21 September Friday

ടോൾസ്റ്റോയി കണ്ടെത്തിയ ക്രിസ്തു

എ ശ്യാംUpdated: Sunday Apr 1, 2018

 ക്രിസ്തുവിന്റെ ജീവിതവും ദർശനവും കുരിശുമരണവും പുനരുത്ഥാനവും ലോകമെങ്ങും നിരവധി സാഹിത്യകാരന്മാരുടെ രചനകൾക്ക് പ്രചോദനമായിട്ടുണ്ട്. വിശ്വസാഹിത്യ ഇതിഹാസം ലിയോ ടോൾസ്റ്റോയി, ഖലീൽ ജിബ്രാൻ, കസൻ ദ സാകിസ്, ഷൂസെ സാരമാഗു തുടങ്ങിയവർ അവരിൽ ചിലർ. 'ഉയിർത്തെഴുന്നേൽപ്പി'ന്റെ രചയിതാവ് ബൈബിൾ സ്വാധീനത്തിൽ രചിച്ച മറ്റൊരു കൃതിയാണ് 'യേശുവിന്റെ ജീവിതം'.

യേശുവിന്റെ ജീവിതം നോവൽ ലിയോ ടോൾസ്റ്റോയി ബോധി വില: 120

യേശുവിന്റെ ജീവിതം നോവൽ ലിയോ ടോൾസ്റ്റോയി ബോധി വില: 120

ടോൾസ്റ്റോയിയുടെ ആത്മീയാന്വേഷണങ്ങളുടെ സൃഷ്ടിയാണ് ഈ കൃതി. ടോൾസ്റ്റോയി നാല് ഭാഗങ്ങളായി തയ്യാറാക്കിയ വലിയ  കൃതിയുടെ മൂന്നാം ഭാഗം‐ 'സുവിശേഷം ചുരുക്കത്തിൽ: യേശുവിന്റെ ജീവിതം' ‐ആണ് ചുരുക്കപ്പേരിൽ മലയാളത്തിൽ മൊഴിമാറ്റിയത്. നാല് സുവിശേഷം കോർത്തിണക്കി ടോൾസ്റ്റോയി ഇതിൽ ആവിഷ്കരിച്ച യേശുവിൽ ദൈവികതയല്ല, മാനുഷികതയാണുള്ളത്.
സാറിസ്റ്റ് റഷ്യയിൽ പ്രസിദ്ധീകരിക്കാൻ കഴിയാത്തതിനാൽ കയ്യെഴുത്തുപ്രതിയായി അവശേഷിക്കുന്ന വലിയ ഒരു കൃതിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഈ പുസ്തകമെന്ന് മുഖവുരയിൽ ടോൾസ്റ്റോയി കുറിക്കുന്നു. ക്രിസ്തു പറഞ്ഞതും പഠിപ്പിച്ചതും പ്രവർത്തിച്ചതുമായി നാല് സുവിശേഷകാരന്മാർ എഴുതിവച്ച കാര്യങ്ങളിലുള്ള അന്വേഷണമാണിതെന്ന് അദ്ദേഹം എഴുതുന്നു. 
യുദ്ധവും സമാധാനവും, അന്ന കരേനിന തുടങ്ങിയ കനപ്പെട്ട നോവലുകൾ എഴുതിക്കഴിഞ്ഞ് ഒരു ഘട്ടത്തിൽ, ജീവിതം ഇരുളടഞ്ഞതായി തോന്നി ആത്മഹത്യയെ കുറിച്ചുപോലും ചിന്തിക്കുന്ന വേളയിലാണ് ടോൾസ്റ്റോയി ആത്മീയാന്വേഷണത്തിലേക്ക് തിരിഞ്ഞത്. ടോൾസ്റ്റോയിയെ റഷ്യൻ ഓർത്തഡോക്സ് സഭ പുറത്താക്കുന്നതിലേക്ക് വരെ നയിച്ച ഈ അന്വേഷണങ്ങളിലാണ് സഭ പഠിപ്പിക്കുന്നതിനപ്പുറത്തുള്ള ക്രിസ്തുവിനെ കണ്ടെത്തുന്നത്.
ആ ക്രിസ്തുവിന്റെ ജീവിതമാണ് ഈ പുസ്തകം. സുവിശേഷകാരന്മാർ പ്രചരിപ്പിക്കുന്ന അത്ഭുതകഥകൾക്ക് ഇതിൽ വലിയ സ്ഥാനമില്ല. യേശു പഠിപ്പിച്ചവ കൃത്യമായി അറിഞ്ഞ് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരം അത്ഭുതകഥകൾക്ക് പ്രസക്തിയില്ല എന്നാണ്  ടോൾസ്റ്റോയിയുടെ കാഴ്ചപ്പാട്. എന്നാൽ സുവിശേഷകാരന്മാർ എഴുതിയതിൽ പ്രസക്തമെന്ന് തോന്നിയത് ടോൾസ്റ്റോയി ഉൾപ്പെടുത്തിയിട്ടുണ്ട്. 
യേശു ഒരു ഗ്രന്ഥവും സ്വന്തമായി എഴുതിയിട്ടില്ലെന്ന് മുഖവുരയിൽ ടോൾസ്റ്റോയി ചൂണ്ടിക്കാട്ടുന്നു. യേശു സംസാരിച്ചതും പഠിപ്പിച്ചതും നിരക്ഷരരായ ജനതയോടാണ്. മരണത്തിനും ഏറെക്കാലം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ വചനങ്ങൾ എഴുതപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട സുവിശേഷങ്ങൾ അനേകായിരം മനുഷ്യരുടെ തലച്ചോറുകളിൽനിന്ന് ഉണ്ടായവയാണെന്ന കാര്യവും മറക്കരുത് എന്നദ്ദേഹം ഓർമിപ്പിക്കുന്നു. അവ ഓരോരുത്തരും സ്വന്തം യുക്തിക്കനുസരിച്ച് വായിച്ചുപോന്നു. 
ക്രിസ്തുമതത്തെ ഒരു വെളിപാടായല്ല, ജീവിതത്തിന് അർഥം നൽകുന്ന ഒരു സിദ്ധാന്തമായാണ് താൻ കാണുന്നതെന്നും ടോൾസ്റ്റോയി പറയുന്നു. ദൈവശാസ്ത്രപരമോ ചരിത്രപരമോ ആയ പ്രശ്നങ്ങൾക്കുള്ള ഉത്തരമല്ല, ജീവിതസമസ്യകൾക്കുള്ള മറുപടിയാണ് താൻ തേടുന്നത്. യേശു ദൈവമാണോ അല്ലയോ എന്നത് പരിഗണിച്ചതേയില്ല എന്നും അദ്ദേഹം പറയുന്നു. സഭ പഠിപ്പിക്കുന്ന കാര്യങ്ങൾക്കുമപ്പുറത്ത് യഥാർഥ യേശുവിനെ കണ്ടെത്താൻ ശ്രമിക്കുക എന്നാണ് വായനക്കാരോട് ടോൾസ്റ്റോയി നിർദേശിക്കുന്നത്. മനുഷ്യനന്മയുടെ പ്രതീകമായ യേശുവിനെ കണ്ടെത്താനാണ് ആഹ്വാനം. കെ എ ആന്റണി  പരിഭാഷപ്പെടുത്തിയ ഈ കൃതിയുടെ പ്രസാധനം നിർവഹിച്ചത് മാതൃഭൂമി ബുക്സിന്റെ ഇംപ്രിന്റായ ബോധി.
shyamachuth@gmail.com
പ്രധാന വാർത്തകൾ
Top