21 July Saturday

ജംതാരാ: രാജ്യവ്യാപക സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ജാര്‍ഖണ്ഡിന്റെ സംഭാവന

വെബ് ഡെസ്‌ക്‌Updated: Saturday Aug 12, 2017

റാഞ്ചി> ജാര്‍ഖണ്ഡില്‍ ജംതാരാ ജില്ലയിലെ കര്‍മാത്താറിലുള്ള വിദ്യാസാഗര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഇന്ന് വിജനമാണ്. ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ എന്ന മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ പേരില്‍ തുടക്കം കുറിച്ച സ്‌റ്റേഷന്‍  ഇന്നൊന്നുമല്ലാതായിരിക്കുന്നു. സ്‌റ്റേഷന്റെ തൊട്ടടുത്ത് തന്നെ താമസമാക്കിയ വിദ്യാസാഗര്‍ ജനക്ഷേമത്തിനായി നടത്തിയ കഠിപ്രയത്‌നങ്ങളുടെ ഓര്‍മ്മകള്‍ ബാക്കിയാക്കുന്ന നിരവധി വസ്തുക്കള്‍ ഇപ്പോഴും ഇവിടെ കാണാം.വിനോദ സഞ്ചാര കേന്ദ്രമായിട്ട്‌ പോലും ഒരു മനുഷ്യനും ഇവിടേക്കിപ്പോള്‍ തിരിഞ്ഞുനോക്കുന്നുപോലുമില്ല-ദി ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്വേഷണ സംഘങ്ങള്‍ നിരന്തരം ജംതാരയില്‍ നിരീക്ഷണങ്ങള്‍ക്കും വിവരങ്ങള്‍ ശേഖരിക്കാനുമായി എത്തുന്നു. ഈ ചെറിയ പ്രദേശം രാജ്യത്തെ തന്നെ ഏറ്റവുമധികം സൈബര്‍ കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്ന നാടായി മാറിയിരിക്കുന്നു എന്നതാണ് ടൂറിസം പോലും ഇവിടെ ഇല്ലാതാക്കിയത്‌.

കണക്കുകള്‍ ഇങ്ങനെ പറയുന്നു;  ഏപ്രില്‍ 2015നും മാര്‍ച്ച് 2017 നും ഇടയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പൊലീസ് സംഘം 23 തവണ കര്‍മാത്താര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി. 28 പ്രതികളെ അറസ്റ്റ് ചെയ്തു. ജൂലൈ 2014 മുതല്‍ ജൂലൈ 2017 വരെയുള്ള കാലയളവില്‍  330 വീട്ടുകാര്‍ക്കെതിരെ 80 കേസുകള്‍ ജംതാരാ പൊലീസ് സ്വമേധയാ റജിസ്റ്റര്‍ ചെയ്യുകയുണ്ടായി. 2017ല്‍ മാത്രം 100ലധികം അറസ്റ്റാണ് കര്‍മാത്താര്‍ പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജംതാരാ ജില്ലയുടെ ആസ്ഥാനം മുതല്‍ കര്‍മാത്താര്‍ വരെയുള്ള പതിനേഴ് കിലോമീറ്റര്‍ ദൂരം യാതൊരു വിധത്തിലമുള്ള വികസനവും തൊട്ടുതീണ്ടാത്ത ഇടങ്ങളായിരുന്നു.റെയില്‍വേ ലൈന് സമാന്തരമായി ഒരു റോഡ് മാത്രം. കുണ്ടും കുഴിയും നിറഞ്ഞ് യാത്രായോഗ്യമില്ലാതെ തകര്‍ന്നുകിടക്കുയാണത്. എന്നാല്‍ ഇതിന് പിന്നാലെ തികച്ചും വിചിത്രമായ മറ്റൊരു കാഴ്ച്ചയും കാണാമായിരുന്നു. വികസനം എന്തെന്നറിയാത്ത, റോഡുകള്‍ താറുമാറായ, കര്‍മാത്താറില്‍ കാണാനായത് പന്ത്രണ്ടോളം വരുന്ന മൊബൈല്‍ ടവറുകളായിരുന്നു.

റോഡിന്റെ ഇരുവശങ്ങളിലുമുള്ള പാടത്തായിരുന്നു നിരനിരയായി മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചിരിക്കുന്നത് കാണാനായത്. വികസനമില്ലാത്ത കര്‍മാത്താര്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ചതിന് പിന്നില്‍ ഈ മൊബൈല്‍ ടവറുകള്‍ തന്നെയായിരുന്നു കാരണം. പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച യുവ സമൂഹം സൈബര്‍ ക്രിമിനലുകളായി മാറുന്ന കാഴ്ച്ചയായിരുന്നു പിന്നീട്. കുറ്റകൃത്യങ്ങളുടെ ഞെട്ടിക്കുന്ന കാഴ്ച്ച കര്‍മാത്താര്‍  പൊലീസ്  സ്റ്റേഷന്റെ മുറ്റത്തെത്തിയാല്‍ തന്നെ കാണാമായിരുന്നു.

കണ്ട് ശീലിച്ച സ്‌റ്റേഷനുകളില്‍ നിന്നും ഏറെ വ്യാത്യസ്തം. ആറോളം എല്‍ഇഡി മോണിറ്ററുകളും സോഫാ സെറ്റുകളുമൊക്കെയായി ആഢംബരപൂര്‍ണമായിരുന്നു സ്റ്റേഷന്‍. സ്‌റ്റേഷന് പുറത്ത് എസ്‌യുവി കാറുകളുടെ ഷോറൂമിനെ അനുസ്മരിക്കും വിധം കാറുകള്‍ നിരത്തിയിട്ടിരിക്കുന്നു. ബൈക്കുകള്‍ 20ലധികം. എല്ലാം കേസുമായി ബന്ധപ്പെട്ട് പിടികൂടിയവയാണ്. കൃഷ്ണ ദത്ത് ത്സാ യാണ് എട്ട് മാസത്തോളമായി സ്‌റ്റേഷന്റെ ചാര്‍ജ് ഏറ്റെടുത്തിരിക്കുന്നത്. എത്ര വാഹനങ്ങളാണ് പിടികൂടിയത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടികള്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

 മൂന്ന് സോഫകള്‍, രണ്ട് എസി, 12 ഫ്രിഡ്ജ്, 70 എല്‍ഇഡി ടിവി, മൂന്ന് വാഷിംഗ് മെഷീന്‍, 40 എറ്റിഎം കാര്‍ഡുകള്‍ 80 ബ്ലാങ്ക് പാസ്ബുക്കുകള്‍, 200 മൊബൈല്‍ ഫോണുകള്‍,9.28 ലക്ഷം രൂപ , എന്നിങ്ങനെ കോടികള്‍ വിലവരുന്ന വസ്തുക്കളാണ് സ്‌റ്റേഷനില്‍ പിടികൂടിയിരുന്നത്. കര്‍മാത്താര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള നാരായണ്‍പൂര്‍ സ്റ്റേഷനിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

കുറ്റകൃത്യങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ ഇവിടെയും  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌റ്റേഷന് മുന്നില്‍ തന്നെ മദ്യക്കുപ്പികള്‍ പെട്ടിക്കണക്കിന് പിടിച്ചെടുത്തിരിക്കുന്നത് കാണാം. കഴിഞ്ഞ ദിവസമായിരുന്നു അനധികൃത മദ്യം പൊലീസ് പിടിച്ചെടുത്തത്. പൊലീസ് സ്വമേധയാ നിരവധി കേസുകള്‍ ഈ സ്റ്റേഷനിലും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആള്‍മാറാട്ടം, വഞ്ചന, കൃത്രിമ രേഖയുണ്ടാക്കല്‍, തുടങ്ങി നിരവധി കേസുകളാണ് നിത്യേന സ്‌റ്റേഷനിലെത്തുന്നത്. 2011ല്‍ മൊബൈല്‍ റിച്ചാര്‍ജുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ ഓണ്‍ലൈന്‍ കേസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു

  'പണമടക്കാതെ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്ന വിദ്യകള്‍ പഠിച്ച യുവാക്കളായിരുന്നു കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍. അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി വ്യക്തികളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം കവര്‍ച്ച ചെയ്യുന്ന സംഘവും അടുത്തടുത്ത വര്‍ഷങ്ങളില്‍ പ്രദേശത്ത് വേരുന്നി. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യിക്കാന്‍ എത്തിയവരാണെന്ന വ്യാജേന അക്കൗണ്ട് വിവരങ്ങള്‍ കരസ്ഥാക്കുകയും പിന്നീട് തട്ടിപ്പ് നടത്തുകയുമാണ്. ഒറ്റിപ്പി നമ്പര്‍ അയച്ച് തരും, കണ്‍ഫേം ചെയ്യണം എന്ന് പറഞ്ഞ് തട്ടിപ്പിന്റെ അവസാന കടമ്പയും കടക്കുന്നു.
 
 ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ പോലും ഇത്തരം തട്ടിപ്പുകളില്‍ വീണുപോവുകയാണ്'; ജംതാരാ പോലീസ് സൂപ്രണ്ട് ജയാ റോയ്‌ ഹിന്ദുവിനോട് വ്യക്തമാക്കി. 7.91 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന ജംതാരയുടെ സാക്ഷരത ശതമാനം 64.59ആണ്. തൊഴില്ലായ്മ 58.71ശതമാനവും. എന്നാല്‍ സംസ്ഥാനത്തെ പ്രധാന വരുമാന മാര്‍ഗ്ഗം ഇപ്പോഴും കൃഷിതന്നെ.അതേസമയം, വിവിധ ബാങ്ക് ശാഖകള്‍, മൊബൈല്‍ ടവര്‍,  ബൈക്ക് ഷോറൂമുകള്‍ എല്ലാം കര്‍മാത്താറിന്റെ മാത്രം പ്രത്യേകതയായിരുന്നു.

 സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാണ് തങ്ങള്‍ പണക്കാരായതെന്ന് പിടിക്കപ്പെട്ടവര്‍ പറയുന്നു. കുറ്റവാളികള്‍ ടൗണ്‍ വിട്ട് പുറത്ത് പോകുന്നില്ലെങ്കിലും രാജ്യവ്യാപകമായി വേരുകളുള്ള ഒരു ശൃംഖലയായി കര്‍മാത്താര്‍ മാറിയിരിക്കുകയാണിന്ന്‌. കുറ്റാരോപിതര്‍ക്ക് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ ജോലികള്‍ക്കായി നല്‍കുന്നത് പൊലീസ് നിര്‍ത്തിവെച്ചിട്ടുണ്ട്‌. നിലവിലെ  ഐറ്റി ആക്ട്  കൃത്യങ്ങള്‍ തടയാന്‍ പ്രാപ്തമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
 

പ്രധാന വാർത്തകൾ
Top