Top
22
Thursday, June 2017
About UsE-Paper

പരിസ്ഥിതിനാശം ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍

Thursday Jun 8, 2017
ഡോ. പ്രിയ ദേവദത്ത്

പരിസ്ഥിതിയുമായുള്ള ആരോഗ്യകരമായ ബന്ധമാണ് മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിനാധാരം. പ്രകൃതിയുടെ സുസ്ഥിതിക്കും ജീവജാലങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കും ഇത് അനിവാര്യവുമാണ്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഈ ബന്ധത്തിന് ഉലച്ചില്‍ തട്ടാറുണ്ട്. കുന്നും കാടും മരവും പുഴയും നഷ്ടമായത് പരിസ്ഥിതിയെ ദുര്‍ബലമാക്കി. വായുവും ജലവും മലിനപ്പെട്ടു. മണ്ണിന്റെ ഘടനപോലും മാറി. മൃഗങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്ന പല പകര്‍ച്ചവ്യാധികളും മനുഷ്യരിലേക്ക് കുടിയേറി. ജലജന്യരോഗങ്ങളടക്കം മറ്റു രോഗങ്ങളുടെ കടന്നാക്രമണം വേറെയും. മനുഷ്യന്റെ ഇടപെടലുകളും കടന്നുകയറ്റവുമാണ് പരിസ്ഥിതിയുടെ സുസ്ഥിതിയെ തകര്‍ക്കുന്ന പ്രധാന ഘടകങ്ങള്‍.

കാട്- ജീവന്റെ അടിസ്ഥാനം
കേരളത്തിന്റെ പരിസ്ഥിതി തകര്‍ച്ചയുടെ മുഖ്യകാരണം വനനശീകരണമാണ്. ജൈവവൈവിധ്യത്താലും ദ്രവ്യസമ്പത്താലും നമ്മുടെ വനങ്ങള്‍ സമ്പന്നമാണ്. വായുവിനെ ശുദ്ധീകരിച്ചും പ്രകൃതിദുരന്തങ്ങളില്‍നിന്ന് സംരക്ഷണം നല്‍കിയും ജലസംഭരണം, മണ്ണുസംരക്ഷണം, ആഗോള താപനിയന്ത്രണം, കാലാവസ്ഥാ നിയന്ത്രണം തുടങ്ങിയ ധര്‍മങ്ങള്‍ നിര്‍വഹിച്ചും ഔഷധങ്ങളും ഓക്സിജനുംനല്‍കിയും വനങ്ങള്‍ ആവാസവ്യവസ്ഥയെ സമ്പുഷ്ടമാക്കി.

മണ്ണും മരങ്ങളും
മഴവെള്ളം മണ്ണിലേക്കിറങ്ങാന്‍ മരങ്ങള്‍ കൂടിയേതീരു. ഒരു ചതുരശ്ര കി. മീ. വനത്തില്‍ 5000-20,000 ക്യുബിക് മീറ്റര്‍വരെ ജലം സംഭരിച്ചുവയ്ക്കുന്നുണ്ട്. ഒപ്പം ജൈവാംശം വര്‍ധിപ്പിച്ചും മണ്ണൊലിപ്പ് തടഞ്ഞും സൂര്യതാപം കുറച്ചും മരങ്ങള്‍ മണ്ണിന്റെ ജീവന്‍ നിലനിര്‍ത്തുന്നു.

കാട് കത്തലും മരം മുറിക്കലും
വനനശീകരണം വ്യാപകമായി തുടരുന്നതിനു പ്രധാനകാരണം  കാട്ടുതീയാണ്. മരം മുറിക്കലാണ് മറ്റൊരു ഘടകം. പുതിയ പകര്‍ച്ചവ്യാധികളുടെ കടന്നുവരവ്, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഇവയെല്ലാം വനനശീകരണത്തിന്റെ പ്രത്യാഘാതങ്ങളാണ്.
ആര്‍ദ്രതയാണ് കാടുകളുടെ പ്രത്യേകത. മരക്കൂട്ടങ്ങള്‍ ധാരാളമുള്ളതിനാല്‍ കാട്ടിലെ മണ്ണിന് നനവും നദികളില്‍ നീരൊഴുക്കുമുണ്ടാകും. എന്നാല്‍ മരം വെട്ടുമ്പോള്‍ മേല്‍ച്ചാര്‍ത്തില്‍ വിള്ളലുണ്ടായി കാടുകളുടെ ആര്‍ദ്രത നഷ്ടമാകും.

പൊത്തിലും മരത്തിലും ഇരുന്ന് കനലായ പക്ഷികളും ജീവികളും, ഷഡ്പദങ്ങള്‍, പകുതിവെന്തവ, സൂക്ഷ്മജീവികള്‍, പൂപ്പലുകള്‍ എന്നിങ്ങനെ അളവില്ലാത്ത ജൈവവൈവിധ്യ നാശമാണ് കാടുകത്തുമ്പോഴുണ്ടാകുന്നത്.  ഒപ്പം പുഴയുടെയും മണ്ണിന്റെയും മരണവും. നീണ്ടകാലമായി കാടൊരുക്കി നിലനിര്‍ത്തിയ നനവുള്ള മണ്ണും ജലസംഭരണശേഷിയും ജൈവാംശവും ഇതോടെ നഷ്ടമാകും.

വനനശീകരണം
വനനശീകരണം മനുഷ്യന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്. പല വൈറസുകള്‍ക്കും മനുഷ്യനില്‍ കാണുന്നതുകൂടാതെ വനത്തിനുള്ളിലെ പക്ഷിമൃഗാദികളില്‍ ഒതുങ്ങിക്കൂടിയുള്ള ഒരു ജീവിതചക്രവുംകൂടിയുണ്ട്. ചിക്കന്‍ഗുനിയ, യെല്ലോഫീവര്‍, ഡെങ്കിപ്പനി തുടങ്ങിയവയ്ക്ക് കാരണമായ വൈറസുകള്‍ക്കൊക്കെ ഇത്തരം ഒരു ജീവിതചക്രം ഉണ്ട്. വനനശീകരണത്തെത്തുടര്‍ന്ന് വൈറസുകള്‍ പുതിയ താവളങ്ങളില്‍ അഭയംതേടാന്‍ ശ്രമിക്കുന്നത് രോഗം മനുഷ്യരിലേക്കു പകരാന്‍ ഇടയാക്കി. കൂടാതെ വനം കത്തിനശിക്കുമ്പോള്‍ ഉയരുന്ന പുക ദീര്‍ഘകാല ശ്വാസരോഗങ്ങള്‍ക്ക് ഇടയാക്കാറുണ്ട്.

കാട്ടുതീക്ക് ശേഷമുള്ള മഴ
കാട്ടുതീയെ നല്ലൊരു പങ്കും തരണംചെയ്യുന്നത് കട്ടിയുള്ള പുറന്തോടുള്ള വൃക്ഷങ്ങളായ നെല്ലി, വാഴപ്പുന്ന തുടങ്ങിയവയാണ്. കൂടുതല്‍ വൃക്ഷങ്ങളും നശിക്കുന്നതിനാല്‍ മണ്ണൊലിപ്പു തടയാന്‍ മരങ്ങളില്ലാതെ മഴക്കാലത്ത് വെന്തടര്‍ന്ന മേല്‍മണ്ണും പകുതി കരിഞ്ഞ വൃക്ഷാവശിഷ്ടങ്ങളും ചാരവും മലഞ്ചെരിവുകളിലൂടെ താഴേക്കൊലിച്ച് നീര്‍ച്ചാലുകളെ മൂടും. ആദ്യം വെള്ളപ്പൊക്കവും പിന്നെ കടുത്ത വരള്‍ച്ചയുമാണ് തുടര്‍ന്നുണ്ടാവുക. കൂടാതെ ഈ മണ്ണില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ജലസ്രോതസ്സുമായി കലര്‍ന്ന് തലച്ചോറിന്റെ പ്രവര്‍ത്തനമാന്ദ്യം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കിടയാകും. വെള്ളത്തിന്റെ സ്വഭാവം മാറുന്നത് ജലസസ്യങ്ങളെയും ജലജീവികളെയും പൂര്‍ണമായും ഉന്മൂലനം ചെയ്യും.

ഒഴിയുന്ന കുന്നുകളും
തണ്ണീര്‍ത്തടങ്ങളും

വനങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വെള്ളം ശേഖരിച്ചുവയ്ക്കുന്നത് കുന്നുകളിലാണ്. വെള്ളം ആഗീരണംചെയ്തും സൂക്ഷിച്ചുവച്ചും ജലസ്രോതസ്സുകളില്‍ നീരൊഴുക്ക് കൂട്ടുന്നതുമടക്കം കുന്നുകള്‍ക്ക് സവിശേഷതകള്‍ ഏറെയാണ്. ജലവിതാനത്തിന്റെ അളവുകോലായി കുന്നുകളെ കണക്കാക്കിയിരുന്നു.  ആവാസവ്യവസ്ഥയുടെ ഭാഗമായ കുന്നുകള്‍ ഇന്ന് ഗണ്യമായി കുറഞ്ഞതും പരിസ്ഥിതിനാശത്തിന് ഇടയാക്കുന്നു.

ജലാശയങ്ങളെയും കരകളെയും കൂട്ടിയിണക്കുന്ന കണ്ണികളാണ് തണ്ണീര്‍ത്തടങ്ങള്‍. ജൈവസമ്പത്തിന്റെ കലവറകളാണിവിടം. ശുദ്ധജലമേഖലയെ ഓരുമേഖലയില്‍നിന്ന് വേര്‍പ്പെടുത്തി പരിപാലിക്കുന്നത് തണ്ണീര്‍ത്തടങ്ങളാണ്. കാലാസ്ഥയെ നിയന്ത്രിക്കുക, വരള്‍ച്ച തടയുക, കണ്ടല്‍ക്കാടുകള്‍, മത്സ്യങ്ങള്‍, ഇഴജന്തുക്കള്‍, ശലഭങ്ങള്‍, ദേശാടനപക്ഷികള്‍ ഇവയ്ക്ക് ആവാസവ്യവസ്ഥ ഒരുക്കുക തുടങ്ങി പരിസ്ഥിതിക്കിണങ്ങിയ ധര്‍മങ്ങളാണ് തണ്ണീര്‍ത്തടങ്ങള്‍ നിര്‍വഹിക്കുക. എന്നാല്‍ നഗരങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം തണ്ണീര്‍ത്തടങ്ങള്‍ നികത്തി നിര്‍മ്മിക്കുന്നതിലൂടെ സ്വാഭാവിക ജലസഞ്ചാരചക്രത്തെ ഇല്ലാതാക്കി പരിസ്ഥിതിനാശത്തിന് ഇടയാക്കുന്നു.

ജലജന്യരോഗങ്ങള്‍
കനത്ത മഴയെത്തുടര്‍ന്ന് ആറും കൈത്തോടും പുഴകളുമെല്ലാം നിറഞ്ഞൊഴുകി മലിനജലം കുടിവെള്ളസ്രോതസ്സുമായി കലര്‍ന്ന് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഇക്കാലത്ത് ഛര്‍ദി, അതിസാരം, മഞ്ഞപ്പിത്തം, കോളറ തുടങ്ങിയവ വ്യാപകമാകാറുണ്ട്. വ്യവസായ മാലിന്യം, കൃഷിയിടങ്ങളിലെ രാസമാലിന്യം ഇവ വെള്ളത്തില്‍ കലരുന്നതും ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കും. പ്ളാസ്റ്റിക്, മത്സ്യ-മാംസ-പച്ചക്കറി മാലിന്യങ്ങള്‍, കക്കൂസ്മാലിന്യം ഇവയും വെള്ളത്തെ മലിനപ്പെടുത്തുന്നു.

ആഗോള താപനവും രോഗങ്ങളും

വനനശീകരണമാണ് ഭൂമണ്ഡലത്തിന്റെ ചൂട് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. മരങ്ങള്‍ കൂട്ടമായി നശിക്കുന്നത് കാര്‍ബണ്‍ഡയോക്സൈഡ് സാന്ദ്രത കൂട്ടി ആഗോളതാപനത്തിന് ഇടയാക്കും.  കൂടാതെ കാട്ടുതീയുടെ ഫലമായി ഉണ്ടാകുന്ന കാര്‍ബണും അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേര്‍ന്ന് വീണ്ടും ഇീ2 ഉണ്ടാക്കുന്നതും പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നു.
ആഗോളതാപനം പല സാംക്രമികരോഗങ്ങള്‍ക്കും വഴിയൊരുക്കാറുണ്ട്. ഉയര്‍ന്ന ചൂട് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമാണ്. വെള്ളപ്പൊക്കംപോലുള്ള പ്രകൃതിദുരന്തങ്ങള്‍ക്കും അതുവഴിയുള്ള ജലജന്യരോഗങ്ങള്‍ക്കും ആഗോളതാപനം കാരണമാകാറുണ്ട്.

കാലാവസ്ഥാ വ്യതിയാനങ്ങള്‍

നിശ്ചിത ക്രമത്തില്‍ സന്തുലിതമായി ആവര്‍ത്തിക്കുന്ന കാലാവസ്ഥയാണ് ജീവജാലങ്ങള്‍ക്കിണങ്ങുക. എന്നാല്‍ കുറേയേറെ  വര്‍ഷങ്ങളായി അസാധാരണവേഗത്തിലാണ് കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാവുക. വനനശീകരണം, കീടനാശിനികളുടെ അമിതോപയോഗം, ഇവ കാര്‍ബണ്‍ഡയോക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളടെ അളവ് വര്‍ധിപ്പിക്കും. കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കി ചൂട് കൂട്ടും.  ഇത് കൊതുകും ക്ഷുദ്രജീവികളും ഈര്‍പ്പമുള്ള ഇടങ്ങളിലേക്ക്  കടന്നുകയറി വിവിധരോഗങ്ങള്‍ വരുത്തും. കടുത്തവേനല്‍സൂര്യാഘാതത്തിനുമിടയാക്കും.
 
ഓസോണ്‍പാളിക്ക്
വിള്ളലുണ്ടാകുമ്പോള്‍

സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളെ അരിച്ചുമാറ്റി ഭൂമിയെ സംരക്ഷിക്കുന്നത് ഓസോണ്‍ പാളികളാണ്. ഫ്രിഡ്്ജിലും മറ്റും ധാരാളമായി ഉപയോഗിക്കുന്ന ക്ളോറോഫ്ളൂറോ കാര്‍ബണ്‍സംയുക്തങ്ങളും ഹാലോജനേറ്റഡ് രാസഘടകങ്ങളുമാണ് ഓസോണിനെ ദുര്‍ബലപ്പെടുത്തുക. അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ടേല്‍ക്കുന്നത് അര്‍ബുദം, തിമിരം, കോര്‍ണിയയില്‍ പാടുകള്‍ ഇവയ്ക്കിടയാക്കും. വിളനാശംപോലുള്ള പ്രശ്നങ്ങള്‍ സസ്യജാലത്തെയും ബാധിക്കും.

ഫ്ളെക്സും പ്ളാസ്റ്റിക്കും
ഉല്‍പ്പാദനഘട്ടംമുതല്‍ പരിസ്ഥിതിപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഘടകങ്ങളാണ് പ്ളാസ്റ്റിക്കും പ്ളാസ്റ്റിക്കിന്റെ ഘടകമായ ഫ്ളെക്സും. മണ്ണില്‍ ലയിച്ചുചേരാത്ത ഇവ മണ്ണിന്റെ ആരോഗ്യത്തെയും സൂക്ഷ്മജീവികളുടെ വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കും. ഉപയോഗശേഷം വഴിയോരങ്ങളിലും ജലാശയങ്ങളിലും കുമിഞ്ഞുകൂടുന്ന ഫ്ളെക്സ്-പ്ളാസ്റ്റിക് ചവറുകള്‍ പുഴയടക്കമുള്ള ജലാശയങ്ങളെയും കൃഷിയിടങ്ങളെയും മലിനമാക്കുന്നു. നജലം കെട്ടിക്കിടക്കുന്നത്് കൊതുകുകളും ക്ഷുദ്രജീവികളും പെരുകി സാംക്രമികരോഗങ്ങള്‍ക്ക് വഴിയൊരുക്കും.

പ്ളാസ്റ്റിക് കത്തിക്കുമ്പോള്‍ മാരകവിഷമുള്ള ഡയോക്സിനുകളാണ് പുറത്തുവിടുക. വായുവിലൂടെയും ജലത്തിലൂടെയും വളരെവേഗം മണ്ണിലെത്തുന്ന രാസമാലിന്യങ്ങള്‍ പച്ചക്കറികളിലും വിളകളിലും വിഷാംശമായി കടക്കുന്നു. അര്‍ബുദം, വൈകല്യങ്ങള്‍ ഇവയ്ക്കും ഡയോക്സയിനുകള്‍ കാരണമാകും.  ഫ്ളെക്സ് കത്തുമ്പോഴുള്ള രാസമാലിന്യങ്ങള്‍ ആണ്‍കുട്ടികളില്‍ സ്ത്രൈണസ്വഭാവത്തിനും പെണ്‍കുട്ടികളില്‍ സ്തനാര്‍ബുദത്തിനും ഇടയാക്കും.
ഫ്ളെക്സില്‍ ഉപയോഗിക്കുന്ന മഷിയും കണ്ണുകളെ ദോഷകരമായി ബാധിക്കും. ലാമിനേറ്റ് ചെയ്യുന്ന രാസവസ്തുക്കള്‍ ആസ്ത്മയ്ക്കും ശ്വാസകോശരോഗങ്ങള്‍ക്കും ഇടയാക്കും.

ഇ-മാലിന്യങ്ങളും കീടനാശിനിയും
ഉപയോഗരഹിതമായ ടിവി, കംപ്യൂട്ടര്‍, വാഷിങ് മെഷീന്‍ തുടങ്ങിയവയൊക്കെയാണ് ഇ-മാലിന്യങ്ങളില്‍പ്പെടുന്നവയാണ്. ഇവ ശരിയായി സംസ്കരിച്ചില്ലെങ്കില്‍ മണ്ണിനും മനുഷ്യനും ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകും. വായു-ജല മലിനീകരണത്തിനും വൃക്കരോഗങ്ങള്‍, നാഡീവൈകല്യങ്ങള്‍, അര്‍ബുദം ഇവയ്ക്കുമിടയാക്കും.
 
മണ്ണിലും ജലത്തിലും കീടനാശിനികളുടെ സാന്നിധ്യം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കും. കരള്‍, പാന്‍ക്രിയാസ് ഇവയിലെ അര്‍ബുദം, ആര്‍ത്തവ-ഗര്‍ഭകാല പ്രശ്നങ്ങള്‍ ഇവയ്ക്കുമിടയാക്കാറുണ്ട്. മണ്ണില്‍ നിലനില്‍ക്കുന്ന കീടനാശിനി  മത്സ്യം, ജന്തുജാലങ്ങള്‍ ഇവയുള്‍പ്പെട്ട ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണ്.
  
ദീര്‍ഘനാള്‍ ഗുപ്താവസ്ഥയിലായിരുന്ന രോഗാണുക്കള്‍ സജീവമായതിനും മൃഗങ്ങളില്‍ മാത്രമായി ഒതുങ്ങിനിന്ന പകര്‍ച്ചവ്യാധികള്‍ മനുഷ്യരില്‍ കുടിയേറിയതിനും പിന്നില്‍ മരമൊഴിഞ്ഞ കാടുകളും  നിരപ്പാക്കിയ കുന്നുകളും വറ്റിയ തണ്ണീര്‍ത്തടങ്ങളും ആണെന്ന സത്യം ഗൌരവപൂര്‍വം കാണേണ്ടതുണ്ട്.

(മാന്നാറില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറും സംസ്ഥാന ഔഷധസസ്യബോര്‍ഡ് മെമ്പറുമാണ് ലേഖിക) drpriyamannar@gmail.com