23 September Sunday

കൊതുകിനെ വീഴ‌്ത്തും; മുട്ടയിടുമ്പോൾ തന്നെ

വി കെ അനുശ്രീUpdated: Monday Jul 30, 2018


മുഹമ്മദ‌് മലയുടെ അടുത്തേക്ക‌് വന്നില്ലെങ്കിൽ പിന്നെന്ത‌് ചെയ്യും. മല മുഹമ്മദിന്റെ അടുത്തേക്ക‌് ചെല്ലും.

അറബിക്കഥയൊന്നുമല്ല. കൊതുക‌് നിയന്ത്രണം ഏതൊക്കെ വഴിയിൽ സാധ്യമാക്കാമെന്ന ഡോക്ടർമാരുടെ ശാസ്ത്രീയ ഗവേഷണം ഇപ്പോൾ ഇങ്ങനെയാണ‌്. ഉറവിട നിർമാർജനത്തിന‌് ഡ്രൈ ഡേ അടക്കമുള്ള രീതി സ്വീകരിച്ചിട്ടും കൊതുകുകൾ പെരുകുന്ന സാഹചര്യത്തിൽ  മുട്ടയിടാനുള്ള സൗകര്യം കൃത്രിമമായി ഒരുക്കിക്കൊടുക്കാനുള്ള സാധ്യതയെക്കുറിച്ച‌് പഠിക്കുകയാണ‌് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. സിംഗപ്പൂരിലും മറ്റും വിജയകരമായി നടപ്പാക്കുന്ന ‘മൊസ‌്ക്വിറ്റോ ട്രാപ്പറു’കൾ സംസ്ഥാനത്തും നടപ്പാക്കാനാണ‌് ശ്രമം.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ‌് കൊതുകുകളുടെ വ്യാപനം തടയാൻ സംസ്ഥാന സർക്കാരിന്റെ ‘ആരോഗ്യ ജാഗ്രത’ പദ്ധതിയുടെ ഭാഗമായി ഉറവിട നിർമാർജനം വ്യാപകമായി നടപ്പാക്കിവരികയാണ‌്. എന്നാൽ,  ഉറവിട നിർമാർജനം എന്ന ഏകമാർഗത്തിലൂടെ ഡെങ്കിപ്പനി പ്രതിരോധിക്കാനാകില്ല എന്ന തിരിച്ചറിവാണ‌് ബദൽ മാർഗങ്ങളെക്കുറിച്ച‌് ചിന്തിക്കാൻ പ്രേരിപ്പിച്ചത‌്.

കൊതുകുകൾക്ക‌് മുട്ടയിടാൻ സാഹചര്യം ഒരുക്കുന്ന മൊസ്‌ക്വിറ്റോ ട്രാപ്പറുകൾ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച‌് സംവിധാനത്തിന്റെ കാര്യക്ഷമത പഠിക്കും.

മൂന്ന‌് തട്ടുകളുള്ള കപ്പ‌് സംവിധാനമാണ‌് ട്രാപ്പർ. അടിയിലെ തട്ടിൽ കൊതുകിനെ ആകർഷിക്കാൻ വയ്ക്കോലോ റബർപാലോ കലർത്തിയ വെള്ളം വയ്ക്കും. കറുപ്പുനിറമുള്ള മുകൾഭാഗത്തെ സുഷിരത്തിലൂടെ ഉള്ളിൽ പ്രവേശിക്കുന്ന കൊതുകിനെ വെള്ളത്തിനടുത്ത‌് എത്തുന്നതിൽനിന്ന‌് നടുവിലുള്ള കൊതുകുവല  തടയും. തുടർന്ന‌് നടുഭാഗത്തെ സുതാര്യമായ ഭാഗത്തുകൂടി പുറത്തേക്ക‌് കടക്കാൻ ശ്രമിക്കുന്ന കൊതുക‌് അവിടെയുള്ള പശയിലോ മറ്റ‌് രാസവസ്തുക്കളിലോ കുടുങ്ങി ചാകും‐ മെഡിക്കൽ കോളേജ‌് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. അനീഷ‌് വിശദീകരിച്ചു. പ്രാഥമിക പരീക്ഷണങ്ങൾ വിജയകരമായാൽ സംവിധാനം സംസ്ഥാന സർക്കാരിന‌് ശുപാർശ ചെയ്യും. കൊതുകിന‌് മുട്ടയിടാൻ ഹീമോഗ്ലോബിൻ ആവശ്യമാണ‌്. അതിനാൽ, പനിബാധിതരെ കടിച്ച‌് രോഗാണുവാഹകരായ കൊതുകുകളെ മുട്ടയിടുന്നതിൽനിന്ന‌് പ്രതിരോധിക്കാനും നിർമാർജനം ചെയ്യാനും ഇതിലൂടെ കഴിയും.

പ്രധാന വാർത്തകൾ
Top