20 July Friday

രാഗം വേണ്ട വിധത്തില്‍ ആലപിച്ചില്ലെന്ന് ആരോപണം; രാജസ്ഥാനില്‍ മുസ്ലീം നാടോടി ഗായകനെ അടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 11, 2017

ജയ്‌പൂര്‍ > പാടാന്‍ നിര്‍ദ്ദേശിച്ച രാഗം വേണ്ട വിധത്തില്‍ ആലപിക്കാന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ നവരാത്രി ദിനത്തില്‍ രാജസ്ഥാനില്‍ ഗായകനെ തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. അമദ് ഖാന്‍ എന്ന നാടോടി ഗായകനെയാണ് ജയ്‌സാല്‍മര്‍ ജില്ലയിലെ ദന്ദാല്‍ ഗ്രാമത്തില്‍ വെച്ച് കൊലപ്പെടുത്തിയത്. ജനങ്ങളുടെ ആരാധന പാത്രമായ രമേഷ് സുത്താറിനെ സംതൃപ്‌തിപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന കാരണം കൊണ്ടാണ് ഗ്രാമത്തില്‍ ക്രൂരമായ വിധി നടപ്പാക്കുകയുണ്ടായത്. പാട്ടുപാടിയ സ്ഥലത്ത് വച്ചുതന്നെ അമദ് ഖാനെ മര്‍ദ്ദിക്കുകയും പിന്നീട് രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി ക്രൂരമര്‍ദ്ദനത്തിനിരയാക്കി കൊല്ലുകയുമായിരിന്നു.

 സംഭവത്തിന് ശേഷം തങ്ങളുടെ ജീവന്‍ അപകടത്തിലാകുമെന്ന ഭീതിയില്‍ മറ്റു 20 കുടുംബങ്ങള്‍ ഗ്രാമത്തില്‍ നിന്നും ഒഴിഞ്ഞുപോകുകയുമുണ്ടായി. വിഷയവുമായി ബന്ധപ്പെട്ട് പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. രാജസ്ഥാനില്‍ അടുത്ത കാലത്തായി ജാതി വിവേചനവുമായി ബന്ധപ്പെട്ട് നിരവധി ക്രൂരതകളാണ് അരങ്ങേറിയത്. ലംഗാര്‍ മഗനിയാര്‍ വിഭാഗത്തില്‍ പെട്ടയാളാണ് അമദ് ഖാന്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ദേവിയുടെ അനുഗ്രഹത്താല്‍ പരിഹരിക്കുന്ന വ്യക്തി എന്ന നിലക്കാണ്സുത്താറിനെ ഇവിടത്തുകാര്‍ വിശ്വസിച്ചുപോരുന്നത്. എന്നാല്‍ ഇത്തവണ സുത്താറിന് അതിന് കഴിഞ്ഞില്ല എന്നും അതിന് കാരണം പ്രദേശത്തെ ദേവീക്ഷേത്രത്തില്‍ രാഗം ആലപിച്ച അമദ് ഖാന്റെ കുഴപ്പം കൊണ്ടാണെന്നും ആരോപണം ഉയരുകയായിരുന്നു

 അമദ് ഖാനെ സുത്താര്‍ അക്രമിക്കുകയും സംഗീത ഉപകരണം നശിപ്പിക്കുകയും ചെയ്‌തു. പിന്നീട് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊലപ്പെടുത്തി മൃതശരീരം പുറത്തേക്ക് വലിച്ചെറിഞ്ഞു. പൊലീസില്‍ പരാതി നല്‍കരുതെന്ന് കുടുംബത്തെ ഉയര്‍ന്ന ജാതിക്കാര്‍ ഭീഷണിപ്പെടുത്തിയതായും പ്രദേശവാസികള്‍ പറയുന്നു. മരണാനന്തര കര്‍മ്മങ്ങള്‍ പോലും ആരോരും അറിയാതെയാണ് നടത്തിയത്; അമദ് ഖാന്റെ സഹോദരന്‍ മാധ്യങ്ങളോട് പറഞ്ഞു.

 ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ പൊലീസില്‍  പരാതി നല്‍കാന്‍ കുടുംബം പിന്നീട് തയ്യാറാവുകയായിരുന്നു. ഭീഷണി ഇതോടൊപ്പം വര്‍ധിച്ചു. ഇതോടുകൂടിയാണ് 20 മുസ്ലീം കുടുംബങ്ങള്‍ വീട് വിട്ട് പോവുകയുണ്ടായത്; സഹോദരന്‍ സുഗേ ഖാന്‍ പറഞ്ഞു. അതേസമയം ഹൃദയാഘാതം മൂലമാണ് അമദ് ഖാന്‍ മരിച്ചതെന്നാണ് ഗ്രാമത്തിന്റെ തലവന്‍ ( സര്‍പ്പാഞ്ച്) പറയുന്നത്. മുസ്ലീങ്ങള്‍ സ്ഥലത്ത് നിന്നും പോയത് അവരോടൊപ്പം പൊലീസ് സ്റ്റേഷനില്‍ പോകാതിരുന്നതുകൊണ്ടാണെന്നും തലവന്‍ പറഞ്ഞുവെന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു.എന്നാല്‍ മര്‍ദ്ദനമേറ്റാണ് അമദ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

 കൊലപാതകത്തിന്റെ പ്രധാന കാരണം ജാതിയാണെന്ന് സാമൂഹിക പ്രവര്‍ത്തക കവിത ശ്രീവാസ്‌തവ പ്രതികരിച്ചു. പരമ്പരാഗത ഗായകവിഭാഗമായ 'ഭോപ്പ' കളുടെ അപ്രമാദിത്വത്തെ ഇല്ലാതാക്കി മഗനിയക്കാരനായ അമദ് ഖാന്‍ ഗായകനായി എത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി മറ്റെല്ലാ വിഭാഗങ്ങളും ഇവര്‍ക്കെതിരെ ഒന്നിച്ചുവെന്നും അവര്‍ വിശദീകരിച്ചു. മൃതശരീരം പുറത്തെടുത്തവര്‍ക്ക് കൈകഴുകാനും പ്രാര്‍ത്ഥനക്കുമായി വെള്ളം നല്‍കാന്‍ പോലും ആരും ഉണ്ടായില്ലെന്നും കവിത ആരോപിച്ചു.

ആള്‍ദൈവമായ സുത്താറിനും മറ്റ്‌ രണ്ടുപേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ വകുപ്പുകളാണ് ചാര്‍ത്തിയിരിക്കുന്നത്. 'തൊട്ടുകൂടായ്‌മയുള്ള മുസ്ലീം വിഭാഗമാണ് വീടുവിട്ടുപോയിരിക്കുന്നത്. ഹിന്ദു 'ധോളിസ്' വിഭാഗത്തില്‍ പെട്ടവരും ഇതില്‍ പെടുന്നു. അതിനാല്‍ പ്രശ്‌നം മുസ്ലീങ്ങളെ കേന്ദ്രീകരിക്കേണ്ടതില്ല. ഹിന്ദു ധോളികളും ഇവിടെ ജാതി വിവേചനം അനുഭവിക്കുന്നുണ്ട്‌'; കവിത  ശ്രീവാസ്‌തവ വ്യക്തമാക്കി

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top