23 September Sunday

ഇത് ഇവരുടെ സ്വന്തം ടീച്ചർ

പി ഒ ഷീജUpdated: Saturday May 19, 2018



കൽപ്പറ്റ
"നിങ്ക മയനെപ്പറ്റി വരയ്മി (നിങ്ങൾ മഴയെകുറിച്ച് വരക്കൂ).പടിഞ്ഞാറത്തറ പഞ്ചായത്ത് കേഴാട്ട് കുന്ന് കോളനിയിലെ മഞ്ജു ടീച്ചർ പറഞ്ഞ് തീരുംമുമ്പ് നീധീഷും അനീഷും മാളുവുമെല്ലാം വരച്ചു. നിറമുളള മഴ കാഴ്ചകൾ. വയൽവരമ്പിൽ നിറഞ്ഞ് തുളുമ്പുന്ന മഴയും അവക്കിടയിൽ ചാടിക്കളിക്കുന്ന തവളയും മണ്ണിനടിയിൽ പുതയുന്ന ഞെണ്ടുകളും വാൽമാക്രിയും പുൽച്ചെടികളും പൂക്കളും എല്ലാം നിമിഷങ്ങൾക്കകം ജീവനുളള ചിത്രങ്ങളായി കടലാസിൽ പതിഞ്ഞു. ഉടൻ ടീച്ചറുടെ അടുത്ത നിർദേശം. 20 മിഠായികൾ കാണിച്ച് "ഇവലിന്ന് പത്തെണ്ണം എടുമീ''(ഇതിൽ നിന്ന് പത്തെണ്ണം എടുക്കൂ) .ആദിവാസി കുട്ടികളെ എണ്ണം പഠിപ്പിക്കാൻ പറ്റില്ലെന്ന് സുല്ലിട്ട് നിൽക്കുന്ന സബിത ടീച്ചറെ ആശ്ചര്യപ്പെടുത്തി പത്ത് മിഠായികൾ പെറുക്കിയെടുത്ത അനീഷിന്റെ മുഖത്ത് വിജയീഭാവം. പണിയ ഭാഷയിൽ പണിയ സമുദായത്തിൽപ്പെട്ട അധ്യാപിക തന്നെ പഠിപ്പിക്കുന്നതാണ് ഈ ആദിവാസി കുട്ടികൾക്ക് അനുഗ്രഹമായത്. 

ആദിവാസി കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഗോത്രബന്ധു പദ്ധതിയാണ് ആദിവാസി വികസനചരിത്രത്തിലെ നാഴികക്കല്ലാവുന്നത്.'മെന്റർ' അധ്യാപകർ എന്ന പേരിൽ 241 ആദിവാസി അധ്യാപകരെയാണ് വയനാട് ജില്ലയിൽ സർക്കാർ നിയമിച്ചത്. അന്യഭാഷയിൽ പ്രാഥമിക വിദ്യ അഭ്യസിക്കേണ്ടിവരുന്നതാണ് ആദിവാസികുട്ടികളുടെ കൊഴിഞ്ഞ് പോക്കിന് കാരണമെന്ന കണ്ടെത്തലാണ് മെന്റർ നിയമനത്തിന് നിദാനം. ഓരോ പാഠഭാഗങ്ങളും ആദിവാസികളുടെ ഭാഷയിൽ പഠിപ്പിക്കാൻ ക്ലാസ് ടീച്ചർമാരെ ഇവർ സഹായിക്കുന്നു. കുട്ടികളെ പഠിപ്പിക്കാൻ ക്ലാസ് ടീച്ചറെ സഹായിക്കുകയാണ് മെന്റർമാരുടെ ചുമതല. രണ്ട് അധ്യാപകരും ചേർന്നാണ് ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നത്. സ്കൂളിലെത്താത്ത ആദിവാസി കുഞ്ഞുങ്ങളുടെ വീടുകളിലെത്തി അവരുടെ മാതാപിതാക്കളുമായി ആശയവിനിമയം നടത്തി അവരെ വീണ്ടും വിദ്യാലയങ്ങളിലെത്തിക്കുന്നതിനും മെന്റർമാർക്ക് മടിയില്ല.

കുറുമസമുദായത്തിലെ 88,  പണിയവിഭാഗത്തിലെ 54,കുറിച്യവിഭാഗത്തിലെ 46,കാട്ട്നായ്ക്ക വിഭാഗത്തിലെ 24, അടിയ വിഭാഗത്തിലെ 18, ഊരാളി കുറുമ വിഭാഗത്തിലെ ഏഴ്, തച്ചനാടൻ മൂപ്പൻ വിഭാഗത്തിൽ നിന്നും മൂന്ന്, കരിമ്പാലൻ ഒന്ന് എന്നിങ്ങനെ 241 പേർക്കാണ് അധ്യാപകരായി നിയമനം നൽകിയത്. അഭ്യസ്തവിദ്യരായിട്ടും തൊഴിൽ ഇല്ലാതെ,  കൂലിപ്പണിക്ക് പോകേണ്ടി വന്ന നിരവധി ആദിവാസിയുവതി യുവാക്കൾക്ക് തൊഴിലും വരുമാനവും ലഭ്യമാക്കാനും പദ്ധതി ഉപകരിച്ചു.  750 രൂപയാണ് ഈ അധ്യാപകരുടെ പ്രതിദിന വേതനം.

പ്രധാന വാർത്തകൾ
Top