Top
18
Monday, December 2017
About UsE-Paper

ജൈവചിത്രങ്ങള്‍

Sunday Dec 3, 2017
എം എസ് അശോകന്‍
സുരേഷ് മുതുകുളം വരച്ച ചിത്രം

സവിശേഷമായ ശൈലിയും ആവിഷ്കാരവും ആസ്വാദകരുമായി പങ്കുവച്ചാണ് സുരേഷ് മുതുകുളത്തിന്റെ ആദ്യ ഏകാംഗ ചിത്രപ്രദര്‍ശനം കൊച്ചിയില്‍ സമാപിച്ചത്. ചുമര്‍ചിത്രശൈലിയിലുള്ള ചിത്രങ്ങളുടെ ആവിഷ്കാരത്തെ സാധൂകരിക്കുംവിധം ആലപ്പുഴയിലെ മുതുകുളം സ്വദേശിയായ സുരേഷിന്റെ ചിത്രപ്രദര്‍ശനത്തിന് മുതുകുളം എന്നാണ് പേരിട്ടിരുന്നത്. ജൈവകടലാസായ റൈസ് പേപ്പറില്‍ സ്വയം നിര്‍മിച്ച പ്രകൃതിദത്ത നിറങ്ങള്‍ ചാലിച്ച് വരച്ച ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിലുണ്ടായിരുന്നത് എന്നത് മറ്റൊരു സവിശേഷത.

ആലപ്പുഴ വാസ്തുവിദ്യാ ഗുരുകുലത്തിലെ ചുമര്‍ചിത്ര പഠന വിഭാഗത്തിന്റെ തലവനായ സുരേഷ് മുതുകുളം മാവേലിക്കര ഫൈനാര്‍ട്സ് സ്കൂളില്‍നിന്ന് ചിത്രകല അഭ്യസിച്ചശേഷം ഗുരുവായൂര്‍ ക്ഷേത്രകലാപീഠത്തില്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായരുടെ കീഴില്‍ ചുമര്‍ചിത്രരചന അഭ്യസിച്ചു. കേരളീയ പാരമ്പര്യ ചിത്രകലയായ ചുമര്‍ ചിത്രശൈലി പിന്തുടരുമ്പോള്‍ത്തന്നെ സമകാലികമായി അതിനെ ഉപയോഗപ്പെടുത്തിയുള്ള രചനാരീതിയാണ് സുരേഷ് കൈക്കൊണ്ടത്. നിറങ്ങളുടെ ഉപയോഗത്തില്‍ പരമ്പരാഗത ചിട്ടകളെ വലിയൊരളവില്‍ പിന്തുടര്‍ന്നതോടൊപ്പം രചനാ സങ്കേതങ്ങളെയും പിന്‍പറ്റിനിന്നെങ്കിലും പ്രമേയ സ്വീകരണത്തിലും ആവിഷ്കാരത്തിലും തന്റേതായ രീതികള്‍ കണ്ടെത്താനും ശക്തമായി അതിനെ ആസ്വാദകര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും സുരേഷിന് കഴിഞ്ഞു. ചുമര്‍ചിത്രങ്ങളില്‍ കണ്ടു പരിചയിച്ച നിറങ്ങളുടെ വിന്യാസം അത്തരം ചിത്രങ്ങളില്‍ സന്നിവേശിപ്പിച്ചെങ്കിലും ചുമര്‍ചിത്രങ്ങളിലെ ആവര്‍ത്തനങ്ങളായി കണ്ടിരുന്ന ചുരുളുകളെയും അലങ്കാരങ്ങളെയും അര്‍ഥതലങ്ങളുള്ള വര്‍ണ അടരുകളോ പാളികളോ ആയി അവതരിപ്പിക്കാന്‍ ശ്രദ്ധിച്ചു. പുരാണങ്ങളില്‍നിന്നുള്ള ഇതിവൃത്തങ്ങളോ മുഹൂര്‍ത്തങ്ങളോ ആണ് പരമ്പരാഗതമായി ചുമര്‍ചിത്രരചനയ്ക്ക് പ്രമേയമാകാറുള്ളത്. പുതിയ ചിത്രകാരന്മാരില്‍ ഏറെപ്പേരും ആ നിലയില്‍ തുടരുന്നവരുമാണ്. എന്നാല്‍, സുരേഷിന്റെ രീതി പ്രമേയപരമായും പുതുമ ചാലിച്ചതാണ്. പുരാണങ്ങളെയും മിത്തുകളെയും സമകാലിക ഇമേജുകളും രൂപങ്ങളുമായി സംയോജിപ്പിച്ച് ആവിഷ്കാരത്തിലും ആസ്വാദനത്തിലും ആധുനികമായ രുചി കൊണ്ടുവരാന്‍ സുരേഷിന് കഴിയുന്നു.

സുരേഷ് മുതുകുളംസുരേഷ് മുതുകുളം
മുതുകുളം പ്രദര്‍ശനത്തിലെ ഏറ്റവും പുതിയ രചനകള്‍ സുരേഷിന്റെ രചനാപരമായ മൌലികതയും ഔന്നത്യവും കൂടുതല്‍ അടയാളപ്പെടുത്തുന്നു. വിദേശത്തുനിന്ന് വരുത്തിയ മുന്തിയ ഗുണമേന്മയുള്ള റൈസ് പേപ്പറിലെ രചന ക്യാന്‍വാസിലേതിനേക്കാള്‍ ആയാസം നിറഞ്ഞതാണ്. സ്വയം ചാലിച്ചെടുത്ത പ്രകൃതിദത്ത വര്‍ണങ്ങളിലൂടെമാത്രമുള്ള രചനാസഞ്ചാരം അതിനേക്കാള്‍ ആയാസം നിറഞ്ഞതെങ്കിലും മുതുകുളം പ്രദര്‍ശനത്തിലെ ചിത്രങ്ങളോരോന്നും വ്യത്യസ്തവും കൈയൊപ്പോടുകൂടിയതുമാക്കാന്‍ സുരേഷിന് കഴിഞ്ഞു. തികച്ചും പ്രാദേശികമായ ചരിത്രവും മിത്തുകളും നിസ്വജനവിഭാഗങ്ങളുടെ ജീവിതചിത്രങ്ങളുമാണ് ഈ കടലാസുകളില്‍ സുരേഷ് ചുമര്‍ചിത്രശൈലിയില്‍ കോറിയത്.

സുരേഷിന്റെ ചിത്രങ്ങള്‍ വിലപിടിപ്പുള്ള സ്വകാര്യശേഖരങ്ങളുടെയെല്ലാം ഭാഗമായിട്ടുണ്ട്്. ചുമര്‍ചിത്ര ശൈലിയില്‍ രചിച്ച അന്ത്യ അത്താഴം കേരള സര്‍ക്കാരിന്റെ സംഭാവനയായി വത്തിക്കാന്‍ മ്യൂസിയത്തിലുണ്ട്. മുംബൈ എയര്‍പോര്‍ട്ടില്‍ സുരേഷ് വരച്ച ചുമര്‍ചിത്രം വലുപ്പംകൊണ്ടും വര്‍ണഭംഗിയാലും ആസ്വാദകരെ ആകര്‍ഷിക്കുന്നു. ടി2 അന്താരാഷ്ട്ര ടെര്‍മിനലില്‍ 17 അടി വലുപ്പത്തിലാണ് ഇത് പൂര്‍ത്തിയാക്കിയത്. ഡല്‍ഹിയിലെ ഗാന്ധി മ്യൂസിയത്തില്‍ സുരേഷ് വരച്ച ദണ്ഡിമാര്‍ച്ചിന്റെ ചിത്രം സൂക്ഷിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമായി വിവിധ രചനാക്യാമ്പുകളിലും പ്രമുഖ ഗ്യാലറികളിലെ പ്രദര്‍ശനത്തിലും സുരേഷ് പങ്കെടുത്തിട്ടുണ്ട്.

msasokms@gmail.com