15 October Monday

കുചേലന്‍ മാപ്പിള

മഹാ.....ഭാരതം/എം എം പൌലോസ്Updated: Wednesday Sep 20, 2017

അത്തം മുതല്‍ ഉത്രം വരെയുള്ള തിരുനാളുകള്‍ ഭരിച്ചിട്ടും നശിക്കാത്ത തിരുവിതാംകൂര്‍ ശേഷിച്ചകാലം കേരളത്തില്‍ ലയിച്ചില്ലാതാകാന്‍ തീരുമാനിച്ചു.
ആ ലയനസമ്മേളനത്തിന് അറുപതാണ്ട് കഴിഞ്ഞപ്പോള്‍ കുചേലന് ഒരു മോഹം.

കുചേലന്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ പഴയ കുചേലന്‍ തന്നെ.
കാല്‍ക്കാശിന് ഗതിയില്ലാതെ പൂണൂലും ചുറ്റി പട്ടിണി കിടന്ന ഗതകാല കുചേലന്‍.

പുള്ളിയെ പിടിച്ച് വഞ്ചിയിലിരുത്തി രാമപുരത്ത് വാര്യര്‍ തുഴഞ്ഞ് നീങ്ങിയതുകൊണ്ട് കഴിഞ്ഞുകൂടാന്‍ മേല്‍പ്പടിയാന് സ്വല്‍പ്പം റോയല്‍റ്റി കിട്ടി.

കണ്ണനെ കണ്ട് അവില്‍പ്പൊതി കൈമാറി ശതകോടീശ്വരനായി തിരിച്ചുവന്ന കുചേലന് മോഹം കലശലായി.

ഒരിക്കല്‍ കൂടി ജനിക്കണം. ഇതാണ് ആഗ്രഹം.ദൈവങ്ങള്‍ മാത്രം പിന്നേം പിന്നേം ജനിച്ചാല്‍ പോരല്ലൊ!.

സിവിലിയന്‍മാരും ജനിച്ച് ദൈവത്തെ പ്രകീര്‍ത്തിക്കേണ്ടതല്ലെ എന്ന ചിന്തയാണ് കുചേലനെ പുനര്‍ജന്മത്തിന് പ്രേരിപ്പിച്ചത്.

ദൈവം ദൈവത്തിലൂടെയല്ല, വോട്ടവകാശമുള്ള സാധാരണപൌരന്മാരിലൂടെയാണ് അറിയപ്പെടുന്നത്. അതുകൊണ്ട് ദൈവവിജയം മഹാകാവ്യം പൂര്‍ത്തീകരിക്കാന്‍ പൌരന്‍ അനിവാര്യമാകുന്നു.

അതാണ് കുചേലപുനരവാതരത്തിന്റെ പൌരധര്‍മം.
കുചേലന്‍ ദൈവത്തെ വിവരം അറിയിച്ചപ്പോള്‍ എതിര്‍പ്പുണ്ടായില്ല.

“'ആയിക്കോട്ടെ...കുചേലന്‍ അപ്പോള്‍ എവിട്യാ ജനിക്കാന്‍ ആഗ്രഹിക്കുന്നത്?'
'പഴയ തിരുവിതാംകൂറിന്റെ ഏതെങ്കിലും അംശത്തില്‍ മതി.'
'കുചേലന്‍ തന്നെ നിശ്ചയിച്ചോളു. തനിക്കാണല്ലൊ ജനിക്കണം ന്ന് നിര്‍ബന്ധം'
വില്ലേജ് തീരുമാനിക്കാനുള്ള ബാധ്യത അങ്ങനെ ദൈവം ഒഴിഞ്ഞു.
'എന്നാല്‍ കാഞ്ഞിരപ്പള്ളി ആയിക്കോട്ടെ...'
'കാഞ്ഞിരപ്പള്ളിയില്‍ എവ്ടെയായിട്ട് വേണം?'
'മണിമല ആയിക്കോട്ടെ.'
ദൈവം സമ്മതിച്ചു.
'അടിയന് ഒരാവശ്യം കൂടി..'
'എന്താണാവോ?'
'ഇനി ക്രിസ്ത്യാനിയായിട്ട് മതി ജനനം'
'അതെന്താ കുചേലാ അങ്ങനെ?'
'മറ്റേതിലല്ലെ നേരത്തെ ജനിച്ചത്. അതില്‍ ഇരുപത്തിനാല് വൃത്തവും കഴിഞ്ഞു. ഒരു മാറ്റം. ഒരു ചെയ്ഞ്ച്,ബിലവഡ് ഗോഡ്.'
'ഒകെ. എഗ്രീഡ്. നിന്നെ നാം ക്രിസ്ത്യാനിയാക്കി കാഞ്ഞിരപ്പള്ളിയിലെ മണിമലയില്‍ പുനര്‍ജനിപ്പിക്കുന്നു.'

കുചേലന്‍ കാഞ്ഞിരപ്പള്ളിയില്‍ ജ്ഞാനസ്നാനം നടത്തി.

കപ്പയും ചേനയും റബറും കാര്യമായി വിളഞ്ഞിട്ടും കുചേലന്‍ വാശിയില്‍ തന്നെ പട്ടിണി  കിടന്നു.

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ വിദഗ്ദ്ധസേവനം അനുഷ്ഠിച്ച ശേഷമാണ് പട്ടിണി കിടക്കാന്‍ കുചേലന്‍ തീരുമാനിച്ചത്. പിന്നെ പിള്ളാര്‍ക്ക് ട്യൂഷനെടുത്തും കുചേലന്‍ മാപ്പിള പട്ടിണി ആചരിച്ചു.

പട്ടിണി കലശലാണെങ്കിലും ആയിടെ കുചേലന്‍ മാപ്പിള ഒരു കാറ് വാങ്ങാന്‍ തീരുമാനിച്ചു.

സ്വന്തം കാര്യത്തിനല്ല, രാജ്യപുരോഗതിക്ക് വേണ്ടിയുള്ള പുണ്യപ്രവൃത്തിയായിരുന്നു അത്.

തന്നാലാവുന്നത് ചെയ്യുന്ന അണ്ണാറക്കണ്ണനായി കുചേലന്‍ മാപ്പിള.

അതിരാവിലെ കാറുമായി കുചേലന്‍ പെട്രോള്‍ പമ്പിലെത്തും. ഓടിച്ചുകൊണ്ടല്ല, തള്ളിക്കൊണ്ടാണ് വരുന്നത്.

ഫുള്‍ടാങ്ക് പെട്രോളടിക്കും.
തിരിക്കും. ഓടിച്ചല്ല, തള്ളിക്കൊണ്ട് തന്നെ.

നാട്ടുകാര്‍ക്ക് ഇത് ഒരു കാഴ്ചയായിരുന്നു.

വീട്ടിലെത്തിയാല്‍ കുചേലന്‍ മാപ്പിളയും കെട്ട്യോളും ചേര്‍ന്ന് പെട്രോളെല്ലാം ഊറ്റിക്കളയും.

പിറ്റെന്നും കാറ് തള്ളി പമ്പിലെത്തും.

അടിക്കും
തള്ളും
ഊറ്റും.
ഇതാണ് കുചേലവൃത്തം.

കുചേലന്‍ മാപ്പിള വലിയ തത്വചിന്തകനാണെന്ന് നാട്ടുകാര്‍ കരുതി. കുറഞ്ഞ ബുദ്ധിയുള്ള ആര്‍ക്കും ഇമ്മാതിരി ചെയ്യാന്‍ പറ്റില്ലല്ലോ!.
അല്ലെങ്കില്‍ കിറുക്ക് വേണം.
കണ്ടാലും തോന്നും.
വാ തുറന്നാല്‍ ഉറപ്പ്.
സംശയമേ തോന്നില്ല.
എങ്കിലും കാഞ്ഞിരപ്പള്ളിയിലെ സന്ദേഹവാദികളില്‍ ഒരാള്‍ ചോദിച്ചു.

' അല്ല മാപ്പളേ...തനിക്ക് എന്തിന്റെ കേടാ..?'
'എന്ത്?'
'പെട്രോളടിക്കും ഊറ്റും പിന്നേം അടിക്കും. കിറുക്കാ?'
'ഇതാണ് രാജ്യസ്നേഹം.'
'അതെങ്ങനെ മാപ്പളേ?'
അതിന്റെ ഗുട്ടന്‍സ് കുചേലന്‍ വിവരിച്ചു.
'ഓരോ ലിറ്റര്‍ പെട്രോളും ഓരോ കക്കൂസ് ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. ടോയ്ലറ്റുകള്‍ കൊണ്ട് സമ്പന്നമാകുന്ന ഒരു ഭാരതത്തെയാണ് ഞാന്‍ സ്വപ്നം കാണുന്നത്. ഓരോതുള്ളി പെട്രോളും അമൂല്യമാണ്. ഒരോ അമൂല്യവും ഓരോ മൂലക്കുരുവില്‍ നിന്നും ഭാരതത്തെ മോചിപ്പിക്കുന്നു.'

ഈ നിര്‍മാര്‍ജന പ്രക്രിയയില്‍ ആകണ്ഠം മുഴുകിയ കുചേലന്‍ വീട്ടിലെ പട്ടിണിയെ കുറിച്ച് ചിന്തിച്ചതേയില്ല.

ഒരു പൊതുപ്രവര്‍ത്തകന് അങ്ങനെ ചിന്തിക്കാനുമാകില്ല.
ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, സപ്പര്‍ ഇത്യാദികള്‍ക്കിടയില്‍ കൃത്യമായ പട്ടിണിയായിരുന്നു കുചേലഭവനത്തില്‍ നിറഞ്ഞു നിന്നത്.

ഒരു ഞായറാഴ്ച പള്ളി കഴിഞ്ഞ് കുചേലനും ധര്‍മപത്നിയും വീട്ടിലെത്തി.

വേഷം മാറി കൈലിയും മുറിക്കയ്യന്‍ ബനിയനുമിട്ട് കുചേലന്‍ സെറ്റിയിലിരുന്ന് രാജ്യത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങി.

പിഞ്ഞിക്കീറിയ നാടനും ചട്ടയും മാറ്റാന്‍ സ്വഭാര്യ ഡ്രെസിംഗ് റൂമില്‍ കയറി.
കുചേലന്‍ വിളിച്ചു.
'എടിയേ..'
വലതുഭാഗം വിളികേട്ടു.
'എന്നാ..'
' നീ ഇത്തിരി കാപ്പി അനത്തിക്കൊണ്ടുവന്നേ...'
' പാലില്ലായേ..'
'കട്ടങ്കാപ്പി മതി'
'കാപ്പിപ്പൊടീം ഇല്ലായേ...'
'എന്നാ നീ ഒരു കടുഞ്ചായ ഇട്ടോണ്ട് വാ..വയറ് പതക്കണ്'
' ചായപ്പൊടീം പഞ്ചാരേം ഇല്ലായേ..'
കുചേലപത്നി കുചേലസമീപമിരുന്നു.
തൊണ്ടയിടറി ചോദിച്ചു.
'ഇങ്ങനെ എത്ര നാള് കഴിയാനാ?'
കുചേലന്‍ മാപ്പിള മിണ്ടിയില്ല.
'ദാണ്ടേ..ഓരോരുത്തര് ജീവിക്കണത് ഇതിയാന്‍ കാണുന്നില്ലായോ?. കൊട്ടാരം പോലുള്ള വീട്...കൊട്ടാരം പോലുള്ള കാറ്...നമുക്ക് ഒരു ബെന്‍സ് പോലുമില്ലല്ലോ അച്ചായാ...എത്രനാള് നമ്മളിങ്ങനെ ഈ ദുരിതത്തീ കഴിയും?.
കുചേലന്‍ മാപ്പിള മൌനം.
' ഇതിയാനാ കൃഷ്ണനെ ഒന്ന് കാണാഞ്ചെല്ല്..നിങ്ങള് ഒന്നിച്ച് പഠിച്ചതല്ലായോ...വലിയ കൂട്ടായിരുന്നില്ലേ...കണ്ണച്ചായന്‍ കൈവിടില്ലച്ചായോ...'
'പോകാം...പക്ഷെ എന്നാ എന്തെങ്കിലും കൊണ്ടുപോകണ്ടായോ..'
'ഓ!. എന്നാത്തിനാ..?.നമ്മുടെ ബുദ്ധിമുട്ടൊക്കെ കണ്ണച്ചായന് അറിയത്തില്ലായോ?'
'എന്നാലും എന്റെ പെമ്പറന്നോരെ...അത് പറ്റുകേല..എന്തേലും കൊണ്ടുപോകാതെങ്ങനാ?'
'എന്നാ നമ്മുടെ പഴയ സാധനം തന്നെ എടുക്കട്ടായോ?'
' എന്നാടീ അത്?'
'അവല്'
'അതിന് നെല്ലൊണ്ടോടീ?'
'അതൊക്കെ ഞാന്‍ കരുതിവെച്ചിട്ടൊണ്ട്. എനിക്കറിയാം അതൊക്കെ വേണ്ടിവരുമെന്ന്..'
'എന്നാ നീ അതെടുത്തോണ്ട് വന്ന് സെര്‍വന്റിനോട് ലൈറ്റോഫാക്കി ഇടിയ്ക്കാന്‍ പറ'
'അതെന്നാത്തിനാ ലൈറ്റോഫാക്കണത്?'
' എടിയേ...ക്ഷിപ്രമിരുട്ടത്തിടിക്ക കൊണ്ട് കല്ലും നെല്ലുമേറും...എന്നല്ലായോ വേദപൊസ്തകത്തീ പറയണത്...?'
വേദപൊസ്തകത്തിലല്ല മനുഷ്യാ അത്..'
'എന്തേലിലുമൊണ്ടയെല്ലാ. അത് മതി. നീ ഇടി'

കുചേലന്‍ മാപ്പിള യാത്രയ്ക്ക് റെഡിയായി. അതിരാവിലെ മണിമലയാറ്റില്‍ പോയി മുങ്ങി.
കിടുകിടുത്തു.

കര്‍ത്താവിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ മുട്ടുകുത്തി.

ജീര്‍ണവസ്ത്രവും പൊളിഞ്ഞ ഷൂവും ഇട്ടു.

ആരും പാടും.
'കണ്ടാലെത്ര കഷ്ടമെത്രയും മുഷിഞ്ഞ ജീര്‍ണവസ്ത്രം...'

കാറില്‍ നെടുമ്പാശേരിക്ക് പോയി. പിറകെ ചകോരാദിപക്ഷികള്‍ വന്ന് കോലാഹലം കൂട്ടി. അവയെ ആട്ടിയോടിച്ചു.

ഡല്‍ഹി ഫ്ളൈറ്റില്‍ കയറി.
അവല്‍പ്പൊതിയും പൊളിക്കുടയും കക്ഷത്തിലൊതുക്കി.

കൃഷ്ണന്‍കുട്ടിയെ കാണാന്‍ പോകുന്ന കാര്യം ഓര്‍ത്ത് സന്തോഷം കൊണ്ട് മയങ്ങിപ്പോയി.

കണ്ണു തുറന്നപ്പോള്‍ ഫ്ളൈറ്റ് താഴുന്നു.
ഡല്‍ഹിയില്‍ ഇറങ്ങി.
കണ്ണനെ കാണാന്‍ നടന്നു.
നടന്ന് നടന്ന് ഉണ്ണികൃഷ്ണന്റെ ഗേഹത്തിലെത്തി.
കനത്ത സുരക്ഷ.
കടത്തി വിട്ടില്ല.
കുചേലന്‍ പറഞ്ഞു.

'പഴയ ക്ളാ‌സ്‌മേറ്റ്‌സാണ്'
' എവിടെ?'
'സാന്ദീപനി ഇംഗ്ളീഷ് മീഡിയം സ്ക്കൂളില്‍'
'ഏത് ക്ളാസ്?'
'യു കെ ജി.
ഭാഗ്യം. അനുമതി കിട്ടി.

കണ്ണന് കണ്ടാല്‍ മനസ്സിലാകുമോ? എന്ന് കണ്ടതാ!. കണ്ടിട്ട് മനസ്സിലായില്ലെങ്കില്‍ ചമ്മലാകും. തല്‍സമയസംമ്പ്രേഷണമാകും.
നെഞ്ച് പെടപെടാ ഇടിച്ചു.അടുക്കുന്തോറും ഇടി കൂടി.

അപ്പോള്‍ ഒരു വിളി.
'ഡാ...കുചേലാ..'
'കണ്ണങ്കുട്ടീ....'
ഒന്നും മറന്നിട്ടില്ല കണ്ണന്‍.
കണ്ണനെ കേശാദിപാദം നോക്കി കുചേലന്‍.
മുടീം താടീം നരച്ചു. കഷണ്ടി കയറി. സ്വല്‍പം തടിച്ചു. നെഞ്ച് അമ്പത്തിയാറ് ഇഞ്ചായി.

പീലിത്തലമുടീം ഓടക്കുഴലും പീതാംബരവും മാറ്റി. ഷെര്‍വാണി, കുര്‍ത്ത എന്നിവയായി.

'കുചേലാ.. നിക്കഡാ...ഞാന്‍ നിന്റെ കാലില്‍ ഇത്തിരി വെള്ളമൊഴിക്കെട്ടഡാ..ഭള്ളൊഴിഞ്ഞ് വെള്ളമൊഴിക്കാന്‍ ഭഗവതി ഇല്ലല്ലോഡാ..'
'അയ്യോ...ഭഗവാനെ അരുത്..'
'നീ പോഡാ...ഇതെന്റെ പ്രോജക്ടാ..സ്വച്ഛ് ഭാരത്!'
കാല്‍ കഴുകി.
'നീ എന്താഡാ ഇങ്ങനെ സൂക്ഷിച്ച് നോക്കുന്നത്?'
'ഭഗവാനെ..അങ്ങ് ഞങ്ങടെ കര്‍ത്താവിനെപ്പോലെ തന്നെ...'
കുര്‍ത്താംബരന്‍ ചിരിച്ചു.
കുചേലന്‍ തുടര്‍ന്നു.
'കര്‍ത്താവിന്റെ അതെ താടി. അതെ മുഖം. അതെ മീശ. അതെ വിരല്. അതെ നോട്ടം. അതെ കരുണ. കര്‍ത്താവും എന്റെ കണ്ണങ്കുട്ടീം മാറിപ്പോകൂല്ല.'
ഭഗവാന്‍ കൃഷ്ണന്‍ കുചേലനോട് നാട്ടുകാര്യങ്ങള്‍ ചോദിച്ചു.
'കാഞ്ഞിരപ്പള്ളിയില്‍ മഴയുണ്ടോ?. റബറൊക്കെ എങ്ങനെ? ഏത്തവാഴ മെച്ചമാണോ?. കേരളാ കോണ്‍ഗ്രസ് എന്ത് പറയുന്നു?.'

ഇങ്ങനെ ഓരോന്ന് ചോദിച്ച് സമയം പോയി.
ഇരുവരും പിരിഞ്ഞു.
തിരിച്ച് ഫ്ളൈറ്റില്‍ കയറിയപ്പോഴാണ് വന്ന കാര്യം പറഞ്ഞില്ലല്ലോ എന്ന് കുചേലന്‍ മാപ്പിള ഓര്‍ത്തത്.
പോട്ടെ. കണ്ടല്ലൊ. അത് മതി.
നിരാശനായി കുചേലന്‍ മാപ്പിള കാഞ്ഞിരപ്പള്ളിയിലെത്തി.
അവിടെ വലിയ ജനക്കൂട്ടം.
വല്ല ആപത്തും?.
ഇല്ല. എല്ലാവരും സന്തോഷത്തിലാണ്. കയ്യില്‍ പൂച്ചെണ്ടും പൂമാലയും.
കുചേലന്‍ മാപ്പിളയെ കാത്ത് നില്‍ക്കുകയാണ് എല്ലാവരും.
കുചേലന്‍ കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വെടി, പടക്കം, ഇടി, പേമാരി.
അയ്യോ!. സ്ഥലം മാറിപ്പോയോ!.
ഇല്ല.
എല്ലാവരും കുചേലന് ജയ് വിളിക്കുന്നു.
'എടോ തന്നെ കേന്ദ്രമന്ത്രിയാക്കി'
'ങ്ങേ!'
'അതെ കേന്ദ്രമന്ത്രി.'
'കണ്ണാ...എന്റെ കണ്ണാ...കണ്ണ് നെറയുന്നു കണ്ണാ...'
കുചേലന് കണ്ണന്റെ ദാനം.
കണ്ണന്റെ ദാനം എന്നാല്‍ കണ്ണന്താനം.
കണ്ണന്താനം തനതിന്താനം..തെന്തിന്നാനം...
ഈണത്തിനൊപ്പം കണ്ണന്താനവും ചുവടുവെച്ചു.
 

പ്രധാന വാർത്തകൾ
Top