18 August Saturday

ഐസൊലേഷൻ: വിജയത്തിലേക്കുള്ള പടവ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018

കോഴിക്കോട‌് 
ബന്ധുക്കളെപ്പോലും കൂട്ടിരിക്കാൻ അനുവദിക്കാതെ രോഗിയെ മാറ്റി നിർത്താൻ (ഐസൊലേഷൻ) സ്വീകരിച്ച നടപടിയാണ‌് നിപാ വൈറസിന്റെ ശക്തി തകർത്തത‌്. രോഗിയുമായി എന്തെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി ആരോഗ്യവകുപ്പിന്റെ വലയത്തിൽ എത്തിച്ചതോടെ നിപായെ തോൽപ്പിച്ചു തുടങ്ങി.

മരുന്നില്ലാത്ത രോഗം. ആർക്കൊക്കെ പടർന്നു എന്നതിന‌് ഒരു വ്യക്തതയുമില്ല. കേരളത്തിൽ ഇതിന‌ു മുമ്പില്ലാത്ത അനുഭവം. ഇതിനാൽ ഏത‌് അടിയന്തര സാഹചര്യത്തെയും നേരിടാൻ കലക്ടറുടെ നേതൃത്വത്തിൽ 12 അംഗ ടാസ‌്ക‌് ഫോഴ‌്സിന‌് രൂപം നൽകി. ഓരോ അംഗത്തിന‌ു കീഴിലും പ്രത്യേകം കമ്മിറ്റികൾ വേറെ. ചികിത്സയും അനുബന്ധ പ്രവർത്തനങ്ങളും ആരോഗ്യ മേഖലക്ക‌് വിട്ട‌ുകൊടുത്ത‌് മറ്റെല്ലാം ജില്ലാ ഭരണം ഏറ്റെടുത്തതോടെ കാര്യങ്ങൾക്ക‌് വേഗതയേറി. ഇതിനിടെ കോഴിക്കോട്ടെത്തിയ കേന്ദ്രസംഘത്തിന്റെ കൂടി അഭിപ്രായത്തോടെ ഇനിമുതൽ മരണമുണ്ടായാൽ മൃതദേഹം വിട്ടുകൊടുക്കേണ്ടെന്നും തീരുമാനിച്ചു.മെഡിക്കൽ കോളേജിൽ പ്രത്യേക ഐസൊലേഷൻ വാർഡ‌് രൂപീകരിക്കുകയാണ‌് ആദ്യം ചെയ‌്തത‌്. പനി ബാധിച്ച‌് ചികിത്സയിലുള്ളവരെയെല്ലാം ഇവിടേക്ക‌് മാറ്റി.

എവിടെ പനിയുണ്ടായാലും മെഡിക്കൽ കോളേജിലേക്ക‌് കൊണ്ട‌ുവരാനും നിർദേശം നൽകി. നിപാ സംശയിച്ചവരുടെയെല്ലാം സാമ്പിളുകൾ നിത്യേന മണിപ്പാലിലേക്കയക്കാനും അത‌് ഉടൻ പരിശോധിച്ച‌് ഫലം അറിയിക്കാനും സംവിധാനമുണ്ടാക്കി. ഇതിനായി ഡോ. അരുൺകുമാറിന്റെ ഭാര്യ ഡോ. സബീനയുടെ നേതൃത്വത്തിൽ 34 പേർ 24 മണിക്കുറും സർവ സുരക്ഷാ വസ‌്ത്രങ്ങളുമണിഞ്ഞ‌് മണിപ്പാലിൽ ജാഗരൂകരായി. സാമ്പിളുകൾ ശേഖരിക്കാനും അയക്കാനുമായി ഏഴ‌ുപേർ കോഴിക്കോട്ടും.

ആദ്യ രോഗിയിൽനിന്ന‌് നിപാ പിടിപെട്ട‌് നേഴ‌്സ‌് ലിനി മരിച്ച സാഹചര്യത്തിൽ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാവർക്കും സുരക്ഷാ സംവിധാനമൊരുക്കി. മൃതദേഹം പ്രത്യേകം പൊതിഞ്ഞെടുക്കുന്നതിനും കൊണ്ട‌ുപോകുന്നതിനും സംസ‌്കരിക്കുന്നതിനും ഏർപ്പാടുണ്ടാക്കി. കാര്യക്ഷമമായ ശുചീകരണവും നടപ്പാക്കി. ഇതിന‌ുവേണ്ടി പ്രവർത്തിക്കുന്നവർക്കെല്ലാം സ്വയം സുരക്ഷാ കിറ്റുകൾ നൽകി. നിപാ തുടങ്ങിയെന്ന‌് കരുതുന്ന മെയ‌് അഞ്ച‌് മുതൽ കോ ഴിക്കോട്ടും സമീപ ജില്ലകളിലുമുണ്ടായ എല്ലാ മരണങ്ങളും വീണ്ടും വിശദമായി പഠിച്ചു. ഇതേ തുടർന്ന‌് സംശയം തോന്നിയ നാല‌് കേസുകളിൽ മരിച്ചവരുമായി ഇടപഴകിയ എല്ലാവരെയും ആരോഗ്യ പ്രവർത്തകർ തുടർച്ചയായി ബന്ധപ്പെട്ടു.

പ്രധാന വാർത്തകൾ
Top