14 November Wednesday

സർക്കാർ രൂപീകരണത്തിനെതിരായ ഹർജി ഇന്ന‌് വീണ്ടും പരിഗണിക്കും; യെദ്യൂരപ്പ നൽകിയ കത്ത്‌ ഹാജരാക്കണം

വെബ് ഡെസ്‌ക്‌Updated: Friday May 18, 2018

ന്യൂഡൽഹി >കർണാടകത്തിൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള ബിജെപി ശ്രമങ്ങൾക്കിടെ യെദ്യൂരപ്പ സർക്കാർ രൂപീകരണത്തിനെതിരായ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവർണർക്ക് നൽകിയ രണ്ട് കത്ത് വെള്ളിയാഴ്ച രാവിലെ 10.30ന‌് ഹാജരാക്കാൻ അറ്റോർണി ജനറലിനോട് സുപ്രീംകോടതി ഡിവിഷൻബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. 15നും 16നും യെദ്യൂരപ്പ ഗവർണർക്ക് നൽകിയ കത്തുകളാണ് കോടതി ആവശ്യപ്പെട്ടത്. ബിജെപിക്ക് ഭൂരിപക്ഷമുണ്ടെന്ന് ഗവർണർക്ക് ബോധ്യപ്പെടാൻവേണ്ട തെളിവുകൾ കത്തിലുണ്ടോയെന്ന് പരിശോധിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

ഭൂരിപക്ഷം തെളിയിക്കാൻ യെദ്യൂരപ്പ ഏഴുദിവസം ചോദിച്ചപ്പോൾ ഗവർണർ 15 ദിവസം നൽകിയെന്നും കോൺഗ്രസിനുവേണ്ടി കോടതിയിൽ ഹാജരായ അഭിഷേക് മനു സിങ്വി പരാതിപ്പെട്ടു. ജസ‌്റ്റിസ‌് എ കെ സിക്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന കോൺഗ്രസിന്റെ ആവശ്യം തള്ളിയിരുന്നു.

കഴിഞ്ഞവർഷം ഗോവയിലും മണിപ്പുരിലും സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് കഴിഞ്ഞതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി നടത്തിയ പ്രസ്താവന കർണാടകത്തിലെ സാഹചര്യത്തിൽ ബിജെപിക്ക് തിരിച്ചടിയായി. തൂക്കുസഭ നിലവിൽവന്നാൽ ഭൂരിപക്ഷസഖ്യത്തെയാണ് ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കേണ്ടതെന്നാണ് ജെയ്റ്റ്ലി അന്ന് അഭിപ്രായപ്പെട്ടത്. ഇതിനുള്ള ഭരണഘടനാപരമായ അവകാശം ഗവർണർമാർക്കുണ്ടെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ചാണെങ്കിൽ കർണാടകത്തിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസ്‐ജെഡിഎസ് സഖ്യത്തിനാണ് അവസരം ലഭിക്കേണ്ടിയിരുന്നത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top