Top
18
Monday, December 2017
About UsE-Paper

വേലിക്കപ്പുറത്തെ കത്തി

Sunday Dec 3, 2017
കെ ഗിരീഷ്
ചൂട്ട് എന്ന നാടകത്തില്‍നിന്ന്

എല്ലാം എക്കാലത്തും ഒരുപോലെ ഒഴുകില്ല. ശാന്തമായി ഒഴുകാന്‍ നദിയെ എന്നും വെറുതെവിടില്ല എന്നതുതന്നെയാണ് ശരി. ഒരു നാടിന്റെ ഗതിയും ഇതുതന്നെയാണ്. അതിന്റെ സ്വസ്ഥതയും സ്വച്ഛതയും എക്കാലത്തും ഒരുപോലെ തുടരാന്‍ അനുവദിക്കില്ല. എല്ലാ നാടിനും അത്തരം കഥകളുണ്ട്. കുടിവെള്ളത്തില്‍പോലും കയ്പ് കലര്‍ത്തുകയും ഭൂമിയുടെ അതിരുകള്‍ക്ക് മതത്തിന്റെ നിറം തേയ്ക്കുകയും അതിനുള്ളില്‍നിന്ന് പരസ്പരം വെട്ടിവീഴ്ത്താന്‍ ആയുധം മൂര്‍ച്ഛകൂട്ടുകയും ചെയ്യുന്നു. ഇത്തരം ഘട്ടങ്ങളിലൊക്കെ പോയകാലത്തെ ഓര്‍മിപ്പിക്കാന്‍ പഴയ മനുഷ്യരുടെ ആത്മാക്കള്‍ ഉയര്‍ന്നുവരേണ്ടിവരുന്നു. കോഴിക്കോട് കാക്കൂര്‍ തിയറ്റര്‍ വിങ്സ് അവതരിപ്പിക്കുന്ന നാടകം 'ചൂട്ട്' പറയുന്നത് സമകാലീന ജീവിതരാഷ്ട്രീയമാണ്.

അനില്‍ പി സി പാലംഅനില്‍ പി സി പാലം
ഷിബു മുത്താറ്റ്ഷിബു മുത്താറ്റ്
ഒരു കിണറ്റില്‍നിന്ന് കുടിവെള്ളം പങ്കിടുന്നവരാണ് നബീസയുടെയും ദമയന്തിയുടെയും കുടുംബം. രക്തസാക്ഷി പോക്കറുടെ ഭാര്യ നബീസ മകന്‍ നാടകക്കാരനായ റഫീഖ്. അയല്‍ക്കാരി ദമയന്തി, ഭര്‍ത്താവ് മദ്യപനും ഹിന്ദുത്വത്തില്‍ അഭിമാനിക്കുന്നവനുമായ കണാരന്‍. മകന്‍ സന്തോഷ്. ഹിന്ദുതീവ്രവാദിയായ ഉല്‍പ്പലാക്ഷന്റെ പ്രേരണയാല്‍ നാടകവേദിയില്‍വച്ച് സന്തോഷ് റഫീഖിനെ കുത്തിക്കൊന്ന് നാടുവിടുന്നു. കണാരന്‍ പൊതു കിണര്‍ പൊളിച്ചുമാറ്റാനും വീടുകള്‍ തമ്മില്‍ വേലികെട്ടി തിരിക്കാനും ശ്രമിക്കുന്നു. മരിച്ചുപോയ അയാളുടെ അച്ഛന്‍ രാരിച്ചക്കുട്ടിയുടെ പ്രേതം കിണറില്‍നിന്ന് പ്രത്യക്ഷപ്പെട്ട് നാടിന്റെ ചരിത്രം പറയുന്നതോടെ കണാരന് മാനസാന്തരമുണ്ടാകുന്നു. അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രം ശക്തമാകുമ്പോള്‍ മീന്‍കച്ചവടം നിര്‍ത്തി ചാണകപ്പൊടിയും ഗോമൂത്രരസായനവും വില്‍പ്പന നടത്തുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയുടെ റെപ്രസെന്റേറ്റീവായി മാറുന്ന മീന്‍കച്ചവടക്കാരന്‍ അബു, മുസ്ളിം വികാരം ആളിക്കത്തിച്ച് നാട്ടില്‍ കലാപമുണ്ടാക്കുന്ന മായിന്‍ ഉസ്താദ്. നാടകത്തിലുടനീളം പ്രത്യക്ഷപ്പെട്ട് വിപല്‍ സന്ദേശങ്ങള്‍ വിളിച്ചുപറയുന്ന ഭ്രാന്തന്‍ വാസു എന്നീ കഥാപാത്രങ്ങളും ചേര്‍ന്ന് സമകാലീനജീവിതത്തിന്റെ രേഖാചിത്രങ്ങള്‍ നാടകം വരയ്ക്കുന്നു.

നോട്ട് നിരോധനം, പശുരാഷ്ട്രീയം, ആള്‍ദൈവങ്ങള്‍, ആത്മീയവ്യവസായം, കപടദേശീയത, എഴുത്തുകാര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍, ജിഎസ്ടി, ഗാന്ധിമുതല്‍ ഗൌരിവരെയുള്ള കൊലപാതകങ്ങള്‍ എന്നിവയും നാടകം ചര്‍ച്ച ചെയ്യുന്നുണ്ട്.

റിയലിസ്റ്റിക് ഭാഷയില്‍ പറഞ്ഞുപോയിട്ടുള്ള നാടകം നേരിട്ട് പ്രേക്ഷകനുമായി സംവദിക്കുന്നു. ഷിബു മുത്താറ്റാണ് നാടകരചന. അനില്‍ പി സി പാലവും ഷിബുവും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

ഗാനരചന: വി ടി ഷൈജു. സംഗീതം: സുനില്‍ തിരുവണ്ണൂര്‍.ആലാപനം: ദീപ ഉദയന്‍, സുനില്‍ തിരുവണ്ണൂര്‍. പശ്ചാത്തല സംഗീതം: മനു കൊയിലാണ്ടി. ദീപവിതാനം: മനോജ്. രംഗസജ്ജീകരണം: ശ്രീജിത്, കൃഷ്ണദാസ്. ചമയം, വസ്ത്രാലങ്കാരം: ജീവന്‍രാജ്. കല, സഹസംവിധാനം: നിധീഷ് പൂക്കാട്.

ഗീത പാവണ്ടൂര്‍, ബിന്ദു കൃഷ്ണദാസ്, കെ കെ ഷാജി, കെ വി കാക്കൂര്‍, ഉമേഷ് ഈന്താട്, കൃഷ്ണന്‍കുട്ടി കൂളിയേരി, കെ വി മുരളീധരന്‍, ഷിനോജ്, സുനില്‍കുമാര്‍, വി സി അരവിന്ദാക്ഷന്‍, ബിജു കരുവണ്ണൂര്‍ എന്നിവരാണ് അരങ്ങില്‍.

girish.natika@gmail.com