14 November Wednesday

ഇൻകെല്ലിന്റെ മാറുന്ന മുഖം

പി ജി സുജUpdated: Thursday May 17, 2018



കൊച്ചി
സംസ്ഥാന സർക്കാരും പ്രവാസികളും ബാങ്കുകളും ഉൾപ്പെടെ പൊതു‐സ്വകാര്യ പങ്കാളിത്ത കമ്പനിയായി ഒരുദശകം മുമ്പ് ആരംഭിച്ച ഇൻകെൽ ലിമിറ്റഡ് കേരളത്തിന്റെ മാറുന്ന വ്യവസായ മേഖലയുടെ മുഖമുദ്രയാകുകയാണ്. 3000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ഇൻകെൽ ഏറ്റെടുത്തിട്ടുള്ളത്്

ഇതിന്റെ ഭാഗമായി സംസ്ഥാനത്ത്— ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ചുമതലനൽകുന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) ആയി ഇൻകെലിനെ തെരഞ്ഞെടുത്തു. കിഫ്ബി ആണ് ഇതിനുള്ള ഫണ്ട് നൽകുക.3000 കോടി രൂപയുടെ 10 ആരോഗ്യ പരിരക്ഷാപദ്ധതികളുടെ ഡിസൈൻ, സമഗ്രമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, നിർമാണ മേൽനോട്ടം എന്നിവയുൾപ്പെടെ മാനേജ്മെന്റ് കൺസൾട്ടന്റിന്റെ ചുമതലയാണ് ഇൻകെല്ലിന്‌.  തിരുവനന്തപുരം മെഡിക്കൽ കോളേജ്, എറണാകുളം ക്യാൻസർ റിസർച്ച് സെന്റർ, എറണാകുളം, വയനാട് മെഡിക്കൽ കോളേജുകൾ, ചില താലൂക്ക്, ജില്ല ആശുപത്രികൾ എന്നിവയുടെ വിപുലീകരണ പ്രവർത്തനങ്ങളും ഇതിൽപ്പെടും. ഇതിനുപുറമേ സംസ്ഥാനത്തെ സ്കൂളുകളുടെ ആധുനികവൽക്കരണത്തിനുള്ള ചില പദ്ധതികളും ഏറ്റെടുത്തിട്ടുണ്ട്് .

ഇൻകെൽ നേതൃത്വംനൽകിയ ആദ്യ പദ്ധതിയായ  അങ്കമാലിയിലെ ബിസിനസ്പാർക്കിൽ നാലുലക്ഷം ചതുരശ്ര അടിയുള്ള ഡിസൈൻ മൊഡ്യൂളുകളിൽ നാന്നൂറോളം പേരാണ് ജോലിചെയ്യുന്നത്. ഇതിന്റെ രണ്ടാം ഘട്ടമായി നാല് ലക്ഷം ചതുരശ്ര അടിയുള്ള പുതിയ കെട്ടിടം അടുത്തുതന്നെ നിർമാണം ആരംഭിക്കും. മലപ്പുറത്തെ ഇൻകെൽ പാർക്കിലും ചെറുകിട  വ്യവസായ യൂണിറ്റുകളുടെ മികച്ച സാന്നിധ്യമാണുള്ളത്. ഒപ്പം തിരുവനന്തപുരം തമ്പാനൂരുള്ള ഇൻകെസ് ട്രേഡ് സെന്ററിന്റെ വികസനപ്രവർത്തനങ്ങളും ആരംഭിക്കും. ഈ പദ്ധതികൾക്കായി 75 കോടി രൂപ മുതൽമുടക്കും. ഇൻകെൽ മേൽനോട്ടത്തിൽ 18 ഏക്കർ സിഎഫ്എസ് സൗകര്യം വല്ലാർപാടത്ത് നിർമിച്ചുകഴിഞ്ഞു.വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലെ 42 ശതമാനം കണ്ടെയ്നർ ട്രാഫിക്കും കൈകാര്യംചെയ്യുന്നത് ഇതിലൂടെയാണ്.

ആലുവ ശിവരാത്രി പാലം, വെല്ലിങ്ടൺ ഐലൻഡ്‐പള്ളുരുത്തി എന്നിവയെ ബന്ധിപ്പിക്കുന്ന 600 മീറ്റർ നീളമുള്ള പാലം എന്നിവയുൾപ്പെടെ അഞ്ച് പാലങ്ങൾ 155 കോടി രൂപ ചെലവിട്ട് ഇൻകെൽ നിർമിച്ചു. റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള ലിമിറ്റഡ് (റിക്) ബിഒടി അടിസ്ഥാനത്തിൽ ഇൻകെലിന് കൈമാറിയ തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ 58 കി.മീ റോഡ് അപ്ഗ്രഡേഷൻ പദ്ധതി യും പൂർത്തിയായി. കരാറിൽ പറഞ്ഞിട്ടുള്ളതിനെക്കാൾ ആറുമാസം മുമ്പാണ് 162 കോടി രൂപ ചെലവഴിച്ച ഈ പദ്ധതി നിർമാണം പൂർത്തിയാക്കിയത്. വരുംമാസങ്ങളിൽ വ്യവസായ കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി കൂടുതൽ പാലം, റോഡ് പദ്ധതികൾ ഏറ്റെടുക്കാനുള്ള തയാറെടുപ്പിലാണ് ഇൻകെൽ.

പ്രധാന വാർത്തകൾ
Top