23 October Tuesday
നമ്മുടെ ശ്രദ്ധയില്‍പെടാതെപോകുന്ന ചെറുജീവികളുടെ വലിയൊരു ലോകം തന്നെയുണ്ട് നമുക്കുചുറ്റും. വെസ്പിഡെ കുടുംബത്തിലെ ഉപകുടുംബക്കാരായ വേട്ടാളനെക്കുറിച്ചാണ് ഇത്തവണ ക്ളോസ് വാച്ച് കണ്ണോടിക്കുന്നത്.

മണ്‍കൂടൊരുക്കും വേട്ടാളന്മാര്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017

വിജയകുമാര്‍ ബ്ളാത്തൂര്‍


ഹെഡ് ലൈറ്റിന് ഇരുഭാഗവുമായി ആന്റിനപോലെ നീണ്ടു തുറിച്ചു നില്‍ക്കുന്ന ഹാന്‍ഡില്‍ ബാറുകളുള്ള തലഭാഗം. ഉള്ളില്‍ എന്‍ജിനുള്ളതിനാല്‍ തടിച്ചുരുണ്ട് വീര്‍ത്തുന്തിയ പിന്‍ഭാഗം. നടുവില്‍ പരസ്പരം ചേര്‍ത്തുനിര്‍ത്താന്‍ നേര്‍ത്തുമെലിഞ്ഞ ലോഹത്തണ്ട്. പുതിയ സ്കൂട്ടറിന്റെ ഡിസൈന്‍ കണ്ടയുടന്‍ കമ്പനി ഉടമയായ എന്രിക്കോ പിയാജിഓ വിളിച്ച് പറഞ്ഞു 'വെസ്പ' ലാറ്റിന്‍ ഇറ്റാലിയന്‍ ഭാഷകളില്‍ അതിനര്‍ത്ഥം കടന്നല്‍ എന്നാണ്. ശരിക്കും ഒരു കടന്നലിന്റെ രൂപം ഓര്‍മിപ്പിക്കുന്ന ആ വാഹനമോഡലിന് 1946 ല്‍ 'വെസ്പ' എന്ന് പേര് തീരുമാനമായി. കടന്നലുകളെ കണ്ടാല്‍ ഒരു വമ്പന്‍ ഭീമനുറുമ്പ് ദേഹംനിറയെ മഞ്ഞയോ ചുവപ്പോ നിറമുള്ള വരകളോടെ, ചിറകു വളര്‍ന്ന് വീശി പറന്നുനടക്കുന്നതായി ഒറ്റനോട്ടത്തില്‍ തോന്നും. ഉറുമ്പിന്റെ കൂട്ടത്തിലും തേനീച്ചയുടെ കൂട്ടത്തിലും പെടുത്താന്‍പറ്റാത്തവരാണ് കടന്നല്‍ വര്‍ഗക്കാര്‍.


ഇവര്‍ക്കിടയിലെ വെസ്പിഡെ കുടും ബത്തിലെ Eumeninae  ഉപകുടുംബക്കാരാണ് വേട്ടാളന്‍ എന്നും ചില സ്ഥലങ്ങളില്‍ വേട്ടാവളിയന്‍, ചെക്കാലി എന്നും ഒക്കെ പേരുള്ളവര്‍. വേട്ടാളന്‍ എന്നത് മണ്‍കൂടുണ്ടാക്കാത്ത കടന്നലിനങ്ങളെ സൂചിപ്പിക്കാനും ചില പ്രദേശങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ഇവ ഒറ്റയ്ക്കാണ് സഞ്ചാരം. ഭീകരന്‍കുത്തുകൊണ്ട് 'സ്വര്‍ഗം'കാണിക്കാന്‍ കഴിയുന്ന പായ കടന്നലുകളെപ്പോലെ സാമൂഹ്യജീവിതമല്ല ഇവരുടേത്. ഇരതേടലും കൂടൊരുക്കലും ഒക്കെ തനിച്ചാണ്. കൂടിന് കേടുവരുത്താന്‍ വരുന്നവരെ പെണ്‍വേട്ടാളന്മാര്‍ ചുരുക്കം ചിലപ്പോള്‍ ഒരു കുത്ത് കാച്ചും. ആണ്‍കടന്നലുകള്‍ അതിനും ഇല്ല. സാധാരണയായി കറുപ്പോ  ബ്രൌണോ നിറത്തിലുള്ളതാണ് ഇവയുടെ ശരീരം. വെള്ള, മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളേതെങ്കിലുംകൊണ്ടോ ഇവയുടെ ചേരുവയിലുള്ളതോ ആയ തിളങ്ങുന്ന വരകളും കുറികളുംകൊണ്ട് ദേഹത്ത് മനോഹര ഡിസൈനും കാണും, കടന്നലുകളെ തിന്നാന്‍വരുന്ന ഇരപിടിയന്‍ പക്ഷികള്‍ക്ക്, വിഷമുള്ള, അരുചിയുള്ള തങ്ങളെ അബദ്ധത്തിലെങ്ങാന്‍ തിന്നല്ലേ എന്നും, തിന്നാല്‍ ഖേദിക്കും എന്ന ഓര്‍മിപ്പിക്കലിനുള്ള തിരിച്ചറിയല്‍ അപകട മുന്നറിയിപ്പ് സിഗ്നല്‍. മറ്റു കടന്നല്‍ ഇനങ്ങളെപോലെ വിശ്രമിക്കുമ്പോള്‍ ചിറകുകള്‍ നീളത്തില്‍ കൂട്ടിപ്പിടിക്കുന്ന സ്വഭാവം ഇവര്‍ക്കും ഉണ്ട്. മണ്ണ് കുഴച്ച് മനോഹരമായ കുഞ്ഞ് മണ്‍കുടരൂപത്തിലുള്ള കൂടുകള്‍ ഉണ്ടാക്കുന്നതിനാല്‍ പോട്ടര്‍ വാസ്പ് എന്നും മേസണ്‍ വാസ്പ് എന്നും ഇംഗ്ളീഷില്‍ പേരുണ്ട്. കൂടുണ്ടാക്കുന്നത് താമസിക്കാനൊന്നുമല്ല മുട്ടയിട്ട് വിരിയിക്കാന്‍ മാത്രമായുള്ള ഗര്‍ഭഗൃഹം. വിവിധ സ്പീഷിസുകള്‍ വ്യത്യസ്തരൂപത്തിലുള്ള കൂടുകള്‍ പണിയും. കാറ്റും വെളിച്ചവും കുറഞ്ഞ, മഴയും വെയിലും ഏല്‍ക്കാത്ത മറയുള്ള ഇടങ്ങളാണ് കൂടുപണിയാന്‍ തെരഞ്ഞെടുക്കുക. ചിലവ മതിലുകളിലും തറയിലും ഉള്ള ദ്വാരങ്ങളിലാണ് കൂടുണ്ടാക്കുക. ചിലര്‍ വീട്ടുമച്ചിലും മര ഉരുപ്പടികളിലും ഒക്കെ കൂടുണ്ടാക്കും. കുഴച്ച മണ്‍ തരികളും ഉമിനീരും വെള്ളവും പശയും ഒക്കെ ഉപയോഗിച്ച് ഒന്നുരണ്ട് മണിക്കൂര്‍കൊണ്ട് അകം പൊള്ളയായ, ചിലപ്പോള്‍ ഒന്നിലധികം അറകളുള്ള മണ്‍കൂജ രൂപത്തിലുള്ള കൂട് പണിയും. സ്പീഷിസുകള്‍ക്കനുസരിച്ച് ആകാരവും ഉറപ്പും വ്യത്യാസമായിരിക്കും. വിദഗ്ധര്‍ക്ക്  കൂട് നോക്കി ഇനം പറയാനാകും. കൂടൊരുക്കലിന് വലിയ അധ്വാനവും സര്‍ഗാത്മകതയും വേണം. അങ്ങോട്ടും ഇങ്ങോട്ടുമായി ആയിരക്കണക്കിനു പറക്കല്‍ ചിലപ്പോള്‍ വേണ്ടി വരും. ഇണചേര്‍ന്നുകഴിഞ്ഞ പെണ്‍വേട്ടാളന്റെ ഉത്തരവാദിത്തമാണീ കൂടു പണി. തുന്നാരന്മാരെപ്പോലെ ഇണയെ ആകര്‍ഷിക്കാന്‍ കെട്ടുന്നതല്ല. കൂടൊരുങ്ങി മുട്ടയിടും മുമ്പ്  മറ്റൊരു വലിയ ഉത്തരവാദിത്വമുണ്ട്. മുട്ട വിരിഞ്ഞ് ലാര്‍വ പുറത്ത് വന്നാല്‍ തിന്ന് വളരാന്‍വേണ്ട ഭക്ഷണമത്രയും മുന്‍കൂറായി ശേഖരിക്കലാണ് അടുത്ത പണി. കടന്നലുകള്‍ പൂന്തേനും പൂമ്പൊടിയും ഒക്കെയാണ് ഭക്ഷിക്കുക. പക്ഷേ മുട്ടവിരിഞ്ഞിറങ്ങുന്ന ലാര്‍വകള്‍ തേനും പൂമ്പൊടിയും ഒന്നും തിന്നില്ല. നല്ല ജീവനുള്ള നോണ്‍ വെജ് ഭക്ഷണംതന്നെ വേണം. തിന്ന് വളര്‍ന്ന് പ്യൂപ്പാവസ്ഥയിലേക്ക് പോകുന്നതുവരെയുള്ള കാലത്തേക്ക് ആവശ്യമുള്ളത്ര ഭക്ഷണം മുന്‍കൂറായി ഒരുക്കി വയ്ക്കും. വണ്ടുകളുടെയും ശലഭങ്ങളുടെയും ലാര്‍വകള്‍, ചിലന്തികള്‍ തുടങ്ങിയവയെ അന്വേഷിച്ച് കണ്ടെത്തി,   പിടികൂടി കൊല്ലാതെ കുത്തിമയക്കി മരവിപ്പിച്ച് കൂട്ടില്‍കൊണ്ട് വയ്ക്കും. എന്നിട്ട് അതില്‍ മുട്ടയിട്ടശേഷം കൂടിന്റെ വായ്ഭാഗം കൂടി മണ്ണുകൊണ്ടടച്ച് സീല്‍ചെയ്ത് അടുത്ത കൂടുണ്ടാക്കാന്‍ പറന്നുപോകും. പിന്നെ പഴയകൂട്ടിലെ കുഞ്ഞ് വിരിഞ്ഞോ വളര്‍ന്നോ എന്ന അന്വേഷണമൊന്നും ഇല്ല. കൂട്ടിനുള്ളിലെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാര്‍വപ്പുഴു അമ്മക്കടന്നല്‍ ഒരുക്കിവച്ചുപോയ തീന്‍മേശയില്‍ പാതിജീവനോടെ കിടക്കുന്ന ഭക്ഷണപ്പുഴുക്കളെ ബകനെപ്പോലെ തിന്ന് തുടങ്ങും. പിന്നീട് പ്യൂപ്പ സമാധിയും കഴിഞ്ഞ് വളര്‍ച്ചപൂര്‍ത്തിയായി കൂടുപൊളിച്ച് പുറത്തിറങ്ങി ചിറകുവീശി തേനും പൂമ്പൊടിയും ഇണയും തേടി പറന്നുപോകും. ജീവചക്രം പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍മുതല്‍ ഒരു വര്‍ഷത്തിലധികം സമയം എടുക്കും.


കാഴ്ചയില്‍ ചെറിയ ഉള്‍ഭയമൊക്കെ ഉണ്ടാക്കുന്നവരാണെങ്കിലും ഇവരെക്കൊണ്ട് മനുഷ്യര്‍ക്ക് ശല്യമൊന്നുമില്ല. വീടിനുള്ളില്‍ പണിയുന്ന മണ്‍കൂടുകള്‍ നമുക്ക് ഉടച്ച്കളയേണ്ട പണിതരും എന്നു മാത്രം. അപ്പോള്‍ ചിലപ്പോള്‍ പുറത്ത് ചാടുന്ന സദ്യയ്ക്കൊരുങ്ങി ഭക്ഷണമായ പൂമ്പാറ്റ ലാര്‍വകളെകണ്ട് പലപ്പോഴും അതാണ് കടന്നലിന്റെ കുഞ്ഞ് എന്ന് തെറ്റിദ്ധരിച്ചു പോകാറുണ്ട് പലരും. നൂറുകണക്കിന് ഉപദ്രവകാരികളായ, കൃഷിനശിപ്പിക്കുന്ന ശല്യക്കാരായ പുഴുക്കളെ, ഭാവി മക്കള്‍ക്ക് തീറ്റക്കായി എടുത്തുകൊണ്ടുപോയി സഹായിക്കുന്നതുകൂടാതെ നല്ല പരാഗണ സഹായികളും കൂടിയാണ് ഇവ. അങ്ങനെ ഇവര്‍ നല്ല കര്‍ഷക മിത്രങ്ങളുംകൂടിയാണ്. മനുഷ്യര്‍ ആദ്യമായി മണ്‍കുടങ്ങള്‍ ഡിസൈന്‍ ചെയ്യാനുള്ള മാതൃക കണ്ടു പഠിച്ചത് ഒരുപക്ഷേ ഇവരുടെ അടുത്തുനിന്നാകാം.

പ്രധാന വാർത്തകൾ
Top