22 November Thursday

ആ സ്വപ‌്നവും സഫലമായി; കാർത്യായനിയമ്മയ‌്ക്ക‌് മന്ത്രിയുടെ സമ്മാനം ലാപ‌്ടോപ്‌

●സ്വന്തം ലേഖകൻUpdated: Thursday Nov 8, 2018

കാർത്ത്യായനിയമ്മക്ക‌് ലാപ‌്ടോപ്പ‌്സമ്മാനിച്ചശേഷം പേര‌് എഴുതാൻ സഹായിക്കുന്ന മന്ത്രി സി രവീന്ദ്രനാഥ‌്

ആലപ്പുഴ> തുല്യതാ പരീക്ഷയിൽ ഒന്നാം റാങ്ക‌് നേടിയ  കാർത്യായനിയമ്മയ‌്ക്ക‌് സർക്കാരിന്റെ സ‌്നേഹസമ്മാനം. തൊണ്ണൂറ്റിയേഴുകാരിയായ റാങ്കുകാരിക്ക‌്  വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ‌് നേരിട്ടെത്തിയാണ‌് ലാപ‌്ടോപ്പ‌് സമ്മാനിച്ചത‌്.  കംപ്യൂട്ടർ പഠിക്കാനുള്ള കാർത്യായനിയമ്മയുടെ  ആഗ്രഹപ്രകാരമാണ‌് ലാപ‌്ടോപ്പ‌്  നൽകിയത‌്. പേര‌് എഴുതാൻ മന്ത്രി ആവശ്യപ്പെട്ടപ്പോൾ കീബോർഡിലേക്ക‌്  വിരലുകളർമത്തി കാർത്യായനിയമ്മ എല്ലാവരെയും ഞെട്ടിച്ചു.  ഇംഗ്ലീഷ‌് അക്ഷരങ്ങളിൽ തെറ്റാതെ വിരലമർത്തിയപ്പോൾ സ‌്ക്രീനിൽ പേര‌് തെളിഞ്ഞു. കാർത്യായനിയമ്മയുടെ മുഖത്ത‌് പാൽപുഞ്ചിരിയും.

"അക്ഷരലക്ഷം' സാക്ഷരതാ പരീക്ഷ ഒന്നാം റാങ്കോടെ പാസായ  കാർത്യായനിയമ്മ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നാണ‌്  സർട്ടിഫിക്കറ്റ‌് ഏറ്റുവാങ്ങിയത‌്. കംപ്യൂട്ടറും ഇംഗ്ലീഷും പഠിക്കാനും കോളേജിൽ പോകാനും ആഗ്രഹമുണ്ടെന്നായിരുന്നു  മുഖ്യമന്ത്രിയോട‌്  കാർത്യായനിയമ്മ പറഞ്ഞത‌്. ഇതെ തുടർന്ന‌് മുഖ്യമന്ത്രി കൊടുത്തുവിട്ട ലാപ‌്ടോപ്പാണ‌് മന്ത്രി സി രവീന്ദ്രനാഥ‌് കാർത്യായനിയമ്മയ‌ക്ക്‌ വീട്ടിലെത്തി നൽകിയത‌്. 

സംസ്ഥാനത്തെ പ്രായംകൂടിയ റാങ്ക‌് ജേതാവിനെ അനുമോദിക്കാനും കൂടിയാണ‌് മന്ത്രി സി രവീന്ദ്രനാഥ‌് ഹരിപ്പാട‌് ചിറ്റൂർ പടീറ്റതിൽ വീട്ടിലെത്തിയത‌്.  സംസ്ഥാനത്തെ ആദ്യ ഐഡിയൽ ലാബ‌് ബുധനാഴ‌്ച ഹരിപ്പാട‌് ഗവ. മോഡൽ ബോയ‌്സ‌് ഹയർസെക്കൻഡറി സ‌്കൂളിൽ ഉദ‌്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.  വൈകിട്ട‌് നാലോടെ എത്തിയ മന്ത്രി അരമണിക്കൂറോളം അവർക്കൊപ്പം ചെലവഴിച്ചു.  കൂടുതൽ പഠിക്കണമെന്നും ഇവർ എല്ലാവർക്കും മാത‌ൃകയാണെന്നും മന്ത്രി പറഞ്ഞു. ഇനിയും പഠിച്ച‌് ജോലി നേടണമെന്നാണ‌് അമ്മ പറയുന്നതെന്ന‌് ബന്ധുക്കൾ പറഞ്ഞപ്പോൾ വീടിനുള്ളിൽ ചിരി മുഴങ്ങി.  പൊതുവിദ്യാഭ്യാസ ഡയറക‌്ടർ കെ വി മോഹൻകുമാറും ഒപ്പമുണ്ടായിരുന്നു.

സംസ്ഥാന സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ പരീക്ഷയിൽ  സംസ്ഥാനതലത്തിൽ  98 മാർക്ക‌്നേടിയാണ‌് കാർത്യായനിയമ്മ പാസായത‌്.   ഇളയമകൾ അമ്മിണി രണ്ടുവർഷം മുമ്പ‌് പത്താംതരം തുല്യത ജയിച്ചിരുന്നു. ഇതറിഞ്ഞാണ‌് കാർത്യായനിയമ്മയും പരീക്ഷയ‌്ക്കിറങ്ങിയത‌്. അയൽവാസിയും സാക്ഷരതാ മിഷൻ തുടർവിദ്യാഭ്യാസ പദ്ധതി അധ്യാപികയുമായ ലേഖ രാജുവായിരുന്നു അധ്യാപിക.


പ്രധാന വാർത്തകൾ
Top