13 November Tuesday
ഒരു ജീവി 'മരിക്കുക' എന്നതിന് നമുക്ക് ചില സങ്കല്‍പ്പമുണ്ട്. പലതും മനുഷ്യരായ നമ്മുടെ മരണവുമായി ബന്ധിപ്പിച്ച് ചിന്തിച്ചുണ്ടാക്കിയ ധാരണകളാണ്. തല്ലിക്കൊന്നാലും ചാവില്ല, എന്നൊക്കെ ചിലരെപ്പറ്റി തമാശപറയുമെങ്കിലും ഒത്ത സാഹചര്യം കിട്ടിയാല്‍ മരണം പണിയൊപ്പിക്കും എന്നതില്‍ സംശയമില്ല. പക്ഷെ മരണത്തെ തോല്‍പ്പിക്കുന്ന ഒരു കുഞ്ഞുജീവി നമുക്കൊപ്പം ജീവിക്കുന്നുണ്ട്.

കൊന്നാലും ചാവാത്ത ജലക്കരടികള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 8, 2017

വിജയകുമാര്‍ ബ്ലാത്തൂര്‍

ഒരു ജീവി 'മരിക്കുക' എന്നതിന് നമുക്ക് ചില സങ്കല്‍പ്പമുണ്ട്. പലതും മനുഷ്യരായ നമ്മുടെ മരണവുമായി ബന്ധിപ്പിച്ച് ചിന്തിച്ചുണ്ടാക്കിയ ധാരണകളാണ്. തല്ലിക്കൊന്നാലും ചാവില്ല, മുറിച്ചാല്‍ മുറികൂടുന്ന 'കീരിക്കാട'നാണ് എന്നൊക്കെ ചിലരെപ്പറ്റി തമാശപറയുമെങ്കിലും ഒത്ത സാഹചര്യം കിട്ടിയാല്‍ മരണം പണിയൊപ്പിക്കും എന്നതില്‍ സംശയമില്ല. ശ്വാസം കിട്ടാത്ത, വെള്ളംകിട്ടാത്ത,  തീച്ചൂടില്‍പെട്ട, തീറ്റകിട്ടാത്ത അവസ്ഥയില്‍ ആരും കുറച്ച്സമയമോ കാലമോ കഴിഞ്ഞാല്‍ ചത്തുപോകും. പക്ഷെ ഈ അവസ്ഥയിലൊന്നും കൂസാതെ മരണത്തെ തോല്‍പ്പിക്കുന്ന ഒരു കുഞ്ഞുജീവി നമുക്കൊപ്പം ജീവിക്കുന്നുണ്ട്. ടാര്‍ഡിഗ്രാഡ (Tardigrade) എന്ന പേരുള്ള വളരെ കുഞ്ഞന്‍ ജലജീവിയായ 'ജലക്കരടി' (water bears). ഒരു മില്ലീമീറ്ററിനടുത്ത് മാത്രം വലിപ്പമുള്ളതിനാല്‍ ഒരു പവര്‍കുറഞ്ഞ മൈക്രോസ്കോപ്പിലൂടെ നോക്കിയാലേ കാണാന്‍പറ്റൂ എന്നു മാത്രം. എട്ടുകാലുകളുമായി കശേരുക്കളുള്ള ശരീരം തുഴഞ്ഞ് നീന്തിക്കളിക്കുന്ന ഇവര്‍ ചിലപ്പോള്‍ പൂപ്പലുകളിലും മറ്റും ജീവിക്കുന്നതിനാല്‍ പൂപ്പല്‍പന്നിയെന്നും (mosspiglets) ബഹിരാകാശത്തും യാതൊന്നും കൂസാതെ  ജീവിക്കുമെന്നതിനാല്‍ 'ആകാശപ്പന്നി' (space bears)  എന്നുമൊക്കെ പേരുണ്ട്. ജോണ്‍ ആഗസ്റ്റ് എഫ്രൈം ഗോസ് എന്ന ജെര്‍മന്‍ ബയോളജിസ്റ്റാണ് 1773ല്‍ ആദ്യമായി ഇതിനെ കണ്ടെത്തിയത്. ഹിമാലയത്തിലെ കൊടുമുടികള്‍ക്ക് മുകളിലും ഉഷ്ണനീരുറവകളിലും കടലിന്‍റെ അടിത്തട്ടിലും അന്‍റാര്‍ട്ടിക്കയിലും ആമസോണിലെ മഴക്കാടുകളിലും എന്നുവേണ്ട സര്‍വ്വസ്ഥലങ്ങളിലും ഇവരുണ്ടാകാം. ഇനി ബഹിരാകാശത്ത്നിന്ന് വല്ല ഉല്‍ക്കയും വന്നിടിച്ച് ഭൂമിയിലെ സര്‍വജീവികളും ചത്തടിഞ്ഞാലും സൂപ്പര്‍ നോവയോ വന്‍ ഗാമാറേഡിയേഷനോകൊണ്ട് സര്‍വ്വം ഭസ്മമായാലും കൊടുംശൈത്യത്തിലമര്‍ന്നാലും ഇവര്‍ ബാക്കികാണും. പ്രായോഗികമായി എത്താന്‍ സാധിക്കാത്ത അബ്സല്യൂട്ട് സീറോ തണുപ്പായ മൈനസ് 273 ഡിഗ്രി സെന്‍റീഗ്രേഡിനടുത്ത്പോലും ഇവ അതിജീവിക്കും. മൈനസ് 20 ഡിഗ്രി സെന്‍റീഗ്രേഡില്‍ മുപ്പത് വര്‍ഷംവരെ ചാവാതെ നില്‍ക്കും.  മൈനസ് ഇരുന്നൂറു ഡിഗ്രിയില്‍ ദിവസങ്ങളോളം തടികാക്കും. മനുഷ്യരുടെ ജീവന്‍ കളയാന്‍വേണ്ടതിന്‍റെ നൂറുകണക്കിന് മടങ്ങ് കൂടുതല്‍ അയൊണൈസ്ങ് റേഡിയേഷനുള്ള ഇടത്തും ഈ ചങ്ങാതി ബാക്കിയാകും. ചിന്തിക്കാനാകാത്ത മര്‍ദ്ദമായ 6000 അറ്റ്മോസ്ഫെറിക്ക് മര്‍ദ്ദവും ചില ഇനങ്ങള്‍ക്ക് നിസാരമാണ്. തീക്കരണ്ടിയില്‍ ഇട്ട് വറുത്ത് ശരീരത്തിലെ 97ശതമാനം ജാലംശവും വറ്റിഉണങ്ങിയാലും അനുകൂല സാഹചര്യംകിട്ടിയാല്‍  വീണ്ടും  ജീവന്‍വച്ച് തുഴഞ്ഞ് നടക്കും. ഇവരുടെ അതിജീവന മാഹാത്മ്യം വിളമ്പിയാല്‍ നമ്മള്‍ മനുഷ്യര്‍ മൂക്കത്ത് വിരലുവെച്ച് അന്താളിച്ച് നില്‍ക്കേണ്ടി വരും.
ഇതുവരെയായി നാനൂറോളം സ്പീഷീസ് ജലപ്പന്നികള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവയെ ഏത് ജന്തു ഫൈലത്തില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ല. ചിലര്‍ ഇവയെ ആര്‍ത്രൊപോഡ ജന്തുഫൈലത്തിലാണുള്‍പ്പെടുത്തേണ്ടത് എന്ന് വാദിക്കുന്നു. ചിലര്‍ ഇവയെ അനലിഡയില്‍ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായം ഉള്ളവരാണ്. ജലക്കരടികളെ ഒരു സ്വതന്ത്രവര്‍ഗമായി നിലനിര്‍ത്തണമെന്നു വാദിക്കുന്ന ശാസ്ത്രകാരന്മാരും ഉണ്ട്
ബാരല്‍ പോലുള്ള ശരീരം അഞ്ച് കശേരുക്കളുള്ളതാണ് തല ഭാഗത്താണ് വായപോലുള്ള അവയവം ഉള്ളത്. ബാക്കി കഷണങ്ങളിലോരോന്നിലും ഒരോ ജോഡി കാലുകളുണ്ട്. അതിന്‍റെ അഗ്രത്തില്‍ നഖങ്ങളും. തുഴയല്‍ ഈ കാലുകള്‍ ഉപയോഗിച്ചാണ്. സസ്യഭാഗങ്ങളും പൂപ്പലുകളും ബാക്ടീരിയകളും ചെറുജീവികളും ഒക്കെയാണ് ഭക്ഷണമെങ്കിലും ചിലവ മറ്റ് ടാര്‍ഡിഗ്രാഡ സ്പീഷിസുകളേയും പിടികൂടി തിന്നും.  ചിലയിനങ്ങള്‍ക്ക് മലദ്വാരമേ ഇല്ല. ഇടക്ക് ഉറപൊഴിക്കുമ്പോള്‍ കൂടെ ഉള്ള മാലിന്യങ്ങളും അതിനൊപ്പം പുറത്തുകളയും. ചില സ്പീഷിസുകള്‍ ഇണചേരാതെതന്നെ സ്വയം കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നവയാണ്. സാധാരണയായി ആണും പെണ്ണും ടാര്‍ഡിഗ്രാഡകല്‍ ഉണ്ടാകും. ഉറപൊഴിക്കുന്ന അവസരത്തിലാണ് ഇണചേരല്‍ നടക്കുക. പെണ്‍ ടാര്‍ഡിഗ്രാഡ പൊഴിച്ചിടുന്ന പുറമ്പാളിയില്‍ മുട്ടകളുണ്ടാകും അതിനെ ബീജങ്ങള്‍ പൊതിയും. 14 ദിവസംകൊണ്ട് മുട്ടവിരിയും. കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരായാണ് ജനിക്കുന്നത്.  മുതിര്‍ന്ന ടാര്‍ഡിഗ്രാഡയിലുള്ളത്രയും എണ്ണംതന്നെ കോശങ്ങളുണ്ടാവും കുഞ്ഞന്മാരിലും. വളര്‍ച്ചാഘട്ടങ്ങളില്‍ പുതുതായി കോശങ്ങള്‍ ഉണ്ടാകുകയില്ല, ഉള്ളവയുടെ വലിപ്പം കൂട്ടുകമാത്രമാണ് ചെയ്യുന്നതെന്ന് സാരം. ഇവയുടെ ചലനവും ജീവിതവും ചിത്രീകരിച്ചിരിക്കുന്ന വീഡിയോകള്‍ ഇന്‍റര്‍നെറ്റില്‍ സന്ദര്‍ശിക്കുന്നത് കൗതുകകരമാണ്. നമ്മളുടെ അഹങ്കാരം കുറച്ച് കുറയും.?            

 

പ്രധാന വാർത്തകൾ
Top