14 November Wednesday

മുറൈ മാമന്‍ മലയാളി

സൂരജ് കരിവെള്ളൂർUpdated: Sunday May 6, 2018
തമിഴ് ചിത്രം‘തൊടരി' യില്‍  കീര്‍ത്തി സുരേഷിന്റെ മുറച്ചെറുക്കനായി തകര്‍ത്തഭിനയിച്ച അഭിനേതാവിനെ പ്രേക്ഷകരാരും മറക്കില്ല. കോഴിക്കോട്ട‌് വേരുകളുള്ള മലയാളി ചെന്നൈ സ്വദേശി സ്വരൂപാണ് ഒറ്റക്കഥാപാത്രത്തിലൂടെ നിരൂപകപ്രശംസ നേടിയത്. സ്വരൂപിന്റെ ജീവിതകഥയും സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞത‌്. 
 

ഐറിഷ് സിനിമയുടെ  വെള്ളിവെളിച്ചത്തില്‍

സ്വരൂപിന്റെ മാതാപിതാക്കള്‍ കോഴിക്കോട് സ്വദേശികളാണ്.    മാന്‍ ഓഫ് ദി മാച്ച് (1996) എന്ന സിനിമയില്‍ ബാലതാരമായി വെള്ളിത്തിരയിലേക്ക്. തുടര്‍ന്ന് അക്ബര്‍ കക്കട്ടിലിന്റെ അധ്യാപക കഥകള്‍ ദൂരദര്‍ശന്‍ സീരിയലാക്കിയപ്പോള്‍ അതിലും അഭിനയിച്ചു. പിതാവിന്റെ മരണശേഷം അഭിനയത്തിന് ഇടവേള നല്‍കി. പിന്നീട് അയർലന്‍ഡിൽവച്ച് വീണ്ടും സിനിമാലോകത്തിലേക്ക്. ഐറിഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഫിഷോപ്പിലെ സിനിമ സൗഹൃദക്കൂട്ടമാണ് പാതിയില്‍ കൊഴിഞ്ഞുപോയ സ്വരൂപിന്റെ സിനിമാമോഹങ്ങള്‍ക്ക് ചിറകുനല്‍കിയത്.  കാബിന്‍ക്രൂ ട്രെയ‌്നിങ് വിജയിച്ച് ജോലിചെയ്യവെ അയർലൻഡില്‍ എത്തിയ യുവാവ് അങ്ങനെ ഐറിഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയായി. പഠനത്തിനുശേഷം നിരവധി ഐറിഷ് സീരിയലുകളിലും സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും സ്വരൂപ് വേഷമിട്ടു. പിന്നീട് വിമാനയാത്രയില്‍ സഹയാത്രികനായിരുന്ന റുമാനിയന്‍ നിര്‍മാതാവ് ഫ്‌ലോറിയന്‍  സ്വരൂപിലെ നടനെ തിരിച്ചറിഞ്ഞതോടെ ആര്‍ക്ക് ലൈറ്റുകളുടെ വെളിച്ചം ജീവിതത്തിന്റെ ഭാഗമായി. 
 

വാക്കുപാലിച്ച പ്രഭു സോളമന്‍ 

സ്വരൂപ്‌

സ്വരൂപ്‌

അപ്രതീക്ഷിതമായാണ് തമിഴ് സംവിധായകന്‍ പ്രഭു സോളമനെ കണ്ടുമുട്ടിയത്. അദ്ദേഹത്തോട് തമിഴില്‍ അഭിനയിക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ അദ്ദേഹം വിളിക്കാം എന്നു പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പ്രഭു സോളമന്‍ വാക്ക് പാലിച്ചു.  അങ്ങനെ തൊടരിയില്‍ നായിക കീര്‍ത്തി സുരേഷിന്റെ  മുറച്ചെറുക്കനായി സ്വരൂപ് മാറി. സിനിമയില്‍ കീര്‍ത്തിയുടെ മുഖത്ത് അടിക്കുന്ന സീന്‍ ഉണ്ടായിരുന്നു. അത് ഷൂട്ട് ചെയ്തപ്പോള്‍ രണ്ടു പ്രാവശ്യം അടിക്കുന്ന രീതിയില്‍ അഭിനയിച്ചു. ഒന്നുകൂടി നന്നാക്കാം എന്ന സംവിധായകന്റെ നിര്‍ദേശപ്രകാരം മൂന്നാംവട്ടം അടിച്ചപ്പോള്‍ കൈ കീര്‍ത്തിയുടെ മൂക്കിന് കൊണ്ടു. പ്രശ്‌നമാകുമെന്ന് വിചാരിച്ചെങ്കിലും അതൊന്നും പ്രശ്‌നമാക്കണ്ട എന്നു പറഞ്ഞ്  ആശ്വസിപ്പിക്കുകയാണ് കീര്‍ത്തി ചെയ്തത്. പിന്നാലെ ഒരു മുറൈ വന്ത് പാര്‍ത്തായ (തമിഴ്), എന്നുള്‍ ആയിരം തുടങ്ങിയ ചിത്രങ്ങളിലും പ്രധാനവേഷം ചെയ്തു.   
 

സ്വപ്‌നങ്ങളുടെ നാളെകള്‍

തെലുഗു പുരാണസിനിമകള്‍ സംവിധാനംചെയ്ത രാഘവേന്ദ്ര റാവുവിന്റെ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കന്നട സിനിമ നല്ല കഥാപാത്രവുമായി  സ്വരൂപിനെ ക്ഷണിച്ചുകഴിഞ്ഞു.  മലയാളത്തില്‍ അഭിനയിക്കാന്‍ നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്  സ്വരൂപ്.
soorajt1993@gmail.com
 
പ്രധാന വാർത്തകൾ
Top