17 January Thursday

നിറക്കൂട്ട്

എം എസ് അശോകന്‍Updated: Sunday Dec 6, 2015

കാഴ്ചയുടെ സമഗ്രതയിലാണ് സുകേശന്‍ കാങ്കയുടെ ചിത്രങ്ങള്‍ ഉറപ്പിച്ചിരിക്കുന്നത്. പ്രാചീന ഗുഹാചിത്രങ്ങള്‍മുതല്‍ കാഴ്ചയുടെ ഭ്രമങ്ങളില്‍ ചുറ്റുന്ന ആധുനിക ദൃശ്യമാധ്യമങ്ങളോളം നീളുന്ന ഒടുങ്ങാത്ത കാഴ്ചയനുഭവങ്ങളുടെ ആകാശമാണ് ഓരോ ഫ്രെയിമും. അവ കേവലമായ സൌന്ദര്യസങ്കല്‍പ്പങ്ങള്‍ക്കപ്പുറം മാനവപക്ഷത്തുനിന്നുള്ള ചിത്രകാരന്റെ തീവ്രമായ രാഷ്ട്രീയനിലപാടുകളും പ്രഖ്യാപിക്കുന്നു. വ്യക്തി, പ്രകൃതി, പരിസ്ഥിതി, കല, ചരിത്രം എന്നിങ്ങനെ പരസ്പരപൂരിതമായ വിഷയങ്ങളെ  പ്രശ്നവല്‍ക്കരിക്കുകയാണ് വ്യത്യസ്തമായ രചനാസങ്കേതത്തിലൂടെ സുകേശന്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ ആഴത്തിലുള്ള കാഴ്ചയും അറിയലും തേടുന്നു ഈ രചനകള്‍.

തൃശൂര്‍ പുതുക്കാട് നന്ദിക്കര സ്വദേശിയാണ് ഈ യുവചിത്രകാരന്‍. 2008 മുതല്‍ ഡല്‍ഹിയില്‍ താമസിച്ച് ചിത്രരചന നടത്തുന്നു. ചിത്രകലയോടുള്ള സമര്‍പ്പണമാണ് സുകേശനെ ഡല്‍ഹിയില്‍ എത്തിച്ചതെന്നു പറയാം. മുഴുവന്‍സമയ ചിത്രകാരനായിരിക്കുമ്പോള്‍ത്തന്നെ ചിത്രകലയുമായി ബന്ധപ്പെട്ട കൊമേഴ്സ്യല്‍ ജോലികളിലും ഏര്‍പ്പെട്ടുവരുന്നു. തൃശൂര്‍ ഫൈനാര്‍ട്സ് സ്കൂളില്‍നിന്ന് 2003ല്‍ ശില്‍പ്പകലയില്‍ ബിരുദം നേടിയ സുകേശന്‍ പഠനകാലത്തുതന്നെ ചിത്രകലയിലേക്ക് തിരിഞ്ഞു. പാരമ്പര്യമായി സ്വര്‍ണാഭരണ നിര്‍മാണജോലിചെയ്യുന്ന കുടുംബത്തിലെ അംഗമാണ്. മൌലിക രചനാശൈലി രൂപപ്പെടുത്തുന്നതില്‍ കുടുംബത്തിന്റെ നിര്‍മാണ കലാപാരമ്പര്യം സുകേശന് തുണയായതായി അദ്ദേഹത്തിന്റെ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു.

എണ്ണച്ചായത്തിലെ തിളക്കമാര്‍ന്ന വര്‍ണങ്ങളിലാണ് സുകേശന്റെ ചിത്രമെഴുത്ത്. അതേസമയം, പെന്‍ ഉപയോഗിച്ചുള്ള കരുത്താര്‍ന്ന ഡ്രോയിങ്ങുകളും സുകേശന്റേതായുണ്ട്. കവിതയും ഫിലോസഫിയും കലാചരിത്രവുംമുതല്‍ സാഹിത്യ– രാഷ്ട്രീയ സിദ്ധാന്തങ്ങളിലേക്കുവരെ നീളുന്ന പരപ്പാര്‍ന്ന വായനയുടെ തിളപ്പ് സുകേശന്റെ ചിത്രങ്ങളില്‍ തെളിഞ്ഞുകാണാം. വിശദാംശങ്ങളില്‍ ആവര്‍ത്തിച്ചുവരുന്ന പ്രകൃതിയാണ് മറ്റൊരു വിശേഷപ്പെട്ട കാഴ്ച. ചിത്രകാരന്‍ പ്രശ്നവല്‍ക്കരിക്കുന്ന വിഷയത്തിനുതകുംവിധം അതിന്റെ ആവേഗം കുറയുകയും കുടുകയുംചെയ്യുന്നു. വിശ്വചിത്രകലയിലെ അതികായന്മാരുടെ രചനാസങ്കേതങ്ങളെ ആഴത്തില്‍ പിന്തുടരുന്ന സുകേശന്‍ ഏറിയും കുറഞ്ഞും അവയുടെ സ്വാധീനം ബോധപൂര്‍വം തന്റെ ചിത്രങ്ങളില്‍ സന്നിവേശിപ്പിക്കുന്നു. കഥാ ചിത്രകാഴ്ചപോലെ ആസ്വാദ്യമാണ് സുകേശന്റെ ചിത്രങ്ങള്‍. വിശദാംശങ്ങളോടെ പ്രത്യക്ഷമാകുന്ന പ്രകൃതിയും പക്ഷി, ജന്തുജാലവുമൊക്കെ കിനാവിന്റെയും ഭ്രാന്തഭാവനയുടെയും ചിറകടിക്കുമ്പോള്‍ത്തന്നെ സറിയലിസത്തിന്റെയും ഇംപ്രഷനിസ്റ്റ് സ്ടോക്കുകളുടെയും കരുത്തില്‍ അവ ഭ്രമാത്മകമായ കാഴ്ചകളിലേക്ക് വാതില്‍തുറന്നിടുന്നു. പുതിയ രചനകളിലൊന്നായ നൊമാഡ് അത്തരത്തിലൊന്നാണ്. ചിത്രത്തിന് ജര്‍മന്‍ ചിത്രകാരന്‍ ക്രാനാകിന്റെ രചനാസങ്കേതത്തോട് കടപ്പാട് പറയുന്ന സുകേശന്‍ സമഗ്ര കാഴ്ചയില്‍ ഭാവനയും യാഥാര്‍ഥ്യവും തമ്മില്‍ നൂലിടപോലും വേര്‍തിരിയാത്ത മാര്‍ക്വേസിന്റെ മക്കോണ്ടോപോലൊരു സാങ്കല്‍പ്പികലോകത്തെ വര്‍ണങ്ങളിലൂടെ വെളിപ്പെടുത്തുകയാണ്. വിന്‍ഡിക്ടിവ് എന്ന ചിത്രം ആസ്വാദനത്തിന്റെ മറ്റൊരു ലോകമാണ് തുറന്നിടുന്നത്. കോര്‍പറേറ്റ് സമൂഹത്തിന്റെ വിനാശകരങ്ങളായ കൈകളെ അര്‍ഹമായ എല്ലാ വിഹ്വലതകളോടുംകൂടി ഈ ചിത്രം അനുഭവിപ്പിക്കുന്നു. പാകിസ്ഥാനിലെ ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വരച്ചതെന്ന് ചിത്രകാരന്‍ വെളിപ്പെടുത്തുന്ന റിട്ടേണിങ് എക്കോ എന്ന രചന സാധാരണ ജനജീവിതത്തെ അലോസരപ്പെടുത്തുന്ന യുദ്ധത്തിന്റെയും ആക്രമണങ്ങളുടെയും മനുഷ്യത്വരാഹിത്യത്തെ ശക്തമായി ആവിഷ്കരിക്കുന്നു. സാംസ്കാരികമായ ഉണര്‍വും നവീകരണവും മാനവികതയെ ഉദാത്തമാക്കുമെന്നു വിശ്വസിക്കുന്നവരുടെ പക്ഷത്താണ് സുകേശന്റെ രചനകളുടെ നില.

വായനയും യാത്രയും സമ്മാനിക്കുന്ന അനുഭവങ്ങളിലൂടെ സൃഷ്ടിയുടെ പുതിയകാഴ്ചപ്പുറങ്ങളന്വേഷിക്കുകയാണ് സുകേശന്‍. ഡല്‍ഹി, മുംബൈ, ബംഗളൂരു നഗരങ്ങളില്‍ സുകേശന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിദേശങ്ങളിലും വ്യത്യസ്ത ഷോകളില്‍ പങ്കെടുത്തു. കൊച്ചി ബിനാലെയിലെ കൊളാറ്ററല്‍ ഷോയില്‍ പങ്കാളിയായിരുന്നു. വരുന്ന ജനുവരിയല്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രദര്‍ശനത്തിലേക്കുള്ള ചിത്രങ്ങള്‍ വരയ്ക്കുന്നു. റിട്ട. അധ്യാപകന്‍ കേശവന്റെയും സുമതിയുടെയും മകനാണ്. 

 

msasokms@gmail.com

പ്രധാന വാർത്തകൾ
Top