15 December Saturday

നഗരം നരകം

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018


കൊച്ചി
മഴ പെയ‌്താൽ വെള്ളപ്പൊക്കവും ഗതാഗതക്കുരുക്കും കാരണം കൊച്ചിക്ക‌് ശ്വാസംമുട്ടിത്തുടങ്ങി. ദീർഘവീക്ഷണം ഇല്ലാത്ത നഗരവികസനവും കാനകൾ സമയത്ത‌് കോരാത്തതും നഗരത്തിലെ വെള്ളക്കെട്ട‌് വ്യാപകമാക്കുന്നു. എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത‌് സ്ഥിതിചെയ്യുന്ന കെഎസ‌്ആർടിസി ബസ‌്സ്റ്റാൻഡ‌്, സൗത്ത‌്﹣നോർത്ത‌് റെയിൽവേ സ‌്റ്റേഷനുകൾ എന്നിവിടങ്ങളിലും വെള്ളക്കെട്ട‌് പ്രധാന പ്രശ‌്നമാണ‌്. സൗത്ത‌് റെയിൽവേ സ‌്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട‌് മെട്രോ നിർമാണം നടക്കുന്നതിനാൽ  കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. കമ്മട്ടിപ്പാടത്തെ വീടുകളിലെല്ലാം വെള്ളം കയറി. ഉദയാ കോളനി, പി ആൻഡ‌് ടി കോളനി എന്നിവിടങ്ങ‌ളിലെ അവസ്ഥ ദയനീയമാണ‌്.

വീടുകളിൽ വെള്ളംകയറി ഉടുതുണിക്ക‌് മറുതുണിപോലും ഇല്ലാതെയാണ‌്‌ നഗരവാസികൾ വിവിധ ക്യാമ്പുകളിൽ അഭയംതേടിയത‌്. കുട്ടിക‌ളും ഗർഭിണികള‌ും രോഗികളും അടങ്ങുന്നവരാണ‌് ക്യാമ്പുകളിലേക്ക‌് മാറി താമസിച്ചത‌്. എംജി റോഡിലും വെള്ളം കയറി. നോർത്ത‌് പരമാര റോഡിൽ മുട്ടറ്റം വെള്ളം കയറിയത‌് സമീപപ്രദേശങ്ങളിലെ കടക്കാരെ ബാധിച്ചു. ഒരുദിവസം മുഴുവൻ അടച്ചിട്ട കടകൾ വെള്ളം ഇറങ്ങിയശേഷം വൃത്തിയാക്കിയാണ‌് തുറന്നത‌്.
സമയബന്ധിതമായി കാനകൾ കോരാൻ കഴിയാത്തതാണ‌് നഗരസഭയുടെ ഏറ്റവും വലിയ പരാജയമെന്ന‌് പ്രതിപക്ഷ കൗൺസിലർ വി പി ചന്ദ്രൻ പറഞ്ഞു.

2003ൽ താൻ മേയറായിരുന്നപ്പോൾ എസ‌്റ്റീം ഡെവലപ്പേഴ‌്സ‌് സമർപ്പിച്ച പദ്ധതി പൂർണമായും നടപ്പാക്കിയാൽ നഗരത്തിലെ വെള്ളക്കെട്ടിന‌് ശാശ്വത പരിഹാരം കാണാനാകുമെന്ന‌്  സി എം ദിനേശ‌്മണി പറഞ്ഞു. ഒരുവർഷം എടുത്താണ‌് എസ‌്റ്റീം ഡെവലപ്പേഴ‌്സ‌് നഗരത്തിലെ കനാലുകളെ ആസ‌്പദമാക്കിയ പഠനം തയ്യാറാക്കിയത‌്. ഇതനുസരിച്ച‌് മുല്ലശേരി കനാലിന‌് വീതികൂട്ടുകയും ചിൽഡ്രൻസ‌് പാർക്കിനടുത്ത‌് പെട്ടിയും പറയും ബസ‌്സ‌്റ്റാൻഡിൽ പമ്പിങ്‌ സ‌്റ്റേഷനും സ്ഥാപിക്കുകയും ചെയ്തു. തന്മൂലം ബസ‌്സ‌്റ്റാൻഡ‌് പരിസരം സൗത്ത‌് റെയിൽവേ സ‌്റ്റേഷൻ  പരിസരം കാരയ‌്ക്കാമുറി എന്നിവിടങ്ങ‌ളിൽ വെള്ളക്കെട്ടിന‌് ശമനം ഉണ്ടായി. എന്നാൽ, എൽഡിഎഫ‌് മാറി യുഡിഎഫ‌് അധികാരത്തിലെത്തിയതുമുതൽ ഈ സംവിധാനങ്ങൾ കൃത്യമായി നന്നാക്കാനോ എസ‌്റ്റീം ഡെവലപ്പേഴ‌്സ‌് പറഞ്ഞ തുടർപ്രവർത്തനങ്ങൾ നടത്താനോ തയ്യാറായില്ല. ഇതോടെ നഗരത്തിലെ വെള്ളക്കെട്ട‌് വീണ്ടും രൂക്ഷമായി. നഗരത്തിലെ വെള്ളക്കെട്ടിന‌് പരിഹാരമായി മെട്രോമാൻ ഇ ശ്രീധരനും എസ‌്റ്റീം ഡെവലപ്പേഴ‌്സ‌് വിഭാവനംചെയ‌്ത പദ്ധതിതന്നെയാണ‌് ഉചിതമെന്ന‌് പറഞ്ഞിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top