24 September Monday

മഹാമാരിയുടെ വിത്തുകൾ

കെ ഗിരീഷ്Updated: Sunday Oct 1, 2017

മാപ്പിളത്തെയ്യം എന്ന നാടകത്തിൽനിന്ന്‌

ആഴത്തിലൊരു വേരുപോലുമില്ലാതെ പടർന്നുനിൽക്കുന്ന മരം പോലെ ഏതു നിമിഷവും നാശംവിതച്ച് മറിഞ്ഞുവീഴാവുന്ന ഒന്നാണ് മനുഷ്യർക്കുള്ളിലെ മതചിന്ത. സ്വാസ്ഥ്യത്തിൽനിന്ന് പകയിലേക്കും വെറുപ്പിലേക്കും അതിങ്ങനെ വഴുതിപ്പോകാനും സർവതും ശിഥിലമാക്കാനും ഏറെനേരം വേണ്ട. ദുർബലമനസ്സുകളുടെ ശുഷ്‌കഭൂമിയിലേക്ക് മഹാമാരിയുടെ വിത്തെറിയാൻ ഏറെ സുഗമമാണ്. ശുഷ്‌കമനസ്സെന്ന അശ്ലീലത്തിനു മുകളിലാണ് സ്വാർഥതയുടെയും സദാചാരത്തിന്റെയും മുൾവിത്തുകൾ വിതയ്ക്കപ്പെടുന്നത്. അതിങ്ങനെ പടർന്നുകയറി നന്മയുടെ, സ്‌നേഹത്തിന്റെ എല്ലാ പൂങ്കാവനങ്ങളെയും ഒടുക്കുന്നു.
ഈ സന്ദേശത്തെ ഗ്രാമീണ നിഷ്‌കളങ്കതയുടെയും നന്മയുടെയും  അന്തരീക്ഷത്തിൽ പറയുകയാണ് കാവൽസ് കണ്ടോത്ത്, പയ്യന്നൂർ അവതരിപ്പിക്കുന്ന നാടകം ‘മാപ്പിളത്തെയ്യം'
വടക്കൻ മലബാറിലെ ഒരു മിത്തിനെ ആധാരമാക്കി സമകാലീന ജീവിതത്തിന്റെയും സമൂഹത്തിന്റെയും അപകടമനസ്സിലേക്ക് സഞ്ചരിക്കുകയാണ് നാടകം. പുളിങ്ങോത്തെ കമ്പല്ലൂർ കോട്ട തറവാട്ടിൽ കെട്ടിയാടുന്ന മാപ്പിളതെയ്യത്തിന്റെ അവസാന ഭാഗങ്ങളിലൂടെയാണ് നാടകം സമകാലീനാവസ്ഥയിലേക്ക് പ്രവേശിക്കുന്നത്. മാപ്പിളതെയ്യത്തിന്റെ മിത്തിനു പിന്നിലും കോട്ടയിൽ തറവാടിന്റെ ചരിത്രത്തിനു പിന്നിലും വലിയ മനുഷ്യസ്‌നേഹത്തിന്റെ, മതാതീത മനുഷ്യത്വത്തിന്റെ കഥയുണ്ട്. രാമനും മമ്മദും തൊമ്മിക്കുഞ്ഞും അടങ്ങുന്ന സമൂഹത്തിന്റെ കഥയാണത്. അതൊരു കാലത്തിന്റെ ചിത്രമാണ്. നാട്ടുനന്മയുടെ നക്ഷത്രത്തിളക്കമാണ്. എന്നാൽ, മമ്മദിന് സർക്കാർ നൽകുന്ന വീടാണ് പ്രശ്‌നത്തിന് വളമിടുന്നത്. രാമന് മമ്മദിനോടുള്ള പക ഊതിവളർത്തുന്നത് മറ്റു ചിലരാണ്. അത് കലാപത്തിലേക്ക് സഞ്ചരിക്കുന്നതും ഒടുവിൽ തിരിച്ചറിവിലേക്കുള്ള യാത്രയുമൊക്കെയാണ് നാടകം.
വൈകാരികമുഹൂർത്തങ്ങളുടെ സമൃദ്ധിയാണ് നാടകത്തിന്റെ പ്രത്യേകത. വളരെ സൂക്ഷ്മതയോെടതന്നെ അത് നിലനിർത്താൻ നാടകത്തിനായിട്ടുണ്ട്. ലളിതമാണ് നാടകത്തിന്റെ ഭാഷയും രംഗഭാഷയും. യഥാതഥ നാടകത്തിന്റെ തെളിമയും വികാരവും എല്ലാ ഘടകങ്ങളിലും നിലനിർത്താൻ നാടകത്തിനായി എന്നതാണ് മികവ്.

പ്രമോദ് കണ്ടോത്ത്

പ്രമോദ് കണ്ടോത്ത്

ബിജു കുട്ടംപുറത്ത് രചിച്ച നാടകത്തിന് പ്രമോദ് കണ്ടോത്ത് സംവിധാനം നിർവഹിച്ചു. സംഗീതം: പ്രദീപ് മണ്ടൂർ. വെളിച്ചം: വത്സരാജ് തൃക്കരിപ്പൂർ. സംഗീത നിയന്ത്രണം: രാജേഷ് ബാബു. ചമയം: രഞ്ജിത് കാങ്കോൽ.
പ്രവീണ കാങ്കോൽ, രഞ്ജിത് പടോളി, മുരളീധരൻ, അനീഷ്, ശശിധരൻ, സുരേഷ്, എൻ കെ ചന്ദ്രൻ, ബിജു കുട്ടംപുറത്ത്, ശലഭ പ്രമോദ്, ഭാവന പ്രമോദ്, കാശ്മീര സന്തോഷ്, ഒലീവ് ട്രീസ ബിജു, അവന്തികാ രാജേഷ് എന്നിവരാണ് അരങ്ങിൽ.

പ്രധാന വാർത്തകൾ
Top