്‍. 12-ാം വയസ്സിലാണ് മാര്‍ക്സ് ട്രയര്‍ ഗ്രാമര്‍ സ്കൂളില്‍ ചേരുന്നത്. 1835ല്‍ സ്കൂള്‍ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയ കാള്‍ മാര്‍ക്സ് പിന്നീട് നിയമം പഠിക്കുന്നതിനായി ബോണിലേക്ക് പോയി. നിയമത്തോടൊപ്പം ചരിത്രവും ദര്‍ശനവും പഠിക്കാന്‍ തുടങ്ങിയ കാലത്ത് പ്രണയാതുരമായ കവിതകളും മാര്‍ക്സ് എഴുതിയിരുന്നു. പേര്‍ത്തും പേര്‍ത്തും ജെന്നിയെന്ന് ഉരുവിട്ട നാളുകള്‍ കാല്‍പ്പനികമായ മാര്‍ക്സിന്റെ ജീവിതമാണ് വരച്ചിട്ടത്.

മാര്‍ക്സിനോടൊപ്പം സഞ്ചരിക്കുക അങ്ങേയറ്റം ദുഷ്കരമായ ദൌത്യമാണ്. ട്രയറില്‍നിന്ന് ഞങ്ങള്‍ ബോണിലേക്ക് പോയി. ബോണ്‍ വിഭജിതമായ കാലത്തെ പടിഞ്ഞാറന്‍ ജര്‍മനിയുടെ തലസ്ഥാനമായിരുന്നു. ഇരുവശത്തും നിരന്നുനിന്ന് മരങ്ങള്‍ തണല്‍വിരിച്ച വഴിയിലൂടെയുള്ള യാത്ര എത്ര സുഖകരമാണ്. എന്നാല്‍, തീക്ഷ്ണമായ യൌവനത്തിന്റെ അസ്വസ്ഥമായ മനസ്സുമായി മാര്‍ക്സ് ഈ തെരുവുകളിലൂടെ എങ്ങനെയായിരിക്കും അലഞ്ഞിട്ടുണ്ടാവുക! ബോണില്‍നിന്ന് മാര്‍ക്സ് ബെര്‍ലിനിലേക്ക് പഠനം പറിച്ചുനട്ടു. ഞങ്ങള്‍ ബെര്‍ലിനിലേക്ക് പോയത് അതിവേഗത്തില്‍ പോകുന്ന ട്രെയിനിലാണ്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന ട്രെയിനില്‍ ഇരിക്കുമ്പോള്‍ ബെര്‍ലിനിലെ മാര്‍ക്സിന്റെ ചിന്തകളുടെ അസാധാരണമായ വേഗത്തെക്കുറിച്ച് ചിന്തിച്ചുപോയി. ഹെഗലിന്റെ ചിന്തകള്‍ സ്വാധീനിച്ച കാലം കത്തുന്ന സംവാദങ്ങളാല്‍ സമ്പന്നമായിരുന്നു. വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന ഡോക്ടേഴ്സ് ക്ളബ്ബായിരുന്നു ജീവനുള്ള സംവാദങ്ങളുടെ വേദി. 1838ല്‍ മാര്‍ക്സിന്റെ പിതാവ് മരണപ്പെട്ടു. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ മാര്‍ക്സ് ഡോക്ടര്‍ മാര്‍ക്സായി. അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയില്‍ കുളിച്ചുനിന്ന ബെര്‍ലിനിലെ തെരുവുകളിലൂടെ അലയുമ്പോള്‍ സംവാദത്തിന്റെ പുതിയ ഡോക്ടേഴ്സ് ക്ളബ്ബുകള്‍ ഒന്നും കണ്ണില്‍ പെട്ടില്ല. ഹിറ്റ്ലറുടെ ആധിപത്യനാളുകളുടെ നടുക്കുന്ന ചരിത്രാവശിഷ്ടങ്ങള്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു.

മാര്‍ക്സ് ഹൌസിലെ ആദ്യനിലയിലെ രണ്ടാമത്തെ മുറിയില്‍ പത്രപ്രവര്‍ത്തകനായ മാര്‍ക്സിന്റെ സംഭാവനകളുടെ നേര്‍സാക്ഷ്യങ്ങള്‍ കാണാം. ജെന്നിയുമായ വിവാഹത്തിനുശേഷം വരുമാനവും ഒരു പ്രശ്നമായിരുന്നു. പഠനാനന്തരം പത്രപ്രവര്‍ത്തനത്തിനായി തെരഞ്ഞെടുത്ത സ്ഥലം കൊളോണായിരുന്നു. ട്രയറില്‍നിന്ന് കൊളോണിലേക്ക് 194.7 കിലോമീറ്റര്‍ ദൂരമുണ്ട്. ഞങ്ങളുടെ ആതിഥേയന്‍ പോള്‍ ഗോപുരത്തിങ്കലിന്റെ താമസസ്ഥലമാണിത്. അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് കൊളോണിലെ പ്രസിദ്ധമായ കത്തീഡ്രലിലേക്കുള്ള യാത്രയില്‍ പഴയകാല ഓര്‍മക്കൂട്ടുകളായി മങ്ങിയ നിറങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കെട്ടിടങ്ങളുടെ ചരിത്രം പരതി. എവിടെയായിരിക്കും മാര്‍ക്സിന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയ റെനീഷേ സെതൂങ് അച്ചടിച്ചിട്ടുണ്ടാകുക. കെട്ടിടത്തിന്റെ അടയാളങ്ങള്‍ ഒന്നും ബാക്കിവച്ചിട്ടില്ലെങ്കിലും ചരിത്രത്തില്‍ ആ പത്രം വഹിച്ച പുരോഗമനപരമായ പങ്ക് എത്രയോ വലുതാണ്.

ജര്‍മനിയിലെ ട്രയറിലെ മാര്‍ക്സ് ഹൌസില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 'കാര്‍ള്‍ മാര്‍ക്സിനെപ്പറ്റി' എന്ന പുസ്തകം പ്രദര്‍ശിപ്പിച്ചിരിക്കുന്നിടത്ത് ലേഖകന്‍

ജര്‍മനിയിലെ ട്രയറിലെ മാര്‍ക്സ് ഹൌസില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 'കാര്‍ള്‍ മാര്‍ക്സിനെപ്പറ്റി' എന്ന പുസ്തകം പ്രദര്‍ശിപ്പിച്ചിരിക്കുന്നിടത്ത് ലേഖകന്‍

രണ്ടാമത്തെ മുറിയില്‍ത്തന്നെയാണ് ലോകത്തിലെ അസാധാരണമായ ധൈഷണികസൌഹൃദത്തിന്റെ ചിത്രങ്ങളുള്ളത്. മാര്‍ക്സിന്റെ ജന്മഗൃഹത്തില്‍നിന്ന് എംഗല്‍സിന്റെ വീട്ടിലേക്ക് 236 കിലോമീറ്റര്‍ ദൂരമുണ്ട്. എംഗല്‍സ് ഹൌസും ഇന്ന് ചരിത്രസ്മാരകമാണ്. എംഗല്‍സിന്റെ സ്മാരകത്തിലേക്കുള്ള വഴികാട്ടികള്‍ പലയിടങ്ങളിലായി കണ്ടു. എംഗല്‍സ് ഹൌസിനുമുമ്പില്‍ ഉന്നതശീര്‍ഷമായ പ്രതിമ അസാധാരണമാകുംവിധം ഏകനായി നില്‍ക്കുന്നു. വിദൂരതയിലേക്ക് നോക്കുന്ന കണ്ണുകള്‍ മാര്‍ക്സിനെ തേടുകയാണെന്നു തോന്നും. പ്രതിമയുടെ പുറകിലായി എംഗല്‍സിന്റെ ഭവനം അടഞ്ഞുകിടക്കുന്നു. എംഗല്‍സ് ഭവനം പുതുക്കിപ്പണിയുകയാണ്. ആധുനിക മ്യൂസിയമാക്കുന്നതിനുള്ള ശ്രമത്തിലാണ്. മാഞ്ചെസ്റ്ററിലെ തുണിവ്യാപാരിയുടെ കുടുംബത്തിന് അഞ്ച് വീടുണ്ടായിരുന്നു. അതിലൊന്നാണ് എംഗല്‍സിന്റെ സ്മാരകമാക്കി മാറ്റിയിട്ടുള്ളത്. എംഗല്‍സിന്റെ പ്രതിമയ്ക്കുമുമ്പില്‍നിന്ന് ചിത്രമെടുക്കാന്‍ ചെന്നപ്പോള്‍ ഇറ്റലിയില്‍നിന്ന് ഒരച്ഛനും മകളും ആവേശഭരിതരായി അടുത്തുവന്നു. പോള്‍ ഗോപുരത്തിങ്കലിന്റെ ഭാര്യ ജെമ്മയും ഞങ്ങളോടൊപ്പമുണ്ടായിരുന്ന റോസി വൈഡറും കേരളത്തെയും കമ്യൂണിസ്റ്റ് പാര്‍ടിയെയും കുറിച്ച് പറഞ്ഞതുകേട്ടപ്പോള്‍ എപ്പോഴെങ്കിലും കേരളത്തിലേക്കും വരണമെന്നായി. എംഗല്‍സിന്റെയും മാര്‍ക്സിന്റെയും ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി മാത്രമാണ് റഫേല കൊയ്ളയും മകളും വന്നിട്ടുള്ളത്്. 

മാര്‍ക്സ് ഭവനത്തിന്റെ രണ്ടാമത്തെ മുറിയില്‍ത്തന്നെയാണ് ലണ്ടനിലെ പ്രവാസജീവിതത്തിന്റെ ദുരിതപൂര്‍ണമായ കാഴ്ചകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ദുരിതങ്ങളും ദുരന്തങ്ങളും നിറഞ്ഞ ജീവിതം. മഹാഭൂരിപക്ഷത്തിന്റെ പട്ടിണിമാറ്റാനുള്ള ദര്‍ശനത്തിന്റെ അന്വേഷണത്തില്‍ പട്ടിണിയും അസുഖവും വിഴുങ്ങിയ കുഞ്ഞിന്റെ ചേതനയറ്റ ശരീരം അടക്കുന്നതിനുള്ള പണംപോലുമില്ലാതെ അലയുന്ന പിതാവ്. സമര്‍പ്പണത്തിന്റെ മാര്‍ക്സിനെയും സഹനത്തിന്റെ ജെന്നിയെയും പ്രണയവും മൂലധനവും എന്ന പ്രസിദ്ധമായ പുസ്തകത്തില്‍ മരിയ ഗബ്രിയേല്‍ ചിത്രീകരിക്കുന്നുണ്ട്. ഈ മുറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മാര്‍ക്സിന്റെ കുടുംബചാര്‍ട്ടില്‍ ആറ് മക്കളുടെ പേരുകള്‍ കാണാം. പേരിടാന്‍പോലും സമയം നല്‍കാതെ ജനിച്ചയുടന്‍ മരണപ്പെട്ടതാണ് ഏഴാമത്തെ കുഞ്ഞ്്. ഇതുള്‍പ്പെടെ മൂന്നിടങ്ങളില്‍ ചിത്രങ്ങളില്ല. ഒരു വര്‍ഷംമാത്രം ജീവിക്കാന്‍ കഴിഞ്ഞവരാണ് രണ്ടുകുഞ്ഞുങ്ങള്‍.

ഈ ദുരിതങ്ങള്‍ക്കിടയിലും മാര്‍ക്സ് നടത്തിയ അര്‍ഥശാസ്ത്ര മണ്ഡലത്തിലെ ധൈഷണിക അന്വേഷണങ്ങളാണ് തൊട്ടടുത്ത മുറിയില്‍ ചിത്രീകരിച്ചിട്ടുള്ളത്. മൂലധനം ഒന്നാം വോള്യത്തിന്റെ ആദ്യകോപ്പി ഉള്‍പ്പെടെയുള്ളവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജര്‍മനിയിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ഇടര്‍ച്ചയും വായിച്ചെടുക്കാവുന്ന വഴിത്താരകള്‍. ഇന്റര്‍നാഷണല്‍ വര്‍ക്കേഴ്സ് അസോസിയേഷനിലെ മാര്‍ക്സിന്റെ ചരിത്രപരമായ ഇടപെടലുകളും പഠിക്കാന്‍ സഹായിക്കുന്ന വഴികാട്ടികളാണ് ഓരോ വാക്കും ചിത്രവും. മൂന്നാമത്തെ നിലയിലെ ഭൂപടത്തില്‍ മാര്‍ക്സിസം ലോകത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ഒക്ടോബര്‍വിപ്ളവം തുടങ്ങി യൂറോപ്പിലെ സോഷ്യലിസ്റ്റ് അനുഭവങ്ങളും വ്യത്യസ്ത വ്യാഖ്യാനങ്ങളുടെ വാതിലുകള്‍ തുറന്നിടുംവിധം വിന്യസിച്ചിരിക്കുന്നു.

മാര്‍ക്സിന്റെ ജീവിതവും പോരാട്ടവും കടുംചുവപ്പ് പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്്. മഞ്ഞകലര്‍ന്ന തവിട്ടുനിറമാണ് സ്വകാര്യജീവിതവിവരങ്ങളുടെ പശ്ചാത്തലം. സാമൂഹ്യ, രാഷ്ട്രീയ ഇടപെടലുകളുടെ പശ്ചാത്തലം നീലനിറമാണ്.

മാര്‍ക്സ് ജനിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ പിതാവ് ഹെയ്നിറ്റി മാര്‍ക്സ് താമസത്തിനും ഒപ്പം വക്കീല്‍ ഓഫീസായി ഉപയോഗിക്കുന്നതിനുമായി വാടകയ്ക്ക് എടുത്ത വീടാണ് മാര്‍ക്സ് ഭവനമാക്കി  മാറ്റിയത്. പിന്നീട് സ്വന്തമായി വീട് വാങ്ങിയതോടെ ഇത് ഒഴിയുകയുംചെയ്തു. 1904ലാണ് മാര്‍ക്സിന്റെ ജന്മഗൃഹം തിരിച്ചറിയുന്നത്്. 1928ല്‍ ജര്‍മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ചരിത്രം ഉറങ്ങുന്ന കെട്ടിടം വിലയ്ക്കുവാങ്ങി. 1938ല്‍ ഹിറ്റ്ലറുടെ ആധിപത്യം ഈ സ്മാരകവും കൈയടക്കി. നാസി ആധിപത്യത്തില്‍നിന്ന് വിമോചിതമായ ജര്‍മനിയില്‍ 1947ല്‍ ഇത് കാള്‍ മാര്‍ക്സ് സ്മാരകമായി നാമകരണം ചെയ്യപ്പെട്ടു.

മാര്‍ക്സിന്റെ 200-ാം ജന്മദിനത്തിന് എട്ടുമാസംകൂടി ബാക്കി. ജനനത്തില്‍നിന്ന് മരണത്തിലേക്കുള്ള ദൂരം വെറുതെ നടന്നുതീര്‍ക്കുകയായിരുന്നില്ല കാള്‍ മാര്‍ക്സ് എന്ന് ഈ സ്മാരകത്തിലെ ഓരോ ചിത്രവും ഓര്‍മപ്പെടുത്തുന്നു. വെളിച്ചം കയറാത്ത ഇരുണ്ട അറകളിലേക്ക് വിപ്ളവത്തിന്റെ അഗ്നിനാളങ്ങള്‍ പകര്‍ന്ന, മാനവകുലത്തിന് മാറ്റത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തിയ ധൈഷണികജീവിതത്തിന്റെ മരിക്കാത്ത കാഴ്ചകള്‍...

prajeevcpm@gmail.com

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top