15 October Monday

മെച്ചത്തെ വെട്ടാന്‍ പുച്ഛം

കൃഷ്ണ പൂജപ്പുരUpdated: Sunday Dec 3, 2017

ബാഹുബലി സിനിമ കാണുകയായിരുന്നു. തകര്‍പ്പന്‍ യുദ്ധരംഗം. ആനയും കുതിരയും പോരാളികളുമായി തിയറ്ററിനെ രാജമൌലി കൈയിലെടുത്തിരിക്കുന്നു. ശ്വാസംപോലും അടക്കി പ്രേക്ഷകരങ്ങ് ലയിച്ചിരിക്കുകയാണ്. അപ്പോഴതാ തൊട്ടുമുന്നിലെ വരിയില്‍നിന്ന് ഒരഭിപ്രായം ഒരല്‍പ്പം അടക്കിയ സ്വരത്തില്‍.

"ഒക്കെ ഗ്രാഫിക്സാന്നേ''

ആളിനെ ഞാനൊന്നു നോക്കി. അന്തംവിട്ടിരുന്ന് സിനിമ കാണുന്ന ഭാര്യയോടും മക്കളോടുമായിട്ടാണ് മഹാനായ തന്റെ കണ്ടുപിടിത്തം ചേട്ടന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതൊക്കെ കണ്ട് നീയൊക്കെയേ ത്രില്ലടിക്കൂ, പക്ഷേ ഞാന്‍ ആള് ഭയങ്കരനാ. എന്നോട് ഇമ്മാതിരി ഉഡായിപ്പ് വേലകളൊന്നും നടക്കില്ല. എന്റെ കണ്ണ് എല്ലാം കണ്ടുപിടിക്കും- തുടങ്ങി നാനാര്‍ഥത്തില്‍ ഏകാര്‍ഥമായിട്ടാണ് ആശാന്‍ 'ഗ്രാഫിക്സാന്നേ' പറഞ്ഞിട്ടിരിക്കുന്നത്. നൂറുകണക്കിനുപേരുടെ മാസങ്ങള്‍ എടുത്തുള്ള അധ്വാനത്തിന് ഇന്ത കക്ഷി ഒറ്റവാക്കില്‍ മാര്‍ക്കിട്ടിരിക്കുകയാണ്. അതില്‍ പലതും 'ഗ്രാഫിക്സാ'ണെന്നു കാണുന്ന ഏകദേശം എല്ലാപേര്‍ക്കും അറിയാം. പക്ഷേ, തന്റെ ജഗജില്ലിത്വവും തന്നേക്കാള്‍ കേമത്തമേറിയ എന്തിനോടുമുള്ള പുച്ഛവും അവഗണനയും ഒന്നുറക്കെ പ്രഖ്യാപിച്ചില്ലെങ്കില്‍ ആളിന് ഇരിക്കപ്പൊറുതിയില്ല. (പണ്ട് സിനിമ കാണുമ്പോള്‍ ഇയാളുടെ പഴയ പതിപ്പുകാര്‍ ഉണ്ടായിരുന്നു. നസീര്‍ സ്റ്റണ്ട് നടത്തുകയാണ്. അപ്പോള്‍ വരും അഭിപ്രായം 'ഡൂപ്പാ'. 'ഡ്യൂപ്പാ' എന്നുപോലുമല്ല. 'ഡൂപ്പാ'). പണ്ടേയ്ക്കുപണ്ടേ ഇവരുടെ സാന്നിധ്യം നമുക്കുചുറ്റും കാണാം. പലകാര്യങ്ങളും അംഗീകരിക്കാന്‍ മടിയുള്ള 'പുച്ഛിസ്റ്റ്'.

മൊത്തം കള്ളനോട്ടാ

ഒരു പ്രമുഖനായ വ്യവസായിയെക്കുറിച്ച് ഞാന്‍ ഒരു കക്ഷിയോട് സംസാരിക്കുകയായിരുന്നു.

ഞാന്‍: സമ്മതിക്കണം. ഇത്രയും വലിയ ബിസിനസ് സ്ഥാപനം തുടങ്ങാനൊക്കെ സാധിച്ചല്ലോ.

പുച്ഛിസ്റ്റ്: പിന്നേ, ബിസിനസ്. ഇതൊക്കെ എങ്ങനെ സാധിച്ചൂന്നാ തന്റെ വിചാരം.

ഞാന്‍: പരിശ്രമിച്ചിട്ട്.

പുച്ഛിസ്റ്റ്: ങും! പണിശ്രമം (പരിശ്രമം എന്ന വാക്കിനെപ്പോലും എത്ര ക്ളാസിക്കായാണ് പുച്ഛിച്ചുകളഞ്ഞത്) എടാ കൂവേ, കള്ളനോട്ടാ.

ഞാന്‍: കള്ളനോട്ടോ.

പുച്ഛിസ്റ്റ്: ങാ, കള്ളനോട്ട്. ഇയാള്‍ പണ്ട് സെക്കന്‍ഡ്ഷോ കണ്ടിട്ട് ഒറ്റയ്ക്കുവരികയായിരുന്നു. അപ്പോഴുണ്ട് ഒരു ചാക്ക് കള്ളനോട്ടുമായി ഒരാള്‍ ഓടിവരുന്നു. അയാളെ പൊലീസ് ഓടിച്ചുകൊണ്ടുവരികയായിരുന്നു. പൊലീസ് പിടിക്കുമെന്നായപ്പോള്‍ കള്ളനോട്ടുകാരന്‍ കള്ളനോട്ടുചാക്ക് ഒരു കുഴിയിലേക്ക് വലിച്ചെറിഞ്ഞ് ഓടി. ഇരുട്ടില്‍ ഇയാള്‍ അതുകണ്ടു. അതിങ്ങെടുത്തു. അതോടെയല്ലേ രക്ഷപ്പെട്ടത്.

കണ്ടോ. ഇങ്ങനെയാണ് ഇവര്‍ ഓരോ കണ്ടുപിടിത്തം നടത്തിക്കളയുന്നത്. സ്വന്തം പരിശ്രമംകൊണ്ട് ഒരു ലവലില്‍ എത്തിയ ആരെക്കുറിച്ചും ഇവര്‍ക്ക് ഒരു കള്ളനോട്ടുകഥയോ സ്വര്‍ണബിസ്കറ്റ് കഥയോ അറബിയുടെ പക്കല്‍നിന്ന് അടിച്ചുമാറ്റിയ കഥയോ ബിനാമിയായി നിന്ന് കാലുവാരിയ കഥയോ ഒക്കെ ഉണ്ടാകും. അതുപറയുമ്പോള്‍ ഒരു മനസ്സുഖം. മറ്റേ ആളിന്റെ കമ്പനിയില്‍ സ്വന്തം മകനെ ഒരു സ്റ്റാഫായി കയറ്റാന്‍ പറ്റുമോ എന്ന് പല രീതിയില്‍ ശ്രമങ്ങള്‍ നടത്തുന്ന ആളാണ് ഇങ്ങേര്‍. എന്നാലും പുച്ഛിക്കാതിരിക്കാന്‍ പറ്റില്ല. ഒന്ന് വിലയിടിച്ച് കാണിച്ചില്ലെങ്കില്‍ തൃപ്തിയില്ല. ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പണ്ട് ചൈനയിലെ വന്‍മതില്‍ കെട്ടുന്ന കാലത്ത് ഇതുപോലെ ഒരു പുച്ഛക്കാരന്‍ ഉണ്ടായിരുന്നെങ്കില്‍ വന്‍മതിലിനെക്കുറിച്ച് എന്താകും പറയുന്നത്.

"ഓ! എന്തോന്ന് വന്‍മതില്‍. കുറെ കരിങ്കല്ല് ഒന്നിനുമീതെ ഒന്നായി കുറെ കിലോമീറ്റര്‍ അടുക്കിവച്ചേക്കുന്നു.''

ഐസക് ന്യൂട്ടണ്‍ ആകര്‍ഷണസിദ്ധാന്തം കണ്ടുപിടിച്ചതിനെക്കുറിച്ച് അന്നത്തെ പുച്ഛിസ്റ്റ് ഇങ്ങനെ പറയും.

"എന്തോന്ന് സിദ്ധാന്തം. ആപ്പിള് വീഴുന്നത് കണ്ടിട്ടല്ലേ ഐസക് ഇതു കണ്ടുപിടിച്ചത്. അങ്ങനെ കണ്ടുപറയാന്‍ ആര്‍ക്ക് പറ്റൂല. ആപ്പിളിന്റെ സഹായമില്ലാതെ സ്വന്തമായിട്ട് കണ്ടുപിടിക്കണമായിരുന്നു.''

പരാജയം മൂടിവയ്ക്കാന്‍

സ്വന്തം പരാജയത്തിന്റെ വിഷമം മറയ്ക്കാനായിട്ടാണത്രേ ചിലര്‍ മറ്റുള്ളവരുടെ വിജയങ്ങള്‍ അംഗീകരിച്ചുകൊടുക്കാത്തത് എന്നാണ് മനശ്ശാസ്ത്രമതം. തന്നെപ്പോലെ രണ്ട് കൈയും രണ്ടു കാലും മൂക്കും ഒക്കെത്തന്നെയാണ് മറ്റേയാള്‍ക്കുമുള്ളത്. എന്നിട്ട് അയാള്‍ ബെന്‍സില്‍ സഞ്ചരിക്കുമ്പോള്‍ താനിവിടെ സ്കൂട്ടറിന്റെ ഇഎംഐ മുടങ്ങിയതിന് ബാങ്കുകാരുടെ ഫോണ്‍വിളികൊണ്ട് സ്വസ്ഥത കെട്ട് ഇരിക്കുന്നു. ആ സമയത്താണ് മറ്റേയാളുടെ വിജയത്തെക്കുറിച്ച് ആരെങ്കിലും പറയുന്നത്. എന്നാല്‍, ഇന്നാ പിടിച്ചോ കള്ളനോട്ടുകഥ.

പുച്ഛം ഫാമിലി അംഗങ്ങള്‍

അഹങ്കാരം, കുറ്റപ്പെടുത്തല്‍, കളിയാക്കല്‍ തുടങ്ങി 'പുച്ഛ' കുടുംബത്തില്‍ നമുക്കു പരിചിതരായ അംഗങ്ങള്‍ വേറെയുമുണ്ട്. 'പുച്ഛം', കുറ്റപ്പെടുത്തല്‍ ലെവലിലേക്കോ കളിയാക്കല്‍ ലെവലിലേക്കോ ഉപദ്രവത്തിന്റെ ലെവലിലേക്കോ ചെല്ലുകയില്ല. കള്ളനോട്ടിലൂടെയാണ് മറ്റേയാള്‍ രക്ഷപ്പെട്ടത് എന്ന് പുച്ഛിക്കുകയല്ലാതെ, കള്ളനോട്ടിലൂടെ രക്ഷപ്പെട്ടതുകൊണ്ട് അയാള്‍ക്കെതിരെ അന്വേഷണം വേണം എന്നു തുടങ്ങിയുള്ള ആവശ്യങ്ങള്‍ ഒന്നും ഉണ്ടാകില്ല. അഹങ്കാരം മിക്കവാറും വിജയിച്ചവരുടെ ട്രേഡുമാര്‍ക്ക് ആയതുകൊണ്ട് പുച്ഛക്കാരില്‍ ആ വികാരം അധികം കാണപ്പെടാറില്ല.

എതിര്‍സ്വഭാവക്കാര്‍

പുച്ഛത്തിന്റെ നേരെ എതിര്‍സ്വഭാവമുള്ള ചിലരുണ്ട്. പുച്ഛം വലുതിനെ ചെറുതാക്കുമ്പോള്‍ ഈ കൂട്ടര്‍ ചെറുതിനെ വലുതാക്കുന്നു. യേശുദാസിന്റെ പാട്ടുകേട്ടാല്‍ പുച്ഛിസ്റ്റ് പറയുന്നത്- ഇതൊക്കെ ആര്‍ക്ക് പാടാന്‍ സാധിക്കില്ല അല്ലേ എന്നോ ഇതിനേക്കാള്‍ കഴിവുള്ള എത്രയോപേര്‍ പുറത്തുണ്ടെന്നറിയാമോ എന്നോ ഇതൊക്കെ റെക്കോഡിങ്ങിന്റെ ഒരു കഴിവല്ലേ എന്നോ ആണെങ്കില്‍ മറ്റേവിഭാഗക്കാര്‍ വീട്ടിനപ്പുറത്തെ പയ്യന്റെ ശരാശരിക്കുതാഴെ നില്‍ക്കുന്ന പാട്ടിനെക്കുറിച്ച് പറയുന്നത് "അസ്സല്‍ യേശുദാസണെന്നേ തോന്നൂ'' എന്നാണ്. പുച്ഛത്തില്‍ അസൂയയുടെ ഒരു നേരിയ ധാര കലര്‍ന്നിരിക്കും. മറ്റേതില്‍ അതിശയോക്തിയുടെയും. രണ്ടും ഒരല്‍പ്പം പ്രശ്നഭരിതമാണ്.

സ്കൂള്‍കാലംമുതല്‍

ഓര്‍മയില്ലേ. ക്ളാസില്‍ നമുക്ക് കണക്കും ഇംഗ്ളീഷും ഒന്നും തലയില്‍ കയറില്ല. മാഷിന്റെ കൈയില്‍നിന്ന് തല്ലോട് തല്ലാണ്. ചോദ്യം ചോദിച്ച് തീരുന്നതിനുമുമ്പുതന്നെ 'സാര്‍ ഞാന്‍ പറയാം' എന്ന് ചാടി എണീക്കുന്ന ഫ്രണ്ട് ബെഞ്ചിലെ സുരേഷോ ജോണിക്കുട്ടിയോ റഹിമോ ഒക്കെയുണ്ട്. പക്ഷേ, നമ്മള്‍ അവനെ അംഗീകരിക്കില്ല. അവനെ കളിയാക്കുക, പുച്ഛിക്കുക, പഠിക്കാന്‍വേണ്ടി ഒരു ജന്മം എന്നൊക്കെ ആക്ഷേപിക്കുക തുടങ്ങിയ കലാപരിപാടികളുമായി നമ്മള്‍ നമ്മുടെ മിടുക്കുകുറവിന് നില്‍ക്കക്കള്ളി കണ്ടുപിടിക്കുന്നു. നമ്മള്‍ക്ക് നൂറിന് പതിനഞ്ച്, അവന് നൂറിന് നൂറ്. പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ അവന്റെ ഉത്തരം വേണം. എന്നിട്ട് 'ഇരുപത്തിനാലു മണിക്കൂറും പുസ്തകവും കക്ഷത്തില്‍ വച്ചുനടന്നാല്‍ ആര്‍ക്ക് ജയിക്കാന്‍ പറ്റില്ല' എന്നൊക്കെ പുച്ഛവും. പണ്ട് ടിവിയൊക്കെ വരുന്നതിനും ക്രിക്കറ്റ് കളി ജനകീയമാകുന്നതിനുമൊക്കെ മുമ്പ് ക്രിക്കറ്റ് പ്രേമികള്‍ ട്രാന്‍സിസ്റ്റര്‍ ചെവിയില്‍ ചേര്‍ത്തുനടക്കും. സ്കോറൊക്കെ അറിയാന്‍. അന്ന് ഭൂരിപക്ഷംപേര്‍ക്കും കളി അറിയില്ല. അപ്പോള്‍ നമ്മള്‍ അവരെക്കുറിച്ച് പറയും 'പ്രാന്ത്, ചുമ്മാ ജാട'.

ലീകോക്ക് കഥ

ഇംഗ്ളീഷ് സാഹിത്യകാരനായ സ്റ്റീഫന്‍ ലീകോക്കിന്റെ ഒരു കഥ. പ്രശസ്ത മാന്ത്രികന്‍ ടൌണ്‍ഹാളില്‍ മാജിക് അവതരിപ്പിക്കുന്നു.  മുന്‍വരിയില്‍ സ്ഥലത്തെ ആസ്ഥാന പുച്ഛിസ്റ്റും. മാന്ത്രികന്‍ ശൂന്യതയില്‍നിന്ന് പ്രാവിനെ വരുത്തുമ്പോള്‍ ഇയാള്‍ അല്‍പ്പമുറക്കെത്തന്നെ പറയും. "അയാളുടെ കോട്ടിനുള്ളില്‍ പ്രാവുണ്ടായിരുന്നു.'' പെണ്‍കുട്ടിയെ അപ്രത്യക്ഷയാക്കുമ്പോള്‍ പറയും, "നേര്‍ത്ത കര്‍ട്ടന്‍ വന്നുവീണു''. മാന്ത്രികന് ക്ഷമകെട്ടു. "ഞാനിനി ഒരു പ്രധാന ഐറ്റം അവതരിപ്പിക്കാന്‍ പോകുകയാണ്. ആരെങ്കിലും ഒരു വാച്ച് തരാമോ''. കേള്‍ക്കാത്ത താമസം പുച്ഛിസ്റ്റ് വാച്ചഴിച്ചുനല്‍കി "സഹോദരാ ഞാനിതിനെ അടിച്ചുപൊട്ടിച്ചോട്ടെ. പക്ഷേ തിരികെ കിട്ടില്ല''. എന്തോ പുതിയ ടെക്നിക്കാണെന്നും തനിക്ക് ആളാകാനുള്ള അവസരമാണെന്നും ധരിച്ച് "ആയിക്കോട്ടെ'' എന്ന് ചങ്ങാതി സമ്മതിക്കുന്നു. "വാച്ച് തിരികെ കിട്ടില്ല'' എന്ന് മാന്ത്രികന്‍ വീണ്ടും. ഞാനിതെത്ര കണ്ടു എന്നമട്ടില്‍ "സമ്മതിച്ചു'' എന്ന് പുച്ഛിസ്റ്റ്. മാന്ത്രികന്‍ ഒരു ചുറ്റിക എടുക്കുന്നു. വാച്ച് അടിച്ചുപൊട്ടിച്ച് ഭസ്മമാക്കുന്നു. ഇതോടെ ഇന്നത്തെ ഷോ അവസാനിക്കുന്നു എന്നു പറഞ്ഞ് സ്ഥലവും വിട്ടു.

krishnapoojappura@gmail.com

പ്രധാന വാർത്തകൾ
Top