21 October Sunday

മണിമണിയായിട്ട് മാണിയാട്ട് നാടകം പറയും

വിനോദ് പായംUpdated: Sunday Dec 3, 2017

മാണിയാട്ടെ നാടകസദസ്സ് / ഫോട്ടോ: സുരേന്ദ്രന്‍ മടിക്കൈ

പ്രതിഭാശാലി

കളായ എല്ലാ നാടകകൃത്തുക്കളും അവരവരുടെ സമകാലീനരാല്‍
ശിക്ഷിക്കപ്പെട്ടവരാണ്. പക്ഷേ, കൊന്നിട്ടും
മരിക്കാത്തവരാണ്; മരിച്ചിട്ടും ജീവിക്കുന്നവരുമാണ്

(എന്‍ എന്‍ പിള്ള: നാടകദര്‍പ്പണം)

ഇതെഴുതിയ കാലത്തോ പിന്നീട് ജീവിതകാലത്തോ എന്‍ എന്‍ പിള്ളയ്ക്ക് മാണിയാട്ടുകാരെ അറിയില്ല. പക്ഷേ, എല്ലാ മാണിയാട്ടുകാര്‍ക്കും അദ്ദേഹം സ്വന്തം ദേശക്കാരനായിരുന്നു. താന്‍ ഉള്ളുചുട്ടെഴുതിയ ഏതെങ്കിലും നാടകം ഏതെങ്കിലും മാണിയാട്ടുകാര്‍ എപ്പോഴെങ്കിലും കളിച്ചിരുന്നുവെന്ന് അദ്ദേഹം ഒരിക്കലും അറിഞ്ഞിരുന്നില്ല. ഇന്നിപ്പോള്‍ ആ ധീരനായ നാടകകൃത്തിന്റെ മഹത്തായൊരു സ്മാരക ദേശമാണ് മാണിയാട്ട്. കോട്ടയം ഒളശ്ശയിലാണ് അദ്ദേഹത്തിന്റെ അന്ത്യനിദ്രാസ്മാരകമുള്ളത്. എന്നാല്‍ മാണിയാട്ടിതാ എന്‍ എന്‍ പിള്ളയുടെ സ്മരണകള്‍, ആവേശങ്ങള്‍, നിര്‍ഭയങ്ങള്‍ എല്ലാമെല്ലാം എപ്പോഴുമുണര്‍ത്തുന്ന നിത്യസ്മാരകം കഴിഞ്ഞ ആറുവര്‍ഷമായി പണിതിട്ടിരിക്കുന്നു. പതിനായിരങ്ങള്‍ ഒമ്പതുദിവസമായി ഒത്തുകൂടുന്ന, മാണിയാട്ട് കോറസ് കലാസമിതിയുടെ എന്‍ എന്‍ പിള്ള നാടകോത്സവത്തിന് നവംബര്‍ 22നാണ് തിരശ്ശീല വീണത്. ഇല്ല, മാണിയാട്ടുകാരുടെ മനസ്സിലും നാട്ടിലും നാടകത്തിന് തിരശ്ശീല വീഴുന്നേയില്ല...

എന്‍ എന്‍ പിള്ളയുടെ മരണമുണ്ടായ നവംബര്‍ 14നാണ് എല്ലാവര്‍ഷവും മാണിയാട്ട് നാടകോത്സവത്തിന് തുടക്കം. തെങ്ങുകള്‍ കുത്തിനിര്‍ത്തിയ വലിയൊരു പറമ്പില്‍ ഒമ്പതുനാള്‍ നാടകോത്സവം. കാണാന്‍ എത്തുന്നവരില്‍, മാണിയാട്ടെ ആദ്യകാല നാടകനടിയായ ചെറിയേടത്തിമുതല്‍ ഇതിഹാസനടന്‍ മധുവരെയുണ്ട് നിറയെ കൈയടിച്ച് മടങ്ങുന്നവരില്‍, എന്‍ എന്‍ പിള്ളയുടെ മകന്‍ വിജയരാഘവനും നടി മഞ്ജു വാര്യരുംമുതല്‍ രണ്ടാംക്ളാസുകാരന്‍ അഭിനന്ദ് വരെയുണ്ട്. ഇത്തവണത്തെ ഒമ്പതുനാളത്തെ നാടകം കണ്ട് മനസ്സ് നിറഞ്ഞ് മടങ്ങിയവരുടെ എണ്ണം അരലക്ഷം കവിയും. സമാപനത്തിന് വന്നവര്‍ക്കെല്ലാം നാടകസന്ധ്യക്ക് കൂട്ടായി നാടന്‍സദ്യയും സംഘാടകര്‍ നല്‍കിയിരുന്നു. ആറായിരത്തിലധികംപേരാണ് അന്നത്തെ രാത്രിസദ്യ ഉണ്ടത്. നാടകം കണ്ടവര്‍ അതിലും കവിയും.

വലിയൊരു നാടകവേദിയാണ് മാണിയാട്ട്

കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിനടുത്തുള്ള മാണിയാട്ടിന് നാടകം, ഹൃദയഭാഷതന്നെയാണ്. കലയുടെയും കാഴ്ചയുടെയും പലപല സങ്കേതങ്ങളും മാറിമറിയുന്ന ഇക്കാലത്തും മാണിയാട്ടുകാര്‍ക്ക് നാടകം കളിക്കാതെ വഴിയില്ല. നാടകം കളിക്കണമെന്ന കാര്യത്തില്‍മാത്രമാണ് മാണിയാട്ടുകാര്‍ ഇപ്പോഴും നാടകം കളിക്കാത്തത്. ആറുവര്‍ഷം മുമ്പത്തെ ജനുവരിയിലായിരുന്നു മാണിയാട്ടെ കോറസ് കലാസമിതിയിലെ നാടകപ്രേമികള്‍, നാടകോത്സവം എന്ന ആശയം മുന്നോട്ടുവച്ചത്. ഇതിനായി അവര്‍, പ്രൊഫഷണല്‍ നാടകസംഘങ്ങളെ ബന്ധപ്പെട്ടു. മത്സരത്തിനാണെങ്കിലും കളിച്ചെലവ് നല്‍കാമെന്ന ഗ്യാരന്റിയില്‍ കുറച്ച് സംഘങ്ങള്‍ മാണിയാട്ടെത്തി നാടകം കളിച്ചു. ഇതിഹാസ നാടകകാരന്‍ എന്‍ എന്‍ പിള്ളയുടെ സ്മരണയ്ക്കായി നാടകോത്സവം സമര്‍പ്പിക്കാന്‍, മാണിയാട്ടുകാര്‍ക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. കലയുടെ പെരുവഴിയില്‍ പുതുവഴി നടക്കുന്നവരായിരുന്നു അവര്‍. അപ്പോള്‍, എല്ലാ കാലത്തും അരങ്ങിന്റെ പുതുവഴി വെട്ടിയ എന്‍ എന്‍ പിള്ളയെ അവര്‍ അനുസ്മരിക്കാതെങ്ങനെ?അങ്ങ് വടക്ക്, തന്റെ അച്ഛന്റെ സ്മരണയ്ക്കായി ആയിരക്കണക്കിന് ആള്‍ക്കാര്‍ നാടകം കാണാന്‍ വരുന്നുവെന്ന 'അവിശ്വസനീയ വാര്‍ത്ത' മകന്‍ വിജയരാഘവന്‍ അറിയുന്നതോടെയാണ്, മാണിയാട്ടുകാരുടെ നാടകോത്സവം മാധ്യമവാര്‍ത്തയിലും ഇപ്പോള്‍ നാടകകേരളത്തിന്റെ അരങ്ങിലും നിറയുന്നത്. ആദ്യ നാടകോത്സവത്തിന്റെ പെരുമയറിഞ്ഞ വിജയരാഘവന്‍, എല്ലാവര്‍ഷവും ഉത്സവം കൂടാന്‍ എത്തുമെന്നറിയിച്ചു. അതോടെ ഉത്സവത്തിനൊരു താരപരിവേഷം വന്നുവെന്ന് സംഘാടകരും സമ്മതിക്കും. ഇപ്പോള്‍ അരങ്ങിലെ സംഭാവനയ്ക്ക് മാണിയാട്ടുകാരുടെ ആദരവുമുണ്ട്. പോയവര്‍ഷം ഇത് നടന്‍ മധുവിനായിരുന്നു. അവാര്‍ഡ് വാങ്ങാനെത്തിയ മധു, ഒമ്പതുനാള്‍ നാടകം കണ്ടാണ് മാണിയാട്ടുനിന്ന് മടങ്ങിയത്. 'അപ്പോഴേക്കും ഞാന്‍ മാണിയാട്ടെന്ന വലിയ അരങ്ങിലെ സ്ഥിരം കഥാപാത്രമായിപ്പോയി' എന്ന് അദ്ദേഹം അത്ഭുതംകൂറി. നവംബര്‍ 14 മുതല്‍ 22 വരെയാണ് എല്ലാ വര്‍ഷവും നാടകോത്സവം. എന്‍ എന്‍ പിള്ളയുടെ ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് പൂക്കളിട്ട്, മാണിയാട്ടുകാര്‍ പുതിയ കാഴ്ചകളിലേക്ക് കര്‍ട്ടന്‍ വലിക്കും.

നെടുമുടി വേണുവിനായിരുന്നു ഇത്തവണത്തെ നാടക അവാര്‍ഡ്. അദ്ദേഹവും മൂന്നുനാള്‍ മാണിയാട്ട് തങ്ങി. അവസാന മൂന്നുനാള്‍ വിജയരാഘവനും എത്തി; നാടകവും കണ്ട്, നാടകചര്‍ച്ചയിലും പങ്കെടുത്തു. സമാപനദിനം നടി മഞ്ജു വാര്യരെത്തി. ഒമ്പതുനാള്‍ അരങ്ങ് ഇളകിമറിയുന്നത് കണ്ട്, മാണിയാട്ടുകാരും ഒപ്പം നാടകം കൂടാന്‍ വന്ന പയ്യന്നൂര്‍, കരിവെള്ളൂര്‍, ചെറുവത്തൂര്‍, ചീമേനി തുടങ്ങിയ സ്ഥലങ്ങളിലെ പുരുഷാരവും ഇളകിമറിഞ്ഞു.

പത്തുലക്ഷം ചെലവുവരുന്ന നാടകോത്സവനടത്തിപ്പിന് സാമ്പത്തികബാധ്യത പ്രശ്നമേയല്ലെന്നാണ് സംഘാടകര്‍ പറയുന്നത്. അരങ്ങില്‍ തങ്ങളെ വെല്ലുവിളിക്കുന്ന പുതിയ നാടകങ്ങള്‍ ഉണ്ടാകുന്നില്ലെന്ന പ്രശ്നം മാത്രമാണ് ഉത്സവം കൂടുമ്പോള്‍ കോറസ് കലാസമിതിക്കുള്ളത്. ആ ആശങ്ക ഓരോ നാടകം കഴിയുമ്പോഴും മാണിയാട്ടെ നാടകപ്രേമികള്‍ പരസ്യമായി പങ്കുവയ്ക്കും. അതിന്റെ പേരാണ് പന്തല്‍ചര്‍ച്ച. നാടകം കഴിഞ്ഞ്, ജൂറിമാര്‍ മടങ്ങിയാല്‍ പിന്നെ അരങ്ങിനുമുന്നില്‍ നാടകചര്‍ച്ചയാണ്. നാടകക്കാര്‍ വേഷമഴിച്ചുവന്ന് പ്രേക്ഷകന്റെ മുന്നില്‍ ഇരുന്നുതരും. അരങ്ങിലെ പാളിച്ചകള്‍ കാണിക്ക് വേണമെങ്കില്‍ ചൂണ്ടിക്കാട്ടാം. വിമര്‍ശിക്കാം, പുകഴ്ത്താം, നാടകം തിരുത്തണമെന്നുവരെ പറയാം. അത്രമേല്‍ ജനകീയവും സുതാര്യവുമാണ് മാണിയാട്ടെ നാടകോത്സവം.

എന്‍ എന്‍ പിള്ളയുടെ കോട്ടയം ഒളശ്ശയിലുള്ള സ്മൃതിമണ്ഡപത്തിന്റെ മാതൃകയിലുള്ള, മരത്തില്‍ തീര്‍ത്ത ഫലകവും ക്യാഷ് അവാര്‍ഡുമാണ്  ജേതാക്കള്‍ക്ക് നല്‍കുന്നത്. ഇത്തവണ  തിരുവനന്തപുരം സൌപര്‍ണികയുടെ നിര്‍ഭയക്കാണ് പുരസ്കാരം. തിരുവനന്തപുരം സോപാനത്തിന്റെ സഹയാത്രികന്റെ ഡയറിക്കുറിപ്പ് രണ്ടാമത്തെ മികച്ച നാടകമായി. കാഞ്ഞിരപ്പള്ളി അമലയുടെ മനസ്സാക്ഷിയുള്ള സാക്ഷിയാണ് ജനപ്രിയനാടകം. പ്രേക്ഷകര്‍ ഗ്യാലപ്പോളിലൂടെയാണ് ഈ നാടകത്തെ തെരഞ്ഞെടുത്തത്. മികച്ച സംവിധായകന്‍ ഇ എ രാജേന്ദ്രന്‍, നടന്‍ സനല്‍ നെയ്യാറ്റിന്‍കര, നടി ബീന അനില്‍, ഹാസ്യനടന്‍ ജോഷി നമ്പി കടവില്‍ എന്നിവര്‍ക്കും മഞ്ജു വാര്യര്‍ സമ്മാനം നല്‍കി. എം ടി അന്നൂര്‍, രാജ്മോഹന്‍ നീലേശ്വരം, ഉദിനൂര്‍ ബാലഗോപാലന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് നാടകങ്ങള്‍ക്ക് മാര്‍ക്കിട്ടത്. മുന്‍ എംഎല്‍എ കെ കുഞ്ഞിരാമനും എം വി കോമന്‍ നമ്പ്യാരും ടി വി ബാലനും ടി വി നന്ദകുമാറുമായിരുന്നു ഇത്തവണത്തെ നാടകോത്സവനടത്തിപ്പിന്റെ അമരക്കാര്‍.

കേളു നായരോളം പാരമ്പര്യമുണ്ടിതിന്

സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകോത്സവം കഴിഞ്ഞാല്‍ പേരെടുത്ത മറ്റൊരു നാടകോത്സവമാണ് മാണിയാട്ടെ എന്‍ എന്‍ പിള്ള നാടകോത്സവം. സര്‍ക്കാര്‍ പരിപാടിയായതിനാല്‍, ആദ്യത്തേതിന് പ്രൌഢി കൂടും. പക്ഷേ, കാണികളുടെ പങ്കാളിത്തം മാണിയാട്ടേതിന്റെ അടുത്തെങ്ങും എത്തില്ലെന്നുറപ്പ്.

ചരിത്രവഴികളിലും മാണിയാട്ടെ നാടകത്തട്ട് പ്രശസ്തമാണ്. ഉത്തരകേരളത്തിലെ പ്രമുഖ സ്വാതന്ത്യ്രസമരസേനാനിയും നാടകപ്രവര്‍ത്തകനുമായിരുന്ന വിദ്വാന്‍ പി കേളുനായരുടെ (1901-29) പ്രധാന അരങ്ങ് മാണിയാട്ടായിരുന്നു. അദ്ദേഹത്തിന്റെ 'വിവേകോദയം' എന്ന നാടകം ആദ്യം അരങ്ങേറിയതും മാണിയാട്ടുതന്നെ. അയിത്തോച്ചാടനമായിരുന്നു ആ നാടകത്തിന്റെ പ്രമേയം. ഇപ്പോഴും അമച്വര്‍ നാടകവേദിയുടെ പൂക്കാലമാണ് മാണിയാട്ട്, ഉദിനൂര്‍, കൊടക്കാട് ഉള്‍പ്പെടെയുള്ള പരിസരദേശങ്ങള്‍. എന്‍ അബ്ദുള്‍ഖാദര്‍, പി രാഘവന്‍നായര്‍, സി എം ഭാസ്കരന്‍ നായര്‍, എം ചെറിയ... മാണിയാട്ടെ ആദ്യകാല നാടകപ്രവര്‍ത്തകരുടെ പേരിങ്ങനെ നീളും.

മാണിയാട്ട് ഫ്രണ്ട്സ് ആര്‍ട്സ് ബ്യൂറോയാണ് മാണിയാട്ടെ നാടകക്കാരുടെ ആദ്യപ്രസ്ഥാനം. തിരുവനന്തപുരംവരെ പോയി ഈ നാടകസംഘം നാടകം കളിച്ച് സമ്മാനം വാങ്ങി. ഇവരുടെ തീപ്പൊരി എന്ന നാടകം ഇപ്പോഴും നാടകപ്രേമികള്‍ക്ക് ആവേശം. അമച്വര്‍, തെരുവുനാടകവേദികളില്‍ മാണിയാട്ടിന് കേരളം മുഴുക്കെ ഇപ്പോഴുമുണ്ട് സജീവമായ സ്ഥാനം. പിന്നരങ്ങിലും മാണിയാട്ട് ജന്മം നല്‍കിയ നാടക-സാഹിത്യ പ്രവര്‍ത്തകരെ നാടറിയും. സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം ഇ പി രാജഗോപാലന്‍, വാസു ചോറോട്, ഉദിനൂര്‍ ബാലഗോപാലന്‍,  എന്‍ ശശിധരന്‍, വി ശശി, മഞ്ജുളന്‍, രാജ്മോഹന്‍ നീലേശ്വരം, ഇ വി ഹരിദാസ്... മാണിയാട്ട് വന്ന് കളിച്ചും താമസിച്ചും നാടകക്കിനാവുകള്‍ കണ്ടവര്‍ എത്രയെത്ര.

vinodpayam@gmail.com

നെടുമുടി വേണു

(എന്‍ എന്‍ പിള്ള സ്മാരക പുരസ്കാര ജേതാവ്)

മാണിയാട്ടിന് നാടകഗ്രാമമെന്ന് പേരിടണം. കേരളത്തിലുടനീളം ഈ പേര് പരിചയപ്പെടുത്താന്‍ ഞാന്‍ മുന്നിലുണ്ടാകും. ഇത്രമാത്രം ആളുകള്‍ നാടകം കാണാന്‍ വരുന്നതാണ് മാണിയാട്ടെ അത്ഭുതം. തോപ്പില്‍ ഭാസി, സാംബശിവന്‍ തുടങ്ങിയവരുടെ പേരിലുള്ള ഒരുഡസനിലേറെ പുരസ്കാരങ്ങള്‍ ഞാന്‍ നേടിയെങ്കിലും എന്‍ എന്‍ പിള്ള സ്മാരക പുരസ്കാരം എനിക്ക് ഏറെ അഭിമാനം നല്‍കുന്നു. നാടകത്തെ ഏറെ സ്നേഹിക്കുന്ന മാണിയാട്ടിന്റെ വേദിയില്‍ ആ മഹാപ്രതിഭയുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങിയത് അഭിനയജീവിതത്തിലെ വിലപ്പെട്ട നിമിഷമാണ്.

വിജയരാഘവന്‍

(എന്‍ എന്‍ പിള്ളയുടെ മകന്‍)

ജന്മനാട്ടില്‍പ്പോലും അച്ഛന് ലഭിക്കാത്ത ആദരവ് മാണിയാട്ടുകാര്‍ നല്‍കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. അച്ഛനെയും നാടകത്തെയും ഇത്രമേല്‍ സ്നേഹിക്കുന്ന നാട് മാണിയാട്ടുകാരെപ്പോലെ കേരളത്തില്‍ വേറെയില്ല. ഞാന്‍ ജനിച്ചത് മലേഷ്യയിലാണ്. അമ്മയുടെ പ്രസവസമയത്ത് വയറ്റാട്ടിയായത് അച്ഛനായിരുന്നു. അച്ഛന്റെ വിറയ്ക്കുന്ന കൈകളിലേക്കാണ് ഞാന്‍ പിറന്നുവീണത്. അന്നുമുതല്‍ അച്ഛനില്‍നിന്ന് ലഭിച്ച സ്നേഹവും സൌഹൃദവും ഓര്‍മയില്‍  ഓടിയെത്തുന്നത് ഞാന്‍ മാണിയാട്ടെത്തുമ്പോഴാണ്. അതുകൊണ്ടുതന്നെ ഞാനൊരു മാണിയാട്ടുകാരനാകുന്നു. സിനിമാനടനേക്കാളും ഞാന്‍ അറിയപ്പെടുന്നത് ഒരു മാണിയാട്ടുകാരന്‍ എന്ന പേരിലായിരുന്നെങ്കില്‍...

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top