10 December Monday

ഉറക്കംകെടുത്തുന്ന ആ താരാട്ട്

കമല്‍ഹാസന്‍Updated: Sunday Feb 25, 2018


പാവാടക്കാരി പെണ്‍കുട്ടിയായി വന്ന് പ്രൌഢ വനിതയായി മുതിരുന്ന കാലങ്ങളിലെല്ലാം ഞാന്‍ ശ്രീദേവിയെ കണ്ടു. ആ വളര്‍ച്ചയുടെ പടവുകളിലെല്ലാം സാക്ഷി. 'മൂണ്‍ഡ്രു മുടിച്ചു'വിലെ കൊച്ചുതാരത്തിന്റെ ബാല്യകൌതുകങ്ങളില്‍ തുടങ്ങി അഭിനയത്തിന്റെ ചടുലതയിലേക്ക് കയറിപ്പോയത് കണ്‍മുമ്പിലൂടെ. അവര്‍ നേടിയ താരപദവി തികച്ചും അവകാശപ്പെട്ടതായിരുന്നു. അവസാനം കാണുന്നതുവരെ അനേകം ആഹ്ളാദ നിമിഷങ്ങള്‍ ശ്രീദേവിയുടെ സാന്നിധ്യം സമ്മാനിച്ചിട്ടുണ്ട്. ശ്രീ കൂടെയില്ല എന്നറിയുമ്പോള്‍ ഒരുമിച്ച് അഭിനയിച്ച 'സദ്മയി'ലെ "കണ്ണേ കലൈമാനേ, കന്നി മയിലെന കണ്ടേന്‍ ഉനൈ നാനേ'' എന്ന താരാട്ടുപാട്ട് ഇപ്പോള്‍ എന്നെ വേട്ടയാടുന്നു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതിലേറെ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചു. സദ്മ, മൂന്നാം മുറൈ, ഗുരു, വാഴ്വേ മായം, സിഗപ്പ് റോജാക്കള്‍, പതിനാറ് വയതനിലെ, മീണ്ടും കോകില, സത്യവാന്‍ സാവിത്രി എല്ലാം പ്രേക്ഷകര്‍ ഏറ്റുവാങ്ങിയവ.

ശ്രീ സിനിമയിലേക്ക് കടന്നുവന്ന കാലത്ത് അത്രയധികം പ്രാഗത്ഭ്യമുള്ളവളായിരുന്നില്ല. പിന്നീട് എന്തായോ അതെല്ലാം കഠിന ശ്രമത്തിലൂടെ നേടിയതാണ്. ദിവസവും അവര്‍ പഠിച്ചുകൊണ്ടിരുന്നു. ഒരു മാസം മുമ്പ് അവസാനമായി കണ്ടപ്പോഴും ഞങ്ങള്‍ മുഖംകുനിച്ച് ഔപചാരികത ഭാവിച്ചില്ല. പരസ്പരം ആലിംഗനം ചെയ്തു. ആ ഓര്‍മയുണ്ടാക്കുന്ന നടുക്കത്തോടൊപ്പം അതെന്നെ കൃതാര്‍ഥനാക്കുകയുമാണ്. പ്രസാദാത്മകമായിരുന്നു ശ്രീദേവിയുടെ ജീവിതം എപ്പോഴും. അവരെ ആരാധിക്കുകയും അവര്‍ ആരാധിക്കുന്നവരുമായി ആള്‍ക്കൂട്ടത്തിനിടയിലും ശ്രീ ആനന്ദകരമായ ജീവിതം നയിച്ചു. ആ വേര്‍പാട് തീരാനഷ്ടമാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top