19 October Friday

ആൻഡ്രോയിഡിന്റെ പുതിയ പതിപ്പ് പൈ

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ ആൻഡ്രോയിഡ് പൈ ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങി. നിരവധി പുതുമകളുമായാണ് ഈ പതിപ്പിന്റെ വരവ്. 

നോട്ടിഫിക്കേഷനുകൾ നമ്മുടെ സ്വൈര്യം കെടുത്തുന്നു എന്ന് നേരത്തെ തന്നെ മനസ്സിലാക്കിയ ഗൂഗിൾ പഴയ പതിപ്പുകളിൽ എന്നത് പോലെ ഇതിലും അതിനെ നിയന്ത്രിക്കാൻ നമുക്ക് വല വഴികളും കാണിച്ച് തരുന്നുണ്ട്. നോട്ടിഫിക്കേഷനുകൾ നിലയ്ക്ക് നിർത്താൻ ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുകളുമായാണ് ഈ പതിപ്പിന്റെ വരവ്. ഇത് കൂടാതെ രൂപത്തിലും ഭാവത്തിലും ഒരിത്തിരി മിനുക്കവും വന്നിട്ടുണ്ട്. സ്ക്രീൻഷോട്ട് എടുക്കുന്നത് എളുപ്പമാക്കുക കൂടാതെ എടുത്ത സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്യാനുള്ള സൗകര്യവും പൈയിലുണ്ട്. മീമുകൾ ഉണ്ടാക്കുന്ന 'ട്രോളന്മാരെ' ഓർത്തിറക്കിയതാവുമോ ഈ ഫീച്ചർ?

ഡിജിറ്റൽ ആസക്തി കുറയ്ക്കാനുള്ള ഗൂഗിളിന്റെ ഡിജിറ്റൽ വെൽബീയിങ് പദ്ധതി ആൻഡ്രോയിഡ് പൈയിൽ പിക്സൽ ഉപയോക്താക്കൾക്ക് മാത്രം ലഭ്യമാണ്. ഡിജിറ്റൽ ആസക്തി കുറയ്ക്കാൻ ഗൂഗിൾ പ്രതിജ്ഞാബദ്ധമാണെന്നതിന്റെ മറ്റൊരു തെളിവ് വേണ്ടല്ലോ. ഈ ഫീച്ചർ മറ്റു ആൻഡ്രോയിഡ് ഫോണുകളിലും ഭാവിയിൽ വരുമെന്നാണ് പറയപ്പെടുന്നത്. വിരൽ അടയാളം ഉപയോഗിച്ചും ശബ്ദം ഉപയോഗിച്ചും ഫോൺ തുറക്കാൻ സാധിക്കുമല്ലോ. ഇത് ഡിസേബിൾ ചെയ്ത് പിന് നമ്പർ, പാറ്റേൺ എന്നിവ മാത്രം ഉപയോഗിച്ച് തുറക്കാൻ സാധിക്കുന്ന രീതിയിലേക്ക് ഞൊടിയിടയിൽ മാറ്റാൻ ഈ ആൻഡ്രോയിഡ് പതിപ്പിൽ സാധ്യമാണ്. സ്‌ക്രീൻ ഓറിയെന്റേഷൻ എളുപ്പത്തിൽ മാറ്റാൻ അതിനുള്ള ഐക്കൺ പ്രധാന സ്ക്രീനിലേക്ക് കൊണ്ട് വരാനുള്ള സൗകര്യവും ഇതിലുണ്ട്.
 

പ്രധാന വാർത്തകൾ
Top