Top
25
Saturday, November 2017
About UsE-Paper

മായുന്നു; പച്ചപ്പിലേക്കുള്ള ഏകാന്തയാത്ര

Sunday Apr 16, 2017
സി ആര്‍ പുരുഷോത്തമന്‍

മാള> പച്ചപ്പു നഷ്ടപ്പെടുന്നതും ഗ്രാമങ്ങള്‍ വിഷലിപ്തമാവുന്നതും എന്നും അലിയുടെ ചിത്രത്താളുകളില്‍ വിരിഞ്ഞു.  പ്രകൃതിയേ തേടിയുള്ള ഈ ഏകാന്ത യാത്ര മായുകയാണ്. കലയെ തേടി അലി എവിടെയുമെത്തും ക്ഷണിതാവല്ലെങ്കിലും. മുഖ്യധാരയില്‍ ഇടംപിടിക്കാന്‍ ഒരിക്കലും ഇടിച്ചു കയറാതെ മുഹമ്മദ് അലി ആദം യാത്രയായി.

സെമി അബ്സ്ട്രാക്ട് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് മുഹമ്മദലിയുടെ ഭൂരിപക്ഷം ചിത്രങ്ങളും. അക്രിലിക്കിലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലോകവേദികളില്‍ ശ്രദ്ധേയമാണ്. തിരുവനന്തപുരത്ത് വൈലോപ്പിള്ളി ഭവനില്‍ കേരള ലളിത കലാ അക്കാദമി 2012-ല്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ദേശീയമാധ്യമശ്രദ്ധ നേടി. 1973, 1976, 1980, 2008 എന്നീ വര്‍ഷങ്ങളില്‍ കേരളലളിത കലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുകള്‍ നേടി. 1987ല്‍ ആള്‍ ഇന്ത്യ ഫൈന്‍ ആര്‍ട്ട്് സൊസൈറ്റിയുടെ ദേശീയ പുരസ്ക്കാരവും നേടി. 2009ല്‍ കേരള ലളിതകലാഅക്കാദമിയുടെ പ്രത്യേക പുരസ്കാരത്തിനും അര്‍ഹനായി.

1969ല്‍ എം വി ദേവന്റേയും സി എന്‍ കരുണാകരന്റേേയും കീഴില്‍ ചിത്രകലാപഠനം തുടങ്ങി.  1972ല്‍ മദ്രാസ് കോളേജ് ഓഫ് ആര്‍ട്ടില്‍ ചേര്‍ന്ന് ചിത്രകലയില്‍ മാസ്റ്റര്‍ ബിരുദം. 1986ല്‍ ഈജിപ്തിലെ കെയ്റോ യൂണിവേഴ്സിറ്റിയില്‍ നിന്ന് അറബിക് കാലിഗ്രാഫിയില്‍ പോസ്റ്റ് ഗ്രാഡ്യുവേഷന്‍. പോട്ടറിയിലും സെറാമിക് ടെക്നോളജിയിലും അദ്ദേഹം പരിശീലനം നേടിയിട്ടുണ്ട്.

അന്തരിച്ച സംവിധായകന്‍ മോഹന്‍ രാഘവനൊപ്പം ചലച്ചിത്ര - നാടക രംഗത്ത് സജീവമായിരുന്നു. അദ്ദേഹത്തോടൊപ്പം ഓഫ് സ്റ്റേജ് അന്നമനടയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയായ ഭാര്‍ഗവീനിലയം ഇതിവൃത്തമാക്കി നാടകം നിര്‍മിച്ചു. വാളൂര്‍ ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചിത്രകലാക്യാമ്പിനും നേതൃത്വം നല്‍കിയിരുന്നു. ജോണ്‍ എബ്രഹാമിന്റെ  'അഗ്രഹാരത്തിലെ കഴുത'യുടെ കലാസംവിധാനത്തിലും മുഹമ്മദാലിയുടെ കൈയുണ്ടായിരുന്നു.

കേരളത്തില്‍ സ്ക്കൂള്‍ ഓഫ് ഡ്രാമ തുടങ്ങും മുമ്പ് കേരളകലാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ നടത്താറുള്ള നാടകക്കളരികളില്‍ നാടകാചര്യന്മാരായ  സി എന്‍ ശ്രീകണ്ഠന്‍ നായര്‍,  ജി ശങ്കരപ്പിള്ള,  വേണുക്കുട്ടന്‍ നായര്‍,  രാമാനുജം തുടങ്ങിയവരുമായുള്ള നാടകപരിചയവും സമ്പത്താണ്.