21 September Friday

കർഷകമിത്രം കാംകോ

പി ജി സുജUpdated: Sunday May 13, 2018



കൊച്ചി
കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ് (കാംകോ) കാഴ്ചവയ്ക്കുന്നത് മിന്നുന്ന പ്രകടനം. 34 വർഷമായി തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന കാംകോയ്ക്ക് കേന്ദ്ര സർക്കാർ ചരക്കുസേവന നികുതി നടപ്പാക്കിയതിനെ തുടർന്നുള്ള അനിശ്ചിതത്വങ്ങൾക്കിടയിലും മൊത്തം വിൽപ്പനയിൽ മുൻ വർഷത്തേക്കാൾ 2.7 കോടി രൂപയുടെ വർധന. 156 കോടി രൂപയുടെ വിറ്റുവരവും നാലു കോടി രൂപയുടെ ലാഭവുമാണ് എൽഡിഎഫ് സർക്കാർ വന്നശേഷം  രൂപീകൃതമായ ബോർഡിന്റെ ആദ്യ പൂർണ സാമ്പത്തിക വർഷത്തിൽ നേടിയെടുത്തത്.  കൊയ്ത്ത് യന്ത്രങ്ങളുടെ വിൽപ്പന 50 ശതമാനം വർധിപ്പിക്കാനും വിൽപ്പനക്കാരിൽനിന്നു കിട്ടാനുള്ള കുടിശ്ശിക പിരിച്ചെടുത്ത് സാമ്പത്തിക നില ഭദ്രമാക്കാനും നടപടി കൈക്കൊണ്ടു. 

ടില്ലർ നിർമാണം വർധിപ്പിക്കാൻ 24 കോടി രൂപയുടെ ഓട്ടോമാറ്റിക് കൺവെയർ സംവിധാനം ഏർപ്പെടുത്തുന്നതിന് ഉടൻ തീരുമാനമാകും. ഇതു പ്രാവർത്തികമാകുന്നതോടെ ടില്ലർ ഉൽപ്പാദനം ഇരട്ടിയാക്കാനും ഉൽപ്പാദനച്ചെലവ് 10,000 രൂപ വരെ കുറയ്ക്കാനും സാധിക്കും. സ്പെയർ പാർട്ട്സുകൾ വാങ്ങുന്നതിൽ കൂടുതൽ സുതാര്യത വരുത്താൻ ഇ‐ടെൻഡർ നടപടികളും ആരംഭിച്ചിട്ടുണ്ട്. ചെറുകിട കർഷകർക്കായുള്ള പവർ റീപ്പറിന്റെ ഇന്ത്യയിലെ 90 ശതമാനം വിപണി വിഹിതവും കാംകോയ്ക്കാണ്. ഇതിന്റെ ഉൽപ്പാദനം ഇരട്ടിയാക്കാനും പയർ ഉൾെപ്പടെയുള്ളവ കൊയ്യാൻ സഹായകമായ വിധത്തിൽ രൂപം മെച്ചപ്പെടുത്തി കൂടുതൽ കർഷകരിലേക്കെത്തിക്കാനും പദ്ധതിയുണ്ട്. ഒപ്പം തന്നെ വൈദ്യുതി, ഡീസൽ എന്നിവ കൊണ്ട് പ്രവർത്തിക്കുന്ന പമ്പുകളുടെ നിർമാണവും ആരംഭിക്കും.
 

പ്രധാന വാർത്തകൾ
Top