17 December Monday

തലൈവരേ, ഇന്നെങ്കിലും ഞാൻ അപ്പാ എന്ന് വിളിച്ചോട്ടെ…?’

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

മറീനബീച്ചിൽ സംസ‌്കാരം നടത്താമെന്ന മദ്രാസ‌് ഹൈക്കോടതി വിധി അറിഞ്ഞ സ‌്റ്റാലിൻ വിതുമ്പുന്നു. ആശ്വസിപ്പിക്കുന്ന കുടുംബാംഗങ്ങൾ സമീപം കണ്ണീരോടെ എം കെ സ്റ്റാലിൻ

ഡിഎംകെ വർക്കിങ‌് പ്രസിഡന്റ‌ും കരുണാനിധിയുടെ മകനുമായ എം കെ സ്റ്റാലിൻ പിതാവിന്റെ വിയോഗത്തില്‍ മനംനൊന്ത് എഴുതിയ ‘ തലൈവരെ…, ഈ ഒരു തവണയെങ്കിലും ഞാന്‍ അപ്പാ എന്ന് വിളിച്ചോട്ടെ’ എന്ന‌് തുടങ്ങുന്ന കത്ത‌് ബുധനാഴ‌്ച സാമൂഹ്യമാധ്യമങ്ങളിലടക്കം ചർച്ചയായി.  

 

കത്തിന്റെ പൂർണരൂപം:
‘തലൈവരെ… ഈ ഒരു തവണയെങ്കിലും താങ്കളെ ഞാന്‍ അപ്പാ എന്ന് വിളിച്ചോട്ടെ. നിങ്ങള്‍ എവിടെ പോകുമ്പോഴും ഞങ്ങളെ അറിയിച്ചിട്ട് പോകാറാണ‌് പതിവ്. ഇപ്പോള്‍ ഞങ്ങളോട് പറയാതെ  എങ്ങോട്ടാണ് നിങ്ങൾ പോയത്? എന്റെ തലൈവരെ! എന്റെ രക്തത്തിലും ഹൃദയത്തിലും ചിന്തയിലും  എപ്പോഴും താങ്കളുണ്ട്. നിങ്ങള്‍ എവിടെയാണ് പോയത്?

അങ്ങയുടെ ശവകുടീരത്തില്‍ എഴുതേണ്ട വാക്കുകള്‍ 33 വര്‍ഷങ്ങള്‍ക്ക് മുമ്പേ അങ്ങ‌് നിശ്ചയിച്ചു, ‘വിശ്രമമില്ലാതെ ജോലി ചെയ്തവന്‍ ഇതാ ഇവിടെ വിശ്രമിക്കുന്നു’. അങ്ങ‌് മടങ്ങുന്നത‌് തമിഴ് സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ സംതൃപ്തിയോടെയാണോ?’

‘ 95 വയസ്സിനിടയിൽ 80 വര്‍ഷവും നിങ്ങള്‍ സമൂഹത്തിനായി വിശ്രമമില്ലാതെ ഓടി. നമ്മള്‍ താണ്ടിയ ഉയരങ്ങൾ ആര് മറികടക്കുമെന്ന് കാണാന്‍ നിങ്ങള്‍ ഒളിച്ച് കാത്തിരിക്കുകയാണോ, ചിന്തിക്കുകയുമാണോ ? അങ്ങയുടെ 95‐ ാം ജന്മദിനാഘോഷം  ജൂണ്‍ മൂന്നിന് തിരുവാരൂരില്‍ നടത്തിയപ്പോൾ അങ്ങയുടെ ശക്തിയുടെ പകുതി എനിക്ക‌് തരാൻ ഞാന്‍ അപേക്ഷിച്ചു. അരിങ്കര്‍ അണ്ണയില്‍ നിന്ന‌് അങ്ങ‌് കടമെടുത്ത ആ ഹൃദയവും ശക്തിയും എനിക്ക‌് നൽകാൻ അപേക്ഷിക്കുന്നു. തലൈവരെ എനിക്ക‌ത‌് നല്‍കുമോ?  നിങ്ങള്‍ ആഗ്രഹിച്ചിട്ടും നടക്കാതെപോയ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ആ ദാനത്തിലൂടെ ഞങ്ങള്‍ പൂർത്തിയാക്കും.’

‘ കോടിക്കണക്കിന് വരുന്ന അങ്ങയുടെ സഹോദരന്മാര്‍ക്ക് അവസാനമായി ഒരു അഭ്യര്‍ഥന മാത്രമേയുള്ളൂ … നിങ്ങള്‍ ഞങ്ങളെ വിളിക്കുന്ന ആ വരികള്‍ ഒന്നുകൂടി ഉച്ചരിച്ചാലും  ‘ഉടന്‍പിറപ്പുകളെ!’ അത് നൂറ്റാണ്ടുകളോളം ഭാഷയോടും സംസ‌്കാരത്തോടുമുള്ള അഭിനിവേശത്തോടെ നാടിനായി പ്രവര്‍ത്തിക്കാന്‍ ഞങ്ങളെ സഹായിക്കും.’

‘അപ്പാ, അപ്പാ,’ എന്നതിനേക്കാള്‍ ഞാന്‍ ‘തലൈവരൈ, തലൈവരൈ’ എന്നാണ‌് അങ്ങയെ അഭിസംബോധന ചെയ്തത‌്. തലൈവരേ. ഈ ഒരു പ്രാവശ്യം ഞാന്‍ അപ്പാ എന്ന് വിളിച്ചോട്ടെ…?’

 



 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top