16 October Tuesday

പൈപ്പിന്‍ചുവട്ടിലെ വിശേഷങ്ങള്‍

സി അജിത്Updated: Sunday Dec 3, 2017

പൈപ്പിന്‍ചുവട്ടിലെ പ്രണയത്തില്‍ നീരജ് മാധവും റേബ മോണിക്ക ജോണും

"കാണാന്‍ ഗ്ളാമര്‍ അല്‍പ്പം കുറഞ്ഞാലും വലിയ സമ്പത്തൊന്നും ഇല്ലെങ്കിലും വീട്ടില്‍ ആവശ്യത്തിന് കുടിവെള്ളം കിട്ടുന്ന പൈപ്പ് കണക്ഷനുള്ള പയ്യന് ഞാനെന്റെ പെണ്ണിനെ കെട്ടിച്ചുവിട്ടോളം.'' വിവാഹാലോചനയുമായി വീട്ടിലെത്തുന്ന നായകനോട് നീ നല്ല പയ്യന്‍തന്നെയെന്ന് സമ്മതിച്ചശേഷം നായികയുടെ അച്ഛന്‍ പറയുന്ന വാക്കാണ് ഇത്. പണ്ടാരത്തുരുത്തില്‍ ജാതിയും മതവും സമ്പത്തും സ്വഭാവ സര്‍ട്ടിഫിക്കറ്റുമൊന്നും ചര്‍ച്ചാവിഷയമേ അല്ല. കുടിവെള്ളംമാത്രമാണ് അവരുടെ പ്രശ്നം. 'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' കേവലം പ്രണയത്തില്‍മാത്രം ചുറ്റിത്തിരിയുന്ന ഒന്നല്ല. ഒരു ദേശത്തിന്റെ വേദനയിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്. ഒരു ഡോക്യുമെന്ററിയായിമാത്രം ചിന്തിക്കാനാകുന്ന പ്രമേയത്തെ സിനിമയെന്ന വിശാലതയിലേക്ക് വികസിപ്പിച്ച നവാഗത സംവിധായകന്‍ ഡോമിന്‍ ഡിസില്‍വ കൈയടി അര്‍ഹിക്കുന്നു. തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന്റെ വിശേഷങ്ങളുമായി ഡോമിന്‍.

കഥ വന്ന വഴി

ഈ സിനിമയ്ക്ക് പശ്ചാത്തലമായ പ്രദേശം എറണാകുളം ഹൈക്കോടതി ജങ്ഷനില്‍നിന്ന് അഞ്ച് മിനിറ്റിനകം സഞ്ചരിച്ചെത്താവുന്ന താന്തോണിത്തുരുത്താണ്. ചിത്രത്തില്‍ പണ്ടാരത്തുരുത്തെന്ന പേരിലാണ് പ്രദേശത്തെ അവതരിപ്പിച്ചത്. നാലുവര്‍ഷംമുന്നേ ഒരു സുഹൃത്തിനൊപ്പം ഈ തുരുത്തിലേക്ക് പോകാന്‍ അവസരം ഉണ്ടായി. ഇവിടത്തെ ചില കാഴ്ചകള്‍ എന്നില്‍ കൌതുകം ഉണര്‍ത്തി; അതോടൊപ്പം ആശങ്കയും. പൈപ്പിന്‍ ചുവട്ടിലെ കാത്തുനില്‍പ്പിനിടെ പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്ത ഒന്നുരണ്ടുപേര്‍ ഈ തുരുത്തിലുണ്ട്. ഇവരെ കാണുകയും അവരുടെ അനുഭവങ്ങള്‍ കേട്ടറിയുകയും ചെയ്തതില്‍നിന്നാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ആശയം ഉണ്ടാകുന്നത്.

പ്രണയത്തിലൂടെ കഥ പറച്ചില്‍

വിവിധ കോണുകളില്‍നിന്നുള്ള മൂന്ന് പ്രണയത്തിലൂടെയാണ് ഗൌരവമേറിയ ഒരു പ്രമേയം അവതരിപ്പിച്ചത്. പറയാനുള്ള കാര്യം ജനങ്ങള്‍ക്ക് എളുപ്പം മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ചിത്രത്തില്‍ വെള്ളത്തെക്കുറിച്ചാണ് പറയുന്നത് എന്നതുകൊണ്ടുതന്നെ ഓരോ സീനിലും വെള്ളം കടന്നുവരുന്നുണ്ട്. ഇത് ബോധപൂര്‍വം ചെയ്ത പരീക്ഷണമാണ്. ഏതാണ്ട് 15 വയസ്സുള്ള മാളുവെന്ന പെണ്‍കുട്ടിയുടെ വെളുപ്പ് പൈപ്പ് വെള്ളത്തില്‍ കുളിച്ചതുകൊണ്ടാണെന്ന് അന്നാട്ടിലെ ഒരുകൂട്ടം പയ്യന്മാര്‍ വിശ്വസിക്കുന്നു. ജലദൌര്‍ലഭ്യത്തില്‍നിന്നുള്ള അവരുടെ തോന്നലുകള്‍. വെള്ളമില്ലാത്ത തുരുത്തിലേക്ക് സ്വന്തം മക്കളെ വിവാഹം ചെയ്ത് കൊടുക്കാന്‍ മടിക്കുന്നവരും വെള്ളമില്ലാത്തതിന്റെ പേരില്‍ വീട് വിറ്റ് പോകുന്നവരുമെല്ലാം പണ്ടാരത്തുരുത്തിലുണ്ട്. ഒരു നൂലുപോലെ വെള്ളമൊഴുകുന്ന പൈപ്പിന്റെ ചുവട്ടിലെ നീണ്ട വരിയും ഇവിടത്തെ ഇണക്കവും പിണക്കവും ഒക്കെ തുരുത്തിലെ നിത്യസംഭവങ്ങള്‍. ഒരു പൊതുപ്രശ്നവും പ്രതിസന്ധിയും കടന്നുവരുമ്പോള്‍ ജാതിയും മതവും സമ്പത്തുമൊന്നും പ്രശ്നമാകില്ലെന്ന ഒരു രാഷ്ട്രീയംകൂടി പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ജനങ്ങളുടെ കൂട്ടായ്മയും ഒന്നിച്ചുള്ള പ്രതിരോധങ്ങളും സമരങ്ങളുമെല്ലാം സിനിമയില്‍ വിഷയമാകുന്നുണ്ട്. തുരുത്തിലെ ജീവിതത്തെക്കുറിച്ച് ഒന്നരവര്‍ഷത്തോളം പഠിച്ചശേഷമാണ് സിനിമ ചെയ്തത്. ഇടയ്ക്കിടെ തുരുത്ത് സന്ദര്‍ശിക്കുകയും തദ്ദേശീയരുമായി ആശയവിനിമയം നടത്തുകയും ചെയ്താണ് അവരുടെ ജീവിതചുറ്റുപാടും ശൈലിയും പഠിച്ചത്. കഥാപാത്രങ്ങളുടെ വസ്ത്രധാരണരീതിയിലും സംസാരശൈലിയിലും മറ്റും തനിമ നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

കാസ്റ്റിങ്

ഈ ചിത്രത്തില്‍ മെഗാതാരങ്ങളെ നായികാനായകന്മാരാക്കുക സാധ്യമായിരുന്നില്ല. ചിത്രത്തിന്റെ പ്രമേയവും പശ്ചാത്തലവും ആവശ്യപ്പെട്ടിരുന്നത് നമുക്കിടയില്‍ത്തന്നെയുള്ള ഒരു സാധാരണക്കാരനെയാണ്. അങ്ങനെയാണ് നീരജിലെത്തിയത്. സിനിമയില്‍ നൃത്തത്തിന് സുപ്രധാന സ്ഥാനമുണ്ട് എന്നതും നീരജിനെ തെരഞ്ഞെടുക്കാന്‍ കാരണമായി. ഓഡിഷന്‍ നടത്തി ആയിരത്തോളം പേരില്‍നിന്നാണ് നായിക കഥാപാത്രത്തിന് റേബ മോണിക്ക ജോണിനെ തെരഞ്ഞെടുത്തത്. ചിത്രത്തിലെ കുട്ടികളുടെ കഥാപാത്രത്തിനുവേണ്ടിയും ഏകദേശം 1500 പേര്‍ പങ്കെടുത്ത ഓഡിഷന്‍ നടത്തി. ചാനല്‍ റിയാലിറ്റി ഷോയിലും മറ്റും പങ്കെടുത്ത് പ്രതിഭ തെളിയിച്ച ചിലരെയാണ് എടുത്തത്. പാലക്കാട്ടുകാരായ കുട്ടികളെ തുരുത്തിലുള്ളവരുടെ രൂപത്തിലേക്ക് മാറ്റിയെടുക്കുകയായിരുന്നു. ഇതിനുവേണ്ടി ഇവര്‍ മുടി നീട്ടിവളര്‍ത്തി. അജു വര്‍ഗീസ്, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും നിര്‍ണായക റോളില്‍ എത്തുന്നുണ്ട്.

ഒരു കൊച്ചു സിനിമ

ഡോമിന്‍ ഡിസില്‍വ

ഡോമിന്‍ ഡിസില്‍വ

ഏകദേശം 45 നിര്‍മാതാക്കളോട് ഞാന്‍ ഈ കഥ പറഞ്ഞിട്ടുണ്ട്. എന്നാല്‍, താരനിരയില്ലാതെ സിനിമ ചെയ്യാന്‍ ആരും സന്നദ്ധരായില്ല. വിജയകുമാര്‍ പാലക്കുന്നിനോട് പ്രമേയം വിശദീകരിച്ചപ്പോള്‍ത്തന്നെ സിനിമ ചെയ്യാന്‍ സന്നദ്ധനായി. വലിയ കോലാഹലങ്ങളൊന്നുമില്ലാതെ ചെറുബജറ്റിലായിരുന്നു സിനിമ. അവസാനം നൃത്തത്തിന്റെ സീന്‍ ഒഴികെയുള്ളവ സൂര്യവെളിച്ചത്തിലാണ്ചിത്രീകരിച്ചത്. പരമാവധി റിയലിസ്റ്റിക് ആക്കാനുള്ള ശ്രമവും നടത്തി. സിനിമയുടെ ഇടവേളയ്ക്ക് തൊട്ടുമുമ്പ് നായകന്‍ നായികയ്ക്ക് പിറന്നാള്‍ ആശംസിക്കുന്ന ഒരു രംഗമുണ്ട്. ഒരുപാട് പ്രശംസ ലഭിച്ച സീനാണിത്. പലരും അത് ഗ്രാഫിക്സാണെന്ന സംശയം ഉന്നയിച്ചു. എന്നാല്‍, അത് യഥാര്‍ഥത്തില്‍ ചിത്രീകരിച്ചതാണ്. 'ഹാപ്പി ബര്‍ത്ഡേ' എന്ന് ഫ്രെയിം ഉണ്ടാക്കി അതില്‍ തുണികെട്ടി. പിന്നീട് ബോട്ടില്‍ ക്രെയിന്‍ കയറ്റി ഫ്രെയിം ഉയര്‍ത്തി തീ കത്തിച്ചാണ് ആ രംഗം ചിത്രീകരിച്ചത്. ചിത്രീകരണത്തിന് മൂന്നുദിവസം വേണ്ടിവന്നു.

പ്രമേയത്തിന്റെ പ്രസക്തി

ജലക്ഷാമം എന്നത് ഒരു തുരുത്തിലെമാത്രം പ്രശ്നമല്ല. കേരളത്തിലെ ഇത്തരത്തിലുള്ള നൂറുകണക്കിനു തുരുത്തുകളെ പ്രതിനിധാനംചെയ്യുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. നാലുചുറ്റും വെള്ളം കെട്ടിക്കിടക്കുമ്പോഴും ഇവിടത്തുകാര്‍ ഒരുതുള്ളി വെള്ളത്തിനായി നെട്ടോട്ടമോടുന്നുവെന്നത് ദുഃഖകരമാണ്. കൊച്ചിയിലാണെങ്കില്‍ ജലാശയങ്ങള്‍ വിഷമയമായി മാറിയിരിക്കുകയാണ്. ഇവിടെ വൃക്കരോഗികളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുന്നതായി സിനിമയ്ക്കായി നടത്തിയ പഠനത്തില്‍ വ്യക്തമായി. സിനിമയുടെ പ്രമേയം മുഖ്യമന്ത്രിയെ കണ്ട് വിശദീകരിച്ചു. അദ്ദേഹം ഞങ്ങളെ അഭിനന്ദിച്ചു. പറ്റുമെങ്കില്‍ സിനിമ കാണുമെന്നും പറഞ്ഞു.

സിനിമയുമായി മുന്നോട്ട്

എറണാകുളം ബോള്‍ഗാട്ടിയിലാണ് എന്റെ വീട്. കുട്ടിക്കാലംമുതല്‍തന്നെ സിനിമയോട് താല്‍പ്പര്യമുണ്ടായിരുന്നു. പിന്നീട് സിനിമ കോഴ്സ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് ദുബായില്‍ പരസ്യ കമ്പനിയില്‍ ജോലി ചെയ്തു. പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന് സാഹചര്യം ഒത്തപ്പോള്‍ സിനിമ ചെയ്തു. സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് പുറത്തുവരുന്നതെന്നത്് സന്തോഷം നല്‍കുന്നുണ്ട്. പുതിയ രണ്ട് സിനിമയുടെ ആലോചന നടക്കുകയാണ്. പൈപ്പിന്‍ ചുവട്ടില്‍നിന്ന് തികച്ചും വ്യത്യസ്തമായി മുഴുനീള എന്റര്‍ടൈനറായിരിക്കും അടുത്ത ചിത്രങ്ങള്‍.

ajithdesh@gmail.com

പ്രധാന വാർത്തകൾ
Top