Top
23
Tuesday, January 2018
About UsE-Paper

ക്രിസ്‌മസിന് ഉദിച്ച് അകാലത്തില്‍ പൊലിഞ്ഞ് 'വെള്ളിത്തിരയുടെ ഉദയ'

Saturday Dec 30, 2017
ലെനി ജോസഫ്
കാടുകയറിക്കിടക്കുന്ന ഉദയാ സ്റ്റുഡിയോ


തച്ചോളി  ഒതേനന്റെയും ചന്തുവിന്റെയും ആരോമല്‍ ചേകവരുടെയും ഉണ്ണിയാര്‍ച്ചയുടെയുമൊക്കെ വാളും ചുരികയും മിന്നല്‍പ്പിണരുകളായി ദീര്‍ഘകാലം ഇവിടം മുഖരിതമാക്കിയിട്ടുണ്ട്. ഭാവാഭിനയവും അമിതാഭിനയവും ചടുലന്‍ സംഭാഷണങ്ങളും നായികാനായകന്മാരുടെ പ്രണയവും പ്രതിനായകന്മാരുടെ അട്ടഹാസങ്ങളും ഇവിടെ ഷൂട്ടിങ്ങുകാണാന്‍ തടിച്ചുകൂടിയ ആയിരങ്ങളെ ഹര്‍ഷപുളകിതരാക്കിയിട്ടുണ്ട്. ഉദയാ സ്റ്റുഡിയോ ഏഴു പതിറ്റാണ്ടു പിന്നിടുമ്പോള്‍ അവശേഷിക്കുന്നത് ഓര്‍മകള്‍ മാത്രമാകുന്നു.

സത്യനും പ്രേംനസീറും ഷീലയും ശാരദയും ജയഭാരതിയും വിജയശ്രീയും ലളിത, പത്മിനി, രാഗിണിമാരുമൊക്കെ ഇവിടെയുള്ളവര്‍ക്ക് സിനിമ കറുപ്പിലും വെളുപ്പിലും മാത്രമായിരുന്ന കാലത്തെക്കുറിച്ചുള്ള നിറമുള്ള ഓര്‍മകളാണ്. പാലാട്ടുകോമനും ജീവിതനൌകയും നല്ലതങ്കയുമൊക്കെ ചിത്രീകരിച്ചതിന് സാക്ഷ്യംവഹിച്ചതിന്റെ നേര്‍സാക്ഷ്യമായി കുറേപ്പേരെങ്കിലും ഇവിടെയൊക്കെയുണ്ട്.

എന്നാല്‍ ഭാര്‍ഗവീനിലയം പോലെ കിടക്കുകയാണ് ഒരുകാലഘട്ടത്തില്‍ മലയാളിയുടെ സിനിമാഭ്രമത്തെ ആവോളം വിരുന്നൂട്ടിയ ഉദയാ സ്റ്റുഡിയോ. സ്റ്റുഡിയോയുടെ സ്ഥാപകനും പതിറ്റാണ്ടുകള്‍ മലയാളസിനിമയുടെ ജീവനാഡിയുമായിരുന്ന കുഞ്ചാക്കോയുടെ പ്രതിമയുടെ തല മതില്‍ക്കെട്ടിന്റെ മുകളില്‍ ഇരിക്കുന്നു. ഒരു ദിവസം ഇത് മതില്‍ക്കെട്ടിനു പുറത്ത് ആരോ വലിച്ചെറിഞ്ഞ നിലയില്‍ തൊട്ടു മുന്‍വശത്തുള്ള 'ഉദയാ ഓട്ടോ സ്റ്റാന്റി'ലെ തൊഴിലാളികളാണ് കണ്ടത്. അവര്‍ അത് എടുത്ത് മതിലില്‍ വച്ചു. ഇതിനുതൊട്ടു താഴെ മതിലില്‍ ഒട്ടിച്ചിരിക്കുന്ന സിനിമയുടെ പോസ്റ്ററുകള്‍ യാദൃശ്ചികതയെങ്കിലും അര്‍ഥവത്തായി തോന്നും. കാടുകയറിക്കിടക്കുന്ന സ്റ്റുഡിയോ വളപ്പും കെട്ടിടങ്ങളും. 'റൂം നമ്പര്‍ 110 ഡയറക്ടര്‍' എന്ന് എഴുതിയിട്ടുള്ള മുറിയുടെ ഉള്ളിലേക്ക് മുള്‍പ്പടര്‍പ്പുകള്‍ കയറിയിരിക്കുന്നു. തൊട്ടടുത്ത് നായികമാര്‍ അര്‍ധനഗ്നമേനിയോടെ ഊര്‍ന്നിറങ്ങിയ കുളത്തില്‍ നിറയെ മീനുകള്‍.

  കുഞ്ചാക്കോയുടെ പ്രതിമയുടെ തല സ്റ്റുഡിയോയുടെ മതിലില്‍ കുഞ്ചാക്കോയുടെ പ്രതിമയുടെ തല സ്റ്റുഡിയോയുടെ മതിലില്‍
മലയാളസിനിമയെ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പറിച്ചുനടുകയെന്ന ചരിത്രദൌത്യമായിരുന്നു ഉദയാ സ്റ്റുഡിയോയുടെ സ്ഥാപനത്തിലൂടെ നടപ്പായത്. നിര്‍മാതാവും സംവിധായകനുമായ കുഞ്ചാക്കോയും വിതരണക്കാരനായ കെ വി ജോഷിയും ചേര്‍ന്നാണ് പാതിരപ്പള്ളിയില്‍ 1947ല്‍ ഉദയാ സ്റ്റുഡിയോ സ്ഥാപിക്കുന്നത്. അതിനും അഞ്ചുവര്‍ഷം മുമ്പേ കുഞ്ചാക്കോ സിനിമാനിര്‍മാണ കമ്പിനിയായ ഉദയാ പിക്ചേഴ്സ് സ്ഥാപിച്ചിരുന്നു. ഉദയാ നിര്‍മിച്ച വടക്കന്‍ പാട്ട് ചിത്രങ്ങള്‍ തട്ടുപൊളിപ്പന്‍ വിജയങ്ങളായി. ' പുണ്യപുരാണ' ചിത്രങ്ങളുമായി പി സുബ്രഹ്മണ്യത്തിന്റെ മെരിലാന്‍ഡ് ആയിരുന്നു ഉദയായുടെ പ്രധാന എതിരാളി.

1919 ഫെബ്രുവരി 19നാണ് കുട്ടനാട്ടിലെ പുളിങ്കുന്നില്‍ മാണി ചാക്കോയുടെയും ഏലിയാമ്മയുടെയും മകനായി എം സി ചാക്കോയെന്ന കുഞ്ചാക്കോയുടെ      ജനനം.  ശവക്കോട്ടപ്പാലത്തിനടുത്തുള്ള കുടുംബവക കയര്‍ഫാക്ടറി നോക്കി നടത്താനും അബ്കാരി ബിസിനസ്സില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനുമായിരുന്നു കുഞ്ചാക്കോയുടെ ആലപ്പുഴയിലേക്കുള്ള വരവ്.  കോണ്‍ഗ്രസുകാരനായ സിനിമാക്കാരന്‍ ആലപ്പി വിന്‍സെന്റ് തമിഴ് സ്വാധീനമില്ലാത്ത മലയാളസിനിമയെന്ന സ്വപ്നം മാറോടണച്ചു നടന്നകാലം. അതിന് അദ്ദേഹം കമ്യൂണിസ്റ്റുകാരനായ മുന്‍മന്ത്രി ടി വി തോമസിന്റെ സഹായം തേടി. ഇവരുടെയും സുഹൃത്തുക്കളുടെയും ശ്രമഫലമായി ആലപ്പുഴ ലത്തീന്‍ പള്ളിക്കു സമീപം വാടകക്കെട്ടിടത്തില്‍ ഉദയാ പിക്ചേഴ്സ് ആരംഭിച്ചെങ്കിലും കടം കുടില്‍ കെട്ടി. വിന്‍സന്റ് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ് ടി എം വര്‍ഗീസിന്റെ സഹായം തേടിയെങ്കിലും അതും ഫലം കണ്ടില്ല. അങ്ങനെയാണ് അവര്‍ കുഞ്ചാക്കോയെന്ന മുതലാളിയെ ഈ പാതയിലേക്കുകൊണ്ടുവന്നത്. ആലപ്പുഴ പാതിരപ്പള്ളിയിലെ കുഞ്ചാക്കോയുടെ 35 ഏക്കര്‍ സ്ഥലത്ത് 1947ലെ ക്രിസ്മസ് ദിനത്തില്‍ ഉദയയ്ക്ക് തറക്കല്ലിട്ടു.

1949 ജനുവരി 14ന് ഉദയയുടെ ആദ്യചിത്രമായ “വെള്ളിനക്ഷത്രം പുറത്തിറങ്ങി. ഫെലിക്സ് ജെ ബെയ്സ് എന്ന ജര്‍മന്‍കാരനായിരുന്നു ഛായാഗ്രഹണവും സംവിധാനവും. കുട്ടനാട് രാമകൃഷ്ണപിള്ളയും ആലപ്പി വിന്‍സന്റും അഭയദേവും എ ബി ചിദംബരനാഥും ഒരുമിച്ച ചിത്രത്തില്‍ ഗായകന്‍ പീതാംബരം നായകനായി. തിരുവിതാംകൂര്‍ സഹോദരിമാരിലൊരാളായ ലളിത നായികയും. ചെറിയ വേഷത്തില്‍ അഭിനയിച്ച ഭരണങ്ങാനത്തുകാരി ത്രേസ്യാമ്മ പില്‍ക്കാലത്ത് മിസ് കുമാരിയെന്ന താരമായി. കുഞ്ചാക്കോയ്ക്ക് ചിത്രം വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെങ്കിലും അദ്ദേഹം പിന്‍വാങ്ങിയില്ല.

 

ഉദയാ സ്റ്റുഡിയോയില്‍ ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്ന കുളം ഉദയാ സ്റ്റുഡിയോയില്‍ ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്ന കുളം

1976വരെ പിന്നീട് മലയാള സിനിമയില്‍ കുഞ്ചാക്കോയുടെ സുവര്‍ണകാലമായിരുന്നു. 1976ല്‍ ഉദയയുടെ 75-ാമത് ചിത്രമായ “കണ്ണപ്പനുണ്ണി’ മകന്‍ ബോബന്‍ കുഞ്ചാക്കോയുടെ നിര്‍മാണനിര്‍വഹണത്തില്‍ കുഞ്ചാക്കോ സംവിധാനം ചെയ്തു. ആ വര്‍ഷം ജൂലൈ 15ന്  മദ്രാസില്‍ ഹൃദ്രോഗബാധയെത്തുടര്‍ന്ന് കുഞ്ചാക്കോ മരിച്ചു. ബോബന്‍ കുഞ്ചാക്കോ പിന്നീട് ഉദയയുടെ സാരഥ്യം ഏറ്റെടുത്തെങ്കിലും 2004ല്‍ അമ്പത്തഞ്ചാംവയസില്‍ അദ്ദേഹവും പൊലിഞ്ഞതോടെ ഉദയാ അന്യംനിന്നുപോയി.
കഴിഞ്ഞവര്‍ഷം കുഞ്ചാക്കോയുടെ കൊച്ചുമകന്‍ ബോബന്‍ കുഞ്ചാക്കോ ഉദയയുടെ ബാനറില്‍ 'കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്ലോ' എന്ന ചിത്രം നിര്‍മിച്ച് ഒരു തിരിച്ചുവരവിന് തുടക്കംകുറിച്ചത് അതിരറ്റ ആഹ്ളാദത്തോടെയാണ് സിനിമാപ്രേക്ഷകര്‍ വരവേറ്റത്.
 
 

Related News

കൂടുതൽ വാർത്തകൾ »