21 November Wednesday

പ്രവാസി ചിട്ടിയുമായി കെഎസ്എഫ്ഇ

പി ജി സുജUpdated: Tuesday May 22, 2018


കൊച്ചി
ലാഭത്തിന്റെ കാര്യത്തിൽ എന്നും ഒന്നാംനിരയിൽ തുടരുന്ന പൊതുമേഖലാസ്ഥാപനമായ കെഎസ്എഫ്ഇ സർക്കാരിന്റെ രണ്ടാം പിറന്നാൾ സമ്മാനമായി ഒരുക്കുന്നത് പ്രവാസി ചിട്ടികൾ.  ദുബായിലാണ് പദ്ധതിയുടെ ആഗോളതല ഉദ്ഘാടനം. സമ്പൂർണമായി ഡിജിറ്റലാക്കി നിക്ഷേപകർക്ക് സൗകര്യപ്രദമായ സേവനങ്ങൾ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്എഫ്ഇ.  യുഡിഎഫ് സർക്കാരിന്റെ കാലത്ത് 28,960 കോടി രൂപയുടെ വിറ്റുവരവ് മാത്രമുണ്ടായിരുന്ന സ്ഥാപനം രണ്ടുവർഷംകൊണ്ട് 35,305 കോടി രൂപയാക്കി ഉയർത്തി. 2015‐16ൽ നിക്ഷേപം 8440കോടി രൂപയായിരുന്നത് 2017‐18 സാമ്പത്തികവർഷം 11,245 കോടി രൂപയായി ഉയർന്നു. മൊത്തം 17ലക്ഷം വരിക്കാരാണ് ഉള്ളത്്.  കൂടുതൽ തവണ ലേലത്തിൽ പങ്കെടുക്കാൻ അവസരം നൽകുന്ന മൾട്ടി ഡിവിഷൻ ചിട്ടികൾ ആരംഭിക്കുന്നതോടെ വരിക്കാരുടെ എണ്ണം ഉയരും.

പ്രവാസികൾക്ക് നേരിട്ട് ചിട്ടിയിൽ നിക്ഷേപിക്കാനുള്ള അനുമതി റിസർവ് ബാങ്കിൽനിന്നു ലഭിച്ചതും ഡിജിറ്റൽ രൂപത്തിൽ ചിട്ടിനടത്താനുള്ള സാധ്യതകൾ ഉരുത്തിരിഞ്ഞതുമാണ് പ്രവാസി ചിട്ടി പ്രാവർത്തികമായതിനുപിന്നിൽ. ഇതിൽനിന്നുള്ള തുക സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിനായി കിഫ്ബിയുടെ  സഹകരണത്തോടെ ഉപയോഗപ്പെടുത്തും. തുടക്കത്തിൽ ഗൾഫ് രാജ്യങ്ങളാണ് ലക്ഷ്യമെങ്കിലും ഓസ്ട്രേലിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കെല്ലാം ചിട്ടി വ്യാപിപ്പിക്കും.

ചിട്ടിയുടെ കാലയളവിനുള്ളിൽ പ്രവാസി മരിച്ചാൽ ആ ചിട്ടിയുടെ ബാധ്യതക്ക് ഇൻഷുറൻസ് പരിരക്ഷയും പേഴ്സണൽ ആക്സിഡന്റ് പോളിസിയും ഏർപ്പെടുത്തും. അയാൾ ഗൾഫിൽവച്ച് മരണപ്പെട്ടാൽ മൃതശരീരം നാട്ടിലെത്തിക്കുന്നതിനുവേണ്ട ചെലവ് കെഎസ്എഫ്ഇ വഹിക്കും.   ഈ തുക നാട്ടിലുള്ളവരുടെ അടുത്തുള്ള കെഎസ്എഫ്ഇ ശാഖയിൽനിന്നുവാങ്ങാൻ സൗകര്യമേർപ്പെടുത്തും.

കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച കുടുംബശ്രീ ചിട്ടിയും ഈ വർഷം പ്രാവർത്തികമാകും. ചെറിയ വരുമാനം ഉള്ളവർക്ക് അനുയോജ്യമായ ഈ ചിട്ടികൾ സിഡിഎസ് തലത്തിൽ തവണകൾ കളക്ട്ചെയ്യാവുന്ന വിധമാണ്.  അടുത്തവർഷം കേന്ദ്ര ചിട്ടി നിയമത്തിലെ മാറ്റങ്ങൾ യാഥാർഥ്യമാകുന്നതോടെ അധികമായി ലഭിക്കുന്ന തലയാൾ കമീഷൻ (ഫോർമെൻസ് കമീഷൻ) തുക വരിക്കാരുടെ ഇൻഷുറൻസ് പരിരക്ഷയടക്കാൻ ഉപയോഗിക്കും. ഇതിനെല്ലാം പിന്തുണയുമായി സംസ്ഥാന ഗവൺമെന്റും  ധനവകുപ്പും ഒപ്പമുണ്ട്്. 12 കോടി രൂപ മുതൽമുടക്കി അത്യാധുനിക ആസ്ഥാനമന്ദിരവും തൃശൂരിൽ നിർമാണത്തിെനാരുങ്ങുകയാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top