21 July Saturday

തൊണ്ടിമുതലുമായി ഒന്നാംപ്രതി

ഗിരീഷ് ബാലകൃഷ്ണൻUpdated: Sunday Oct 1, 2017

സജീവ് പാഴൂർ/ ഫോട്ടോ: ജി പ്രമോദ്‌

സജീവ് പാഴൂർ/ ഫോട്ടോ: ജി പ്രമോദ്‌

കഥ പറഞ്ഞ് കഥ പറഞ്ഞാണ് സജീവ് പാഴൂർ തിരക്കഥാകൃത്തായത്. ഡെഡ്‌ലൈൻ സമ്മർദങ്ങളുടെ ഇടവേളകളിൽ, സമാന മനസ്‌കരെ ഒത്തുകിട്ടിയാൽ അവരോടുമാത്രം ആദ്യമായി പറയുന്നുവെന്ന ഭാവത്തിൽ പറഞ്ഞുതുടങ്ങും. ക്യാമറയിലൂടെ കാണുന്ന രൂപത്തിൽ ഷോട്ടുകളായി പിറവിയെടുത്ത കഥകൾ. സഹജമായ സരസതയും നാട്ടിമ്പുറത്തിന്റെ കുസൃതിയും നിറഞ്ഞവ. അങ്ങനെയൊരു തിരക്കഥ ദിലീഷ് പോത്തനോട് പറഞ്ഞതാണ് ഇപ്പോൾ ചരിത്രമായത്. മൂന്നുമാസം പിന്നിട്ടിട്ടും കെട്ടുതാലി വിഴുങ്ങിയ കള്ളനു മുന്നിൽ പൊലീസെന്നപോൽ പ്രേക്ഷകർ തിയറ്ററുകൾക്കു മുന്നിൽ കാത്തിരിക്കുന്നു ടിക്കറ്റ് കിട്ടാൻ. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സജീവ് പാഴൂരിന് ബ്രേക്ക് സമ്മാനിച്ചു. ഇപ്പോൾ കഥ കേൾക്കാൻ മുന്നിലുള്ളത് പത്രക്കാരായ പഴയ സുഹൃത്തുക്കളും ഭാര്യയും മാത്രമല്ല, മലയാളത്തിലെ മുൻനിര നിർമാതാക്കളും സംവിധായകരുമുണ്ട്.
രണ്ടു ദശകത്തിലേറെയായി മാധ്യമപ്രവർത്തകനായ സജീവിനു മുന്നിൽ അവിചാരിതമായി സിനിമ കനിവുകാട്ടിയതല്ല. നീണ്ടകാത്തിരിപ്പും പ്രയത്‌നവും ഇച്ഛാഭംഗങ്ങളും നോവും നിറഞ്ഞകാലം പിന്നിടേണ്ടി വന്നിട്ടുണ്ട്. ഷാജി എൻ കരുണായിരുന്നു സിനിമയിലെ വഴികാട്ടി. അസോസിയറ്റ് സംവിധായകനും തിരക്കഥാകൃത്തും പരസ്യസംവിധായകനുമെല്ലാമായി സിനിമയുടെ പര്യമ്പറത്ത് ഒന്നരദശകത്തിലേറെ അലഞ്ഞു. മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും അന്താരാഷ്ട്രതലങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഷോർട്ട്ഫിലിമുകളുമെല്ലാം മലയാളത്തിൽ സിനിമ ചെയ്യാനിറങ്ങുമ്പോൾ അയോഗ്യതകളാണെന്ന തിരിച്ചറിവുണ്ടായി. സ്വന്തമായി സംവിധാനം ചെയ്യാൻ സജീവ് എഴുതിയ തിരക്കഥയാണ് 'തൊണ്ടിമുതലി'ന്റേത്. തമിഴിലും മലയാളത്തിലും ഒരേസമയം ഇറങ്ങുന്ന സിനിമയായി താരങ്ങളെയടക്കം നിശ്ചയിച്ചശേഷം മുടങ്ങുകയായിരുന്നു. ദിലീഷ് കേൾക്കുംമുമ്പ് മലയാളത്തിലെ പ്രധാന നിർമാതാക്കളെല്ലാം സിനിമയുടെ കഥ കേട്ടിരുന്നു. ദിലീഷ് പോത്തനിലൂടെ സംഭവിച്ചില്ലെങ്കിലും ഈ സിനിമ പിറവിയെടുക്കുമായിരുന്നു, മറ്റൊരു പേരിൽ മറ്റൊരു രൂപത്തിൽ മറ്റൊരു സൗഹൃദകൂട്ടായ്മയിൽ. സജീവ് പാഴൂർ പറഞ്ഞുതുടങ്ങി സ്വന്തം ജീവിതത്തിന്റെയും 'തൊണ്ടിമുതലി'ന്റെയും ഭാഗധേയം നിർണയിച്ച നാടകീയതകളെപ്പറ്റി.

തൊണ്ടിമുതലിനു സംഭവിച്ചത്

നാലുവർഷംമുമ്പാണ് കഥ പിറക്കുന്നത്. ജേർണലിസം പഠനകാലംമുതലുള്ള സുഹൃത്ത് കൃഷ്ണകുമാർ നിർമിക്കാമെന്നേറ്റു. ഉർവശിചേച്ചിയെയാണ് ആദ്യം സമീപിച്ചത്. ആവേശകരമായ പ്രതികരണം. തമിഴിലും മലയാളത്തിലും ഒരേസമയം ചെറിയ സിനിമയായി ഇറക്കാനായിരുന്നു നീക്കം. ഉർവശിചേച്ചിതന്നെ തമിഴ്‌നടൻ തമ്പി രാമയ്യയോട് പറയുന്നു. തമിഴ്നാട്കേരള അതിർത്തിയായിരുന്നു പശ്ചാത്തലമായി നിശ്ചയിച്ചത്. കൂടങ്കുളത്തിനു സമീപത്ത് ഉവരി എന്ന ഗ്രാമത്തിൽ സെറ്റ്‌നിർമാണം തുടങ്ങി. ഉർവശിചേച്ചി, ഇന്ദ്രൻസ്, സുധീർ കരമന, ശ്രീജിത് രവി എന്നിങ്ങനെയാണ് താരനിര. ഷൂട്ടിങ് ആരംഭിക്കുന്നതിന് ആറുദിവസം മുമ്പ് സിനിമയിലെ പ്രധാനതാരം ആശുപത്രിയിലായി. സിനിമ മുടങ്ങി.
ഈ കഥ കുറച്ചുകൂടി വലിയ രീതിയിൽ പറയണം എന്ന ചിന്ത ഞങ്ങൾക്കുണ്ടായി. അങ്ങനെ നിർമാതാക്കൾക്കായുള്ള അലച്ചിലിലായി. അപ്പോഴാണ് യാഥാർഥ്യം മനസ്സിലാക്കിയത്. ഇത്രനാളും 'അവാർഡ് സിനിമ' എന്ന പരികൽപ്പനയുള്ള സിനിമയെടുക്കുന്നവർക്കൊപ്പമായിരുന്നു ഞാൻ. അവാർഡ് പടമാണ് ചെയ്യാൻ പോകുന്നതെന്നാണ് പലരുടെയും മുൻവിധി. കഥ എല്ലാവർക്കും ഇഷ്ടമായി. പക്ഷേ, ആർക്കും എന്നെ വിശ്വാസമില്ല. മനസ്സ് മടുക്കുന്ന അവസരങ്ങളുണ്ടായി.
ഉർവശി, ഇന്ദ്രൻസ്, സുധീർ കരമന, ശ്രീജിത് രവി, അസോസിയറ്റ് സാജൻ, സിനിമയ്‌ക്കൊപ്പം എന്റെ അനുജന്മാരെ പോലെ  ഉണ്ടായിരുന്ന അജേഷ് വേണുഗോപാൽ, അജീഷ് തോമസ് എന്നിവരെല്ലാം നിർമാതാക്കളെ കൊണ്ടുവന്നു. പക്ഷേ, ഒന്നും നടന്നില്ല. ഒടുവിൽ വീണ്ടും പഴയപോലെ ചെറിയ സിനിമയായി എല്ലാവരുംകൂടി പണമിട്ട് സിനിമ ചെയ്യാൻ തീരുമാനിച്ചു. സുഹൃത്തുക്കളെല്ലാംകൂടി പണം കണ്ടെത്താമെന്ന് ഉറച്ചു. സുരഭിയെയും സുധീറിനെയും പ്രധാനവേഷത്തിൽ ആലോചിച്ചു.
അതിനുള്ള ആലോചനകൾക്കിടെ ഉർവശി തിയറ്റഴ്‌സിന്റെ സന്ദീപ് സേനൻ വിളിക്കുന്നു. പണ്ട് ഞങ്ങൾ അദ്ദേഹത്തെയും കണ്ടിരുന്നു. തിരക്കഥമാത്രമായി കൊടുക്കാൻ പറ്റുമോ എന്നാണ് ചോദ്യം. സംവിധായകൻ ദിലീഷ് പോത്തൻ ആണെന്നറിഞ്ഞപ്പോൾത്തന്നെ ഞാൻ എന്റെ സംവിധാനമോഹം ഉപേക്ഷിച്ചു.

പോത്തൻ ചെയ്തത്

ദിലീഷ് പോത്തനൊപ്പം സജീവ് പാഴൂർ

ദിലീഷ് പോത്തനൊപ്പം സജീവ് പാഴൂർ

ഈ കഥയിയിൽ അന്നും ഇന്നും എനിക്ക് കോൺഫിഡൻസ് കുറവ് ഉണ്ടായിരുന്നില്ല. കഥകേട്ടപ്പോൾ നമുക്കു പിടിക്കാം എന്നുമാത്രം പോത്തൻ പറഞ്ഞു. രണ്ടാം സിനിമയ്ക്കായി പോത്തൻ നൂറിലധികം തിരക്കഥ കേട്ടിട്ടിരിക്കുകയാണെന്ന് പിന്നീടാണ് അറിയുന്നത്. കുറച്ചുദിവസം കഴിഞ്ഞ് കാണാൻ ചെന്നപ്പോഴാണ് സിനിമയുടെ പശ്ചാത്തലം കാസർകോട് ആക്കാമെന്ന് പോത്തൻ പറയുന്നത്. ഞാൻ സിനിമയ്ക്കിട്ട പേര് 'പൊന്മുട്ട' എന്നായിരുന്നു. മുറിയിലെ ബോർഡിൽ പോത്തൻ എഴുതിവച്ച തലക്കെട്ട് കാണിച്ചു. 'ഉർവശി തിയറ്റഴ്‌സ് അവതരിപ്പിക്കുന്നു 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും.'
ഞാൻ ചെയ്യാൻ ഉദ്ദേശിച്ച സിനിമ ദിലീഷ് ചെയ്തപ്പോൾ ഇതിവൃത്തത്തിൽ സാരമായ മാറ്റമൊന്നും സംഭവിച്ചില്ല. ഓരോ കഥാഗതിക്കും കൃത്യമായ മുൻഗണനയും രൂപവും ഉണ്ടായിരുന്നു. അതിനെ എല്ലാവരുംചേർന്ന് രസകരമായി മിനുസപ്പെടുത്തിയെടുക്കുകയായിരുന്നു. കഥാപാത്രങ്ങളെ പ്രായംകുറഞ്ഞവരാക്കി. 18 യഥാർഥ പൊലീസുകാരെ കൊണ്ടുവന്നപ്പോഴേക്കും സിനിമ കൂടുതൽ ഒറിജിനലായി. അത്തരം തീരുമാനങ്ങളാണ് ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ ബ്രില്യൻസ്. രണ്ടു സിനിമകൊണ്ടുതന്നെ രാജ്യം ഉറ്റുനോക്കുന്ന സംവിധായകനായി പോത്തൻ മാറിയതും അതുകൊണ്ടാണ്. ഞാനാണ് സംവിധായകനെങ്കിൽ ഈ സിനിമ ഇത്രയും റിയലിസ്റ്റിക്കാകുമായിരുന്നില്ല.

സിനിമാവഴി

ഫിലിംസൊസൈറ്റികളുമായുള്ള ബന്ധം കൊണ്ടെത്തിച്ചത് നാട്ടിൽ ദൂരദർശനുവേണ്ടി പരിപാടികൾ തയ്യാറാക്കുന്ന കൂട്ടായ്മകളിലാണ്. ഷാജിസാറിനെ അന്നുമുതലേ അറിയാം. ദേശാഭിമാനിയിൽ എത്തിയശേഷമാണ് 'അഗ്നിസാക്ഷിയുടെ സാക്ഷി' എന്ന ഡോക്യുമെന്ററി ഒരുക്കുന്നത്. അതിന് ആ വർഷത്തെ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. പിന്നീട് 75 ഡോക്യുമെന്ററിയും അഞ്ച് ഷോർട്ട് ഫിലിമും ചെയ്തു. ചിലത് രാജ്യാന്തരമേളകളിൽ പോയി. ത്രിപുരയിലെ കോങ്ബറോക് ഭാഷയിലെ ആദ്യ പടം 'യാരോങ്ങി'ൽ പങ്കാളിയായി. ഷാജിസാറിന്റെ സംരംഭങ്ങൾക്കെല്ലാം ഒപ്പമുണ്ടായിരുന്നു. 'സ്വപാനം' ആയപ്പോൾ അസോസിയറ്റിന്റെ പണിക്കൊപ്പം തിരക്കഥയിലും സഹകരിക്കാൻ ആവശ്യപ്പെട്ടു. ലെനിൽ രാജേന്ദ്രൻ, സഞ്ജീവ് ശിവൻ, ആർ ശരത് എന്നിവരുടെ വർക്കുകളുമായും സഹകരിച്ചു.
അവാർഡ് സിനിമാക്കാരൻ എന്ന നിഴൽ ഇപ്പോൾ മാറിത്തുടങ്ങി. എവിടെപ്പോയാലും എൻട്രിയുണ്ട്. നാലു സിനിമ ഇപ്പോൾ മുന്നിലുണ്ട്. നാദിർഷ സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന പടിെ തിരക്കഥ പൂർത്തിയാക്കി. 
എന്റെ വർക്കുകളിൽ എൺപതുശതമാനവും ദേശാഭിമാനിയിൽ തുടരവെ ചെയ്തതാണ്. ആ പിന്തുണയിൽനിന്ന് ലഭിക്കുന്ന ഊർജമാണ് മുന്നോട്ട് നയിച്ചത്. ദേശാഭിമാനിയിൽനിന്ന് ദീർഘ അവധിയെടുക്കുമ്പോൾ മുന്നിൽ ശൂന്യതയായിരുന്നു. നാലുവർഷത്തിനുശേഷം സർക്കാർ ജോലി ലഭിച്ചു. ഇപ്പോൾ ടാഗോർ തിയറ്ററിൽ അസിസ്റ്റന്റ് കൾച്ചറൽ ഡെവലപ്‌മെന്റ് ഓഫീസർ.
ഭാര്യ വി എൻ ദീപ ആകാശവാണി നാടകവിഭാഗത്തിൽ താൽക്കാലിക ജീവനക്കാരി. മക്കൾ: ദേവിക എസ് വിശാൽ, ആദിത്യൻ എസ് വിശാൽ.

unnigiri@gmail.com

പ്രധാന വാർത്തകൾ
Top