11 December Tuesday

പുതുമയുടെ കൈയൊപ്പ്

സി അജിത്Updated: Sunday Nov 5, 2017

ഗിരീഷ് മനോ

ഏതെങ്കിലും പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റാകാനായിരുന്നു ഗിരീഷിന്റെ ആഗ്രഹം. പഠനകാലത്ത് സോണല്‍ മത്സരങ്ങളില്‍ സമ്മാനം വാരിക്കൂട്ടിയതും ഈ ആക്ഷേപഹാസ്യ ചിത്രകലയില്‍. എന്നാല്‍, സിനിമയാണ് തന്റെ മേഖലയെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വരയുടെ ലോകത്തുനിന്ന് കാഴ്ചയുടെ ആകാശത്തേക്ക് പറന്നുയരുമ്പോഴും അതില്‍ തന്റേതായ കൈയൊപ്പ് ചാര്‍ത്താന്‍ ഗിരീഷ് മനോയെന്ന സംവിധായകന്‍ ശ്രദ്ധിച്ചു. വിദൂരസ്വപ്നമെന്ന് കരുതിയ സിനിമയെ എത്തിപ്പിടിച്ചത് കഠിനയത്നത്തിലൂടെ. മലയാളത്തില്‍ 'ന്യൂ ജനറേഷന്‍' ചിത്രങ്ങളുടെ തുടക്കത്തില്‍ 'നി കൊ ഞാ ചാ' എന്ന തന്റെ ആദ്യസിനിമയിലൂടെ ഗിരീഷ് ഏവരെയും അമ്പരപ്പിച്ചു. മലയാളിക്ക് ആ സിനിമ സമ്മാനിച്ചത് തികച്ചും വേറിട്ട കാഴ്ചാനുഭവം. പുതുമുഖങ്ങളും പ്രമേയത്തിലെ പുതുമയും പ്രേക്ഷകര്‍ നെഞ്ചേറ്റി. ഈയിടെ പുറത്തിറങ്ങിയ 'ലവകുശ'യെന്ന ഫാമിലി എന്റര്‍റ്റെയ്നറിലൂടെ ഗിരീഷ് വീണ്ടും കൈയടി നേടുകയാണ്. ഗിരീഷിന്റെ സിനിമാവിശേഷങ്ങളിലൂടെ.

കോളേജിലെ കാര്‍ട്ടൂണിസ്റ്റ് 

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഗവ. കോളേജില്‍ പഠിക്കുമ്പോള്‍ കാര്‍ട്ടൂണ്‍ വരയിലായിരുന്നു ശ്രദ്ധ. മത്സരങ്ങളിലെല്ലാം മുടക്കമില്ലാതെ പങ്കെടുക്കുകയും സമ്മാനം വാങ്ങുകയും ചെയ്യും. കലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ മത്സരത്തില്‍ എന്റെ പ്രധാന എതിരാളി ഇപ്പോള്‍ കേരളകൌമുദിയിലെ കാര്‍ട്ടൂണിസ്റ്റായ സുജിത്തായിരുന്നു. മിക്കപ്പോഴും സുജിത് ഒന്നാമതും ഞാന്‍ രണ്ടാമതുമാകും. ഇക്കാലത്ത് ഏതെങ്കിലും പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു ലക്ഷ്യം.

അനിമേറ്റര്‍

ഇതിനിടെയാണ് ഹൈദരാബാദില്‍ 2ഡി അനിമേഷന്‍ കോഴ്സിന് പ്രവേശനം ലഭിക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്സിന് ഉള്‍പ്പെടെ അനിമേഷന്‍ ജോലി ചെയ്തുനല്‍കുന്ന സ്ഥാപനത്തിലായിരുന്നു പഠനം. രണ്ടുവര്‍ഷത്തെ കോഴ്സിനുശേഷം ഒരുവര്‍ഷത്തോളം ഹൈദരാബാദിലെ ഒരു സ്ഥാപനത്തില്‍ അനിമേറ്ററായി ജോലി ചെയ്തു. ഇവിടെനിന്നാണ് വിഷ്വല്‍ മീഡിയ ഒരു വലിയ ആഗ്രഹമായി മാറുന്നത്. അപ്പോഴും സിനിമയെന്ന വിശാല പ്ളാറ്റ്ഫോം എനിക്ക് വഴങ്ങുമെന്ന വിശ്വാസം ഉണ്ടായിരുന്നില്ല. പിന്നീട്, ഈ മേഖലയെക്കുറിച്ച് കൂടുതല്‍ അടുത്തറിയാനുള്ള ശ്രമമായി. തിരുവനന്തപുരം സിഡിറ്റിലെ പിജി ഡിപ്ളോമ ഇന്‍ സയന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് കമ്യൂണിക്കേഷന്‍ കോഴ്സ് വിഷ്വല്‍ മീഡിയയുടെ ആഴവും പരപ്പും മനസ്സിലാക്കിത്തന്നു.
 

സിനിമയിലേക്ക്

സിഡിറ്റില്‍ ഒരു തവണ ശ്യാമപ്രസാദ് സാര്‍ ക്ളാസെടുക്കാന്‍ വന്നു. പിന്നീട്, അദ്ദേഹത്തിനുകീഴിലാണ് ഇന്റേണ്‍ഷിപ് ചെയ്തത്. ഇത് നിര്‍ണായകമായി. അദ്ദേഹത്തിന്റെ ഉള്ളുരുക്കം എന്ന ഷോര്‍ട്ട്ഫിലിമില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. പിന്നീട് കോഴ്സ് കഴിഞ്ഞശേഷമാണ് 'അകലെ' എന്ന ചിത്രത്തില്‍ അസിസ്റ്റന്റായി ശ്യാമപ്രസാദ് സാര്‍ കൂടെക്കൂട്ടുന്നത്. പിന്നെ ഒരേകടല്‍, ഋതു എന്നീ ചിത്രങ്ങളിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. ചില പരസ്യചിത്രങ്ങളിലും ശ്യാം സാറിനൊപ്പം സഹകരിക്കാന്‍ അവസരമുണ്ടായി.

ജോര്‍ജ് സാറിന്റെ കത്ത്

ലവകുശയില്‍ അജുവര്‍ഗീസും നീരജ് മാധവും

ലവകുശയില്‍ അജുവര്‍ഗീസും നീരജ് മാധവും

സിഡിറ്റില്‍ ഫാക്കല്‍റ്റിയായിരുന്ന കെ ജി ജോര്‍ജ് സാറിനോട്  ഞാന്‍ എന്റെ സിനിമാമോഹത്തെക്കുറിച്ച് പറഞ്ഞു. 'അകലെ' പൂര്‍ത്തിയായ സമയമായിരുന്നു അത്. അദ്ദേഹമാണ് ലാല്‍ജോസ് സാറുമായി എന്നെ ബന്ധപ്പെടുത്തുന്നത്. ലാല്‍ജോസ് സാറിന് നല്‍കാന്‍ ജോര്‍ജ് സാര്‍ ഒരു കത്ത് എന്റെ കൈയില്‍ തന്നു. ഈ കത്തുമായി വരുന്ന ഗിരീഷിനെ കൂടെക്കൂട്ടണമെന്നായിരുന്നു അതില്‍ കുറിച്ചിരുന്നത്. ഈസമയം ലാല്‍ജോസ് സാര്‍ ചാന്തുപൊട്ടിന്റെ ഷൂട്ടിങ്ങിന് തയ്യാറെടുക്കുകയായിരുന്നു. മാത്രമല്ല; അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്നയാള്‍ അസോസിയറ്റായി മാറുകയും ചെയ്തു. ഇതോടെ അസിസ്റ്റന്റായി എന്നെ എടുത്തു. ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ളാസ്മേറ്റ്സ് എന്നീ ചിത്രങ്ങളില്‍  ലാല്‍ജോസ് സാറിനൊപ്പം പ്രവര്‍ത്തിച്ചു. ശ്യാമപ്രസാദ് സാറിന്റെയും ലാല്‍ജോസ് സാറിന്റെയും അനുഭവസമ്പത്ത് വലിയ പാഠമായി.

നി കൊ ഞാ ചാ

നി കൊ ഞാ ചായുടെ പ്രമേയം ഏറെനാളായി മനസ്സിലുള്ളതായിരുന്നു. എയ്ഡ്സ് പ്രമേയമാക്കി ഒരു സിനിമയെന്നത് കേട്ടപ്പോള്‍ തന്നെ പലരും നെറ്റിചുളിച്ചു. അക്കാലത്താണ് മലയാളത്തില്‍ വേറിട്ട ഒരു പ്രമേയവുമായി ഋതു ഉള്‍പ്പെടെയുള്ള സിനിമകള്‍ വരുന്നത്. ഇത് എന്റെ സിനിമയ്ക്ക് ഒരിടം നല്‍കി. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പുതുമുഖങ്ങളായി 90 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച 'നി കൊ ഞാ ചാ' ചര്‍ച്ചചെയ്യപ്പെട്ടു. ബ്ളാക് ഹ്യൂമര്‍ എന്ന ഗണത്തില്‍പ്പെടുത്താവുന്ന ചിത്രം യുവജനങ്ങളായ പ്രേക്ഷകരെയാണ് ലക്ഷ്യമിട്ടതെങ്കിലും എല്ലാ വിഭാഗത്തിനും സ്വീകാര്യമായി.

ലവകുശ

അജു വര്‍ഗീസാണ് ഒരു ഫോണ്‍സംഭാഷണത്തിനിടെ നീരജ് മാധവിന്റെ കൈയില്‍ ഒരു കഥയുണ്ടെന്ന കാര്യം പറഞ്ഞത്. കേട്ടശേഷം സിനിമ ചെയ്യാന്‍ തീരുമാനിച്ചു. നീരജും അജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു മുഴുനീള ഹാസ്യചിത്രമാണ് ലവകുശ. റിലീസ് ചെയ്ത് ആദ്യ രണ്ടുദിവസം യുവാക്കളാണ് അധികവും എത്തിയതെങ്കില്‍ പിന്നീട് കുട്ടികളുള്‍പ്പെടെ കുടുംബത്തോടൊപ്പം ആളുകള്‍ തിയറ്ററുകളിലെത്തി തുടങ്ങി. ഒരു കോമിക്പോലെ ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണ് ലവകുശ.

കൂട്ടായ്മയുടെ വിജയം

 
ഒരാളില്‍ ഒതുങ്ങുന്നതല്ല സിനിമയെന്ന കലയെന്ന് വിശ്വസിക്കുന്നു. അത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആകെ തുകയാണ്. ഓരോരുത്തര്‍ക്കും അവരുടേതായ സംഭാവന നിര്‍വഹിക്കാനുണ്ട്. സ്വന്തം തിരക്കഥ സിനിമയാക്കാന്‍ കഴിഞ്ഞാല്‍ അതാണ് നല്ലത്. പ്രമേയത്തെ കൂടുതല്‍ ഉള്‍ക്കൊള്ളാനാകും. അതേസമയം, സ്വന്തം തിരക്കഥയിലെ പോരായ്മ തിരിച്ചറിയപ്പെടാതെ പോകുമെന്ന പരിമിതിയും അതിനുണ്ട്. എന്നാല്‍, മറ്റൊരാളുടെ തിരക്കഥ സംവിധാനം ചെയ്യുമ്പോള്‍ അതിനെ നമുക്ക് വിമര്‍ശനാത്മകമായി വിലയിരുത്താം. ഇങ്ങനെ രണ്ട് വശമുണ്ട് ഇതിന്. പുതുമുഖങ്ങളെ അഭിനയിപ്പിച്ച് കുറഞ്ഞ ബജറ്റിലുള്ള സിനിമാ ഫോര്‍മാറ്റിനോടാണ് വ്യക്തിപരമായ താല്‍പര്യം.
ഒരേ ട്രാക്കില്‍തന്നെയാകില്ല സിനിമായാത്ര. റിയലിസ്റ്റിക്കായ സിനിമകള്‍തന്നെയാണ് എനിക്ക് പ്രിയപ്പെട്ടവ. അതിനു പറ്റുന്ന നല്ല പ്രമേയം ലഭിച്ചാല്‍ ചെയ്യും. ഉണ്ണി ആറിന്റെ കഥ പ്രമേയമാകുന്നത് ഉള്‍പ്പെടെ രണ്ടു ചിത്രം ലിസ്റ്റിലുണ്ട്. ഉടന്‍ അതിന്റെ പ്രവര്‍ത്തനത്തിലേക്ക് കടക്കും. പാലക്കാട്ടെ കൊടുവായൂരാണ് സ്വദേശം.
 
ajithdesh@gmail.com
പ്രധാന വാർത്തകൾ
Top