16 October Tuesday

ദുരാചാരങ്ങളുടെ വഴിയടച്ച‌് മഹാരാജാസ‌്

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

രാജകുടുംബാംഗങ്ങൾ വിശ്രമിച്ചിരുന്ന മഹാരാജാസിലെ മുറി (പണ്ടത്തെ യൂണിയൻ ഓഫീസ്)

മഹാരാജാസിൽ പഠിക്കുന്ന ചില വിദ്യാർഥികൾക്ക‌് അധ്യാപകന് മുന്നിൽ എഴുന്നേറ്റു നിൽക്കേണ്ടാത്ത കാലമുണ്ടായിരുന്നു.  രാജകുടുംബാംഗങ്ങളായ വിദ്യാർഥികൾ. പ്രജ ആരായാലും അവർക്ക് മുന്നിൽ രാജകുടുംബാം​ഗങ്ങൾ എഴുന്നേൽക്കരുതെന്ന‌ായിരുന്നു ആചാരം. തൃപ്പൂണിത്തുറ കൊട്ടാരത്തിൽനിന്ന് കുതിരവണ്ടിയിൽ ഭൃത്യരുടെ അകമ്പടിയോടെയായിരുന്നു അവർ പഠിക്കാനെത്തിയിരുന്നത്. അധ്യാപകൻ ക്ലാസിലെത്തുന്നതുവരെ ഇന്നത്തെ ദർബാർഹാൾ ആർട്ട് ​ഗ്യാലറിയിൽ വിശ്രമിക്കും. അന്നത് രാജാവിന്റെ വസതിയായിരുന്നു. ക്ലാസിൽ അധ്യാപകനെത്തിയാൽ മറ്റുവിദ്യാർഥികൾ എഴുന്നേൽക്കും‌. അതുകഴിഞ്ഞാൽ, ദൂതന്മാർ ആർട്ട് ​ഗ്യാലറിയിലെത്തി രാജകുടുംബാം​ഗങ്ങളെ  വിവരമറിയിക്കും. തുടർന്ന് എറണാകുളം ശിവക്ഷേത്രത്തിനകത്ത് കൂടി രാജകുടുംബാം​ഗങ്ങൾക്ക് മാത്രം നടക്കാൻ നിർമിച്ച വഴിയിലൂടെ കോളേജിൽ പ്രവേശിക്കും. അവർ ക്ലാസിലെത്തുമ്പോഴേക്കും അധ്യാപകർ എഴുന്നേറ്റ് നിന്ന് ക്ലാസെടുക്കുന്നുണ്ടാകും.

ഒരു പീരിഡ് കഴിഞ്ഞ‌് അടുത്ത അധ്യാപകനെത്തുമ്പോൾ എഴുന്നേൽക്കാതിരിക്കാൻ രാജകുടുംബാം​ഗങ്ങൾ ഓഫീസിനടുത്തെ മുറിയിലേക്കും മാറിയിരുന്നു. ഈ മുറിയാണ് പിന്നീട്  മഹാരാജാസിന്റെ പഴയ യൂണിയൻ ഓഫീസായി മാറിയത്.

സ്വാതന്ത്ര്യം ലഭിച്ച് ജനാധിപത്യഭരണം നിലവിൽ വന്നപ്പോൾ രാജകുടുംബാം​ഗങ്ങളുടെ പ്രത്യേക പരി​ഗണനയില്ലാതായി. അവരും സാധാരണ പൗരന്മാരായി. 

അവർ മഹാരാജാസിലേക്ക് കടന്നുവന്നിരുന്ന ശിവക്ഷേത്രത്തിനുള്ളിലൂടെയുള്ള വഴി അടച്ചു. മറ്റുവിദ്യാർഥികളെ പോലെ അവരും അധ്യാപകരെ എഴുന്നേറ്റുനിന്ന് ബഹുമാനിക്കാൻ തുടങ്ങിയെങ്കിലും ചില അസ്വസ്ഥതകളും പ്രതിഷേധങ്ങളും ആദ്യ കാലത്തുണ്ടായി. എന്നാൽ തുല്യതയ്ക്ക് വേണ്ടിയുള്ള ജനങ്ങളുടെ ഇച്ഛയ‌്ക്കു മുന്നിൽ അധികകാലം ആ പ്രതിഷേധങ്ങൾക്ക‌് ആയുസുണ്ടായില്ല.


പ്രധാന വാർത്തകൾ
Top