20 April Friday

സിനിമയെ സ്നേഹിച്ച 'വില്ലൻ'

വെബ് ഡെസ്‌ക്‌Updated: Thursday Apr 5, 2018


സിനിമയിൽ ക്രൂരതയയുടെ പര്യായമായിരുന്ന കൊല്ലം അജിത് ജീവിതത്തിൽ അങ്ങനെയായിരുന്നില്ല. മൂന്നര ദശകത്തിനിടെ വെള്ളിത്തിരയിൽ ചെയ്യാത്ത കൊള്ളരുതായ്മകളില്ല. അജിത്തിനെപ്പോലുള്ള വില്ലന്മാർക്കേറ്റ മർദനത്തിൽനിന്നാണ് ആരാധകമനസ്സിൽ താരങ്ങൾ കട്ടൗട്ടുകളേക്കാൾ വളർന്നത്്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി അറുനൂറിലധികം സിനിമകളിൽ വേഷമിട്ട അജിത് സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് താരമായത്. സംവിധാന സഹായിയാകാൻ പോയി ഒടുവിൽ വില്ലനായും പിന്നീട് സംവിധായകനുമായി മാറുകയായിരുന്നു.
പത്മരാജൻ സിനിമകളിൽ ത്രില്ലടിച്ചാണ് അദ്ദേഹത്തിന്റെ അസിസ്റ്റന്റാകാൻ പോയത്്. എന്നാൽ പത്മരാജന്റെ പറന്ന്് പറന്ന് പറന്ന് (1983) എന്ന ചിത്രത്തിൽ അഭിനയിച്ചാണ് സിനിമാ ജീവിതത്തിന് തുടക്കമിട്ടത്. കന്നി ചിത്രത്തിലെ നീണ്ട സീക്വൻസ്്, ഡയലോഗുകൾ ആദ്യഷോട്ടിൽത്തന്നെ ഒകെ ആയതോടെ പത്മരാജന്റെ അഭിനന്ദനത്തിന് അജിത് അർഹനായി. സി പി വിജയകുമാർ സംവിധാനം ചെയ്ത് 1989ൽ പുറത്തിറങ്ങിയ അഗ്നിപ്രവേശത്തിൽ നായകനായതോടെ സിനിമയിലെ തലവരമാറുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. അടികൊള്ളൽ തന്നെയായിരുന്നു അജിത്തിന്റെ വിധി. മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

മലയാള സിനിമിയിൽ കുറച്ചു വർഷങ്ങളായി കഥപറച്ചിലിലും ശൈലിയിലുംവന്ന മാറ്റം ഗുണപരമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും അജിത്തിനെപ്പോലുള്ള നിരവധി താരങ്ങളുടെ അവസരം കുറയാനും ഇതിടയാക്കി. നൂറ്റമ്പതോളം സംവിധായകർക്കൊപ്പമെങ്കിലും അജിത് പ്രവർത്തിച്ചു. കൊല്ലം അജിത്തിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു കോളിങ് ബെൽ. 'പകൽപോലെ' എന്ന രണ്ടാം ചിത്രം റിലീസ് ഏറെ കഷ്ടപ്പെടേണ്ടിവന്ന അനുഭവവും അദ്ദേഹത്തിനുണ്ട്. മൂന്നാമത്തെ സംവിധാന സംരംഭമായ 'ഒരു കടലിനും അപ്പുറം' പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമയെടുക്കുക എന്ന സ്വപ്ന പദ്ധതി നിർവേറ്റാനാകാതെയാണ് അജിത്തിന്റെ അകാല വിയോഗം.

പ്രധാന വാർത്തകൾ
Top